Top

ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ

ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് വരെയും കെ എം മാണി ആര്‍ക്കൊപ്പമുണ്ടെന്നതായിരുന്നു യുഡിഎഫ്, എല്‍ഡിഎഫ് പാളയങ്ങളില്‍ ഉയര്‍ന്ന ആശങ്ക. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഭരണമുള്ള മാണി വിഭാഗം ഏതാനും പഞ്ചായത്തുകളിലെ സ്വാധീന ശക്തിയാണെന്നതും ഈ ആശങ്കയ്ക്ക് ബലം നല്‍കി. ഇരുമുന്നണികളും മാണി സാറിനെ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും മുന്നണികള്‍ക്കുള്ളില്‍ തന്നെ അപശബ്ദങ്ങളും ഉയരുന്നുണ്ടായിരുന്നു. എല്‍ഡിഎഫില്‍ സിപിഐയാണ് മാണിയുമായുള്ള കൂട്ടുകെട്ടിനെ നഖശിഖാന്തം എതിര്‍ത്തത്. മാണിയുമായുള്ള കൂട്ടുകെട്ട് മുന്നണിയ്ക്കും സര്‍ക്കാരിനും ദോഷം ചെയ്യുമെന്നാണ് സിപിഐ പണ്ടു മുതല്‍ക്കേ പറയുന്നത്. എന്നാല്‍ എന്താണ് വാസ്തവമെന്നത് എംഎന്‍ സ്മാരകത്തിലെ തൂണിനും തുരുമ്പിനും പോലുമറിയാം.

നിലവില്‍ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്ക് മാണിയുടെ വരവോടെ ആ ആസ്ഥാനം നഷ്ടമാകുമോയെന്നതാണ് ഭയം. കേരളത്തില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ സഹായത്തോടെയാണ് ജയിക്കുന്നതെങ്കിലും നാല് മന്ത്രിമാരെ ലഭിക്കുന്നതുകൊണ്ടാണ് നാട്ടുകാര്‍ക്കിടയില്‍ അല്‍പ്പമെങ്കിലും വിലയുള്ളതും ജനയുഗം പത്രം മുന്നോട്ട് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കുന്നതും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ ഒപ്പം നിര്‍ത്താമെന്ന സിപിഎമ്മിന്റെ താല്‍പര്യത്തിന് വഴങ്ങി കൊടുത്താല്‍ പിന്നെ ഒരിക്കലും ഒഴിവാക്കാനാകാത്ത ഒരു കുരിശായി അത് തൂങ്ങുമെന്ന് സിപിഐയ്ക്ക് അറിയാം. പിന്നെ അധികാരം സ്വപ്‌നം കാണണമെങ്കില്‍ കോണ്‍ഗ്രസിനൊപ്പം പോകേണ്ടി വരും. അവിടെയാണെങ്കില്‍ മുസ്ലിം ലീഗ് എന്ന മറ്റൊരു മാരണമുണ്ട്. അതിനാല്‍ യുഡിഎഫിലേക്ക് ചേക്കാറാനും ബുദ്ധിമുട്ടുണ്ട്. പഴയ പ്രതാപമൊന്നുമില്ലെങ്കിലും വിപ്ലവത്തിന്റെ വക്താക്കള്‍ക്ക് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കൊപ്പം ചേരാനാകില്ലല്ലോ? 'കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്ത് തന്നെ വിരിക്കണം' എന്നും വേണമെങ്കില്‍ പറയാം. ഈ കാരണത്താലാണ് സിപിഐ മാണിയുമായുള്ള കൂട്ടിനെ ശക്തിയുക്തം എതിര്‍ത്ത് പോന്നിരുന്നത്.

യുഡിഎഫിലെ സഖ്യകക്ഷികള്‍ക്കൊന്നും മാണി തിരികെ വരുന്നതിനോട് വിയോജിപ്പില്ലെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി പുറത്തുപോയ മാണി പുറത്തു നിന്ന് നടത്തിയ കുശുമ്പ് പറച്ചിലുകളാണ് യുഡിഎഫിന് അധികാരത്തുടര്‍ച്ചയില്ലാതാക്കാന്‍ കാരണമെന്ന് വിശ്വസിക്കുന്ന ചില നേതാക്കളെങ്കിലും കോണ്‍ഗ്രസിനുള്ളിലുണ്ട്. എങ്കിലും സഖ്യകക്ഷികളുടെയും കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാക്കളുടെയുമെല്ലാം ആഗ്രഹം മാണി ഒപ്പമുണ്ടാകണമെന്ന് തന്നെയാണ്. മാണിയെ ഒപ്പം കൂട്ടിയാല്‍ ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി അയ്യായിരത്തിലേറെ വോട്ടുകളെങ്കിലും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ഇരു മുന്നണികളും വിശ്വസിച്ചു പോന്നിരുന്നത്. അയ്യായിരം വോട്ടെന്ന ഈ എല്ലിന്‍ കഷണം കാണിച്ചാണ് മാണി രണ്ട് മുന്നണികളെയും കൊതിപ്പിച്ച് നിര്‍ത്തിയിരുന്നതും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് മാത്രം മാണി താന്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ ആ പ്രശ്‌നം തീര്‍ന്നു.

മാണി പോയത് നന്നായെന്നും മാണി യുഡിഎഫ് വിട്ടിരുന്നില്ലെന്നും എല്‍ഡിഎഫിലെ ചില കൂട്ടര്‍ പറഞ്ഞു നടന്നപ്പോള്‍ കുടുംബത്തിലേക്ക് മടങ്ങിയെത്തിയ മാണിയെ യുഡിഎഫ് ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നു. സ്‌നേഹം തിരിച്ചുകിട്ടിയതിനാല്‍ മടങ്ങുന്നുവെന്ന് മാണിയും വ്യക്തമാക്കി. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഇടിത്തീയേറ്റ അവസ്ഥയിലാണ് മാണിയും കോണ്‍ഗ്രസും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആയിരത്തി അഞ്ഞൂറ് വോട്ടുകള്‍ കൂടുതല്‍ നേടിയെങ്കിലും മാണിയുടെയും തങ്ങളുടെയും ശക്തികേന്ദ്രങ്ങളില്‍ പോലും ഭൂരിപക്ഷം നേടാനാകാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്. പത്ത് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാല്‍ കോര്‍പ്പറേഷനുമടങ്ങിയ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഒരിടത്ത് പോലും യുഡിഎഫ് ഭൂരിപക്ഷം നേടിയില്ലെന്ന് മാത്രമല്ല എല്ലായിടത്തും സിപിഎം നേടുകയും ചെയ്തു.

ഇതില്‍ മാണി വിഭാഗം ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലാകട്ടെ 618 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് തിരുവന്‍വണ്ടൂര്‍. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ അവര്‍ക്കാണ്‌ ആറ്  സീറ്റുകളുള്ളത്. അങ്ങനെയാണ് രണ്ട് സീറ്റുകള്‍ വീതമുള്ള കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കൂടെക്കൂട്ടി മൂന്ന് സീറ്റുള്ള മാണി വിഭാഗം ഇവിടെ സഖ്യമുണ്ടാക്കിയതും പഞ്ചായത്ത് ഭരിക്കുന്നതും. എന്നാല്‍ ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ യുഡിഎഫ് പിന്തള്ളപ്പെട്ടതെന്നു കൂടി മനസിലാക്കുമ്പോള്‍ മാണിയുടെ കൂട്ടുകെട്ട് കോണ്‍ഗ്രസിന് ഗുണമല്ല ദോഷമാണ് ചെയ്തതെന്ന് വ്യക്തമാകും. ഒരു പഞ്ചായത്ത് പോലും യുഡിഎഫിന് ലഭിക്കാതെ വന്നതോടെ പഴയ വാക്കുകള്‍ മാണിയെ തിരിഞ്ഞു കൊത്തി തുടങ്ങി.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍ മാണി പോയതിന്റെ ആശങ്ക പുറത്തുകാണിക്കാതെ ജീവിച്ച സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന് ജയിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നാണ്. ഇത് സിപിഐയ്ക്ക് കൂടിയുള്ള ഒരു മുന്നറിയിപ്പാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞോ അറിയാതെയോ മാണി പോയത് എല്‍ഡിഎഫിനെ സഹായിച്ചെന്നാണ് സിപിഐ പറയുന്നത്. മാണിയെ കൂടെക്കൂട്ടിയത് തിരിച്ചടിയായെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വീണ്ടും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഏതായാലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മാണി സാറിനുള്ള ഒരു താക്കീതാണ്. ഏതൊരു തെരഞ്ഞെടുപ്പ് വരുമ്പോഴും ക്രിസ്ത്യന്‍ വോട്ടുകളെന്ന എല്ലിന്‍ കഷണവുമെടുത്ത് മുന്നണികളെ പിന്നാലെ നടത്തിക്കാന്‍ നോക്കേണ്ടെന്ന മുന്നറിയിപ്പ്. 'ഇനിയാ എല്ലുങ്കഷണെടുത്ത് പരണത്ത് വച്ചേക്ക് സാറേ..' എന്ന് ചെങ്ങന്നൂരിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ തന്നെയാണ് ഇപ്പോള്‍ മാണിയോട് പറയുന്നത്.

Next Story

Related Stories