TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി: പൂരം നടക്കട്ടെ, വെടിക്കെട്ടിന്റെ കാര്യം അപ്പോള്‍ അറിയാം

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി: പൂരം നടക്കട്ടെ, വെടിക്കെട്ടിന്റെ കാര്യം അപ്പോള്‍ അറിയാം

കീറാമുട്ടിയായി തുടരുന്ന കെപിസിസി പുന:സംഘടന ഒരു ഭാഗത്ത്, അതിനിടയില്‍ ഒരു അശനിപാതം പോലെ പൊട്ടി വീണ സോളാര്‍ വിഷയം. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കു മുന്‍പാകെ ചര്‍ച്ചയ്ക്ക് വരുന്നത് പ്രധാനമായും ഈ രണ്ടു വിഷയങ്ങള്‍ തന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുസ്വഭാവം വെച്ച് രാഷ്ട്രീയകാര്യ സമിതി യോഗമെന്നു പറഞ്ഞാല്‍ ഒരു പൂരം തന്നെയാണ്. ഇന്നത്തെ യോഗത്തില്‍ എത്ര അമിട്ട് പൊട്ടുമെന്നു മാത്രമേ അറിയേണ്ടതുള്ളൂ. അമിട്ടിന് തിരികൊളുത്താന്‍ ചിലരൊക്കെ, പ്രത്യേകിച്ചും 'ഐ' വിഭാഗത്തില്‍ പെട്ടവര്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് അണിയറ വാര്‍ത്തകള്‍. അതുകൊണ്ടു തന്നെ എല്ലാം യോഗത്തിനു ശേഷമേ പറയാന്‍ കഴിയൂ എന്നതാണ് നിലവിലെ അവസ്ഥ.

പുന:സംഘടന ലിസ്റ്റ് വൈകുന്നതില്‍ കോണ്‍ഗ്രസില്‍ ഏതാണ്ട് എല്ലാവരും തന്നെ അസ്വസ്ഥരാണെങ്കിലും ആരുമാരും വിട്ടുവീഴ്ചക്ക് തയ്യാറല്ല. തങ്ങളുടെ ഗ്രൂപ്പിന് അര്‍ഹമായത് കിട്ടണമെന്ന വാശിയില്‍ തന്നെയാണ് എല്ലാവരും. പതിവുപോലെ 'എ' യും 'ഐ' യും ചേര്‍ന്ന് നടത്തിയ വീതം വെയ്പ്പ് അംഗീകരിക്കാനാവില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ സുധീരന്‍ പോലും വാദിക്കുന്നു. കേരളത്തില്‍ മാത്രം പുന:സംഘടന വൈകുന്നതിലുള്ള കടുത്ത അതൃപ്തി രാഹുല്‍ ഗാന്ധി അടുത്തിടെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരള നേതാക്കളെ അറിയിച്ചതുമാണ്. എന്നിട്ടും ഒരു സമവായത്തിലെത്താന്‍ കേരള നേതാക്കള്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടി അണികള്‍ പോലും അതൃപ്തരാണ്. എന്നാല്‍ ഇതൊന്നും അറിഞ്ഞ മട്ടിലല്ല കേരള നേതാക്കള്‍ എന്നതാണ് ഏറെ രസകരം.

പുന:സംഘടന പ്രശ്‌നം ഒരു വലിയ കീറാമുട്ടിയായി തുടരുന്നതിനിടയിലാണ് സോളാര്‍ എന്ന ദുര്‍ഭൂതം കടന്നു വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും അഴിമതി മുതല്‍ ബലാത്സംഗം അടക്കമുള്ള ആരോപണങ്ങളെ നേരിടുന്നുവെന്നതും ഇവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ തുടര്‍ അന്വേഷണത്തിന് മുതിരുന്നുവെന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതൃത്വത്തെയും വല്ലാത്തൊരു വെട്ടിലാണ് വീഴ്ത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാം എന്നതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും മുന്‍പിലുള്ള പ്രധാന വെല്ലുവിളി.

ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയുടെ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്ന് സോളാര്‍ തന്നെയാണ്. സോളാര്‍ കേസ് നിയമപരമായി നേരിടും എന്ന് മാത്രമാണ് തുടക്കം മുതല്‍ക്കേ ഉമ്മന്‍ ചാണ്ടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന് സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നല്‍കിയതുപോലൊരു പിന്തുണ ( ലാവ്ലിന്‍ കേസില്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം കേന്ദ്ര നേതൃത്വം പറഞ്ഞതും പിന്നീട് ചെയ്തതും) സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരള നേതാക്കളും ഇക്കാര്യത്തില്‍ ഏതാണ്ട് രണ്ടു തട്ടില്‍ തന്നെയാണുള്ളത്. ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ സോളാര്‍ വിഷയത്തില്‍ കേരള നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് വളരെ നിര്‍ണായകമാണ്.

എന്നാല്‍ അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി അമിത താത്പര്യം കാണിക്കേണ്ടെന്ന വാദം കോണ്‍ഗ്രസില്‍ തന്നെ, പ്രത്യേകിച്ചും 'ഐ ' വിഭാഗത്തിന്റെ ഇടയില്‍ ശക്തമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുധീരനും ഏതാണ്ട് ഇതേ നിലപാട് തന്നെയാണത്രെ. ഇവരൊക്കെ തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചു നിന്നാല്‍ ഉമ്മന്‍ ചാണ്ടിയും 'എ' ഗ്രൂപ്പും ശരിക്കും ഒറ്റപ്പെടും. അതെസമയം ഭിന്നിപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയിലും സജീവമായിരുന്നു. ഭിന്നത മാറ്റി വെച്ച് എല്ലാവരും ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമോ എന്നത് യോഗത്തിനു ശേഷമേ പറയാന്‍ കഴിയൂ. എന്തായാലും പൂരം നടക്കട്ടെ. വെടിക്കെട്ടിന്റെ കാര്യം അപ്പോള്‍ അറിയാം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories