TopTop
Begin typing your search above and press return to search.

ജിഷ, വാളയാര്‍, കൊച്ചി, കൊട്ടിയൂര്‍, കുണ്ടറ... എന്തുകൊണ്ടാണ് നമ്മുടെ പോലീസ് ഇങ്ങനെ?

ജിഷ, വാളയാര്‍, കൊച്ചി, കൊട്ടിയൂര്‍, കുണ്ടറ... എന്തുകൊണ്ടാണ് നമ്മുടെ പോലീസ് ഇങ്ങനെ?

മകളെ കാണാനില്ലെന്ന പരാതിയുമായി ആദ്യം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞിട്ടും ഞങ്ങള്‍ കൊടുത്ത പരാതി പോലും അവര്‍ സ്വീകരിച്ചില്ല. അടുത്ത ദിവസം രാവിലെ എസ്.ഐ വന്നിട്ടേ പരാതി സ്വീകരിക്കൂ എന്നാണവര്‍ പറഞ്ഞത്. എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണമെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. പക്ഷെ മിഷേലിനെ കാണാതായതില്‍ അവര്‍ക്കും വിഷമമുണ്ടെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചല്ലാതെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് പോലീസ് പറഞ്ഞത്. ഒരു പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ചെല്ലുന്നവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മറുപടിയല്ലേ ഇത്? മോളുടെ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്ത് അവള്‍ എവിടെയുണ്ടെന്നെങ്കിലും ഒന്ന് നോക്കാന്‍ ഞങ്ങള്‍ അപേക്ഷിച്ചു. രാവിലെ വരെ കാത്തിരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്.

കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മിഷേല്‍ ഷാജിയുടെ അമ്മ ശൈലമ്മ കണ്ണിരോടെ ആവര്‍ത്തിക്കുന്ന വാക്കുകളാണിത്. ഈ അമ്മയുടെ ആവശ്യത്തില്‍ പൊലീസ് കാലതാമസം വരുത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ മിഷേല്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.

പാലക്കാട് വാളയാറില്‍ ഒമ്പതും പതിനൊന്നും വയസു മാത്രം പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം. മൂത്തകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കാതെ മരണത്തിലെ അസ്വഭാവികത മനസിലാക്കി പൊലീസ് കാര്യമായി ഇടപെട്ടിരുന്നെങ്കില്‍ ആ ഒമ്പതുകാരിയെയെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.

കൊല്ലം കുണ്ടറയില്‍ രണ്ടുമാസങ്ങള്‍ക്കു മുമ്പ് പത്തുവയസുകാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ വീടിനടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിനെ സംശയമുള്ളതായി പറഞ്ഞിരുന്നു. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് അനങ്ങയില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതക സാധ്യത സംശയിക്കാവുന്ന കേസായിട്ടും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുണ്ടായി. ഒടുവില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും ഭരിക്കുന്ന പാര്‍ട്ടിക്കാരുടെത് ഉള്‍പ്പെടെ കടുത്ത ജനരോഷഷവും ഉയര്‍ന്നതിനുശേഷം, ഇന്നലെയാണു നേരത്തെ തന്നെ പരാതിയുണ്ടായിരുന്ന ഉറ്റബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കേരള പൊലീസിന്റെ കുറ്റകരമായ അനാസ്ഥകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനിയും ഉണ്ട് നിരവധി ഉദാഹരണങ്ങള്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടവര്‍ തന്നെ തുടര്‍ച്ചയായി വീഴ്ച്ചകള്‍ വരുത്തിയാല്‍ ഈ നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് എന്ത് പ്രാധാന്യമാണ് ഉണ്ടാവുക?

കുറച്ചു നാളുകള്‍ മുമ്പാണ് ചേര്‍ത്തല ഡിവൈഎസ്പി തന്റെ പരിധിക്കു കീഴിലുള്ള സിവില്‍ പൊലീസ് ഓഫിര്‍മാര്‍ക്ക് പൊലീസ് മാന്വലില്‍ പറഞ്ഞിരിക്കുന്ന കര്‍ത്തവ്യങ്ങളും ചുമതലകളും പഠിച്ചു കേള്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പഠിച്ചുകേള്‍പ്പിക്കാത്തവരെ കൊണ്ട് മൂന്നുതവണ ഇമ്പോസിഷന്‍ എഴുതിക്കണമെന്നും ഡിവൈഎസ്പി നിര്‍ദേശിച്ചിരുന്നു. പൊലീസുകാര്‍ക്ക് കേട്ടെഴുത്തിടുന്ന ഡിവൈഎസ്പിക്കെതിരേ പലമാധ്യമങ്ങളും എഴുതിയിരുന്നു. പക്ഷേ ഇപ്പോഴത്തെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ഡിവൈഎസ്പിയുടെ നീക്കം നല്ലതിനു തന്നെയായിരുന്നുവെന്നു തോന്നും. കാരണം, സ്വന്തം ചുമതലകളും കര്‍ത്തവ്യങ്ങളും എന്താണെന്നു മറക്കുകയാണു നമ്മുടെ പൊലീസ്. ഒരു തിരുത്തുള്ളത്, കേവലം സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കു മാത്രമല്ല, സംസ്ഥാന ഡിജിപി മുതല്‍ ഇത്തരം ഇമ്പോസിഷനുകള്‍ എഴുതേണ്ടിയിരിക്കുന്നു.

പെരുമ്പാവൂരിലെ ജിഷ കേസിന്റെ കാര്യം തന്നെയെടുക്കാം. പൊലീസ് അതീവരഹസ്യമായി ഒതുക്കാന്‍ ശ്രമിച്ച ഒരു കേസായിരുന്നു അത്. പത്രങ്ങള്‍ തന്നെ ചരമക്കോളത്തില്‍ ഒതുക്കിയ വാര്‍ത്ത. പൊലീസിന്റെ തന്ത്രങ്ങള്‍ ആദ്യം വിജയം കണ്ടെങ്കിലും പിന്നീടതവര്‍ക്കു തന്നെ തിരിച്ചടിയായി. ഒരു ഡിജിപിക്ക് സ്ഥാനചലനം ഉണ്ടാകുന്നതില്‍വരെ കാര്യങ്ങള്‍ എത്തി. പൊലീസ് വിചാരിച്ചാല്‍ എന്തും മൂടിവയ്ക്കാം, ഏതു കുറ്റവാളിയേയും രക്ഷപ്പെടുത്താം എന്ന നില സോഷ്യല്‍ മീഡിയ കാലത്ത് മാറിയിരിക്കുന്നു. ജനങ്ങള്‍ വിജിലന്റ് ആണ്. പക്ഷേ പൊലീസ് ഒട്ടും മാറാന്‍ തയ്യാറാകുന്നില്ല.

പൊലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിന്റെതും കൂടിയാണ്. ഒരു പൊലീസുകാരന്‍ ചെയ്യുന്ന തെറ്റാണെങ്കിലും അതിന്റെ ഉത്തരവാദിത്വം പറയാന്‍ ഇന്നാട്ടിലെ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. പിണറായി വിജയന്‍ ഭരിക്കുന്നതുകൊണ്ടോ, ഉമ്മന്‍ ചാണ്ടി ഭരിച്ചതുകൊണ്ടോ വഴി തെറ്റിപ്പോയവരല്ല നമ്മുടെ പൊലീസുകാര്‍. അവരില്‍ ഭൂരിഭാഗവും കാലങ്ങളായി തന്നെ തെറ്റായ വഴിയിലൂടെയാണു സഞ്ചരിക്കുന്നത്. അതു തിരുത്താന്‍ സാധിക്കാതെ പോകുന്നിടത്താണു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം പ്രതിക്കൂട്ടിലാകുന്നത്.

പൊലീസനെ കൂടുതല്‍ ജനകീയമാക്കാന്‍ ഭരണരംഗത്തുള്ളവര്‍ പലവഴികളും നോക്കുന്നുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷനുകളൊക്കെ അത്തരം നീക്കങ്ങളുടെ ഭാഗമാണെന്നു നമുക്കറിയാം. പക്ഷേ എടുത്തണിയുന്ന പേരുകള്‍ക്കപ്പുറം പൊലീസുകാരന്‍ ആവലാതിക്കാരോട് എത്രത്തോളം മൈത്രി പുലര്‍ത്തുന്നുണ്ടെന്നതുമാത്രം അറിയില്ല. കുറ്റവാളികളെ പിടിക്കുന്നതു മാത്രമല്ലല്ലോ, കുറ്റങ്ങള്‍ തടയാനും പൊലീസിന് ഉത്തരവാദിത്വം ഉണ്ട്. ആ കാര്യത്തിലാണ് ഇപ്പോഴും പൊലീസിനോട് വിയോജിക്കേണ്ടി വരുന്നത്.

മിഷേലിന്റെ കുടുംബത്തിന്റെ പരാതി ഉടനടി തന്നെ സ്വീകരിച്ച് വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കിലും മിഷേലിനെ ഒരുപക്ഷേ രക്ഷപ്പെടുത്താന്‍ കഴിയില്ലായിരുന്നിരിക്കാം, അല്ലെങ്കില്‍ പരാതി പൊലീസിനു കിട്ടുന്നതിനും മുന്നെ ആ പെണ്‍കുട്ടി മരണപ്പെട്ടിരിക്കാം. അതെന്തുമാകട്ടെ, അതൊന്നുമൊരിക്കലും പൊലീസിനു പറയാനുള്ള ന്യായമല്ല. ഒരാള്‍ പരാതിയുമായി വരുമ്പോള്‍, എസ് ഐ ഇല്ല, നാളെ വരൂ, ഇവിടെയല്ല പറയേണ്ടത് എന്നൊക്കെയുള്ള മറുപടിയല്ല നല്‍കേണ്ടത്. ഒരു പരാതി സ്വീകരിക്കാനും അതിന്മേല്‍ നടപടിയെടുക്കാനും എന്തൊക്കെ ക്രമങ്ങളാണു പാലിക്കേണ്ടത്? ഒരാള്‍ തന്നെ കൊല്ലാന്‍ വരുന്നവരില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍, തത്കാലം നിങ്ങള്‍ കൊല്ലപ്പെടൂ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വന്നശേഷം ഞങ്ങള്‍ ആക്ഷന്‍ എടുത്തോളം എന്നാണോ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും പറയേണ്ട മറുപടി?

ജനം എന്തുകൊണ്ട് അവരുടെയൊരു പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് ഓടിവരുന്നു എന്നാലോചിക്കണം, ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ആദ്യത്തെ ആശ്രയമാണ് പൊലീസ്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട വലിയ ബാധ്യത പൊലീസിനുമേലുണ്ട്. അതു ചെയ്യാതെ ഒരാളെ മടക്കിയയ്ക്കുമ്പോള്‍ തകരുന്നത് ഈ രാജ്യത്തെ ഭരണഘടനയോടുള്ള വിശ്വാസം തന്നെയാണ്. തന്നെ സംരക്ഷിക്കാന്‍ ഈ നാട്ടിലെ ഭരണസംവിധാനങ്ങള്‍ക്കു കഴിവില്ല എന്നു തോന്നിയാല്‍ പിന്നെ മനുഷ്യര്‍ അവരുടെ തന്നെ നിയമം നടപ്പാക്കാന്‍ തുടങ്ങും. പൊലീസിന്റെ അനാസ്ഥ ഒരു നാടിനെ തന്നെ അരാജകത്വത്തിലേക്ക് തള്ളിവിടാം.

വാളയാറിലെയും കുണ്ടറയിലേയും സംഭവം തന്നെ മതി പൊലീസ് സംവിധാനത്തിന്‍മേലുള്ള എല്ലാ മതിപ്പുകളും നഷ്ടപ്പെടുത്താന്‍. ആരോടാണ് അവര്‍ക്ക് പ്രതിപത്തി? പ്രതിയോടോ ഇരയോടോ? അതല്ലെങ്കില്‍ സോഷ്യല്‍ സ്റ്റാറ്റസ് നോക്കിയാണോ ഒരോരുത്തര്‍ക്കും തങ്ങളുടെ സേവനം പൊലീസ് നല്‍കുന്നത്? ഒരു ദളിത് പെണ്‍കുട്ടിയെ കൊന്നു വയറുകീറി പുറത്തിട്ടാല്‍, അത് അവഗണിക്കുകയും സമ്പത്തും സ്വാധീനവുമുള്ളൊരുവന്‍ പരാതിക്കാരനായ കേസില്‍ പ്രതിയെ രായ്ക്കുരാമനം പിടികൂടി സ്റ്റേഷനില്‍വച്ചു തന്നെ മരണശിക്ഷ വിധിക്കാനും കാണിക്കുന്നതിലെ ഇരട്ട നീതി ഒരു ജനാധിപത്യ പ്രക്രിയയില്‍ ഒട്ടും ശരിയല്ല.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റെടുത്തേശേഷം പ്രതിപക്ഷത്തിനും ജനത്തിനും മുന്നില്‍ തലകുനിയ്‌ക്കേണ്ടി വന്നിട്ടുള്ളത് പൊലീസിന്റെ പേരിലാണ്. ഇതിനകം എത്രതവണ അദ്ദേഹം പൊലീസിന്റെ വീഴ്ചകള്‍ ഏറ്റു പറഞ്ഞു. മുഖ്യമന്ത്രിക്കു കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി ബോധവത്കരണ ക്ലാസ് എടുക്കാന്‍ കഴിയില്ലെന്നറിയാം. പക്ഷേ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തനിക്കു പൂര്‍ണ അധികാരമുള്ള പൊലീസിനുമേല്‍ ഒരുവിധത്തിലുമുള്ള സ്വാധീനം ഇല്ലെന്നാണോ ഈ ഏറ്റുപറച്ചിലുകളില്‍ നിന്നും മനസിലാക്കുന്നത്. തെറ്റുകാരായി കാണുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുക്കുന്നത് നല്ലതു തന്നെ. ബാക്കിയുള്ളവരിലെങ്കിലും ഒരു ഭയം അതില്‍ നിന്നുണ്ടാകാം. പക്ഷേ ദിനംപ്രതിയെന്നോണം പൊലീസിന്റെ വീഴ്ചകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ സസ്‌പെന്‍ഷന്‍ പരിപാടി കൊണ്ടുമാത്രം കാര്യമുണ്ടോ?

പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പൊലീസിന്റെ വീഴ്ച്ചകള്‍ക്ക്‌ കാരണമെന്ന് ആരോപിക്കുന്ന പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോഴും ഇവിടുത്തെ പൊലീസ് ഇതുപോലെ തന്നെയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു, എല്ലാം സര്‍ക്കാരിന്റെ വീഴ്ച എന്ന് നിയമസഭയില്‍ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാവ് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴും ഇവിടെ കൊച്ചുപെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. പതിമൂന്നും പന്ത്രണ്ടും വയസില്‍ പ്രസവിച്ചിരുന്നു. കൊട്ടിയൂരിലെ സംഭവം കേരളത്തിലെ ആദ്യത്തെതൊന്നും ആയിരുന്നില്ല. ലൈംഗിക പീഡനത്തിനു വിധേയായ പെണ്‍കുട്ടികളില്‍ എത്രപേരെ കാണാതിയിരിക്കുന്നു. എത്ര സംഭവങ്ങളില്‍ കേസ് എടുത്തു?

അവളുടെ അമ്മ ശരിയല്ല, അതുകൊണ്ട് ഇതൊന്നും എടുത്തു തലയില്‍ വയ്‌ക്കേണ്ടെന്ന് ഒരു പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിവരം അറിയാന്‍ ബന്ധപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ മറുപടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥ ഇന്നും ഓര്‍ത്തിരിപ്പുണ്ട്. ആ സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നില്ല, ആഭ്യന്തര മന്ത്രിയും വേറൊരാളായിരുന്നു. കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നര്‍ത്ഥം. എല്ലാവരും തന്നെ ഇതില്‍ കുറ്റവാളികളാണ്...


Next Story

Related Stories