TopTop
Begin typing your search above and press return to search.

'ആ വേദന അവര്‍ മനസിലാക്കിയില്ല, അഭിനയമാണെന്ന് പരിഹസിച്ചു'; ഒരു ഗർഭിണിയുടെ ജീവനെടുത്ത് ആശുപത്രി

ഇതൊക്കെ അവളുടെ അഭിനയം എന്നു പരിഹസിക്കുന്നതിനു പകരം വേണ്ട ചികിത്സ നല്‍കിയിരുന്നെങ്കില്‍ എന്റെ മോന് അവന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു, എനിക്ക് എന്റെ ഭാര്യയേയും. ജീവന്‍ രക്ഷിക്കുന്നവരാണ് ഡോക്ടര്‍മാര്‍ പക്ഷേ...

ചികിത്സപിഴവു മൂലം മരിച്ച കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശി ആശയുടെ ഭര്‍ത്താവ് മുരളിയുടേതാണ് ഈ വാക്കുകള്‍. മാര്‍ച്ച് 18 ന് ആയിരുന്നു മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍വച്ച് മൂന്നുമാസം ഗര്‍ഭിണിയായ ആശ മരിക്കുന്നത്. കാഞ്ഞങ്ങാടെ കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമില്‍ നിന്നാണ് ആശയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. ദീപ നഴ്‌സിംഗ് ഹോമില്‍ സംഭവിച്ച ചികിത്സ പിഴവാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ ആശുപത്രിക്കെതിരേ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം. അതോടൊപ്പം ഇനി ഒരാള്‍പോലും ഇത്തരത്തില്‍ ഇരയാകാതിരിക്കാന്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടലും ഇവര്‍ ആവശ്യപ്പെടുന്നു.

ആശയുടെ മരണവുമായി ബന്ധപ്പെട്ട് മുരളി അഴിമുഖത്തോട് പറഞ്ഞകാര്യങ്ങള്‍; മൂന്നുമാസം ഗര്‍ഭണിയായിരുന്നു ആശ. ഇതിനോടകം മൂന്നു ചെക്കപ്പുകള്‍ നടത്തിയിരുന്നു. അതിലൊന്നും അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നതായി കണ്ടെത്തിയിരുന്നില്ല. ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ടതോടെയാണ് 17 ആം തീയതി ശനിയാഴ്ച ആശയെ ദീപ നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോകുന്നത്. ഇതിനു മുമ്പ് രണ്ടു തവണ ഇത്തരത്തില്‍ ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. ക്ഷീണം മാറാന്‍ ഡ്രിപ് കയറ്റും. ഇത്തവണയും ആശുപത്രിയിലെത്തിയശേഷം ഡ്രിപ് ഇട്ടു. അടുത്തദിവസം കൂടി ഗ്ലൂക്കോസ് കയറ്റണമെന്ന് പറഞ്ഞതുകൊണ്ട് ഒരു ദിവസം കൂടി ഇവിടെ അഡ്മിറ്റാകാം എന്നു ഞാന്‍ പറഞ്ഞു. പിറ്റേദിവസം ഡ്രിപ് ഇട്ടിട്ടും ആശയ്ക്ക് ക്ഷീണം കുറയുന്നില്ല. വിവരം ഞാന്‍ ഡോക്ടറോട് പറഞ്ഞു. മംഗലാപുരത്തോ മറ്റോ കൊണ്ടുപോണോ എന്നും ചോദിച്ചും. ഭക്ഷണം കഴിക്കാത്തതിന്റെ ആയിരിക്കുമെന്നും സാരമില്ലെന്നുമാണ് ആശയെ പരിശോധിച്ച ഡോക്ടര്‍ രൂപ പൈ മറുപടി പറഞ്ഞത്. രക്തം പരിശോധിച്ചു നോക്കി. കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു. ഡോക്ടര്‍ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ ആശയ്ക്ക് ക്ഷീണം കൂടി വരികയും കൈകാലുകള്‍ അനക്കാന്‍ പറ്റാതെ ആവുകയും ചെയ്‌തോടെ വീണ്ടും ഡോക്ടറെ വിളിച്ചു. അവരപ്പോള്‍ ആശയുടെ നേരെ ദേഷ്യപ്പെടുകയാണുണ്ടായത്. ഇതൊക്കെ നിന്റെ അഭിനയമാണെന്നും വേറെ ആര്‍ക്കും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു ഡോക്ടറുടെ വര്‍ത്തമാനം. അവളുടെ അഭിനയത്തിന് നിങ്ങളും കൂട്ടുനില്‍ക്കരുതെന്നു പറഞ്ഞു ഞങ്ങളോടും അവര്‍ ദേഷ്യപ്പെടുകയായിരുന്നു. പക്ഷേ, ദീപയുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. കാര്യം കൈവിടുകയാണോ എന്നു തോന്നിയപ്പോഴാകണം, ആശയെ നോക്കാന്‍ മറ്റു ഡോക്ടര്‍മാരൊക്കെ വന്നു. പിന്നീടവളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആശയുടെ അവസ്ഥ തീരെ പരിതാപകരമാണെന്നു മനസിലാക്കിയതോടെ ഞങ്ങള്‍ അവളെയും കൊണ്ട് മംഗലാപുരം യൂണിറ്റി ആശുപത്രിയിലെത്തി. അവിടെ നടത്തിയ വിദഗ്ദ പരിശോധനയില്‍ ആശയുടെ വയറ്റില്‍ വളരുന്ന കുട്ടി മരിച്ചുപോയെന്നും ആശയുടെ നില അതീവ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ ഞങ്ങളോടു പറഞ്ഞു. ഒടുവില്‍ ആശ ഞങ്ങളെ വിട്ടു പോവുകയും ചെയ്തു.

ഛര്‍ദ്ദിയും ക്ഷീണവും മാത്രമായിരുന്നു ദീപ നഴ്‌സിംഗ് ഹോമില്‍ എത്തിക്കുമ്പോള്‍ ആശയ്ക്ക് ആകെയുണ്ടായിരുന്ന ആരോഗ്യപ്രശ്‌നം. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. തീരെ വയ്യെന്ന് അവള്‍ പലവട്ടം പറഞ്ഞിട്ടും ദീപയിലെ ഡോക്ടര്‍ അത് മനസിലാക്കിയില്ല. അവര്‍ക്കത് മനസിലാവുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ആശയ്ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു...

ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന് ഉള്ളതുകൊണ്ടാണ് കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാവുന്നതെന്നാണ് ആശയുടെ ബന്ധുക്കള്‍ അഴിമുഖത്തോട് പറയുന്നത്. ധിക്കാരപരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റാണ് ആ ആശുപത്രിയില്‍ നിന്നും ഉണ്ടായതെന്നും പണത്തിനോട് മാത്രം ആര്‍ത്തി കാണിക്കുകയും മനുഷ്യജീവനെ വിലയില്ലാതെ കാണുകയും ചെയ്യുന്ന രീതിയാണ് ആ ഡോക്ടര്‍മാരുടേതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാദ്യത്തെ സംഭവമല്ല, ഇതുപോലെ പത്തോളം കേസുകള്‍ ആ ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവം കഴിഞ്ഞ് ആശയുടെ ഭര്‍ത്താവിനെ പലരും വിളിച്ചിരുന്നു. അവരൊക്കെ ഇത്തരം ദുരന്തങ്ങള്‍ നേരിട്ടവരാണ്. ഇങ്ങനെയൊരു ആശുപത്രി ഇനിയും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാണ്; ബന്ധുക്കള്‍ അഴിമുഖത്തോട് പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടറെ കണ്ട് വിവരം പറഞ്ഞിട്ടും അവര്‍ നോക്കാന്‍ വന്നത് തന്നെ രാവിലെ പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. തീരെ വയ്യായെന്ന് പറഞ്ഞിട്ടുപോലും പരിഹസവും ദേഷ്യവുമാണ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത്. ഇതെല്ലാം നിന്റെ അഭിനയമാണെന്ന് അറിയാമെന്നും നിന്നെപോലെ തന്നെ ഉള്ള മറ്റുള്ളവരും അപ്പുറത്ത് കിടപ്പുണ്ടെന്നും അവരാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ എന്നായിരുന്നു ഡോകടര്‍ ചോദിച്ചത്. പിന്നീട് അവസ്ഥ ഗുരുതരമായെന്നു കണ്ടപ്പോള്‍ ഐസിയുവില്‍ കയറ്റി. അവിടെ പോലും കട്ടിലിന്റെ അടുത്ത് നിന്നു തമാശപറഞ്ഞ് ചിരിക്കുന്ന ഡോക്ടര്‍മാരെയാണ് ഞങ്ങള്‍ കണ്ടത്. ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോടെയായിരുന്നില്ല ആശയെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്. പിന്നീട് ഇങ്ങനെയൊരു അവസ്ഥയിലേക്ക് പോയെങ്കില്‍ അത് അവിടെവച്ച് സംഭവിച്ച എന്തെങ്കിലും പിഴവായിരിക്കണം. മരുന്ന് നല്‍കുന്നതിലോ മറ്റോ സംഭവിച്ച അബദ്ധം. എന്നാല്‍ അതിനെന്തെങ്കിലും പ്രതിവിധി ചെയ്യാന്‍ നോക്കാതെ രോഗിയെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുകയായിരുന്നു ദീപ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ ചെയ്തത്. അതിന്റെ ഫലമാണ് ഒരു ജീവന്‍ നഷ്ടമായത്. ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു ദുര്‍ഗതി ഉണ്ടാവരുത്. ഒരാളും ഇത്തരത്തില്‍ ജീവന്‍ വെടിയാന്‍ ഇടയാവരുത്. അതിനുവേണ്ടി കൂടിയാണ് ഞങ്ങള്‍ നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മാധ്യമങ്ങളും സര്‍ക്കാരും ഞങ്ങളുടെ കൂടെ നില്‍ക്കണമെന്നാണ് അഭ്യര്‍ത്ഥന; മരിച്ച ആശയുടെ ഭര്‍ത്താവ് മുരളിയുടെ സഹോദരന്മാരായ മധുവും ധനഞ്ജയനും അഴിമുഖത്തോട് പറയുന്നു.

അതേസമയം ദീപ നഴ്‌സിംഗ് ഹോമിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രിയധികൃതര്‍ അഴിമുഖത്തോട് പറഞ്ഞഞത്. ആശുപത്രി മാനേജര്‍ മുരളീധരന്റെ വാക്കുകള്‍;

തീര്‍ത്തും തെറ്റായ ആരോപണങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കുന്നത്. ഒരുവിധത്തിലുള്ള ചികിത്സ പിഴവുകളോ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും അവഗണനയോ സംഭവിച്ചിട്ടില്ല. മൂന്നുമാസം ഗര്‍ഭണിയായ രോഗിയായിരുന്നു അവര്‍. ഗര്‍ഭസമയത്തുണ്ടാകുന്ന ഛര്‍ദ്ദിയുമായി ഇതിനു മുമ്പും രണ്ടുമൂന്നുതവണ അവര്‍ ഡോക്ടറുടെ അടുത്ത് വരികയും ചികിത്സ തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇവിടെ വരുന്നതും ഛര്‍ദ്ദി മൂലം തന്നെയായിരുന്നു. ഡോക്ടര്‍ പരിശോധിക്കുകയും ഒബ്‌സര്‍വേഷനിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ വീണ്ടും ക്ഷീണം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഫിസിഷ്യന്‍ പരിശോധിച്ചു. ക്ഷീണം മാറാനുള്ള മരുന്നുകള്‍ ഫിസീഷ്യന്‍ നല്‍കി. വൈകുന്നേരമായതോടെ രോഗിക്ക് ക്ഷീണം കുറയുകയും ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. എങ്കിലും ഒരുദിവസം കൂടി നോക്കിയിട്ട് പോകാമെന്ന് ഡോക്ടര്‍ പറഞ്ഞു. പിറ്റേദിവസം രാവിലെ ഗൈനക്കോളജിസ്റ്റ് ആദ്യം വന്നു പരിശോധിച്ചു. ഉച്ചയോടെ ഫിസിഷ്യന്‍ വന്നു നോക്കി. അപ്പോള്‍ രോഗി കുറച്ച് ക്ഷീണം തോന്നുന്നുണ്ടെന്നു ഡോക്ടറോട് പറഞ്ഞു. ഭക്ഷണം കഴിക്കുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഉണ്ടെന്നും പറഞ്ഞു. ഡോക്ടര്‍ വരുമ്പോള്‍ രോഗി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് രോഗി അവശനിലയില്‍ ആയിരുന്നില്ല എന്നതിന് തെളിവാണത്. എങ്കിലും ക്ഷീണം ഉണ്ടെന്നു പറഞ്ഞതനുസരിച്ച് ചില ടെസ്റ്റുകള്‍ക്ക് രോഗിയെ വിധേയയാക്കി. അതിന്റെ റിസള്‍ട്ട് വരുന്ന സമയത്ത് ഡോക്ടര്‍ പറഞ്ഞു, നമുക്ക് മംഗലാപുരത്ത് ആശുപത്രിയില്‍ പോയി വിശദമായൊരു പരിശോധന നടത്താം. ഇപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കു, ഞാന്‍ അപ്പോഴേക്കും റൗണ്ട്‌സ കഴിഞ്ഞു വരാം എന്ന്. ഡോക്ടര്‍ രണ്ടുമൂന്നു രോഗികളെ നോക്കിയപ്പോഴേക്കും ഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചു വന്ന ആശ പെട്ടെന്ന് ബോധരഹിതയായി വീണു. അവരുടെ ബിപിയും പള്‍സുമൊക്കെ പോയിരുന്നു. ഉടന്‍ തന്നെ മറ്റു ഡോക്ടര്‍മാരും എത്തി, പരിശോധിക്കുകയും ഐസിയൂവിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍, രണ്ട് ഗൈനക്കോളജിസ്റ്റുകള്‍, രണ്ട് ഫിസിഷ്യന്മാര്‍, ഒരു ഡോക്ടര്‍ എന്നിവരൊക്കെ ഈ സമയം രോഗിയെ നോക്കാനുണ്ടായിരുന്നു. മൂന്നരമണിയോടെ രോഗി പൂര്‍വസ്ഥിതിയിലേക്ക് മടങ്ങി വന്നു. അതുകഴിഞ്ഞ് ഇവിടുത്തെ ഒരു ഫിസിഷ്യനും ഒരു ജീവനക്കാരനും കൂടിയാണ് രോഗിയെ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നത്. പതിനെട്ടാം തീയതിയാണ് രോഗിയെ ഇവിടെ നിന്നും കൊണ്ടു പോകുന്നത്. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാം ദിവസം ഇരുത്തിരണ്ടാം തീയതിയാണ് രോഗി മരിക്കുന്നത്. പക്ഷേ, ബന്ധുക്കളും മറ്റും ആരോപിക്കുന്നത് ഇവിടെ നിന്നും കൊണ്ടുപോയ പുറകെ രോഗി മരിച്ചെന്നാണ്. അവിടെ ചെല്ലുമ്പോള്‍ രോഗിയുടെ വയറ്റില്‍ ഉണ്ടായിരുന്ന കുട്ടി മരിച്ചിരുന്നുവെന്നും പറയുന്നു. എന്നാല്‍ അതല്ല സത്യം. അവിടെ കൊണ്ടു ചെന്ന് സ്‌കാന്‍ ചെയ്യുമ്പോഴും കുട്ടി ജീവനോടെ ഉണ്ടായിരുന്നു. അതിന്റെ റിപ്പോര്‍ട്ട് രോഗിയുടെ ബന്ധുക്കള്‍ക്കും നല്‍കിയതാണ്. മരിച്ച ഗര്‍ഭിണിക്ക് അക്യേറ്റ്ഡ് ജിബി സിന്‍ഡ്രോം എന്ന അസുഖമായിരുന്നുവെന്നാണ് മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത്. അത് ഗുരുതരമായൊരു രോഗമാണ്. നാഡീഞരമ്പുകള്‍ നിശ്ചലമായിപ്പോകും. അതൊരു ഗര്‍ഭണിയായ ആള്‍ക്കാണ് വരുന്നതെങ്കില്‍ കൂടുതല്‍ അപകടമാണ്. ഇത് വന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. ഈ അസുഖമാണ് എന്ന് തിരിച്ചറിഞ്ഞശേമാണ് കുട്ടിയെ അബോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അമ്മയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനായിട്ടായിരുന്നു അത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനും സാധിച്ചില്ല. ഇതൊക്കെയാണ് സത്യമെന്നിരിക്കെയാണ് ഞങ്ങള്‍ക്കെതിരേ കള്ളക്കഥകള്‍ ഇറക്കുന്നത്. രോഗി വയ്യായെന്നു പറഞ്ഞിട്ടും അഭിനയമാണെന്നു പറഞ്ഞ് ഡോക്ടര്‍ പരിഹസിച്ചെന്നും ഈ സംഭവത്തിനുശേഷം രണ്ടു ഡോക്ടര്‍മാര്‍ ഗള്‍ഫിലേക്ക് കടന്നുകളഞ്ഞെന്നുമൊക്കെയാണ് പ്രചരണം. ഒരു ഡോക്ടറും രോഗിയോട് ഇതൊക്കെ നിങ്ങളുടെ അഭിനയമാണെന്ന് പറയില്ല. അതുപോലെ ഞങ്ങളുടെ ആശുപത്രിയിലെ ഒരു ഡോക്ടര്‍പോലും ഗള്‍ഫിലേക്കോ മറ്റിടങ്ങളിലേക്കോ കടന്നു കളഞ്ഞിട്ടുമില്ല. എല്ലാവരും തന്നെ ഇവിടെയുണ്ട്. ഇതൊക്കെ സത്യമാണെന്നിരിക്കെ ഞങ്ങള്‍ക്കെതിരേ നടക്കുന്ന ആരോപണങ്ങളുടെ പേരില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


Next Story

Related Stories