TopTop
Begin typing your search above and press return to search.

ഈ കേരളാ പോലീസ്... കേരളാ പോലീസ് എന്നു പറഞ്ഞാല്‍ ആരാന്നാ വിചാരം!

ഈ കേരളാ പോലീസ്... കേരളാ പോലീസ് എന്നു പറഞ്ഞാല്‍ ആരാന്നാ വിചാരം!

'ആട് ആന്റണീ, താങ്കള്‍ എന്തിനാണ് ഒളിവില്‍ പോയി പാര്‍ക്കുന്നത്? എത്രയും പെട്ടെന്ന് തിരിച്ചെത്തിയാലും. ഇപ്പോള്‍ നമ്മോട് സഹിക്കാനും ക്ഷമിക്കാനും മാത്രം അറിയാവുന്ന ഒരു സര്‍ക്കാരാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്..'.- അധികം വൈകാതെ മലയാള പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പരസ്യമാണ്. ആട് ആന്റണിയെ അറിയാമല്ലോ. മോഷണം, കൊലപാതകം ഉള്‍പ്പെടെ ഇരുന്നൂറിലേറെ കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വര്‍ഗീസ് എന്നാണ് പേര്. വാഹനപരിശോധനക്കിടെ മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയില്‍ അകപ്പെട്ടു. എ എസ് ഐയേയും ഒരു പൊലീസുകാരനേയും മാരകമായി കുത്തിപ്പരിക്കേല്പിച്ച് രക്ഷപ്പെട്ടു. കുത്തേറ്റ പൊലീസുകാരന്‍ മരിച്ചു. 2012 ജൂണ്‍ 25ന് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലായിരുന്നു സംഭവം. പൊലീസുകാരനെ കുത്തിക്കൊന്ന ആട് ആന്റണിയെ ഉടന്‍ പിടികൂടും എന്നൊക്കെ ആദ്യകാലത്ത് വീമ്പുപറഞ്ഞ പൊലീസ് ഇപ്പോള്‍ ആ പേരേ മറന്നുപോയി!

തിരുവനന്തപുരം എം ജി കോളേജില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ശയ്യാവലാംബിയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചു. ചീഫ്‌സെക്രട്ടറിയായിരുന്ന സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെയും സര്‍ക്കാര്‍ വിട്ടയക്കാനൊരുങ്ങുകയാണ്. കോടതികൂടി അനുവദിച്ചാലുടന്‍ കേസ് പിന്‍വലിക്കും. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും ആഭ്യന്തരവകുപ്പിന്റെ ചുതല വഹിച്ചശേഷം ചീഫ്‌സെക്രട്ടറിയായി സര്‍വീസില്‍നിന്നുപിരിഞ്ഞ ഐ എ എസുകാരന്റെയും അനുഭവം ഇതാണെങ്കില്‍ ഒരു പൊലീസുകാരനെ, 'വെറും' പൊലീസുകാരനെ കൊന്നാല്‍ അതിനും മാപ്പുകൊടുക്കാവുന്നതേയുള്ളൂ. ഈ രണ്ടു കേസുകളും പിന്‍വലിക്കുന്നതില്‍ പൊലീസും വാദിയും എതിരായിരുന്നു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരൊക്കെ ഫയലില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സി ഐയുടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതായിരുന്നു തീരുമാനമെങ്കില്‍ സി പി നായരുടെ കേസില്‍ തീരുമാനമെടുത്തത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആയിരുന്നു. അതിന് കാരണമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത് 'മാനുഷിക പരിഗണന' എന്നാണ്.

ഇതില്‍നിന്ന് വ്യക്തമാവുന്നത് കാണേണ്ടവരെ 'കാണേണ്ട'പോലെ കണ്ടാല്‍ ഏതുകേസും എഴുതിത്തള്ളാവുന്നതാണ് എന്നാണ്. ആട് ആന്റണിക്ക് കേരള പൊലീസിനെയും അതിന് മുകളിലുള്ളവരെയും 'എങ്ങനെ' വേണോ കാണാനുള്ള ശേഷിയുണ്ട്. 'കഴിവ്' തെളിയിച്ച മോഷ്ടാവായാണ് 'ആടി'നെ പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് സാമ്പത്തികം പ്രശ്‌നമില്ല. ഭാര്യമാരുടെ എണ്ണം 17 ആണെന്നാണ് മൂന്നുവര്‍ഷംമുമ്പ് പൊലീസ് വെളിപ്പെടുത്തിയത്. ഇപ്പോള്‍ എണ്ണം കൂടിയിട്ടുണ്ടാവാം. പ്രത്യേകിച്ചും ബണ്ടിചോറിനെപ്പോലുള്ളവരുടെ കാമുകിയാവാന്‍ 'മലയാളമങ്ക'മാര്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മൂന്നുവര്‍ഷംകൊണ്ട് ഭാര്യമാരുടെ എണ്ണം ഇരുപതോ ഇരുപത്തഞ്ചോ എത്തിക്കാന്‍ ആട് ആന്റണിക്കും പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ടാവില്ല.

സുകുമാരക്കുറുപ്പ് എന്ന പേരും കേരള പൊലീസ് മറക്കാന്‍ ശ്രമിക്കുന്നതാണ്. 30 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ ജീവനോടെ ചുട്ടുകരിച്ച കേസിലെ ഒന്നാം പ്രതി സുകുമാരക്കുറുപ്പ് ഒളിവില്‍പോയിട്ട് 32 വര്‍ഷം കഴിഞ്ഞു. അതും വേണമെങ്കില്‍ മാനുഷികവശം പരിഗണിച്ച് എഴുതിത്തള്ളാം. കുറ്റവാളികള്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? അതു കണക്കിലെടുത്താല്‍ ഒളിവില്‍ കഴിയേണ്ടിവന്ന വര്‍ഷങ്ങളില്‍ അവര്‍ അനുഭവിക്കേണ്ടിവന്ന മനുഷ്യാവകാശലംഘനങ്ങള്‍ പരിഗണിച്ച് നഷ്ടപരിഹാരം കൂടി അനുവദിക്കാവുന്നതുമാണ്!

ഈ ബാര്‍ കോഴക്കേസ് എന്തിനാണ് ഇത്ര ഗൗരവത്തിലെടുക്കുന്നത്? പണം നല്‍കിയതിന് തെളിവുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ എസ് പി പറയുന്നു. അത് വിശ്വസിക്കാന്‍ പ്രയാസം. ആളാരാ മാണി സാറ്? ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയ കച്ചവടമല്ല മാണിസാറിന്റേത്. താറാവിനെ നീന്താന്‍ പഠിപ്പിക്കണോ? മാണി സാറിനെ പണം വാങ്ങാന്‍ പഠിപ്പിക്കണോ? സാഹചര്യത്തെളിവുകള്‍ ഉള്‍പ്പെടെ ഉണ്ടെന്നാണ് എസ് പി കണ്ടെത്തിയിട്ടുള്ളത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ (അത് വലിയൊരു പൊല്ലാപ്പാണ്) ഉള്‍പ്പെടെയുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടത്രേ. അപ്പോള്‍, അതില്ലാതാക്കലാണല്ലോ മേലാവിലുള്ളവരുടെ ലക്ഷ്യം. അങ്ങനെയാണ് ലീഗല്‍ അഡ്വൈസര്‍ അഗസ്റ്റിന്‍ സാര്‍ പ്രത്യക്ഷപ്പെടുന്നത്. ഈ സാറാണ് പാമോയില്‍ കേസ് പിന്‍വലിക്കാമെന്നും ഉപദേശിച്ചത്. അത് കോടതി തൂക്കിയെടുത്ത് കളഞ്ഞു എന്നുമാത്രമല്ല, ഇനി ഇദ്ദേഹത്തെ ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്ക് വച്ചോണ്ടിരിക്കരുതെന്നും വച്ചുകാച്ചി. കോടതിക്ക് അങ്ങനെ പലതും പറയാം. ഇതേപൊലുള്ള തസ്തികകളില്‍ 'ചൊല്ലുവിളി'യുള്ള ഒരാളെ കിട്ടാനുള്ള ബുദ്ധിമുട്ട് കോടതികള്‍ക്ക് മനസ്സിലാവുമോ?അതെന്തായാലും അഗസ്റ്റിന്‍ സാറ് മാണി സാറിനെ കേസില്‍പ്പെടുത്താന്‍ ഒരു തെളിവുമില്ലെന്ന് 'കണ്ടെത്തി'!

നേരത്തെയാണെങ്കില്‍ പെട്ടുപോവുമായിരുന്നു. വിജിലന്‍സില്‍ ഒരു എ ഡി ജി പി ഉണ്ടായിരുന്നു. അദ്ദേഹത്തിന് അനുസരണ തീരെയില്ല. കാക്കിയിട്ടാല്‍ നീതിബോധത്തിന്റെ അപസ്മാരം വരും. ജാതിയും മതവുംപോലും നോട്ടമില്ല. മാണിസാറ് പള്ളിക്കും പട്ടക്കാര്‍ക്കും മാത്രമല്ല സഭകള്‍ക്കാകെ വേണ്ടപ്പെട്ടവനാണെന്നൊന്നും നോട്ടമില്ല! പേര് ജേക്കബ്‌തോമസ് എന്നായിട്ടും അജപാലബോധമില്ല! അതിനും നമ്മുടെ കൈയിലാണോ വകുപ്പില്ലാത്തത്? പ്രമോഷന്‍ കൊടുത്ത്, വെള്ളം കോരി തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സില്‍ വിട്ടു. വിജിലന്‍സ് എ ഡി ജി പിയായി ഒട്ടും കുലുങ്ങാത്ത 'ഷേക്ക്' സാഹിബിനെ നിയമിച്ചു. അദ്ദേഹം ചുമതല ഏറ്റെടുത്ത ഉടന്‍ മാണിസാറിനെതിരെ കേസെടുക്കേണ്ടെന്ന് ഡയറക്ടര്‍ സാറിന് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ്. ഇനി തീരുമാനം ഡയറക്ടര്‍ കൈക്കൊള്ളും. ഈ സാറ് പണ്ട് ഒരു പുലിയായിരുന്നു. ഈയടുത്ത കാലത്തായി ഒതുങ്ങിക്കഴിയുകയാണ്. അടുത്തൂണ്‍പറ്റാറായതും കാരണമാവാം. ഐസ്‌ക്രീം കേസില്‍ കുറ്റം നടന്നതായി അദ്ദേഹം അന്വേഷിച്ചു കണ്ടുപിടിച്ചു. പക്ഷേ, ഒന്നിനും തെളിവില്ല. ഇനി ഇത്തരം കേസുകളില്‍ തെളിവുകൂടി വേണമെന്നാണ് ഡയറക്ടര്‍ സാര്‍ ആ കേസില്‍ വ്യക്തമാക്കിയത്. സംഭവം നടന്ന കെട്ടിടം തെളിവുനശിപ്പിക്കാന്‍ ഇടിച്ചുനിരത്തി, പ്രോസിക്യൂട്ടറെ പിടിക്കാന്‍ പണം നല്‍കി - ഇതൊക്കെ തെളിവാണ്. ഇരകളുടെ സ്‌കൂള്‍ രേഖകള്‍ നശിപ്പിച്ചു. അതെല്ലാം ശരിയാണ്, എന്നാലും തെളിവില്ല! ബാര്‍കോഴയിലും അതേ മാര്‍ഗം സ്വീകരിച്ചാല്‍ പോരേ? അ്‌ഴിമതി നടത്താനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാനും താല്പര്യമുള്ളവര്‍ അത് തങ്ങളാണെന്ന് തെളിയിക്കാനുള്ള രേഖകളുമായാണ് ഈ കൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടത്! എങ്കില്‍, വിന്‍സെന്‍ എം പോള്‍ സാറിന്റെ വിജിലന്‍സ് അന്വേഷിച്ച് നടപടി എടുത്തുതരും!

ഈ സാറമ്മാരുടെ മുകളിലാണ് രമേശ് ചെന്നിത്തല സാറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറും. വിജിലന്‍സ് ഡയറക്ടര്‍ ബാര്‍ കോഴക്കേസില്‍ ഇതുവരെയും തീരുമാനമെടുത്തില്ല. ബാര്‍കോഴക്കേസ് സി പി എമ്മിന്റെ രാഷ്ട്രീയകാപട്യമാണെന്നും കെ എം മാണിക്കെതിരെ തെളിവില്ലെന്നും മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. മാണിസാറിനെതിരെ തെളിവില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ വിന്‍സെന്‍ എം പോള്‍ നടത്തിവരുന്ന അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്?

തൃശൂരില്‍ റേഞ്ച് ഐ ജിയായിരുന്നു ടി ജെ ജോസ് സാര്‍. ആഭ്യന്തരമന്ത്രിയുടെ ക്‌ളാസ്‌മേറ്റാണെന്ന് ഇടയ്ക്കിടെ പലരേയും അദ്ദേഹം ഓര്‍മ്മിപ്പിക്കുമായിരുന്നത്രേ. അത് മാനിക്കാത്തവര്‍ക്ക് പണി കിട്ടുകയും ചെയ്തു. നിയമത്തില്‍ പി ജി വേണമെന്ന് അദ്ദേഹത്തിന് താല്പര്യം. പരീക്ഷക്ക് നന്നായി പഠിക്കാന്‍ പറ്റിയില്ല. ഗൈഡ് നോക്കി ഉത്തരമെഴുതി. ഇന്‍വിജിലേറ്റര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ ഇറക്കിവിട്ടു. ഐ ജി ആരാ മോന്‍? എം ജി സര്‍വകലാശാലയില്‍ കോപ്പി പിടിത്തത്തിന്റെ ചുമതല ഉണ്ടായിരുന്ന ആളാ! അതുകൊണ്ട് എഴുതിയ 'തുണ്ട്' കൊടുക്കാതെ ഐ ജി രക്ഷപ്പെട്ടു. ഇപ്പോള്‍ അന്വേഷിച്ച അഡീ. ഡി ജി പി ശങ്കര്‍റെഡ്ഡി പറയുന്നു - 'ഐ ജി കോപ്പിയടിച്ചതിന് തെളിവില്ല' അതുകൊണ്ട്, കോപ്പിയടിക്കുന്നവര്‍ ദയവുചെയ്ത് തെളിവ് കൊടുത്തിട്ടുപോണം!

അങ്ങനെ, കുറ്റാന്വേഷണത്തില്‍നിന്ന് പൊലീസും അഴിമതി - പീഡന അന്വേഷണത്തില്‍നിന്ന് വിജിലന്‍സും ഏറെക്കുറെ പിന്‍മാറിക്കഴിഞ്ഞു.പിന്നെ, ആളെ പറ്റിക്കാനും കാട്ടിലേക്കെന്നു പറഞ്ഞ് കോടികള്‍ വെട്ടിയെടുക്കാനുമുള്ള വഴിയായിരുന്നു മാവോയിസ്റ്റ് വേട്ട. രൂപേഷും ഭാര്യ ഷൈനയും തമിഴ്‌നാട്ടില്‍ അറസ്റ്റിലായതോടെ ആ വഴി അടഞ്ഞു. അവരുടെ കൗമാരം കടക്കാത്ത മക്കളായ ആമിയേയും താച്ചുവിനെയും മാവോയിസ്റ്റ് വേട്ടക്കിരയാക്കാനും ആലോചിച്ചു. കോളനികളിലെത്തി വൃദ്ധരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്തശേഷം അവരെ മറക്കുന്ന രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നില്ല രൂപേഷിന്റെയും ഷൈനയുടേതും. മന്ത്രിയായശേഷം കോളനിയിലെ കഷ്ടപ്പാടുകളൊക്കെ മറന്ന അദ്ദേഹം അട്ടപ്പാടിയില്‍ ഇപ്പോഴും പോഷകാഹാരക്കുറവുമൂലം നടക്കുന്ന ശിശുമരണങ്ങള്‍ അറിയുന്നേയില്ല! കോടതി മാവോയിസ്റ്റുകളുടെ പ്രതിബദ്ധത മാനിച്ചതോടെ പത്തി മടക്കാതെ പൊലീസിനും പൊലീസ് മന്ത്രിക്കും നിവൃത്തിയില്ലാതായി.

അപ്പോള്‍, പൊലീസ് വേറെ വഴികളിലേക്ക് തിരിഞ്ഞു. സമൂഹത്തിന് ഭീഷണിയായ കൊടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടി ആരംഭിച്ചു. അങ്ങനെയാണ് പൊലീസ് വന്‍ വേട്ടക്കിറങ്ങിയത്. ഈ കൊടും കുറ്റവാളികള്‍ പതിനഞ്ചുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവരാണ്. ജാഫ്‌നയിലെ എല്‍ ടി ടി ഇക്കാരുടെ അതേ പ്രായം! ഇവരില്‍ ആണ്‍ - പെണ്‍ ഭേദമില്ല. ഇവര്‍ ചെയ്യുന്ന 'മാരകകുറ്റം' എന്താണെന്നോ - സിനിമ കാണുന്നു! സിനിമ, ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നിരോധിച്ചിട്ടുള്ളതാവുന്നു! അപ്പോള്‍, കുറ്റം... ഭീകരം, ഭയങ്കരം! അതും സെന്‍സര്‍ബോര്‍ഡ് 'യു' സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം! തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'പ്രേമം' (ആ വാക്കിനോട് ഇതുവരെയും സദാചാരപൊലീസിനും ചില മതമൗലികസംഘങ്ങള്‍ക്കും ഇടുക്കി ബിഷപ്പിനും മാത്രമായിരുന്നു കലിപ്പ്!) ഇത്രക്ക് നിയമലംഘനപ്രസ്ഥാനമാണെന്ന് ഇപ്പോഴാണ് ബോദ്ധ്യമായത്. ഇത്രയും മാരകമായ കുറ്റം ചെയ്ത കുറ്റവാളികളെ മഫ്തിയിലും യൂണിഫോമിലും എത്തിയ സേന വളഞ്ഞുപിടിച്ചു. പ്‌ളസ്ടുവിന് പഠിക്കുന്നവരെ സ്‌കൂളിലും രക്ഷിതാക്കളുടെ മുന്നിലും അതിഭീകരമായി അധിക്ഷേപിച്ചു. രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി. 'എടോ, പൂ... സാറേ' (ചിലേടങ്ങളില്‍ 'പൂ'വിന് പകരം 'താ'യും 'മൈ'യും ഒക്കെ ഇടംപിടിച്ചു. അതിനകമ്പടിയായി 'സാറേ' അല്ലെങ്കില്‍ 'മേഡം' വിളിയും ഉണ്ടായി!) എന്നായിരുന്നു സംബോധന. കോട്ടയത്തു തുടങ്ങിയ ഈ കൊടുംകുറ്റവാളി വേട്ട തിരുവനന്തപുരം വഴി കേരളമാകെ പരക്കുകയാണ്. അങ്ങനെ, കേരള പൊലീസ് കുറ്റവാളികളെ മുഴുവന്‍ മുളയിലേ നുള്ളുകയാണ്. കേരള പൊലീസ് വിജയിപ്പൂതാക!

ഇത്രയും കണ്ടപ്പോള്‍, ഇതിനിരയായ ഒരു പതിനാറുകാരന് സംശയം - 'അച്ഛാ, ആസനത്തില്‍ ആലു കുരുത്താല്‍ അത് തണലാവുമെന്ന പഴഞ്ചൊല്ല് ഈ പൊലീസുകാരെ ഉദ്ദേശിച്ചാണോ?'

അച്ഛന്‍ മകനുനേരെ കൈകൂപ്പി - 'ഇനിയും പൊലീസുകാരുടെ ശ്രേഷ്ഠമലയാളം കേള്‍പ്പിക്കരുതേ!'

ക്‌ളാസുകട്ടുചെയ്ത് സിനിമ കണ്ടിട്ടില്ലാത്ത കാക്കിക്കുപ്പായക്കാര്‍ കൈ പൊക്കട്ടെ!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories