Top

തിരുനെല്ലിയിലെ പിതൃതര്‍പ്പണത്തിലൂടെ രാഹുല്‍ ഗാന്ധി മോദിയോടും അമിത് ഷായോടും പറയുന്നത്‌

തിരുനെല്ലിയിലെ പിതൃതര്‍പ്പണത്തിലൂടെ രാഹുല്‍ ഗാന്ധി മോദിയോടും അമിത് ഷായോടും പറയുന്നത്‌
കോണ്‍ഗ്രസ് അധ്യക്ഷനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രണ്ട് ദിവസമായി കേരള പര്യടനത്തിലാണ്. തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ അദ്ദേഹം ഇന്നലെ പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ആണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാതെ സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കടന്നാക്രമിക്കുന്നതായിരുന്നു രാഹുലിന്റെ ഓരോ പ്രസംഗങ്ങളും. മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടാനാണ് രാഹുല്‍ ഓരോ വേദികളും ഉപയോഗിക്കുന്നത്. അതേസമയം രാഹുല്‍ കേരളത്തില്‍ ഉള്ള സമയത്ത് തന്നെ ഇന്നലെ കൊച്ചിയില്‍ അമിത് ഷാ ഉണ്ടായിരുന്നെങ്കിലും അതിന് യാതൊരു വാര്‍ത്താ പ്രാധാന്യവും ലഭിക്കാതിരുന്നതില്‍ നിന്നു തന്നെ രാഹുലിന്റെ പിന്നാലെയാണ് കേരളമെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ രാഹുല്‍ വരുമ്പോള്‍ ബിജെപി നേതാക്കള്‍ക്ക് പ്രാധാന്യം നഷ്ടമാകുന്നതെങ്ങനെയെന്നതിന്റെ തെളിവായി ഇത്.

കേരളത്തെയും വയനാടിനെയും പാകിസ്ഥാനോട് ഉപമിക്കുന്ന ബിജെപിക്കും അമിത് ഷായ്ക്കുമുള്ള മറുപടിയായി കൂടി വേണം ഇതിനെ കണക്കാക്കാന്‍. അതേസമയം ഉത്തരേന്ത്യയ്ക്കും ബിജെപിയ്ക്കും രാഹുല്‍ നല്‍കുന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ തിരുനെല്ലി ക്ഷേത്ര ദര്‍ശനം. ബിജെപി പറയുന്നത് പോലെ വയനാട് ഒരു പാകിസ്ഥാനല്ലെന്നും ഇത്രയും പ്രധാനപ്പെട്ട ഒരു ക്ഷേത്രം ഇവിടെയുണ്ടെന്നുമാണ് രാഹുല്‍ ഇതിലൂടെ ഉത്തരേന്ത്യയോട് പറയുന്നത്. ബലിതര്‍പ്പണത്തിനുള്ള സമയം അല്ലാതിരുന്നിട്ടും അദ്ദേഹം ഇന്ന് അവിടെ ബലിതര്‍പ്പണം നടത്തിയതും ഇത്തരത്തിലൊരു രാഷ്ട്രീയമാണ്. തിരുനെല്ലിയില്‍ രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചിരുന്നു.

വയനാടിനെ പാകിസ്ഥാനോട് ഉപമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് രാഹുലിന്റെ തിരുനെല്ലി സന്ദര്‍ശനമെന്ന് വേണുഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു. ബിജെപി പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുന്ന വയനാട് ക്ഷേത്രങ്ങളുടെയും നാടാണെന്ന് വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള മറുപടിയും ഇതിലൂടെ നല്‍കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. പിതാവിന് പിതൃതര്‍പ്പണം നടത്തിയതിനൊപ്പം ഇന്ദിരാ ഗാന്ധിയ്ക്കും ജവഹര്‍ലാല്‍ നെഹ്രുവിനും പിതൃക്കള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ അന്തരിച്ച ജവാന്മാര്‍ക്ക് വേണ്ടിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രാഹുല്‍ തര്‍പ്പണം നടത്തി. സൈനിക സ്‌നേഹം പറഞ്ഞ് ദേശീയത അവകാശപ്പെടുന്നതിനും ഇതൊരു നല്ല മറുപടിയാണ്.

അമിത് ഷാ വയനാടിനെ പാകിസ്ഥാനുമായി ഉപമിച്ചതിനെതിരെ രാഹുല്‍ പ്രതികരിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനുള്ള പരോക്ഷ മറുപടി കൂടിയായി ഇന്നത്തെ തിരുനെല്ലി സന്ദര്‍ശനവും ബലി തര്‍പ്പണവും. ഉത്തരകാശിയെന്ന് അറിയപ്പെടുന്ന വരാണസിയാണ് നരേന്ദ്ര മോദി മത്സരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന പാപനാശത്തിലാണ് ഇന്ന് രാഹുല്‍ വന്ന് പിതൃതര്‍പ്പണം നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ കേവലം സന്ദര്‍ശനത്തിനുപരിയായി നിരവധി മാനങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ കാണാന്‍ സാധിക്കും.

Next Story

Related Stories