TopTop
Begin typing your search above and press return to search.

കള്ളന്‍ പൊലീസിനെ പിടിക്കുമ്പോള്‍

കള്ളന്‍ പൊലീസിനെ പിടിക്കുമ്പോള്‍

മലയാളസിനിമയില്‍ വമ്പന്‍ വാണിജ്യവിജയം സ്വന്തമാക്കിയ 'മീശമാധവനി'ലെ ക്‌ളൈമാക്‌സില്‍ 'കള്ളന്‍ പൊലീസിനെ പിടിച്ചേ' എന്ന ആ കൊച്ചുകുട്ടിയുടെ ഡയലോഗ് കുറേക്കാലം ആസ്വാദകര്‍ ഏറ്റെടുത്തതായിരുന്നു. പൊലീസിലെ ചെറുപ്പക്കാരനായ ഈപ്പന്‍ പാപ്പച്ചി എന്ന എസ് ഐ ആണ് സിനിമയിലെ വില്ലന്‍. ഇന്ദ്രജിത്ത് സുകുമാരന്‍ ആ കഥാപാത്രത്തെ മനോഹരമാക്കി. എങ്കിലും അന്ന് ആ സിനിമ കണ്ടപ്പോള്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നായിരുന്നു ശുദ്ധഗതിക്കാരായ കുറേപ്പേരുടെയെങ്കിലും സംശയം.

ഇപ്പോഴായിരുന്നു ആ സിനിമ പുറത്തിറങ്ങിയിരുന്നതെങ്കില്‍ 'ഓ, ഓന്‍ എസ് ഐ അല്ലേ, ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ എന്തോന്ന് എസ് ഐ' എന്നായിരുന്നേനെ ജനങ്ങളുടെ പ്രതികരണം. താന്‍ സമ്പാദിച്ച അഴിമതിപ്പണം ഉപയോഗിച്ച് നടത്തുന്ന സ്വകാര്യബസ് സര്‍വീസ് ശൃംഖലയിലെ ജീവനക്കാരിലൊരാള്‍ തന്റെ ഭാര്യയുടെ കാമുകനോ ജാരനോ ആയതറിഞ്ഞ് അവനെ കൊന്ന് പലകഷണങ്ങളാക്കി നുറുക്കി തണ്ണീര്‍മുക്കം ബണ്ടില്‍ പലേടത്തായി കൊണ്ടിട്ടത് ഒരു ഡി വൈ എസ് പിയാണ്. ഇത്രയും ഭീകരമായ കുറ്റകൃത്യം തെളിഞ്ഞു കഴിഞ്ഞിട്ടും 'കാക്കി ഇട്ട യെശ്മാനന്‍' എന്ന നിലയില്‍ നിരന്തരം സഹായങ്ങളും നിയമവിരുദ്ധ ഉപകാരങ്ങളും ചെയ്ത് പൊലീസിലെ വിവിധ തട്ടിലുള്ളവര്‍ ഇപ്പോഴും ആ കൊടും ക്രിമിനലിനനുകൂലമായി നിലയുറപ്പിക്കുന്നുണ്ട്. തനിക്കെതിരെ വാര്‍ത്ത എഴുതിയ കൊല്ലത്തെ പ്രമുഖ പത്രലേഖകനെ കൊന്നുകളയാന്‍ ആജ്ഞാനുവര്‍ത്തികളായ ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതും ഡി വൈ എസ് പി റാങ്കിലുള്ള ആളാണ്. തൃശൂരില്‍ മണല്‍ കടത്തിന് എസ്‌കോര്‍ട്ട് മുഖ്യജോലിയായി കരുതിയത് മറ്റൊരു ഡി വൈ എസ് പിയാണ്. അതുകൊണ്ട് കുറച്ചുനാള്‍ സസ്‌പെന്‍ഷനില്‍ നില്‍ക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് ഐ പി എസ് ലഭ്യമാക്കാന്‍ മണല്‍ലോബി കൈയുംമെയ്യും മറന്ന് പോരാടിയതും കേരളീയര്‍ കണ്ടു.

ഇതിത്രയും വായിച്ചു കഴിയുമ്പോള്‍ ഡി വൈ എസ് പിക്കാര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പത്തനംതിട്ട എസ് പിയായിരുന്ന രാഹുല്‍ നായര്‍ സസ്‌പെന്‍ഷനിലായത് പാറ ക്വാറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്. അദ്ദേഹം 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍ എം പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

ഐ ജി ആയിരിക്കവേയാണ് ടോമിന്‍ ജെ തച്ചങ്കരി സസ്‌പെന്‍ഷനിലായത്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അനധികൃതമായി വിദേശങ്ങളില്‍നിന്ന് ഇല്‌ക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മാത്രമല്ല, അദ്ദേഹം ആരംഭിച്ച റെക്കോര്‍ഡിംഗ് സ്റ്റുഡിയോ സാമഗ്രികള്‍ ഇറക്കുമതി ചെയ്തത് ഉള്‍പ്പെടെ എന്തൊക്കെയാണെന്ന് തച്ചങ്കരിക്കുപോലും ഓര്‍മ്മയുണ്ടാവില്ല. ഇപ്പോള്‍ അദ്ദേഹം അഡീഷണല്‍ ഡി ജി പി തസ്തികയിലാണെന്നാണ് അറിവ്. അവര്‍ക്കൊന്നും ആരോപണവും സസ്‌പെന്‍ഷനും പ്രശ്‌നമേ അല്ലല്ലോ!

ഏറ്റവുമൊടുവില്‍ തൃശൂര്‍ റേഞ്ച് ഐ ജി ടി ജെ ജോസ് ആണ് കേരള പൊലീസിന്റെ അന്തസ്സ് വാനോളമുയര്‍ത്തിയത്. പരീക്ഷക്ക് തുണ്ടുവച്ചെഴുതുന്നത് ക്രമിനില്‍ കുറ്റമാണോ എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനാണോ എന്നറിയില്ല ഐ ജി ആ സാഹസിക കൃത്യത്തിനൊരുങ്ങിയത്. എല്‍ എല്‍ എം എന്ന നിയമത്തിന്റെ പി ജി പരീക്ഷ എഴുതാനാണ് ഐ ജിയുടെ ഔദ്യോഗികവാഹനത്തില്‍ ജോസ് കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ എത്തിയത്. പരീക്ഷ എഴുതല്‍ ഔദ്യോഗിക ചുമതലകളില്‍ ഉള്‍പ്പെടുമോ എന്ന് അറിയില്ല. നിയമവിദഗ്ദരാരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരം. പരീക്ഷ ഹാളില്‍ ഔദ്യോഗിക വാഹനത്തില്‍ ഐ ജിയും ഡി ജി പിയുമൊക്കെ എത്തുമ്പോള്‍ ഇന്‍വിജിലേറ്ററായി നില്‍ക്കുന്ന പാവം ഗസ്റ്റ്‌ലക്ചറുടെ ചങ്കിടിക്കും. അഞ്ഞൂറു രൂപ പോലും ദിവസക്കൂലി ഇല്ലാത്ത ഈ പാവങ്ങള്‍ക്ക് ഐ ജി വാഹനങ്ങളില്‍ വന്നവരെ തടയാനുള്ള ചങ്കൂറ്റം ഉണ്ടാകാറില്ല.ഐ ജിയുടെ കാര്യത്തിലും നടന്നത് അതുതന്നെയാണെന്നാണ് ഉപശാലാ വര്‍ത്തമാനം. ആദ്യത്തെ രണ്ടുദിവസവും ഐ ജി ഞെരിച്ചാടിയത്രേ. മൂന്നാമത്തെ ദിവസമാണ് പിടി വീണത്. അത് ഇന്‍വിജിലേറ്റര്‍ക്ക് നിവൃത്തിയില്ലാതെ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിടിച്ച ഇന്‍വിജിലേറ്റര്‍ക്ക്, ഈ 'മഹത്തായ സേവനം' ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചെയ്യുന്ന പുമാന്‍ ഐ ജിയാണെന്ന് അറിവില്ലായിരുന്നു. ഭാവിയില്‍ 'സത്യസന്ധമായി എങ്ങനെ പരീക്ഷ എഴുതാം' എന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് മാത്രമല്ല, പൊലീസ് അക്കാഡമിയിലെ ട്രെയിനികള്‍ക്കും ക്‌ളാസെടുക്കാന്‍ ഉത്തരവാദപ്പെട്ട ആളായി ഈ പുണ്യവാന്‍ മാറേണ്ടതുമായിരുന്നു! (അറുപതാം വയസ്സില്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പൊലീസ് അക്കാഡമിയില്‍ പുനര്‍നിയമനം നല്‍കാമെന്ന 'മോളിലിരിക്കുന്ന അദ്ദേം' ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് എല്‍ എല്‍ എം 'സമ്പാദിക്കുക' എന്ന മഹത്തായ ദൗത്യം ഐ ജി ഏറ്റെടുത്തതെന്ന് അവകാശവാദമുയര്‍ന്നിട്ടുണ്ട്). രണ്ടുതവണ ഗൈഡ്‌ നോക്കി പരീക്ഷ എഴുതാന്‍ തുനിഞ്ഞപ്പോഴേക്കും ഇന്‍വിജിലേറ്റര്‍ തടഞ്ഞു. മൂന്നാം തവണയും ഐ ജി തനിയാവര്‍ത്തനത്തിലെത്തിയപ്പോള്‍ ഇന്‍വിജിലേറ്റര്‍ ഇങ്ങനെ പരീക്ഷ എഴുതാനാവില്ല എന്ന ഉറച്ച നിലപാടെടുത്തു.

ഐ ജി ജോസിനാടാണോ കളി? ഈ പരീക്ഷയില്‍ റാങ്കുനല്‍കി ആദരിക്കാനിരിക്കുന്ന എം ജി സര്‍വകാലാശാലയില്‍ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്നു പൂര്‍വ തസ്തികയില്‍ ഈ കേസരി! പരീക്ഷാ ക്രമക്കേടുകള്‍ തടയുകയും കണ്ടെത്തിയാല്‍ കുറ്റക്കാരെ പിടികൂടി ശിക്ഷിക്കുകയുമായിരുന്നു അന്നത്തെ മുഖ്യദൗത്യം. അതുകൊണ്ട്, പരീക്ഷാ ക്രമക്കേടിന് നടപടി എടുക്കണമെങ്കില്‍ തന്റെ പരീക്ഷാസഹായി അഥവാ ഗൈഡ് കൂടി അതിനോടൊപ്പം വേണമെന്നറിയാവുന്ന ഐ ജി അത് നല്‍കാതെ ഇറങ്ങിപ്പോവുകയായിരുന്നു. ഒദ്യോഗിക ചുമതല ഉണ്ടായിരുന്നതിനാല്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ പോലുമുള്ള സാവകാശമില്ലാത്തവിധം കൃത്യാന്തരബാഹുല്യം അനുഭവപ്പെട്ടതിനാലായിരുന്നു അതെന്ന് ആരും പറയാത്തത് കഷ്ടമായിപ്പോയി! സംഭവം വിവാദമായതോടെ ഐ ജി അങ്ങത്തെയെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ പാടുപെട്ട് ഉണ്ടാക്കിക്കൊണ്ടുവന്ന 'സംശുദ്ധ' പ്രതിച്ഛായ 'പ്രതി' ഛായ ആയി മാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാറിന് തിരിച്ചറിവുണ്ടായി. ഒന്നുമല്ലേലും, ആഭ്യന്തരവകുപ്പ് ഉള്ളംകൈയിലിട്ട് അമ്മാനമാടിയ ലീഡര്‍ കെ കരുണാകരന്റെ ശിഷ്യനല്ലേ...! അപ്പോള്‍ എന്റെ ക്‌ളാസ്‌മേറ്റാണ് രമേശ് എന്നു വീമ്പടിച്ചു നടക്കുന്ന ഇത്തരം കഥാപാത്രങ്ങളെ സംരക്ഷിച്ചാല്‍ മുഖ്യമന്ത്രിമോഹം മാത്രമല്ല, നിലവിലുള്ള കസേരപോലും ഉമ്മന്‍ചാണ്ടി തട്ടിയെടുക്കുമെന്നറിയാന്‍ ചെന്നിത്തലക്ക് പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ട കാര്യമില്ലല്ലോ.

അതിനുശേഷമാണ് എ ഡി ജി പി ശങ്കര്‍റെഡ്ഡിയെ ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. 1986 ഐ പി എസ് ബാച്ചിലെ ചുണക്കുട്ടികളിലൊരാള്‍.സര്‍വീസില്‍ അന്യസംസ്ഥാന ഐ പി എസുകാര്‍ അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഒട്ടേറെ നാറ്റക്കഥകള്‍ രചിക്കുമ്പോള്‍ ഈ മാന്യന്‍ അതില്‍നിന്നെല്ലാം മുക്തനായിരുന്നു. ശിവഗിരിമഠം അവിടെയുള്ള സന്യാസിമാരുടെ തമ്മില്‍തല്ലുമൂലം ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ അതിന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ചുമതലപ്പെടുത്തിയ ഓഫീസര്‍. കീര്‍ത്തിമുദ്രകള്‍ ഒരുപാടുണ്ടെങ്കിലും ഈ ഒരൊറ്റ അന്വേഷണത്തോടെ ഇതുവരെയുള്ള സല്‍പേര് മുഴുവന്‍ പോയിക്കിട്ടി. ഐ ജി കോപ്പിയടിച്ചതിന് തെളിവില്ലെന്നായിരുന്നല്ലോ ആ റിപ്പോര്‍ട്ട്. ടിന്റുമോന്‍ കഥകളെക്കാള്‍ പൊലീസ് ഓഫീസര്‍മാരെ ഇപ്പോള്‍ ചിരിപ്പിക്കുന്നത് ഇതാവണം!

ഇതേ ബാച്ചിലെ മറ്റൊരു സത്യസന്ധനും നീതിനിഷ്ഠനുമായിരുന്നല്ലോ എ ഹേമചന്ദ്രന്‍. ഇരുപത്തെട്ടുകൊല്ലത്തെ സ്തുത്യര്‍ഹസേവനം മുഴുവന്‍ ക്‌ളാവ് പിടിക്കാന്‍ ഒറ്റ കേസ് മതിയായി - സോളാര്‍ അന്വേഷണം!

അതിനുമുമ്പ്, 1984 ബാച്ചിലെ വിന്‍സെന്‍ എം പോള്‍. സ്വന്തം മതവിശ്വാസികളുടെ എതിര്‍പ്പുപോലും തൃണവല്‍ഗണിച്ച് പോട്ട ആശ്രമത്തിലെ ദുരൂഹമരണങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ഒരുവിധ സ്വാധീനത്തിനും വഴങ്ങാതെ അന്വേഷിച്ച നിര്‍ഭയനായ ഉദ്യോഗസ്ഥന്‍ (അതു പിന്നീട് പരമോന്നത നീതിപീഠത്തിലെത്തിയ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെപ്പോലുള്ളവരുടെ 'കിരാത'വിധിക്കിരയായി. ഇനി അതിലെ പ്രതികളെ കര്‍ത്താവിന്റെ ശിക്ഷക്ക് വിട്ടുകൊടുക്കാം!). വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ തസ്തികയിലേക്ക് വിന്‍സെന്‍ എം പോള്‍ എത്തിയപ്പോള്‍ സ്ഥാപിത താല്പര്യക്കാരും അഴിമതിക്കാരും ഞെട്ടി.പക്ഷെ, ഒന്നും സംഭവിച്ചില്ല. ഐസ്‌ക്രീം കേസ് അട്ടിമറിയും ബാര്‍കോഴക്കേസിലെ നിലപാടും മൂന്നുപതിറ്റാണ്ടുകൊണ്ടുണ്ടാക്കിയെടുത്ത സല്‍പ്പേര് നഷ്ടപ്പെടുത്തി.ഇവര്‍ക്കൊക്കെ എന്താണ് സംഭവിക്കുന്നത്? ഇവരുടെ കൂട്ടത്തില്‍പെടുത്താവുന്ന ഡോ.ജേക്കബ്‌ തോമസ് 1985 ബാച്ചിലെ ഓഫീസറാണ്. ഇടത് - വലത് സര്‍ക്കാരുകള്‍ ഒരുപോലെ വേട്ടയാടി. യൂണിഫോം സര്‍വീസില്‍നിന്ന് പരമാവധി പുറത്തുനിര്‍ത്തി. കുറേക്കാലം കേരള ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍പോലെ കാര്യമായ പണിയൊന്നുമില്ലാതെയും ഇരിക്കേണ്ടിവന്നു. ഏറ്റവുമൊടുവില്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഫയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ തസ്തികയിലാണ്. കുറ്റാന്വേഷണത്തില്‍ അസാധാരണമികവ് കാട്ടിയ വിന്‍സെന്‍ എം പോളിനും ഒതുക്കല്‍ തസ്തികയായ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം ഡിയായി പ്രവര്‍ത്തിക്കേണ്ടിവന്നു. പിരിയേണ്ടിവരുന്നതിന് മുമ്പുള്ള കാലയളവില്‍ മാനമുള്ള തസ്തികയിലിരിക്കണം എന്ന ആഗ്രഹമാവാം പഴയ സിംഹങ്ങളെ ചില ഒത്തുതീര്‍പ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നത്.

ഇപ്പോള്‍, പുതിയ വിവാദം പൊലീസ് ആധുനികവത്കരണത്തിന് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്. കോടിക്കണക്കിന് രൂപയാണ് ആരുടെയോ പോക്കറ്റുകളിലേക്ക് പോയത്. 2010ല്‍ തുടങ്ങിയ ഒരു സ്ഥാപനത്തിനായിരുന്നു ഇതിന്റെ കരാര്‍. ഇവര്‍ക്ക് ഇതുപോലുള്ള യന്ത്ര സംവിധാനങ്ങള്‍ വിതരണം ചെയ്തും സ്ഥാപിച്ചും പരിചയമുണ്ടോ എന്നുപോലും പരിശോധിച്ചില്ല.എല്ലാ ഉപകരണങ്ങളും നല്‍കും മുമ്പുതന്നെ കമ്പനി കച്ചോടം അവസാനിപ്പിച്ചു. എന്നുവച്ച് അവര്‍ക്ക് പണം മുഴുവന്‍ നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല.പാവപ്പെട്ട ജനങ്ങളുടെ നെഞ്ചില്‍ വേണ്ടതിനും അല്ലാത്തതിനും കേറുമെങ്കിലും പൊലീസ് മാന്യന്‍മാരല്ലേ! കച്ചവടത്തിന് കരാറായാല്‍ പിന്നെ കച്ചവടം നടന്നോ എന്നു നോക്കുന്നതെന്തിനാ?

ഇത്രയുമായപ്പോള്‍ ഐ ജി മനോജ് എബ്രഹാം രംഗത്തുവരുന്നു. എസ് പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ നടപടി വേണം. കാരണം, ഈ അഴിമതി നടത്തി എന്നതല്ല. ഈ അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു! ആ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി അറിവില്ല. മനോജ് എബ്രഹാം മിടുക്കനും കാര്യക്ഷമതയുള്ളതുമായ ഓഫീസര്‍ എന്ന നിലയിലാണ് ഇതുവരെ പേരുകേട്ടിരുന്നത്. അതിനെക്കാള്‍ ഉചിതമായത് പതിനേഴ് ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങി എന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ ആളെയാണ് പൊലീസിന്റെ അഴിമതി അന്വേഷണത്തിന് കണ്ടെത്തിയത് എന്നതാണ്!

പൊലീസില്‍ ഓരോവര്‍ഷവും എത്ര കോടി രൂപയുടെ പര്‍ച്ചേസ് ആണ് നടക്കുന്നത്? ഒരിക്കല്‍, പൊലീസില്‍ വന്‍തോതില്‍ വാഹനം വാങ്ങിക്കൂട്ടി. കേന്ദ്ര സര്‍ക്കാരില്‍നിന്ന് പൊലീസ് നവീകരണത്തിന് പണം കിട്ടിയതും കേന്ദ്രീകൃത വാഹനം വാങ്ങലിന് തീരുമാനിക്കുകയായിരുന്നു. സത്യസന്ധനെന്ന് പേരുകേട്ട, സര്‍വീസിലിരുന്ന കാലത്ത് സാക്ഷാല്‍ പുലിയായിരുന്ന ആളാണ് അന്ന് ഡി ജി പി. വിജിലന്‍സിലിരുന്ന് അഴിമതിക്കാരുടെ പേടിസ്വപ്‌നമായിരുന്ന ആള്‍. അദ്ദേഹം വിരമിച്ചശേഷം ആണ് ആ വാഹനം വാങ്ങിക്കൂട്ടിയതിലെ അഴിമതി പുറത്തറിഞ്ഞത്. ഒരു പത്രലേഖകന്‍ ആ അഴിമതി വാര്‍ത്തയാക്കി. വാര്‍ത്ത അച്ചടിച്ചുവരുമുമ്പ് ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരെ പുതിയ ഡി ജി പി സന്ദര്‍ശിച്ച് ആ വാര്‍ത്ത മുക്കിയതിന് ഈ ലേഖകന്‍ സാക്ഷിയാണ്. ഇങ്ങനെയൊരു വാര്‍ത്ത വരുന്നു എന്ന് എങ്ങനെ ഡി ജി പി അറിഞ്ഞു എന്നോര്‍ക്കുമ്പോള്‍ മാദ്ധ്യമപ്രവര്‍ത്തനത്തിലിരുന്ന് സഹപ്രവര്‍ത്തകരെ ചതിക്കുന്ന ചന്തുമാരുടെ കഥകള്‍ അവസാനത്തേതല്ല എന്നേ പറയാനാവൂ. പുതിയ ഡി ജി പി ഏറെ വിവാദം സൃഷ്ടിച്ച ഉത്തരേന്ത്യക്കാരനായിരുന്നു. പ്രതിയായ അന്നത്തെ ഡി ജി പിയെ ഇപ്പോള്‍ വായനക്കാര്‍ക്കും മനസ്സിലായിക്കാണും. അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാത്തതിന് കാരണമുണ്ട്. അദ്ദേഹത്തെ പ്രതിയാക്കുന്ന രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അന്ന് ആ വാര്‍ത്ത വെളിച്ചം കണ്ടിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. പറഞ്ഞിട്ടു കാര്യമില്ല, വാര്‍ത്ത പലപ്പോഴും വാര്‍ത്താലേഖകന്റെ കൈകളിലല്ല, സ്ഥാപന മുതലാളിയുടെ താല്പര്യംകൂടി കണക്കിലെടുത്താണ് പുറത്തുവരുന്നത്.നമ്മള്‍ പറഞ്ഞുവന്നത് പൊലീസുകാര്‍ക്കെതിരെ പൊലീസ് അന്വേഷിച്ചാല്‍ കേസ് തെളിയില്ല എന്നാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐ ജി ടി ജെ ജോസ് എല്‍ എല്‍ എം പരീക്ഷയില്‍ കോപ്പിയടി നടത്തിയതിന് തെളിവില്ല എന്ന് എ ഡി ജി പി റിപ്പോര്‍ട്ട് നല്‍കിയത്. വേണമെങ്കില്‍, അങ്ങനെയൊരു പരീക്ഷപോലും നടന്നിട്ടില്ലെന്ന് പൊലീസ് തെളിയിച്ചുകളയും! അഴിമതിക്കും സ്ത്രീപീഡനത്തിനും തെളിവുമായി ഹാജരായാല്‍ കേസ് എടുക്കാമെന്ന 'ഉദാരത' പ്രകടിപ്പിക്കുന്ന പൊലീസ് ഓഫീസര്‍മാരുടെ നാടാണിത്!

അവിടെ, എം ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി, ഐ ജി എല്‍ എല്‍ എം പരീക്ഷയില്‍ കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. നേരത്തേ, ഡെപ്യുട്ടി രജിസ്ട്രാറും ഐ ജി കോപ്പിയടി നടത്തിയതായി അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുത്തു. പുതിയ റിപ്പോര്‍ട്ടില്‍ ആ ഹാളില്‍ പരീക്ഷ എഴുതിയ നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍നിന്നുള്ള വിവരം കൂടി ഉള്‍പ്പെട്ടിരിക്കുന്നു. ഈ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരം മുമ്പേ ലഭ്യമായിരുന്നല്ലോ. എന്നിട്ടുമെന്തേ, എ ഡി ജി പി ശങ്കര്‍റെഡ്ഡി അത്തരമൊരു അന്വേഷണത്തിന് തയ്യാറായില്ല?

ഇപ്പോഴത്തെ വിവരമനുസരിച്ച് , സാധാരണഗതിയില്‍ ആറുതവണത്തേക്ക് പരീക്ഷയില്‍നിന്ന് ഡീബാര്‍ ചെയ്യേണ്ട കുറ്റകൃത്യമാണിത്. അതിന് ഈ റിപ്പോര്‍ട്ട് ധാരാളമാണ്. പിന്നെ, ഇത് കുറ്റം ചെയ്തത് ഐ ജിയാണ്. വേണമെങ്കില്‍ ഈ സര്‍വകലാശാലയുടെയോ അല്ലെങ്കില്‍ ഇപ്പോള്‍ ആലോചനയുള്ള പൊലീസ് സര്‍വകലാശാലയുടെയോ വൈസ്ചാന്‍സലര്‍വരെ ആകാവുന്ന ദേഹമാണ് കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാവുന്നതാണ്. അല്ലെങ്കില്‍തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡി ജി പിയും ഐ ജിയുമൊക്കെ കുറ്റം ചെയ്താല്‍തന്നെ അതൊരു കുറ്റമാണോ?

ആയതിനാല്‍ കുറ്റവാളിയായ പൊലീസുകാരനെ പിടികൂടുന്നത് സിനിമയില്‍ കണ്ട് നമുക്ക് കൈയടിക്കാം. നേരിന്റെ പകല്‍വെട്ടത്തില്‍ ഇവരൊക്കെ കട്ടുമുടിക്കുന്നതിന് നമുക്ക് സാക്ഷികളായിക്കൊണ്ടേയിരിക്കാം...!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories