UPDATES

സ്പീക്കറുടെ റൂളിങ്ങിനെതിരെ അന്തിച്ചർച്ച; നിയമസഭയോട് രേഖാ മൂലം മാപ്പുപറഞ്ഞ് മാതൃഭൂമി ചാനലും അവതാരകന്‍ വേണു ബാലകൃഷ്ണനും

തങ്ങളുടെ പ്രവർത്തികൾ ബോധപൂർവം അല്ലായിരുന്നെന്നും ഇത് എതെങ്കിലും തരത്തിലുള്ള അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നെന്നുമാണ് നോട്ടീസിന് നൽകിയ മറുപടി

നിയമ സഭാ  സ്പീക്കറുടെ റൂളിങ്ങിനെ വിമർശിച്ച് ചർച്ച നടത്തിയ സംഭവത്തിൽ സമർപ്പിച്ച അവകാശ ലംഘന നോട്ടീസിന് മാപ്പു പറഞ്ഞ് മാതൃഭൂമി ചാനൽ. ചാനലിന്റെ സൂപ്പർ പ്രൈം ടൈം എന്ന പ്രതിദിന വാർ‌ത്താധിഷ്ഠിത ചർച്ചയിൽ നിയമ സഭാ സ്പീക്കറുടെ റൂളിങ്ങിനെ തെറ്റായ തരത്തിൽ വിശകലനത്തിന് വിധേയമാക്കിയെന്നും, റൂളിങ്ങിനെ അപലപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി കെ സുരേഷ് കൂറിപ്പ് എംഎൽഎ സമർപ്പിച്ച അവകാശ ലംഘന നോട്ടീസിലാണ് മാതൃഭൂമി ന്യൂസ് ചാനൽ സിഇഒ മോഹൻ നായർ, അവതാരകൻ വേണു ബാലകൃഷ്ണൻ എന്നിവർ നിയമസഭാ സമിതിയെ രേഖാമൂലം ഖേദപ്രകടനം അറിയിച്ചത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ നടത്തിയ റൂളിങ്ങിനെ ഏകപക്ഷീയമെന്ന് ആരോപിക്കുന്നതായിരുന്നു ‘സ്പീക്കറുടെ സംരക്ഷണം പിണറായിക്ക് മാത്രമോ?’ എന്ന പേരിൽ 2017 മാർച്ച് 13ന് സംഘടിപ്പിച്ച ചർച്ച. സിപിഎം എംഎൽഎ രാജു എബ്രഹാം, കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ, മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സഭാ രേഖകളിൽ നിന്നും പരാമര്‍ശങ്ങൾ നീക്കം ചെയ്തുന്നതിനായി മുൻപ് സ്പീക്കർ കൊണ്ടുവന്ന റൂളിങ്ങിനെ “രാഷ്ടീയ രൂപേണ സംശയമുള്ള പിണറായി പറഞ്ഞ വാക്കുകൾ നീക്കേണ്ടതില്ല'” എന്നു ഏകപക്ഷീയമെന്ന് വിലയിരുത്തേണ്ടിവരുമെന്നാണ് അവതാരകൻ ആവർത്തിച്ച് ആരോപിച്ചത്. ചർച്ച സംപ്രേക്ഷണം ചെയ്തതിന് തലേന്ന് ഗുരുവായൂർ എംഎൽഎ കെവി  അബ്ദുൾ ഖാദറിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന സഭാ രേഖകളിൽ നിന്നും നീക്കം ചെയ്ത സ്പീക്കറുടെ നടപടിയെ ഇകഴ്ത്താനും അവതാരകൻ തയ്യാറായിരുന്നു.

എന്നാൽ‌ സഭയുടെ നാഥനായ സ്പീക്കർ നടത്തുന്ന റൂളിങ്ങിനെ ചോദ്യം ചെയ്യുന്നതിന് നിലവിലെ വ്യവസ്ഥകൾ പ്രകാരം സഭാ അംഗങ്ങൾക്ക് പോലും അധികാരമില്ലെന്ന് ചർച്ചയിൽ തന്നെ അഭിപ്രായമുയരുമ്പോഴും റൂളിങ്ങിനെ അവതാരകൻ വിമർശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്.

അതേസമയം, ചർച്ചയിലേതുൾപ്പെടെ തങ്ങളുടെ പ്രവർത്തികൾ ബോധപൂർവം അല്ലായിരുന്നെന്നും ഇത് എതെങ്കിലും തരത്തിലുള്ള അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നെന്നുമാണ് നോട്ടീസിന് നൽകിയ മറുപടിയിൽ വേണു ബാലകൃഷ്ണനും മോഹൻ നായരും പറയുന്നത്. രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് സമിതി ശുപാർശ ചെയ്യുന്നുണ്ട്. വിശദീകരണം സ്വീകാര്യമല്ലെന്ന് വിലയിരുത്തിയാണ് സമിതി നടപടികളിൽ നിന്നും പിന്തിരിയുന്നത്.

15-03 2017 നാണ് സുരേഷ കുറുപ്പ് എംഎൽഎ അവകാശ പ്രശ്നം ഉന്നയിക്കുന്നതിന് സ്പീക്കർക്ക് നോട്ടീസ് സമർപ്പിക്കുന്നത്. നോട്ടീസ് പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി തൊട്ടടുത്ത ദിവസം തന്നെ സ്പീക്കര്‍ ഇത് നിയമസഭയുടെ പ്രിവിലേജ് അന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. തുടർന്നാണ്
എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷണനായ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി 2019 ജനുവരി 13 ന് ചേർന്ന യോഗത്തിൽ സമിതിയുടെ തന്നെ റിപ്പോർട്ട് അംഗീകരിച്ചത്.

വിവിധ വിഷയങ്ങളിൽ ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകളിൽ‌ പലപ്പോഴും അവതാരകർ വിധികർത്താക്കളാവുന്നെന്ന് വിമര്‍ശം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് വേണു ബാലകൃഷ്ണന്റെയും മാതൃഭൂമിയുടെയും ഖേദ പ്രകടനത്തിന് പ്രാധാന്യം വർധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍