TopTop

കേരളത്തില്‍ പുതിയ വിവാദം തുറന്ന് നരേന്ദ്ര മോദി; പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല

കേരളത്തില്‍ പുതിയ വിവാദം തുറന്ന് നരേന്ദ്ര മോദി; പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല
നിപ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം നടത്തിയ ബിജെപിയുടെ അഭിനന്ദന്‍ സഭ എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയായിരുന്നു ഗുരുവായൂരിലേത്.

നിപ വൈറസ് കേരളത്തിലെ ചില ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും എല്ലാ വിധത്തിലുള്ള പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും ഉറപ്പാക്കി. സംസ്ഥാനത്ത് രണ്ടാം വട്ടവും നിപ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗം ബാധിച്ചയാള്‍ സുഖം പ്രാപിക്കുന്നു എന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

അതേ സമയം, ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനും മോദി തയാറായി. വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ചികിത്സാ സഹായമായി നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ട് ലക്ഷക്കണക്കിന് പേര്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അതിനുള്ള അവസരമില്ലാതെ പോയി. ഈ പദ്ധതി ഇവിടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് ഇതെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വലിയ ചര്‍ച്ചയായി ബിജെപി ഉന്നയിച്ചിരുന്നു. ഡല്‍ഹിയിലും ഇപ്പോള്‍ ഇത് വിവാദമായിരിക്കുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് അവസാനിപ്പിച്ച് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുക അസാധ്യമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് കേരളത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സംസ്ഥാനം വേദിയായേക്കും എന്നും സൂചനയുണ്ട്. ഇത് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളെയും സഹായിക്കാനുള്ള തട്ടിപ്പ് പരിപാടിയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

മൃഗസംരക്ഷണം സംബന്ധിച്ച കാര്യങ്ങളും ടൂറിസവുമാണ് മോദി പ്രസംഗത്തില്‍ എടുത്തു പറഞ്ഞ രണ്ടു കാര്യങ്ങള്‍. ഗുരുവായൂര്‍ ആനകളുടെ കാര്യത്തില്‍ വിശ്വപ്രസിദ്ധമാണെന്നും അതുപോലെ തന്നെ ഗ്രാമീണ സമ്പദ് മേഖലയുടെ നട്ടെല്ലായ കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രത്യേക പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മൃഗസംരക്ഷണത്തിനായി പ്രത്യേക മന്ത്രാലയം തന്നെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. കേരളത്തിനും ഇതിന്റെ ഗുണം ലഭിക്കണമെന്നും മോദി പറഞ്ഞു. ബിഹാറിലെ ബേഗുസരായിയില്‍ കനയ്യ കുമാറിനെ പരാജയപ്പെടുത്തിയ ഗിരിരാജ് സിംഗാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി.

കേരളം വിശ്വാസത്തിന്റെയും ആധ്യാത്മികതയുടേയും കേന്ദ്രമാണെന്ന് പറഞ്ഞ മോദി സംസ്ഥാനത്തെ ഏഴ് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പൈതൃക ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ടൂറിസം മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കും.

ലോകം ഇപ്പോള്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയെ കാണുന്നതെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയത് ഇന്ത്യയെ മഹത്തായ രാജ്യമാക്കുന്നതിന് നല്‍കിയ വിധിയെഴുത്താണെന്നും മോദി പറഞ്ഞു. കേരളത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ജനസേവകര്‍ എന്ന നിലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂടുതലായി പ്രവര്‍ത്തിക്കണമെന്നും വിവിധ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രയത്‌നിക്കണമെന്നും പ്രധാനമന്തി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും ഒരുപാലെയാണ് കാണുന്നത് എന്നും മോദി പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കിലും ഇവിടെ വന്ന് നന്ദി പറയുന്നത് എന്തിനാണ് എന്ന് ചിലര്‍ക്ക് തോന്നുമായിരിക്കും. എന്നാല്‍ ജനാധിപത്യത്തില്‍ തോറ്റവരെയും ജയിച്ചവരെയും ഒരുപോലെയാണ് ഞങ്ങള്‍ കാണുന്നത്. വരാണസി പോലെയാണ് തനിക്ക് കേരളമെന്നും മോദി പറഞ്ഞു.

കേരളീയ മാതൃകയില്‍ മുണ്ടും ജുബ്ബയും അണിഞ്ഞായിരുന്നു മോദി ഗുരുവായൂരിലെ യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമര കൊണ്ട് മോദിക്ക് തുലാഭാരം നടത്തിയിരുന്നു. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മോദിക്ക് വേണ്ടി ഗുരുവായൂരിലെ  ശ്രീവത്സം ഗസ്റ്റ് ഹൗസിലുള്ള ഒന്നാംനമ്പർ മുറിയാണ് സജ്ജമാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഈ മുറി മോടി പിടിപ്പിച്ചിരുന്നു. ഒന്നാംനമ്പർ മുറി കരുണാകരന്റെ താമസം കൊണ്ട് ഏറെ പ്രശസ്തമാണ്. എല്ലാ മലയാളമാസം ഒന്നാംതിയ്യതിയും കരുണാകരൻ ഗുരുവായൂർ സന്ദർശനത്തിനെത്തുമ്പോൾ ഈ മുറിയിലാണ് തങ്ങിയിരുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു എന്നിവര്‍ ഗുരുവായൂരിലെത്തിയപ്പോഴും ഈ മുറിയാണ് നൽകിയത്. മുന്‍ രാഷ്ട്രപതിമാരായ ആർ. വെങ്കട്ടരാമൻ, ശങ്കർദയാൽ ശർമ, കെ.ആർ. നാരായണൻ, പ്രണബ് മുഖർജി എന്നിവരും ഇതേ മുറി ഉപയോഗിച്ചിട്ടുണ്ട്.

Next Story

Related Stories