ഗതികേടു കൊണ്ടാണ് അവര്‍ ജീവിതം അവസാനിപ്പിച്ചത്; മരിച്ചിട്ടും കള്ളന്‍ എന്നാണ് സമൂഹം വിളിച്ചതും

ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; കേസ് രജിസ്റ്റര്‍ ചെയ്യുക പോലും ചെയ്യാതെ മധ്യസ്ഥതക്ക് ശ്രമിച്ച പോലീസിന്റെ നടപടിയാണ് ഏവരും ചോദ്യം ചെയ്യുന്നത്

ഒരിഞ്ച് ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നിട്ടില്ലാത്ത രണ്ടുപേര്‍. ദാരിദ്ര്യം… ചുറ്റും തിരിഞ്ഞാലും ജീവിതത്തിലും അത് മാത്രം; അത് മാത്രമായിരുന്നു സുനില്‍ കുമാറിന്റെയും രേഷ്മയുടേയും മുന്നിലുണ്ടായിരുന്നത്. ഇവരെയാണ് ഒരു ദിവസത്തിനുള്ളില്‍ എട്ട് ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി പോലീസ് തിരികെ വിട്ടത്. ഇവര്‍ പലരോടും പണത്തിനായി ഇരന്നു. അത്രയും വലിയ തുക നല്‍കാന്‍ കെല്‍പ്പുള്ള ആരുമായും ഇവര്‍ക്ക് ബന്ധവുമില്ലായിരുന്നില്ല. പണം കിട്ടിയില്ല. ഗതികേട് കൊണ്ടാണ് സ്വര്‍ണപ്പണിക്കാരനായ സുനില്‍ കുമാറും ഭാര്യ രേഷ്മയും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഒമ്പത് മാസം മുമ്പ് ഒന്നിച്ച് ജീവിതം ആരംഭിച്ചവര്‍… ഉണ്ടായിരുന്ന താലിമാലയും കമ്മലും വിറ്റ് കിട്ടിയ കാശ് കൊണ്ട് വാടകവീട് മോടിയാക്കി ജീവിതം ഒരറ്റത്തുനിന്ന് ആരംഭിച്ചവര്‍… അവര്‍ കഴിഞ്ഞ ദിവസം ചങ്ങനാശേരി ഫാത്തിമാപുരം പൊതുശ്മശാനത്തിലെ ചൂളകളില്‍ കത്തിയമര്‍ന്നു.

‘കള്ളന്‍’ എന്ന് പേര് കേട്ടവനെ മരണത്തിന് ശേഷവും അംഗീകരിക്കാന്‍ പൊതുസമൂഹം മടിച്ചു. ആത്മഹത്യ ചെയ്ത ‘കള്ളനേയും ഭാര്യ’യേയും പൊതുദര്‍ശനത്തിന് വെക്കാന്‍ വാടകവീടിന്റെ ഉടമസ്ഥനും അനുവദിച്ചില്ല. ഒടുവില്‍ പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാത്രമായിരുന്നു സുനില്‍ കുമാറിന്റെയും രേഷ്മയുടേയും ബന്ധുക്കള്‍ക്ക് ആശ്രയം. ബന്ധുക്കള്‍ക്കും ചുരുക്കം വരുന്ന നാട്ടുകാര്‍ക്കും കാണാനും അന്ത്യോപചാരമര്‍പ്പിക്കാനുമായി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പൊതു നിരത്തില്‍ മൃതദേഹങ്ങള്‍ കിടത്തി. അവിടെ നിന്ന് ശ്മശാനത്തിലേക്ക്…

സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായിരുന്ന സുനില്‍കുമാറിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കുന്നത് സ്ഥാപനം ഉടമയും ചങ്ങനശേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായ സജികുമാറാണ്. തിങ്കളാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍കുമാറിനെ ചങ്ങനാശേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി ഒമ്പത് മണിയോടെ. സുനില്‍കുമാര്‍ കുറ്റം സമ്മതിച്ചെന്നും ബുധനാഴ്ച വൈകിട്ട് നാല് മണിക്കുള്ളില്‍ നഷ്ടം വന്ന സ്വര്‍ണാഭരണത്തിന് പകരമായി എട്ട് ലക്ഷം രൂപ സജികുമാറിന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തതായി പോലീസ് സജികുമാറിനെ അറിയിക്കുന്നു. എന്നാല്‍ ബുധനാഴ്ച സുനില്‍കുമാറും ഭാര്യ രേഷ്മയും ആത്മഹത്യ ചെയ്തു.

സജികുമാറിനെയും പോലീസിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കുറിപ്പ് എഴുതിവച്ചാണ് ഇരുവരും ജീവനൊടുക്കിയത്. രേഷ്മ തയ്യാറാക്കിയതെന്ന് പറയപ്പെടുന്ന കുറിപ്പ് ഇങ്ങനെ; “ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ സ്ഥാപനത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍ കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് പോലീസില്‍ പരാതി നല്‍കി. എട്ടുലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചുനല്‍കാമെന്ന് പോലീസ് മര്‍ദ്ദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടകവീട് എടുത്തത്. അതുകൊണ്ട് ഞങ്ങള്‍ മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു.”

മോഷണക്കുറ്റമായിട്ടുകൂടി പോലീസ് കേസെടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ സുനില്‍കുമാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന ആരോപണവുമായി മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കള്‍ എത്തിയിരുന്നു. സുനില്‍ കുമാറിന്റെ സഹോദരനായ അനില്‍കുമാര്‍ പറയുന്നതിങ്ങനെ, “സ്റ്റേഷനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞ് ഫോണിലും നേരിട്ടും അവനെന്നോട് പറഞ്ഞത് പോലീസ് കണ്ടമാനം ഉപദ്രവിച്ചെന്നാണ്. ബൈക്ക് ഓടിക്കാന്‍ പോലും ആവുന്നില്ലെന്നും പറഞ്ഞു. മര്‍ദ്ദനമുണ്ടായിട്ടില്ലെന്ന് പോലീസുകാര്‍ പറയുന്നുണ്ട്. പക്ഷെ എന്നെ വിളിച്ചപ്പോഴൊക്കെ സുനില്‍ പറഞ്ഞ കാര്യം സത്യമല്ലെന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല.”

കസ്റ്റഡി മര്‍ദ്ദന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ചങ്ങനാശേരി എസ്‌ഐ ആയിരുന്ന ഷമീര്‍ഖാനെ കോട്ടയം എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സുനില്‍കുമാര്‍ കുറ്റം സമ്മതിച്ചിരുന്നു, സ്റ്റേഷനില്‍ മര്‍ദ്ദനം ഉണ്ടായിട്ടില്ല, ചോദ്യം ചെയ്യല്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാവും എന്നായിരുന്നു ഷമീര്‍ഖാന്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ പോലീസിനെതിരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി പ്രകാശ് പി. പടന്നമലയില്‍ പറയുന്നു.

സ്റ്റേഷന്‍ മര്‍ദ്ദനത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്, “സിസി ടിവി ദൃശ്യങ്ങളില്‍ മര്‍ദ്ദിച്ചതായി ഉണ്ടാവില്ല. സിസിടിവി ഇല്ലാത്ത ഒരു മുറിയുണ്ട്.  അവിടെ വച്ച് നന്നായി മര്‍ദ്ദനമേറ്റിട്ടുണ്ട്. 41 വളകള്‍ കാണാതായതായായിരുന്നു പരാതി. നഷ്ടപ്പെട്ടെന്ന് പറയുന്ന ഓരോ ആഭരണത്തിന്റെയും കണക്ക് ചോദിച്ച് ശരിക്കും പെരുമാറിയിട്ടുണ്ട്.” എന്നാണ്. സജികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പോലീസ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ എട്ടുമാസങ്ങളിലായി 400 ഗ്രാം സ്വര്‍ണം, 41 വളകള്‍ സുനില്‍ കുമാര്‍ മോഷ്ടിച്ചു എന്നാണ് സജികുമാര്‍ പരാതി നല്‍കിയിരുന്നത്. നഷ്ടപരിഹാരമായി പണം നല്‍കാന്‍ സമയം ചോദിച്ചെങ്കിലും പോലീസ് അതിന് അനുവദിക്കാതെ പിറ്റേന്ന് തന്നെ പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സജികുമാറിന്റെ പരാതിയില്‍ പറയുന്നത് പോലെ കാലങ്ങളായി മോഷണം തുടരുകയായിരുന്നുവെങ്കില്‍ എന്തുകൊണ്ട് സ്ഥാപന അധികാരികള്‍ അത് ശ്രദ്ധിച്ചില്ല എന്ന ചോദ്യവും ബന്ധുക്കള്‍ ഉന്നയിക്കുന്നു.

പോലീസ് മര്‍ദ്ദനമേറ്റെന്ന ആരോപണത്തെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പായി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പരിശോധിച്ചിരുന്നു. മര്‍ദ്ദനമേറ്റതായുള്ള പാടുകളോ പരിക്കുകളോ ശരീരത്തിലില്ലെന്ന് റിപ്പോര്‍ട്ടാണ് സംഘം സമര്‍പ്പിച്ചത്. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ മര്‍ദ്ദനം ഉണ്ടായിട്ടുണ്ട് എന്ന ആരോപണം ശരിയാണോ എന്നു വ്യക്തമാവൂ.

സുനില്‍കുമാറിന്റെ ബന്ധുവായ രാജേന്ദ്രന്‍ സംസാരിക്കുന്നു: “മണിയപ്പന്റേയും വസന്തയുടേയും മകന്‍ എന്ന് അറിയപ്പെട്ടിരുന്ന സുനില്‍കുമാറിനെ ശരിക്കും അവര്‍ എടുത്തുവളര്‍ത്തിയതാണ്. അതുകൊണ്ട് തന്നെ കുടുംബത്തിനകത്തും അവനോട് അത്ര സഹകരണമുണ്ടായിരുന്നില്ല. തിരുവല്ലക്കാരിയായ രേഷ്മയെ അവന്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. ദരിദ്ര കുടുംബത്തിലെ അംഗമാണ് രേഷ്മയും. അതുകൊണ്ട് വിവാഹം പോലും വളരെ ലളിതമായാണ് നടത്തിയത്. ആദ്യം രണ്ട് മുറിയുള്ള വീട് അവര്‍ വാടകയ്ക്ക് എടുക്കുന്നത്. ടൈല്‍ ഒട്ടിക്കുന്നതടക്കമുള്ള മെയിന്റനന്‍സ് പണികള്‍ സുനില്‍കുമാര്‍ തന്നെയാണ് ചെയ്തതും. അതിനായി രേഷ്മയുടെ ഉണ്ടായിരുന്ന സ്വര്‍ണവും വില്‍ക്കുകയും ചെയ്തു. ആകെ ഉണ്ടായിരുന്ന ഒരു മുതല്‍ എന്ന് പറയാന്‍ ബൈക്ക് ആണ്. അല്ലാതെ ഒരു ആര്‍ഭാടവും ആ വീട്ടിലില്ല. സ്വര്‍ണം മറിച്ചു കടത്തുന്നയാളാണെങ്കില്‍ അത് അവന്റെ ജീവിതസാഹചര്യങ്ങളിലും കാണില്ലേ. എന്നു മാത്രമല്ല, എട്ട് മാസമായി തുടരുന്ന മോഷണമാണെന്ന് സജികുമാര്‍ പരാതി പറയുന്നു. ഈ എട്ട് മാസവും വളകളും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടും ആരും ശ്രദ്ധിച്ചില്ല എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാവും. 50 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നതാണ് പരാതി. അത് ആരുടേയും ശ്രദ്ധയില്‍ പെടാതെ പോവുമോ? അപ്പോള്‍ അതിനകത്ത് എന്തോ ദുരൂഹതകളുണ്ട്. പോലീസ് സ്‌റ്റേഷനില്‍ വച്ച് ഗതികേടിന്റെ പുറത്ത് ഇത്രയും തുക താന്‍ തരാം എന്ന് പറഞ്ഞ് എഴുതി ഒപ്പിട്ട് കൊടുത്തതാണ്. എട്ടുലക്ഷം രൂപക്ക് വേണ്ടി സജികുമാറും പോലീസും ചേര്‍ന്ന് ടോര്‍ച്ചര്‍ ചെയ്തതുകൊണ്ട് മാത്രമാണ് രണ്ട് ചെറുപ്പക്കാരുടെ ജീവിതം ഇല്ലാതായിരിക്കുന്നത്. അതിനി എങ്ങനെ തിരിച്ച് പിടിക്കാനാവും.”

സുനിലിന്റെ പേരില്‍ അനുവദിച്ച 30,000 രൂപ വായ്പ ബാങ്കില്‍ പാസായി കിടക്കുകയാണെന്ന് പ്രദേശവാസിയായ രാജശേഖരന്‍ പറയുന്നു. “ആ വായ്പ ചെന്നു വാങ്ങേണ്ടത് വ്യാഴാഴ്ചയായിരുന്നു. പക്ഷെ അത് വാങ്ങാന്‍ അവര്‍ ഇല്ല. അതിന് പുറമെ മറ്റൊരു സ്വകാര്യ ബാങ്കില്‍ നിന്ന് അമ്പതിനായിരം രൂപ വായ്പയെടുത്തിട്ട് മൂന്നോ നാലോ ആഴ്ച കഴിയുന്നതേയുള്ളൂ. സ്വര്‍ണം തിരിമറി നടത്തി സാമ്പത്തികമുണ്ടാക്കുന്നയാള്‍ക്ക് ഇങ്ങനെ ചെറിയ തുകകള്‍ വായ്പയെടുത്ത് ജീവിക്കേണ്ട ഗതികേടുണ്ടാവുമോ?”

സുനില്‍കുമാറിനൊപ്പം പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്ന മറ്റൊരാളാണ് രാജേഷ്. രാജേഷും സുനിലിനൊപ്പം സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ തൊഴിലാളിയായിരുന്നു. നഷ്ടപരിഹാരമായി പണം നല്‍കാനായില്ലെങ്കില്‍ വീടിന്റെ ആധാരവുമായി ചെല്ലാനായിരുന്നു പോലീസിന്റെ ശാസന. പിറ്റേന്ന് വീടിന്റെ ആധാരവുമായി രാജേഷ് എത്തുമ്പോഴാണ് സുനില്‍കുമാറും രേഷ്മയും ആത്മഹത്യ ചെയ്ത വിവരം അറിയുന്നത് എന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറയുന്നു. “മര്‍ദ്ദനം, ഭീഷണി, സാമ്പത്തിക ഇടപാടിന് വഴിവിട്ട് സഹായം ചെയ്യല്‍ എന്നിവ പോലീസില്‍ നിന്ന് ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. കേവലം ഒരു പരാതി ലഭിച്ചതിന്റെ പുറത്ത് കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ 12 മണിക്കൂര്‍ ഒരാളെ ചോദ്യം ചെയ്യുക എന്നത് തന്നെ ശരിയായ കാര്യമല്ല. മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിയുന്നു. ചോദ്യം ചെയ്താലും കേസ് രജിസ്റ്റര്‍ ചെയ്യാത്ത ഒരു കേസില്‍ പരാതിക്കാരന് വേണ്ടി മധ്യസ്ഥത പറയാനും പണം വാങ്ങി നല്‍കാനും പോലീസിനെ ആരാണ് അധികാരപ്പെടുത്തിയത്? എഫ്‌ഐആറിട്ട് മോഷണ മുതല്‍ കണ്ടെത്തുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തതിന് ശേഷമല്ലേ പോലീസ് അങ്ങനെ ചെയ്യുന്നെങ്കില്‍ കൂടെ വേണ്ടത്. ഒരു നിവൃത്തിയുമില്ലാത്ത, പരമ ദരിദ്രനായ ഒരാളോട് പിറ്റേന്ന് നാല് മണിക്കുള്ളില്‍ എട്ട് ലക്ഷം രൂപ കൊടുക്കണമെന്ന് പോലീസിന് എങ്ങനെയാണ് ആവശ്യപ്പെടാനായത്? ആ ഭീഷണിയാണ് സുനിലിന്റെയും രേഷ്മയുടേയും ജീവനെടുത്തത്. അവരുടെ ബന്ധുക്കളെല്ലാം ദരിദ്രരാണ്. ഒരാള്‍ക്ക് പോലും സ്വന്തം സ്ഥലമോ വീടോ ഇല്ല. രേഷ്മയുടെ അമ്മയും രണ്ടാനച്ഛനും വാടകവീട്ടിലാണ് കഴിയുന്നത്. അത്തരം സാഹചര്യത്തില്‍ മനുഷ്യത്വമില്ലാതെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇത്തരമൊരു സാഹചര്യത്തില്‍ മരിച്ചിട്ട് പോലും അവരുടെ മൃതദേഹത്തോടു പോലും മാന്യത കാട്ടാന്‍ സര്‍ക്കാരിനോ പോലീസിനോ ആയില്ല. വീടുകളില്ലാത്തതിനാല്‍ ബസ് സ്റ്റാന്‍ഡിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചത്. അതിലും വലിയ ക്രൂരതയുണ്ടോ?”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍