TopTop
Begin typing your search above and press return to search.

മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം

മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം

മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യെ നക്‌സല്‍ സ്വഭാവമുള്ള സംഘടനയാക്കി കേരള പോലീസ്. വടയമ്പാടി ആത്മാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്കതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ബിഎസ്പിയെ നക്‌സല്‍ സ്വഭാവമുള്ള സംഘടനയാക്കി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. വടയമ്പാടി ആത്മാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ പ്രസ്ഥാനങ്ങളേയും വര്‍ഗീയ- നക്‌സല്‍ സ്വഭാവ വിശേഷണം നല്‍കുന്നതിനൊപ്പമാണ് ബിഎസ്പി പാര്‍ട്ടിയുടെ പേരും ഇതിനൊപ്പം ചേര്‍ത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ അതേസമയം വിഎച്ച്പി, ആര്‍എസ്എസ്, ഹിന്ദുഐക്യവേദി എന്നീ സംഘടനകളെ വിശേഷണങ്ങളില്ലാതെ 'സംഘടനകള്‍' എന്ന് മാത്രമാണ് നല്‍കിയിരിക്കുന്നതും. ഇതിനെതിരെ ബിഎസ്പി നേതാക്കളും വിവിധ ദളിത് സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

2018 ഫെബ്രുവരി നാലിന് നടന്ന വടയമ്പാടി ആത്മാഭിമാന കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമരത്തിനൊപ്പം നിന്നവര്‍ക്കെല്ലാം വര്‍ഗീയ-നക്‌സല്‍ സ്വഭാവം മുദ്രകുത്തുമ്പോള്‍ സമരത്തിനെതിരെ നിന്നവരെ തദ്ദേശീയമായ രാഷ്ട്രീയ സംഘടനകള്‍ എന്ന് മാത്രമാണ് പോലീസ് വിശേഷിപ്പിക്കുന്നത്. എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ: "... ദളിത് ഭൂ അവകാശ സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി പോരാട്ടം, മാവോയിസ്റ്റ്, ബിഎസ്പി, സിപിഐ(എംഎല്‍) തുടങ്ങിയ നക്‌സല്‍ സ്വഭാവമുള്ളതും എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായ വര്‍ഗീയ സ്വഭാവമുള്ള സംഘടനകളും ചേര്‍ന്ന് മേല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ എന്ന രീതിയില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ വടയമ്പാടി, ഫെബ്രുവരി നാല് എന്ന പേരില്‍ ഒരു സമരപരിപാടി ആസൂത്രണം ചെയ്യുന്നതായും ഇത് മേല്‍ സ്ഥലത്ത് തദ്ദേശീയമായ രാഷ്ട്രീയസംഘടനകളുടേയും സാമുദായിക സംഘടനകളുടേയും ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകളുടേയും എതിര്‍പ്പിനും തുടര്‍ന്ന്....".

തീവ്ര സ്വഭാവമുള്ള ഹിന്ദുത്വ സംഘടനകള്‍ക്ക് വിശേഷണങ്ങള്‍ ഒന്നും നല്‍കാതെ അവരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് കേരള പോലീസ് കാണിക്കുന്ന മൃദു സമീപനമാണ് കാണിക്കുന്നതെന്ന് ദളിത് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Also Read: വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

കേസില്‍ പത്താംപ്രതിയും ബിഎസ്പി ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ സജി ചേരമന്‍ പ്രതികരിക്കുന്നു: "കേരള പൊലീസില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കടുത്ത ജാതീയതയെയും/വര്‍ഗ്ഗിയതയെയും ഈ എഫ്ഐആര്‍ മറനീക്കി പുറത്തു കൊണ്ടു വരുന്നുണ്ട്. മറ്റെല്ലാ സംഘടനകളേയും, ദളിത് ബഹുജന്‍ പാര്‍ട്ടിയായ ബിഎസ്പിയെ ഉള്‍പ്പെടെ നക്‌സല്‍ സ്വഭാവവും വര്‍ഗീയ സ്വഭാവവും ഉള്ളതായി പിണറായി പലീസ് കണക്കാക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകളെ മാത്രം എങ്ങനെ ഇത്ര മാന്യമായി ചിത്രീകരിക്കുന്നു? ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങിയ സംഘടനകള്‍ക്ക് ഒരു വിശേഷണവും നല്‍കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇടത് സര്‍ക്കാര്‍ നയിക്കുന്ന പുരോഗമന പോലീസിന്റെ വര്‍ഗീയ സ്വഭാവം സംബന്ധിച്ച വ്യക്തതയാണ് ഇതിലൂടെ വന്നിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും വിഎച്ച്പിക്കും ഹിന്ദു ഐക്യവേദിക്കുമെല്ലാം സൗജന്യം ചെയ്ത് കൊടുത്തിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. എന്നാല്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായ ബിഎസ്പിയെ നക്‌സല്‍ സംഘടനയുമാക്കി. ബിഎസ്പി എന്താണെന്ന് കേരള സര്‍ക്കാരിന് പറഞ്ഞുനല്‍കേണ്ടി വരുമോ? വര്‍ഗീയമായ മുന്‍വിധിയോടെയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ ദളിതരും മറ്റും വിവേചനം നേരിടുന്നതിന്, മനുഷ്യാവകാശ ലംഘനങ്ങളും കസ്റ്റഡിമരണങ്ങളും നടക്കുന്നതിന് വേറെ കാരണം അന്വേഷിക്കണ്ട. അത് ഈ ജാതീയ,വര്‍ഗീയ മുന്‍വിധികൊണ്ടാണ്. സമരം ചെയ്യുന്ന എല്ലാ സംഘടനകള്‍ക്കും വര്‍ഗീയ, നക്‌സല്‍ സ്വഭാവം ചാര്‍ത്തി നല്‍കുന്നത് സംഘപരിവാറുകാരുടെ ഭാഷയാണ്. ആ ഭാഷ കേരള പോലീസും ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ട്."

ദളിതരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ പൊതുവഴിയായി ഉപയോഗിച്ചിരുന്ന പൊതുഗ്രൗണ്ട് മതില്‍ കെട്ടി ദളിതര്‍ക്ക് അന്യമാക്കിയതോടെയാണ് വടയമ്പാടി ജാതിമതില്‍ സമരം ആരംഭിച്ചത്. പ്രദേശത്തെ എന്‍എസ്എസ് ആണ് മതില്‍ ഉയര്‍ത്തിയത്. ദളിതര്‍ ഈ മതില്‍ പൊളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടു. ജാതിമതില്‍ പണിയാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടില്‍ ദളിതര്‍ നിരാഹാര സമരമിരുന്നു. എന്‍എസ്എസിന് പിന്തുണയായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും എത്തി. ദളിതരുടെ സമരത്തിന് വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ പിന്തുണ അറിയിച്ച് എത്തി. എന്നാല്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. പിന്നീടാണ് ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷനും പോലീസും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് നടത്താന്‍ അനുവദിച്ചിരുന്നില്ല. കണ്‍വന്‍ഷനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Also Read: സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

Also Read: വടയമ്പാടി: നഷ്ടമാകുന്ന പൊതു ഇടങ്ങള്‍


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories