Top

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍
യുവതീ പ്രവേശനം യാഥാര്‍ഥ്യമാവാതെ രണ്ടാമതും ശബരിമല നടയച്ചു. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 29 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയിലേക്കായിരുന്നു ഏവരുടേയും കണ്ണുകള്‍. ഇത്തവണയും ഒരു യുവതി പോലും സന്നിധാനത്ത് പ്രവേശിച്ചില്ല. എന്നാല്‍ വിശ്വാസ സംരക്ഷകരായി എത്തിയ സമരക്കാര്‍ ആരാണെന്ന വ്യക്തമായ ധാരണ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് ഇത്തവണ നട അടച്ചത്. വിശ്വാസികള്‍ എന്നും ഭക്തന്‍മാര്‍ എന്നും പേരിലാണ് പ്രതിഷേധക്കാരെ അറിഞ്ഞിരുന്നതെങ്കില്‍ വിശ്വാസികള്‍ക്കും ഭക്തന്‍മാര്‍ക്കും പിന്നില്‍ ആര് എന്നതിനുള്ള ഉത്തരം കൂടിയായിരുന്നു ചിത്തിരയാട്ട വിശേഷ ദിവസത്തെ ശബരിമല.

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള രണ്ടാമത്തെ നടതുറക്കലായിരുന്നു അഞ്ചാംതീയതി. വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തുലാംമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ദര്‍ശനത്തിന് തയ്യാറായി യുവതികളെത്തിയെങ്കിലും അതിനായിരുന്നില്ല. ഒമ്പത് യുവതികള്‍ വിവിധയിടങ്ങളില്‍ നിന്നായി മലചവിട്ടാന്‍ എത്തിയെങ്കിലും ശരണംവിളികളുതിര്‍ത്തുകൊണ്ട് പ്രതിഷേധക്കാര്‍ ഇവരെയെല്ലാം മടക്കിയയച്ചു. മലകയറാന്‍ എത്തിയവരുടെ വീടുകളിലും ജോലി സ്ഥലത്തും പതിവായി അക്രമങ്ങള്‍ അരങ്ങേറി. ഇപ്പോഴും സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയിലാണ് പലരുടേയും ജീവിതം. സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നാമജപപ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യം യുവതീ പ്രവേശനത്തെ പിന്തുണച്ച ബിജെപിയും ആര്‍എസ്എസും പിന്നീട് നിലപാട് മാറ്റി. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും ആചാരസംരക്ഷണത്തിനും ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഇരുകൂട്ടരും മറുകണ്ടം ചാടി.

ഇതിന് ശേഷമാണ് തുലാംമാസ പൂജകള്‍ക്കായി അഞ്ച് ദിവസം ശബരിമല നടതുറന്നത്. നാമജപ പ്രതിഷേധങ്ങളുമായി സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് നിലയ്ക്കലും പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തുമായി സംഘടിച്ചിരുന്നത്. ആദ്യ ദിവസങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സംഘര്‍ഷത്തിലേക്ക് വഴി വച്ചതോടെ പോലീസ് കൂടുതല്‍ സംയമനം പാലിക്കുന്നതാണ് കണ്ടത്. ശബരിമലയില്‍ ദര്‍ശനത്തിന് സംരക്ഷണമാവശ്യപ്പെട്ട് പോലീസിനെ സമീപിച്ച പലരേയും സാഹചര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചയക്കാനാണ് പോലീസ് ശ്രമിച്ചത്. പോലീസ് നടപടി ഏറെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാതിരിക്കാനുള്ള സംയമനം പാലിക്കലായി പോലീസ് നപടികള്‍ വിലയിരുത്തപ്പെട്ടു. രഹന ഫാത്തിമയെ നടപ്പന്തല്‍ വരെ പോലീസ് എത്തിച്ചു. പതിനെട്ടാംപടി ചവിട്ടും എന്ന അവസ്ഥ വന്നപ്പോള്‍ ശാന്തിമാര്‍ പൂജകള്‍ അവസാനിപ്പിച്ച് പുറത്തിറങ്ങി കൂട്ടം കൂടിയിരുന്ന് നാമജപങ്ങളുമായി പ്രതിഷേധിച്ചു. സന്നിധാനത്തും വലിയനടപ്പന്തലിലും തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാര്‍ അക്രമണോത്സുകരാവുകയും ചെയ്തു. യുവതീ പ്രവേശനം ഉണ്ടായാല്‍ നടയടച്ച് ഇറങ്ങുമെന്ന് തന്ത്രി വെല്ലുവിളിച്ചു. ഇതിന് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 'ശബരിമല ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല' എന്നറിയിച്ചുകൊണ്ട് രഹന ഫാത്തിമയോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പോലീസ് അനുനയിപ്പിച്ച് മടക്കിയയച്ചു. അതോടെ യുവതീ പ്രവേശന സാധ്യതകള്‍ക്ക് മങ്ങലേറ്റു.

എന്നാല്‍ യുവതികള്‍ ദര്‍ശനത്തിന് എത്തുകയാണെങ്കില്‍ അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചു നിന്നു. 'യുവതീ പ്രവേശനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. 'യുവതികള്‍ പ്രവേശനത്തിന് സംരക്ഷണമാവശ്യപ്പെട്ടാല്‍ അത് നല്‍കുമെന്ന' പത്തനംതിട്ട എസ്പിയും അറിയിച്ചു. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാനും, പ്രതിഷേധക്കാരെ തടയാനുമായി പഴുതടച്ച സുരക്ഷ പോലീസ് ഉറപ്പാക്കുമെന്ന് ഡിജിപിയും വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ പോലീസിനെ വെല്ലുവിളിച്ച് സംഘപരിവാര്‍ സംഘടനകള്‍ നേരിട്ട് എത്തി. 'അയ്യായിരം പോലീസിന് പകരം പതിനായിരം അമ്മമാര്‍ ഇരുമുടിയുമായി സന്നിധാനത്തെത്തു' എന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ഹിന്ദുഐക്യവേദിയും ആര്‍എസ്എസും തങ്ങളുടെ പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്ന സൂചന നല്‍കി. ഹിന്ദുസംഘടനകള്‍ ഒന്നിക്കുന്ന അയ്യപ്പ കര്‍മ്മ സമിതിയും 'അയ്യപ്പന്റെ പദ്ധതി നടപ്പിലാവും' എന്ന് പറഞ്ഞുകൊണ്ട് 'ആചാരലംഘനം നടക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ല' എന്ന മുന്നറിയിപ്പും നല്‍കി. ഇരുകൂട്ടരും വെല്ലുവിളികളുമായി ബലാബലം നിന്നപ്പോള്‍ ശബരിമലയില്‍ എന്ത് നടക്കുമെന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്ക്.

ആ ആശങ്കകള്‍ക്ക് ഉത്തരമായിരുന്നു കഴിഞ്ഞ രണ്ട് ദിനങ്ങള്‍. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ ജന്‍മദിനത്തില്‍ പ്രത്യേക പൂജയ്ക്കാണ് ചിത്തിരയാട്ടവിശേഷം എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ തുലാംമാസ പൂജയ്ക്കായി നടതുറന്നാല്‍ പിന്നീട് നടക്കുന്ന ചിത്തിരയാട്ട വിശേഷത്തിന് ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രമാണ് ശഭരിമലയില്‍ എത്താറ്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ വെല്ലുവിളികളും പ്രതിഷേധവും കണക്കിലെടുത്ത് സര്‍ക്കാരും പോലീസും ഇത്തവണ വന്‍ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയത്. അസാധാരണമായ പോലീസ് സുരക്ഷയും, അസാധാരണമായ ഭക്തജനപ്രവാഹവും- ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ കണ്ടത്. ഐജി, എസ്പി, ഡിവൈഎസ്പി, സിഐ, എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം 2300 പോലീസുകാരും 30 കമാന്‍ഡോകളുമടക്കം സന്നിധാനത്ത് നിയോഗിക്കപ്പെട്ടു. നടതുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എരുമേലി മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ നിരേധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ശബരിമലയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം മുഴുവന്‍ പോലീസ് ബന്തവസ്സിലാക്കി. നാലാം തീയതി മുതല്‍ എല്ലായിടുത്തും ശക്തമായ പരിശോധനകളും ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കടക്കം നിയന്ത്രണം കൊണ്ടുവന്നു. വനിതാപോലീസുകാരെ ഉള്‍പ്പെടെ സന്നിധാനത്ത് ചുമതലയേല്‍പ്പിച്ചു. അഞ്ചാംതീയതി രാവിലെ മാത്രമേ എരുമേലിയില്‍ നിന്ന് ആലുകളെ പമ്പയിലേക്ക് വിട്ടുള്ളൂ. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഉച്ചയോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍ തീര്‍ഥാടകര്‍ നടന്നുപോവാന്‍ തയ്യാറായി. ഇതിന് പോലീസ് അനുവാദം നല്‍കുകയും ചെയ്തു. 22 കിലോമീറ്റര്‍ നടന്നുപോവാന്‍ അധികം ഭക്തര്‍ തയ്യാറാവില്ല എന്നായിരുന്നു പോലീസ് കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് തീര്‍ഥാടകര്‍ നിലയ്ക്കലില്‍ നിന്ന് കാല്‍നടയായി പമ്പയിലേക്ക് തിരിച്ചു. പോലീസ് വാഹനങ്ങള്‍ക്ക് പോലും കടന്നുപോവാന്‍ കഴിയാത്ത വിധം റോഡിലൂടെ നിരന്ന് നടന്നു നീങ്ങിയ തീര്‍ഥാടകര്‍ പോലീസിന് തലവേദനയായി. ഉച്ചയ്ക്ക് രണ്ടരയോടെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കനത്ത പരിശോധനയ്ക്ക് ശേഷം പോലീസ് തീര്‍ഥാടകരെ കയറ്റിവിട്ടു. മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ മെറ്റല്‍ ഡിറ്റക്ടര്‍ വഴി കടന്ന തീര്‍ഥാടകരുടെ എണ്ണം ആറായിരമായി. പിന്നീടങ്ങോട്ട് വന്‍ ഭക്തജനപ്രവാഹമായിരുന്നു. വൈകിട്ട് ഏഴ് മണിയോടെ സന്നിധാനത്ത് പതിനായിരത്തോളം തീര്‍ഥാടകര്‍ എത്തി. രണ്ട് മണിക്കൂര്‍ മാത്രമാണ് ദര്‍ശന സമയം അനുവദിച്ചിരുന്നത്. എന്നാല്‍ നെയ്യഭിഷേകം, ശയനപ്രദക്ഷിണ വഴിപാടുകളുടെ കാരണം പറഞ്ഞ് തീര്‍ഥാടകര്‍ സന്നിധാനത്ത് തന്നെ തങ്ങി. ഇക്കാരണങ്ങള്‍ പറഞ്ഞ് സന്നിധാനത്ത് നില്‍ക്കുന്നവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ പോലീസിനായതുമില്ല. സന്നിധാനത്ത് ആളുകള്‍ നില്‍ക്കുന്നത് തടയാന്‍ ഗസ്റ്റ് ഹൗസുകളെല്ലാം പൂട്ടി പോലീസ് താക്കോല്‍ വാങ്ങിച്ചു. എന്നാല്‍ ഇതൊന്നും സന്നിധാനത്തെത്തിയവരെ ബാധിച്ചതുമില്ല. പോലീസിന്റെ തന്ത്രങ്ങളെല്ലാം അതോടെ പാളി.

ഇതിനിടെ ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിനി അഞ്ജുവും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും പമ്പയില്‍ പോലീസിനെ സമീപിച്ചു. സന്നിധാനത്തുള്‍പ്പെടെ പോലീസിന് നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യമായിരുന്നതിനാല്‍ അക്കാര്യം പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമെത്തി യുവതിയെ പറഞ്ഞുമനസ്സിലാക്കി. പതിനായിരക്കണക്കിന് വരുന്ന തീര്‍ഥാടകരുടെ പ്രതിഷേധത്തിന് നടുവിലൂടെ യുവതിയെ ദര്‍ശനന സ്ഥലത്ത് എത്തിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പോലീസ് അവരെ അറിയിച്ചു. ആദ്യം യുവതി വഴങ്ങിയില്ലെങ്കിലും ഒന്നര മണിക്കൂര്‍ നേരത്തെ അനുനയിപ്പിക്കലിനൊടുവില്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം വേണ്ടെന്ന നിലപാടിലായി യുവതി. തന്നെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്നതാണെന്നും യുവതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. തനിക്കും കുടുംബത്തിനും ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന ആവശ്യത്തില്‍ തന്നെ യുവതിയുടെ ഭര്‍ത്താവ് ഉറച്ച് നിന്നു. എന്നാല്‍ യുവതി പിന്മാറിയ സ്ഥിതിക്ക് സംരക്ഷണം നല്‍കാനാവില്ല എന്ന് പോലീസ് അറിയിച്ചു. ദര്‍ശനത്തിന് സംരക്ഷണമാവശ്യപ്പെട്ട് എത്തിയ അഞ്ജുവിന്റെ വീട്ടുകാരെ പോലീസ് വിളിച്ച് കാര്യമറിയിക്കുകയും അവരോട് പമ്പയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കളെത്തി ആറിന് വെളുപ്പിന് യുവതിയെ കൂട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതി ദര്‍ശന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും സംരക്ഷണം ആവശ്യപ്പെട്ട് വന്ന യുവതിയ്ക്ക് സംരക്ഷണം നല്‍കാതെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസ് നടപടിയില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. യുവതി എത്തിയത് അറിഞ്ഞത് മുതല്‍ നിരോധനാജ്ഞ പോലും പാലിക്കാതെ പമ്പയില്‍ ഗണപതി കോവിലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ ശരണജപ പ്രതിഷേധം നടന്നു. യുവതി പിന്മാറിയതിന് ശേഷം മാത്രമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാരെ നീക്കാന്‍ പോലും പോലീസിന് കഴിഞ്ഞതുമില്ല.

ആറിന് രാവിലെ മുതല്‍ ശബരിമലയില്‍ സ്ഥിഗതികള്‍ മാറിമറിഞ്ഞു. പോലീസിന്റെ നിയന്ത്രണത്തില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു. ശബിമലയുടെ പൂര്‍ണ നിയന്ത്രണം പ്രതിഷേധക്കാരുടെ കയ്യിലായി. രാവിലെ ഏഴ് മണിയോടെ കൊച്ചുമകന്റെ ചോറൂണിന് ശബരിമലയില്‍ എത്തിയ ലളിത രവിയെയും കുടംുബത്തെയും വലിയ നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ടും ശരണംവിളികളുമായും എത്തിയ പ്രതിഷേധക്കാരെ നേരിടാന്‍ പോലീസിനായില്ല. ലളിത 52വയസ്സുള്ള സ്ത്രീയാണെന്ന് പോലീസ് പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമാണ് പ്രതിഷേധം ശമിച്ചത്. എന്നാല്‍ പിന്നീട് പമ്പ മുതല്‍ സന്നിധാനം വരെ താര്‍ഥാടകരായ പ്രതിഷേധക്കാര്‍ ശരണം വിളികളും നാമജപങ്ങളുമായി പ്രതിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്. 23,000ത്തില്‍ അധികം തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്. ഇവരെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ പോലീസിന് എത്തുംപിടിയും കിട്ടിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായിട്ടും പോലീസിന് നിഷ്‌ക്രിയരായി നോക്കിനില്‍ക്കേണ്ടി വന്നു.

തുലാംമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. ഭക്തജനങ്ങളും വിശ്വാസികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം എന്ന തരത്തിലാണ് അത് പ്രചരിപ്പിക്കപ്പെട്ടത്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തായതോടെയാണ് ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ രഹസ്യസ്വഭാവം കൈവെടിഞ്ഞ് പരസ്യമായി തന്നെ തങ്ങളുടെ പങ്കും പിന്തുണയും വ്യക്തിമാക്കിക്കൊണ്ടാണ് സംഘപരിവാര്‍ നേതാക്കള്‍ പ്രതികരിച്ചത്.നടതുറന്നത് മുതല്‍ കെ സുരേന്ദ്രനും എം ടി രമേശും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയും ശബരിമലയിലുണ്ട്. കെ സുരേന്ദ്രനും കെ പി ശശികലയും പ്രതിഷേധത്തിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടതും, വല്‍സന്‍ തില്ലങ്കേരി പോലീസിന്റെ മെഗാഫോണ്‍ വഴി വരെ പ്രതിഷേധക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും എല്ലാം പ്രതിഷേധം സംഘടിപ്പിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു. സമരത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നും ബിജെപിയുടെ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും തുറന്ന് സമ്മതിച്ചു. ഇതോടെ വിശ്വാസികളുടെ പ്രതിഷേധം എന്നതിനപ്പുറത്തേക്ക് പ്രതിഷേധത്തിന്റെ രാഷ്ട്രീയം കൂടി വെളിച്ചത്ത് വന്നു.

തുലാംമാസ പൂജയ്ക്ക് നടക്കാതെ പോയത് ചിത്തിരാട്ടത്തിന് നടക്കുമെന്നായിരുന്നു ചിലരുടെയെങ്കിലും പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. ഇനി ഏവരും ഉറ്റുനോക്കുന്നത് 13ന് പുന:പരിശോധനാ ഹര്‍ജി പരിഗണക്കുന്ന കോടതിമുറിയിലേക്കും, മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തിനായി വീണ്ടും നടതുറക്കുന്ന നവംബര്‍ 16-ാം തീയതിയിലേക്കുമാണ്.

https://www.azhimukham.com/kerala-sabarimala-women-entry-attack-against-women-by-devotees/

https://www.azhimukham.com/kerala-sabarimala-women-entry-devotee-protest-pamba-nilaykkal-sannidhanam/

https://www.azhimukham.com/newsupdate-cm-pinarayi-continue-your-rhetoric-police-silent-not-helping-reveal-your-hypocrisy-sabarimala-womensentry-seeker/

https://www.azhimukham.com/newsupdate-i-stood-on-18step-with-irumutikkettu-no-custom-breach-claims-rss-leader-valsanthillankery/

https://www.azhimukham.com/trending-sabarimala-women-entry-attack-against-women-ssaradakutty-criticizing-facebook-post/

Next Story

Related Stories