Top

സ്ത്രീപ്രവേശനം: 'സമ്മിശ്രമായി' പ്രതികരിച്ച് ശ്രീധരൻ പിള്ള; സമത്വത്തിന്റെ പൂങ്കാവനമെന്ന് സുധാകരൻ

സ്ത്രീപ്രവേശനം:
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനമാ ബഞ്ചിന്റെ വിധി സമ്മിശ്ര പ്രതികരണമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽത്തന്നെ ബിജെപി എന്ന ഒരു കക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രം ഒറ്റയ്ക്ക് 'സമ്മിശ്രമായി' പ്രതികരിക്കാനും ധൈര്യപ്പെട്ടു. കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോൾ കഴിയൂ എന്നാണ് ശ്രീധരൻപിള്ളയുടെ നിലപാട്. ഈ നിലപാടിന്റെ വെളിച്ചത്തിൽ വിശ്വാസത്തെ ഹനിക്കരുതെന്നും ആരാധനാ രംഗത്ത് ലിംഗവ്യത്യാസം പാടില്ലെന്നും ശ്രീധരൻ പിള്ള സമ്മിശ്രമായി പ്രതികരിച്ചു. ആരാധനാ സംബന്ധമായ കാര്യങ്ങളിൽ തന്ത്രിമാരും ആചാര്യന്മാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന വാദവും അദ്ദേഹം മുമ്പോട്ടു വെച്ചു. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത മറ്റ് മതങ്ങളിലെ ആരാധനാലയങ്ങളെക്കുറിച്ചും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെയും പിള്ള വിമർശിച്ചു.

ചരിത്രവിധിയെന്ന് കോടിയേരി

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന കോടതിവിധിയെ 'ചരിത്രവിധി' എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ‌ നൽകിയ സത്യവാങ്മൂലം മുന്നണി അഭിപ്രായം കൂടി പരിഗണിച്ചുള്ളതായിരുന്നെന്ന് കോടിയേരി വ്യക്തമാക്കി. യുഡിഎഫിന്റെ ദേവസ്വം ബോർഡാണ് മറിച്ചുള്ള നിലപാടെടുത്തതെന്നും കോടിയേരി പറഞ്ഞു.

'കോടതിക്ക് കേസിൽ തീരുമാനമെടുക്കാം; ആചാരത്തിൽ ഇടപെടേണ്ട'


സുപ്രീംകോടതി തങ്ങൾക്കു മുമ്പാകെ വന്ന കേസിൽ തീരുമാനമെടുക്കാമെന്നും പക്ഷെ, ആചാരകാര്യങ്ങളിൽ തന്ത്രിമാരും ആചാര്യന്മാരും തീരുമാനമെടുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാർ പ്രമുഖ് ആയ എൻകെ സുധാകരൻ പ്രതികരിച്ചു. ആർഎസ്എസ് അഫിലിയേറ്റഡ് സംഘടനകളിലൊന്നാണ് വിഎച്ച്പി. തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും അതിന് വിരുദ്ധമായ നിലപാട് വിഎച്ച്പി എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിക്ക് ക്ഷേത്രത്തിന്റെ വസ്തുതർക്കത്തിൽ മാത്രമേ ഇടപെടാനാകൂ എന്നും വിഎച്ച്പി പ്രചാർ പ്രമുഖ് പറഞ്ഞു. അല്ലാതെയുള്ള ഒരു വിധിയും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'യുവതികൾ പോകില്ലെന്ന് തീരുമാനിക്കണം'

സുപ്രീംകോടതിയിൽ സ്ത്രീപ്രവേശന കേസിൽ കക്ഷിയായ നായർ സർവ്വീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുധാകരൻ നായരുടെ പ്രതികരണം 'വിശ്വാസികൾ തീരുമാനിക്കട്ടെ' എന്നായിരുന്നു. പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിയായതിനാൽ അനുസരിച്ചേ പറ്റൂ എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ വിധി നിരാശാജനകമാണം. യുവതികൾ പോകില്ലെന്ന് തീരുമാനിച്ചാൽ സുപ്രീംകോടതി വിധി അപ്രസക്തമാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

'ഇതിലും വലിയൊരു സന്തോഷമില്ല'

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ കർണാടക മന്ത്രിസഭാംഗവും നടിയുമായ ജയമാല സ്വാഗതം ചെയ്തു. സ്ത്രീകളുടെ വിജയമാണിതെന്നും താനും ഒരു ദൈവവിശ്വാസിയാണെന്നും അവർ വിശദീകരിച്ചു. പുരുഷന്മാര്‍ക്ക് മാത്രം, സ്ത്രീകൾക്കു മാത്രം എന്നിങ്ങനെ വിവേചനം ക്ഷേത്രങ്ങളിലുണ്ടാകരുതെന്നും ജയമാല പറഞ്ഞു.

2006ൽ ശബരിമല വിഗ്രഹത്തിൽ തൊട്ടെന്ന് പറഞ്ഞ് ജയമാല രംഗത്തു വന്നിരുന്നു. ഇത് വിവാദമായിരുന്നു. തന്റെ നാട്ടിൽ സ്ത്രീകൾ അമ്പലത്തിൽ കയറുന്നതും വിഗ്രഹത്തിൽ സ്പർശിക്കുന്നതും തെറ്റല്ല. ശബരിമലയിൽ അതനുവദിക്കില്ലെന്ന് അറിയുമായിരുന്നില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.

'മുൻ സർക്കാരിന്റെ നിലപാട് വ്യത്യസ്തം'

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാട് വ്യത്യസ്തമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴത്തെ സർക്കാരും ആദ്യം അതേ നിലപാടാണ് എടുത്തതെന്നും കോടതിവിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനത്തെ എതിർക്കുന്ന നിലപാടായിരുന്നു യുഡിഎഫ് സർക്കാരിന്റേത്. കോടതിവിധിയെക്കുറിച്ച് വ്യക്തമായൊരു നിലപാട് പറയാൻ ചെന്നിത്തല തയ്യാറായില്ല.

മതപരമായ കാര്യങ്ങളിൽ വിശ്വാസപ്രമാണങ്ങൾ അംഗീകരിക്കണമെന്ന് കേരള കോൺഗ്രസ്സ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. അതാണ് ഇന്ത്യയുടെ നിലനില്‍പ്പിന് നല്ലതെന്നും വിധി കൊണ്ടുമാത്രം സ്ത്രീകൾ ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഭരണഘടനയ്ക്ക് കിട്ടിയ നീതി'

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഭരണഘടനയ്ക്കും സമൂഹത്തിനും കിട്ടിയ നീതിയെന്ന് മന്ത്രി ജി സുധാകരൻ വിശേഷിപ്പിച്ചു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നും സുധാകരൻ വിശദീകരിച്ചു. ജാതിമതവ്യത്യാസമില്ലാതെ എല്ലാവർക്കു കയറാവുന്ന സ്ഥലമാണ് ശബരിമല. അവിടെ സ്ത്രീകൾ മാത്രം കയറരുതെന്ന് പറയുന്നതിൽ നീതീകരണമില്ല. സമത്വത്തിന്റെ പൂങ്കാവനമാണ് ശബരിമലയെന്നും അതിനു തുല്യമായ ഒന്ന് ലോകത്തിലുണ്ടോയെന്ന് സംശയമാണെന്നും സുധാകരൻ പറഞ്ഞു.

Next Story

Related Stories