TopTop
Begin typing your search above and press return to search.

സ്ത്രീകളേ, നിങ്ങളിങ്ങനെ ഇരുന്നോ!

സ്ത്രീകളേ, നിങ്ങളിങ്ങനെ ഇരുന്നോ!

'സാരി അഴിച്ചു കൊടുക്കുമ്പോള്‍ സരിതയ്ക്ക് അറിയാമായിരുന്നില്ലേ ഉപയോഗിക്കാന്‍ ആയിരുന്നു എന്ന്' ; സരിതയുമായി നടത്തിയ അഭിമുഖത്തെ പറ്റിയുള്ള സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന ഒരു കമന്റ് ആണിത്.

ഒരു വാദത്തിനു വേണ്ടി സരിതയെ മാറ്റിനിര്‍ത്താം, അവര്‍ പറയുന്നത് മുഴുവന്‍ കള്ളമാണ് എന്ന് കരുതാം; എന്നാല്‍ തന്നെയും സ്ത്രീശരീരം ഇന്നും ജനാധിപത്യ കേരളത്തില്‍ പ്രലോഭനത്തിനുള്ളഒരു ഉപകരണം ആണെന്ന വസ്തുത എവിടെ കൊണ്ടുപോയി കുഴിച്ചുമൂടും? ഇവിടെ സരിതയെന്ന സ്ത്രീയെ മാറ്റിനിര്‍ത്തി ഭരണകക്ഷിയെ മുഴുവനായും വിചാരണ ചെയ്യപ്പെടേണ്ട സമയമാണ്. വാണിജ്യത്തിനു വേണ്ടിയും കൊള്ളലാഭങ്ങള്‍ക്ക് വേണ്ടിയും ഒരു ക്രിമിനല്‍ കേരളത്തിലെ മന്ത്രിസഭയെ ഏതാണ്ട് മുഴുവനായും തന്നെ പാട്ടിലാക്കി അഴിമതിയും അനീതിയും സുഗമമായി നടത്തി എന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഈ വിഷയത്തെ സമീപിക്കണം. പക്ഷേ നാടിപ്പോഴും ക്രിമിനല്‍ ഒരു സ്ത്രീയാണ് എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ത്രീശരീരം കാണിച്ചോ ഉപയോഗിച്ചോ ആര്‍ക്കും ആ നാട്ടില്‍ എന്ത് അനീതിയ്ക്കും അനുമതി ലഭിയ്ക്കാം എന്ന സാധ്യത തെളിഞ്ഞു കാണുന്നത് അവഗണിക്കപ്പെടരുത്. സ്ത്രീ സ്വയമായോ മറ്റൊരു പുരുഷന്‍ സ്ത്രീയെ ഉപയോഗിച്ചോ ഇങ്ങനെ അഴിമതിയ്ക്ക് എളുപ്പവഴികള്‍ മെനയുന്നു എന്ന സത്യമാണ് വിവരക്കൂടുതല്‍ തലയ്ക്ക് പിടിച്ച മലയാളിയുടെ മുന്നിലുള്ളത്. എങ്കിലും വിഡിയോ ക്ലിപ്പ് ഉണ്ടോ, കണ്ടോ മുതലായ ഔത്സുക്യങ്ങളില്‍ മുഴുകുന്ന ഭൂരിപക്ഷവും അഴിമതി മുഴുവനായും കണ്ടില്ലെന്ന് നടിക്കുന്നു. ചര്‍ച്ചകള്‍ സരിതയുടെ ചാരിത്ര്യശുദ്ധിയും നുണപരിശോധനയും തെളിവെടുപ്പും എന്നതില്‍ കിടന്നു കറങ്ങുന്ന കാലത്തോളം നിങ്ങളുടെ പണം അവര്‍ കട്ടുകൊണ്ടെയിരിക്കും. സമൂഹം എത്ര sexually impoverished ആണെന്ന തിരിച്ചറിവും ഇതോടൊപ്പം കാണേണ്ട വസ്തുതയാണ്!

സ്ത്രീശരീരം എന്നത് ഒരു പ്രലോഭന വസ്തുവായി നിലനില്‍ക്കുന്നു എന്ന വസ്തുത കേരളത്തിന്റെ പുരോഗമനവാദങ്ങള്‍ക്ക് ഉള്ള ഏറ്റവും ശക്തമായ മറുവാദവും അപമാനവുമാണ്. ഒരു സമൂഹം എത്ര അധ:പതിച്ചതാണ് എന്ന് മാത്രമേ ഈ വസ്തുത വെളിവാക്കുകയുള്ളൂ. അവിടെയും പഴി സ്ത്രീയുടെ നേര്‍ക്ക് ഉയരുന്നത് വളരെ അസഹനീയമാണ്. പണം കൊടുത്തോ പദവി കൊടുത്തോ ഒരു പുരുഷന്‍ അനീതി നടത്തുമ്പോള്‍ അത് പണം കൊടുക്കാന്‍ നിന്നിട്ടല്ലേ അല്ലെങ്കില്‍ പദവി കാണിച്ച് പ്രലോഭിപ്പിച്ചിട്ടല്ലേ എന്നാരും പറയാറില്ല. നാട്ടില്‍ തെളിയിക്കപ്പെട്ട അഴിമതിക്കേസുകളില്‍ ഒരിടത്തും പ്രലോഭിപ്പിക്കാന്‍ നിന്നിട്ടല്ലേ, അല്ലാരുന്നെങ്കില്‍ അഴിമതി ഉണ്ടാകുമായിരുന്നില്ലല്ലോ എന്നാരും പറഞ്ഞു കേട്ടില്ല. ഒരാള്‍ പണം വാങ്ങി അഴിമതി നടത്തിയാല്‍ അയാള്‍ക്ക് പണം കൊടുക്കാന്‍ നിന്നിട്ടല്ലേ എന്ന് ആരും പറയാറില്ല, കോടതിയില്‍ പോലും അങ്ങനൊരു ചോദ്യം ഉണ്ടാകാറില്ല. പകരം എന്തിന് പണം വാങ്ങിച്ചു എന്ന് ചോദിക്കാനും, അതൊരു രാഷ്ട്രീയക്കാരന്റെ ചട്ടലംഘനം ആണെന്ന് കാണാനും നാം ഒരിക്കലും പരാജയപ്പെടാറില്ല. പക്ഷേ ഇവിടെ, അല്ലെങ്കില്‍ സ്ത്രീശരീരം ഉള്‍പ്പെടുന്ന ഏതൊരു കേസിലും, ആദ്യം പഴി നീളുന്നത് അതവള്‍ അങ്ങനെ നിന്നിട്ടല്ലേ, സമ്മതിച്ചിട്ടല്ലേ എന്ന് ചോദിക്കുന്നത് ഇരട്ടത്താപ്പല്ലേ! എന്ത് പ്രലോഭനം ആയാലും ചട്ടലംഘനവും നിയമലംഘനവും നടത്താന്‍ എന്തുകൊണ്ട് ജനപ്രതിനിധികള്‍ തയ്യാറാകണം! ആം ആദ്മി പാര്‍ട്ടിയുടെ മുഖമുദ്രയായ അഴിമതിവിരുദ്ധ സമരം നടക്കുമ്പോഴും ആരും അഭിപ്രായപ്പെട്ടു കണ്ടില്ല; പണം കൊടുത്തിട്ടല്ലേ വാങ്ങുന്നത്, അതുകൊണ്ട് അത് പണത്തിന്റെ കുഴപ്പമാണ് എന്ന്. അഴിമതി നടത്താന്‍ ഉപയോഗിച്ച ഉപകരണം സോളാര്‍ കേസില്‍ സ്ത്രീശരീരമായിരുന്നു എന്ന ഒറ്റ വ്യത്യാസമേ ഉള്ളൂ. പക്ഷെ ചര്‍ച്ചകള്‍ ഒരിടത്തും അഴിമതിയുടെ വിശദാംശങ്ങളിലേക്ക് നീളുന്നില്ല, പകരം ഈ ഒരേയൊരു മാധ്യമത്തില്‍ കിടന്നു ചുറ്റിത്തിരിയുകയാണ്. മലയാളിയും അവന്റെ ലൈംഗികദാരിദ്ര്യവും, സ്ത്രീശരീരത്തോടുള്ള ഒരിക്കലും തീരാത്ത ആര്‍ത്തിയും മാത്രമാണ് അതിന് ഹേതു. പീസാണ്, ചരക്കാണ് എന്നൊക്കെ ഇന്നും സൂപ്പര്‍ ആണ്‍ താരങ്ങള്‍ കമന്റ് പാസ്സാക്കുന്നത് കൈയ്യടിച്ചു പടക്കം പൊട്ടിച്ച് സ്വീകരിക്കുന്ന ദുഷിച്ച നമ്മുടെ നാടിന്റെ ദയനീയമായ അവസ്ഥയാണ് ഇത്തരത്തില്‍ സ്ത്രീശരീരം ഉപയോഗിക്കപ്പെടുന്നു എന്ന വസ്തുത തന്നെ.

അതെന്തും ആകട്ടെ, ഇതിനു മുന്‍പും പലയാവര്‍ത്തി പറഞ്ഞ കാര്യമാണ്. പക്ഷെ പുരുഷാധിപത്യത്തിന് ഇന്നും പ്രിയം സ്ത്രീശരീരം തന്നെ, സമൂഹത്തില്‍ എന്ത് നടന്നാലും അതിനെ ബാധിക്കുന്നേയില്ല. അത്ഭുതപ്പെടുത്തുന്ന വസ്തുത എന്താണെന്ന് വച്ചാല്‍ ഇത്രയും പുരോഗമനവും ബുദ്ധിയും വിവേകവും ഒക്കെയുണ്ടെന്ന് പറയപ്പെടുന്ന മലയാളികള്‍ക്ക് എങ്ങനെയാണ് ഇങ്ങനൊരു മന്ത്രിസഭ ഉണ്ടായി വന്നത് എന്നാണ്? ശാസ്ത്ര, സാങ്കേതിക, സാഹിത്യ, കലാ മേഖലകളില്‍ എല്ലാം അങ്ങേയറ്റം മിടുക്കും കഴിവും തെളിയിക്കുന്നവരാണെല്ലോ മലയാളികള്‍. ലോകത്തിന്റെ എല്ലാ കോണിലും എല്ലാ സംരഭങ്ങളിലും കൈവെച്ച അതേ മലയാളികളുടെ സ്വന്തം ഭരണകക്ഷിയെ പറ്റിയാണ് ഇതൊക്കെ കേള്‍ക്കുന്നത് എന്ന് വരുമ്പോള്‍ കേരളത്തിനകത്ത് ചെല്ലുമ്പോള്‍ അറബിക്കടലിന്റെ കാറ്റടിച്ചാല്‍ ബുദ്ധി നിലച്ചു പോകുന്നുണ്ടോ എന്ന് തോന്നിപ്പോവും. എന്ത് അടിസ്ഥാനത്തില്‍ ആണ് ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്? ഒരു സ്ത്രീ തന്റെ ശരീരം പങ്കുവെയ്ക്കാന്‍ തയ്യാറായാല്‍ അവള്‍ക്ക് വേണ്ടി എന്ത് അനീതിയും നടത്തിക്കൊടുക്കും എന്ന ചിന്താഗതിയുള്ള പ്രതിനിധികള്‍ എങ്ങനെയാണ് ഭരണത്തില്‍ എത്തിയത്? ഭൂരിപക്ഷം സ്വമനസ്സാലേ തിരഞ്ഞെടുത്ത മന്ത്രിസഭ ആയതുകൊണ്ട് കേരള ഭൂരിപക്ഷം അങ്ങനെ ചിന്തിക്കുന്നവര്‍ ആണെന്ന് കരുതണം, തങ്ങളുടെ പ്രതിനിധി തങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഈ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ അവരുടെ കള്ളത്തരങ്ങളും ഉള്‍പ്പെടണമല്ലോ.

സ്വാഭാവികമായും ഞാന്‍ ചിന്തിയ്ക്കുന്നത് കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ കുറിച്ചാണ്. നമ്മുടെ ഭൂരിപക്ഷം സ്ത്രീകളുടെ രാഷ്ട്രീയത്തില്‍ ഉള്ള ഇടപെടല്‍ ആകെ വോട്ടിംഗില്‍ മാത്രമായിരിക്കും, അവരെന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവും ഒരാളെ തിരഞ്ഞെടുക്കുന്നത്? ഒട്ടും രാഷ്ട്രീയ അവബോധം ഇല്ലാതെ, 'ചേട്ടന്‍' പറയുന്ന ആള്‍ക്ക് അല്ലെങ്കില്‍ മതം സ്വാധീനിച്ച്, അങ്ങനെയൊക്കെ ഒരു ജനതയുടെ പകുതിയിലധികം പൌരന്മാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ജനാധിപത്യം എന്നത് വെറുമൊരു പാഴ്വസ്തു ആയിത്തീരുന്നുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തന്നെ ഈ ചോദ്യം ചോദിക്കണം. ഇത്രയും കാലം എന്ത് കണ്ടിട്ടാണ് അല്ലെങ്കില്‍ എന്ത് പ്രതീക്ഷയിലാണ് സ്ത്രീകള്‍ വോട്ട് ചെയ്തത്? ഇപ്പോള്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ഏതു പ്രസ്ഥാനത്തിന്, ഏത് ആശയത്തിന്, ഏതു പ്രതിനിധിക്ക് ആണ് വോട്ട് ചെയ്യുന്നത്? ഇടത്, വലത് രാഷ്ട്രീയ ആശയങ്ങളെ പറ്റി അറിയാതെ, അവരുടെ നിലപാടുകള്‍ അറിയാതെ, മത തീവ്രവാദം രാഷ്ട്രീയത്തില്‍ എത്തിയാല്‍ ഉള്ള അപകടങ്ങളെ കുറിച്ച് മുന്‍ കൂട്ടി അറിയാതെ, കാണാതെ എങ്ങനെയാണ് സ്ത്രീകളുടെ വോട്ടിന്റെ യഥാര്‍ത്ഥമൂല്യം നിര്‍ണ്ണയിക്കുക. അത്തരത്തില്‍ നോക്കിയാല്‍ ഭാരതത്തില്‍ ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ടുള്ള പ്രഹസനം ആണ് ഓരോ തെരഞ്ഞെടുപ്പും. അടുക്കളയിലെ പാചകവാതകത്തിന്റെ ലഭ്യതയും വിലയും മുതല്‍ കുട്ടികളുടെ പഠനവും സ്വന്തം ജോലിയും ശമ്പളവും വരെ നിത്യജീവിതത്തില്‍ ഒരു സ്ത്രീ കൈകാര്യം ചെയ്യുന്ന എല്ലാ തുറയിലും രാഷ്ട്രീയം ഇടപെടുന്നുണ്ട്. നിങ്ങളുടെ ജീവിതം എങ്ങനെ പോകണം എന്നത് നല്ലൊരു ശതമാനവും തീരുമാനിക്കുന്നത് നിങ്ങള്‍ തെരഞ്ഞെടുത്തു വിടുന്ന പ്രതിനിധിയും അവരുടെ ആശയങ്ങളുമാണ്. അത്രയും സുപ്രധാനമായ ഒരു വിഷയത്തെ ആരുടെയെങ്കിലും വാക്ക് കേട്ടോ അപ്രസക്തമായ കാരണങ്ങള്‍ കൊണ്ടോ സമീപിച്ചാല്‍ എന്താണ് അപകടം എന്നത് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചു തരുന്നുണ്ട്. ഹിന്ദു എന്ന രാഷ്ട്രീയ ജീവികള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തുക്കള്‍ വിലകുറച്ച് കൊടുക്കുന്നുണ്ടോ? ഇല്ലാത്ത ചരിത്രം വളച്ചൊടിച്ച് കൊണ്ടുവരികയും അതിന്മേല്‍ മേനി നടിക്കുകയും മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആകെയുള്ള ഭരണനേട്ടം. അവരുടെ പാര്‍ട്ടിക്കാര്‍, മുതലാളിത്ത ഭീമന്മാര്‍ എന്നിവര്‍ക്കല്ലാതെ ഭാരതം ഒരു തീവ്ര ഹൈന്ദവകക്ഷി ഭരിച്ചത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും മെച്ചം ഉണ്ടായോ?

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട സമയം വല്ലാതെ അതിക്രമിച്ചിട്ടുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്തു വിട്ട പ്രതിനിധികളാണ് നിങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നതും നിങ്ങളുടെ നികുതിപ്പണം കട്ടുമുടിക്കുന്നതും. സരിതയുടെ ആരോപണങ്ങളില്‍, വേറിട്ട് നില്‍ക്കുന്ന ഒരനുഭവത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സഹായം തേടി വന്ന മറ്റൊരു സ്ത്രീയോടും ശരീരം പങ്കുവെയ്ക്കാനാണ് മന്ത്രിപുംഗവന്മാര്‍ ആവശ്യപ്പെട്ടത് എന്ന്. സത്യമാണോ അല്ലയോ എന്നത് കോടതിയില്‍ തെളിയട്ടെ, പക്ഷേ ഇനിയും രാഷ്ട്രീയം നാറ്റക്കേസാണ്, അതൊന്നും പെണ്ണുങ്ങള്‍ക്ക് അറിയണ്ട കാര്യമല്ല, സ്ത്രീകള്‍ക്ക് അതില്‍ പങ്കില്ല എന്നൊക്കെ ചിന്തിക്കുമ്പോള്‍ ഈ വസ്തുതകളും ഓര്‍ത്തുവയ്ക്കണം. നിങ്ങളെ ആര് പ്രതിനിധീകരിക്കണം, നിങ്ങളുടെ ജീവിതം എന്ത് രാഷ്ട്രീയ നയങ്ങളുടെ സ്വാധീനത്തില്‍ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്, അതിനുള്ള ഉത്തരവാദിത്തവുമുണ്ട്. സമൂഹത്തോടുള്ള സ്ത്രീകളുടെ ഉത്തരവാദിത്തം പെറ്റുപെരുക്കുന്നതില്‍ തീരുന്നതല്ല.

സഖാവ് ലെനിന്‍ പറഞ്ഞത് പോലെ 'നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും'.

Next Story

Related Stories