TopTop
Begin typing your search above and press return to search.

നിയമസഭ തെരഞ്ഞെടുപ്പ്; ചെറു പാര്‍ട്ടികളിലെ ഭൂകമ്പങ്ങള്‍

നിയമസഭ തെരഞ്ഞെടുപ്പ്; ചെറു പാര്‍ട്ടികളിലെ ഭൂകമ്പങ്ങള്‍

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ സിപിഐഎം നയിക്കുന്ന എല്‍ഡിഎഫും കഠിനാധ്വാനത്തിലാണ്. അഞ്ചുവര്‍ഷത്തിലെ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ വീഴ്ച്ചകള്‍ സിപിഎഎമ്മും ഇടതുപക്ഷവും ആയുധമാക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ബാറുകളും ഒറ്റയടിക്ക് പൂട്ടിക്കാന്‍ ആയതും വിഴിഞ്ഞം തുറമുഖം, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ചില നേട്ടങ്ങളുമാണ് അടുത്തു നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ സാധാരണഗതിയില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകാറില്ലെന്നത് എല്‍ഡിഎഫിന്റെ ആവേശം ഇരട്ടിയാക്കുന്നുണ്ടെങ്കിലും ബിജെപി-വെള്ളാപ്പള്ളി ബാന്ധവം യുഡിഎഫിനെ എന്നപോലെ ഇടതിനെയും ആശങ്കയിലാക്കുന്നുണ്ട്.

ഭരണത്തുടര്‍ച്ചയും ഭരണമാറ്റവും എന്ന ആശയങ്ങള്‍ മാറ്റുരയ്ക്കാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പില്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കേരളത്തില ചെറുപാര്‍ട്ടികള്‍. ഇടക്കാലത്ത് ഇടതുപാളയം വിട്ടു വലതുമാറി ചവിട്ടിയ ജെഡിയുവും ആര്‍എസ്പിയും ഏതാണ്ടൊരു പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു. ഗൗരിയമ്മയോട് സലാം പറഞ്ഞ് യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ച രാജന്‍ ബാബു വിഭാഗം ജെഎസ്എസും ഒരു പിളര്‍പ്പ് മുന്നില്‍ കാണുന്നുണ്ട്. കൂട്ടത്തില്‍ ഏറെ പരിതാപകരമായ അവസ്ഥയില്‍ ആയിരിക്കുന്നത് രാജന്‍ ബാബുവിന്റെ ജെഎസ്എസ് തന്നെയാണ്. വെള്ളാപ്പള്ളിക്കു ജാമ്യം സംഘടിപ്പിക്കാന്‍ പോയതിന്റെ പേരില്‍ രാജന്‍ ബാബുവും യുഡിഎഫിന് അനഭിമതനായി കഴിഞ്ഞു. സമസ്താപരാധം ഏറ്റു പറഞ്ഞിട്ടും രാജന്‍ ബാബുവിനെ യുഡിഎഫിനൊപ്പം നിര്‍ത്തുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് കടുത്ത എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് ആ പാര്‍ട്ടിയിലെ തന്നെ രണ്ടാമനായ കെ കെ ഷാജു പാര്‍ട്ടി പിളര്‍ത്തി യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

എം പി വിരേന്ദ്ര കുമാറിന്റെ ജെഡിയു വും പിളര്‍പ്പിന്റെ വക്കില്‍ തന്നെ. യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേരണമെന്നാണ് വീരന്‍ അനുകൂലികളുടെ മോഹം. ഇതിന് അവര്‍ പറയുന്ന കാരണങ്ങള്‍ നിസാരമല്ല. പാലക്കാട്ടെ വിരേന്ദ്ര കുമാറിന്റെ കനത്ത തോല്‍വിയും യുഡിഎഫിനു കീഴില്‍ ജെഡിയുവിന് ഉണ്ടായ മുരടിപ്പുമാണ് മുന്നണി വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തി കാട്ടുന്നത്. പാലക്കാട്ടെ പരാജയത്തെ കുറിച്ച് യുഡിഎഫ് നടത്തിയ അന്വേഷണ പ്രഹസനവും നല്‍കാമെന്നേറ്റ രാജ്യസഭ സീറ്റും നല്‍കാതിരുന്നതും വീരന്‍ വിഭാഗത്തെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ യുഡിഎഫ് വിടാന്‍ പാടില്ലെന്ന നിലപാടിലാണ് കൃഷി മന്ത്രി കെ പി മോഹനനും അനുയായികളും. ജെഡിയു എല്‍ഡിഎഫ് വിടാന്‍ ഉണ്ടായ സാഹചര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ വീരേന്ദ്ര കുമാറിനോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം കപടമാണെന്നും മോഹനന്‍ പക്ഷം വാദിക്കുന്നു. ഇന്നലെ വടകര ഗസ്റ്റ് ഹൗസില്‍വച്ച് സുധീരനുമായി മോഹനന്‍ നടത്തിയ രഹസ്യ ചര്‍ച്ച വിരല്‍ ചൂണ്ടുന്നത് വേണ്ടിവന്നാല്‍ പാര്‍ട്ടി പിളര്‍ത്താനും മോഹനന്‍ മടിക്കുന്നില്ലെന്നു തന്നെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടും പാലക്കാടും പത്തനംതിട്ടയിലും നടന്ന ജെഡിയു ജില്ല കൗണ്‍സില്‍ യോഗങ്ങളിലും യുഡിഎഫ് വിടുന്ന കാര്യത്തില്‍ കടുത്ത അഭിപ്രായഭിന്നത ഉയര്‍ന്നിരുന്നു.അതിനിടയില്‍ വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ വീട്ടില്‍വച്ചു കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജ്യസഭ സീറ്റ് ഉടനെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. ഈ വരുന്ന ഏപ്രിലില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവരുടെ കാലാവധി അവസാനിക്കും. അസംബ്ലിയില്‍ നിലവിലുള്ള കക്ഷി നിലവച്ച് യുഡിഎഫിന് രണ്ടുപേരെ വിജയിപ്പിച്ചെടുക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ആദ്യ സീറ്റ് ആന്റണിക്കും രണ്ടാമത്തേത് ജെഡിയുവിനും എന്ന വാഗ്ദാനമാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനം വീരേന്ദ്രകുമാര്‍ പക്ഷം പൂര്‍ണമായും വിശ്വസിച്ച മട്ടില്ല. ഒരു തവണ പറഞ്ഞു പറ്റിച്ചവരെ എങ്ങനെ വിശ്വസിക്കും എന്നാണവര്‍ ചോദിക്കുന്നത്.

ആര്‍എസ്പിയും സ്വന്തം തട്ടകമായ കൊല്ലം ജില്ലയില്‍ വല്ലാത്തൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും അനുദിനംം പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത ദിവസം പാര്‍ട്ടി നേതാവ് വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ബി ജയന്തിയും ആര്‍എസ്പി വിട്ടു സിപിഎമ്മില്‍ ചേര്‍ന്നു. ഇതിനിടയിലാണ് കൊല്ലം ജില്ലയില്‍ നിന്നും ഒരൊറ്റ സിപിഎം സ്ഥാനാര്‍ത്ഥി പോലും അടുത്ത അസംബ്ലിയില്‍ എത്തില്ലെന്ന ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്റെ പ്രവചനം ഉണ്ടായത്. പ്രേമചന്ദ്രന്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുമ്പോഴും ദേശീയതലത്തില്‍ എന്നതുപോലെ തന്നെ കേരളത്തിലും ആര്‍എസ്പി ഇടതിനൊപ്പം നില്‍ക്കണമെന്ന വാദം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തി പ്രാപിക്കുന്നുണ്ട്. ഇതിനിടയിലാണ് കോവൂര്‍ കുഞ്ഞുമോനെ മുന്നില്‍ നിര്‍ത്തി ആര്‍എസ്പി പിളര്‍ത്താനുള്ള ചില അണിയറ നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് വലിയ പാര്‍ട്ടികളെക്കാള്‍ ചെറിയ പാര്‍ട്ടികളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായി മാറുകയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories