TopTop
Begin typing your search above and press return to search.

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം
"'ശനിയാഴ്ച എന്റെ കുഞ്ഞ് വീട്ടിലേക്ക് വന്നു. ഇന്നലെ കോളേജില്‍ എന്തോ വര്‍ക്കുണ്ടെന്ന് പറഞ്ഞ് തിരിച്ച് പോന്നതാണ്. വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ച് ഇറങ്ങിയതാണ്. ഇനി എന്റെ കുഞ്ഞിനെ ഞാനെങ്ങനെ കാണും...", പോപ്പുലര്‍ ഫ്രണ്ട്- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ അമ്മ പൂവ്വയുടെ നെഞ്ചുപൊട്ടുന്ന നിലവിളികള്‍.... അച്ഛന്‍ മനോഹരന്‍ ആശുപത്രി ഇടനാഴിയില്‍ തളര്‍ന്നിരിപ്പാണ്. ഇടക്ക് ബോധം വരുമ്പോള്‍ അലറിക്കരയും. "
നാട്ടിലെത്തിയപ്പോള്‍, അച്ഛാ ഞാനിവിടെ വീട്ടിലെത്തി എന്ന് വിളിച്ചു പറഞ്ഞു. ഇന്നലെ ഹോസ്റ്റലില്‍ എത്തിയോ എന്ന് വിളിച്ച് ചോദിച്ചപ്പോളാണ് എന്റെ കുട്ടിയെ കുത്തിയ വിവരം അറിയുന്നത്. എന്തിനാണ് എന്റെ കുട്ടിയെ കുത്തിയത്..എനിക്കറിയില്ലേ..."
മനോഹരന്‍ ഏങ്ങലടിച്ചുകൊണ്ട് അഭിമന്യുവിന്റെ ചേട്ടന്‍ പാര്‍ജിത്തിന്റെ കൈകളിലേക്ക് വീണു.

അഭിമന്യുവിന്റേത് ഇടുക്കി വട്ടവടയിലെ കര്‍ഷകത്തൊഴിലാളി കുടുംബമാണ്. തമിഴ് വംശജരായ മനോഹരനും പൂവയ്ക്കും മൂന്ന് മക്കളാണ്. ഏറ്റവും ഇളയതായിരുന്നു അഭിമന്യു. ദാരിദ്ര്യം കടുത്തതോടെ വട്ടവടയില്‍ നിന്ന് പെരുമ്പാവൂരിലെത്തി ജോലി നോക്കുകയാണ് മനോഹരന്‍. പാര്‍ജിത്ത് വട്ടവടയില്‍ തന്നെ കൃഷിപ്പണികള്‍ ചെയ്ത് ജീവിക്കുന്നു. സഹോദരി കൗസല്യയ്ക്ക് എറണാകുളം കിറ്റക്‌സില്‍ ചെറിയ ജോലിയുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷയായിരുന്നു അഭിമന്യു. പഠനത്തില്‍ മിടുക്കനായ അഭിമന്യു ജയിച്ചുവന്നാല്‍ തങ്ങളുടെ ജീവിതം രക്ഷപെടുമെന്ന് കരുതിയിരുന്നവര്‍. തങ്ങള്‍ പട്ടിണികിടന്നാലും, നല്ല വസ്ത്രങ്ങള്‍ അണിഞ്ഞില്ലെങ്കിലും അഭിമന്യുവിനെ നന്നായി പഠിപ്പിക്കണമെന്ന് കരുതി പഠിക്കാനയച്ചതാണിവര്‍. "
അവന്‍ പഠിക്കുന്നതായതുകൊണ്ട്.... ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ലെങ്കിലും, ഡ്രസ്സില്ലെങ്കിലും അവന്‍ 'വെള്ളയും വെള്ളയു'മായി പോവട്ടെ എന്നേ ഞാനും അവന്റെ ചേച്ചിയും അച്ഛനും എല്ലാം കരുതിയിട്ടുള്ളൂ. അങ്ങനെ ആറ്റുനോറ്റ് കൊണ്ടുവന്നിട്ട് ഇപ്പോള്‍ കിട്ടിയത്..."
പാര്‍ജിത്തിന്റെയും കരച്ചില്‍ കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല.

അടുത്ത മാസം അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഓട്ടത്തിനിടയില്‍ വീട്ടുകാരെ സഹായിക്കാനാണ് കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ട് കൂടി അഭിമന്യു വട്ടവടയിലേക്ക് പോയത്. പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് പോവാതിരുന്ന എത്രയോ ദിവസങ്ങള്‍ അഭിമന്യുവിനുണ്ടായിരുന്നത് സൈമണ്‍ ബ്രിട്ടോ ആണ് ഓര്‍ത്തെടുക്കുന്നത്.
"ഇത്രയും നല്ല ഒരു കുട്ടിയെ കാണാനുണ്ടാവില്ല. അത്രയും പാവമായിരുന്നു. അവധി ദിവസമായാലും നാട്ടിലേക്ക് പോവാത്തപ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്. 'പൈസ വേണ്ടേ സഖാവേ' എന്നാണ് അവന്‍ പറയുക. ഒട്ടും പണമില്ലായിരുന്നു അവന്റെ കയ്യില്‍. കടുത്ത ദാരിദ്ര്യം മാത്രം. എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചിരുന്നത്. അതിനായി വീട്ടില്‍ വരും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടിലേക്ക് പോരും. സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അത് കഴിക്കുമ്പോഴും 'ആ ഹോസ്റ്റലിലെ ബാക്കിയുള്ളവരാരും കഴിച്ചിട്ടുണ്ടാവില്ല' എന്ന് പറഞ്ഞേ അവനത് കഴിക്കാറുള്ളൂ. അത്രയും നല്ല മനസ്സായിരുന്നു".


കരച്ചിലടക്കാനാവാതെ അച്ഛന്‍ മനോഹരന്‍

മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിമന്യു. ഞായറാഴ്ച രാത്രി 12.30-തോടെയാണ് അഭിമന്യുവിനും അർജുൻ, വിനീത് എന്നീ രണ്ടുപേർക്കും കുത്തേറ്റത്. ഇവരിൽ അർജുന്റെ (19) നില ഗുരുതരമാണ്. അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചുവെക്കുകയും മറ്റെയാൾ കത്തികൊണ്ട് നെഞ്ചിലേക്ക് കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു.

കാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കോളേജിലെ മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തിന് സാക്ഷിയായ ഒരു വിദ്യാര്‍ഥി പറയുന്നതിങ്ങനെ: "
പ്രീപ്ലാന്‍ഡ് ആയിരുന്നു എല്ലാം എന്നാണ് തോന്നുന്നത്. രണ്ട് പേരുടേയും ശ്വാസകോശത്തിന്റെ ഭാഗത്താണ് കുത്തിയത്. കുത്തിയവര്‍ കൊച്ചിക്കാര്‍ പോലും അല്ല എന്ന് തോന്നുന്നു. ഭാഷ കേട്ടിട്ട് വേറെ എവിടെയോ ഉള്ളവരാണ്. അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ തന്നെ ഏതാണ്ട് അവസാനിച്ച പോലെയായിരുന്നു. അര്‍ജുന്റെ അവസ്ഥയും വളരെ മോശമാണ്. പക്ഷെ പോലീസില്‍ വിവരമറിയിച്ചപ്പോള്‍ അവര്‍ ആദ്യം വന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. പിന്നെ അറിയാവുന്ന വിവരങ്ങള്‍ വച്ച് ആളുകളെ വരെ പറഞ്ഞ് കൊടുത്തപ്പോഴാണ് പോലീസ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്."


സംഭവത്തില്‍ മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉണ്ട് എന്നറിയുന്നു. അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ 10.30യോടെ മൃതദേഹം മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

(കെ.ആര്‍ ധന്യ, ജാസ്മിന്‍ പി.കെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍)

https://www.azhimukham.com/offbeat-a-remembrance-about-abhimanu-who-killed-a-maharajas-college-ampus/

https://www.azhimukham.com/kerala-popular-front-criminals-stabbed-death-sfi-leader-abhimanyu-in-maharajas-college/

https://www.azhimukham.com/responses-social-media-on-sfi-student-murder/

https://www.azhimukham.com/kerala-abhimanyu-wrote-about-kv-sudheesh/

https://www.azhimukham.com/trending-sujith-chandrans-facebook-post-about-abhimanyu-from-maharajas/

https://www.azhimukham.com/trending-abhimanyu-fan-of-columbia-facebookpage/

Next Story

Related Stories