UPDATES

ട്രെന്‍ഡിങ്ങ്

കൊടുംകാടിനുള്ളില്‍ മാലിന്യപ്ലാന്റ്, വൈദ്യുതി ഉത്പാദനം; ഇങ്ങനെയൊക്കെത്തന്നെ വേണം പുതിയ കേരളം നിര്‍മിക്കാന്‍; പെരിങ്ങമല പറയുന്നത്

നദികളെ കൂടാതെ ജൈവവൈവിധ്യപരമായ നിരവധി സവിശേഷതകളുള്ള ഇടമാണ് പെരിങ്ങമല

“വിളപ്പില്‍ശാലയില്‍ അവര്‍ പറഞ്ഞത് മാലിന്യത്തില്‍ നിന്ന് വളം ഉണ്ടാക്കുമെന്നാണ്. അത് പെരിങ്ങമലയില്‍ എത്തുമ്പോള്‍ വൈദ്യുതിയായി, ഇനി വേറെ എവിടെയെങ്കിലും എത്തുമ്പോള്‍ സുഗന്ധദ്രവ്യമാകും മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കാമെന്ന് പറയുന്നത്”, പെരിങ്ങമലയില്‍ നിര്‍മിക്കാനിരിക്കുന്ന മാലിന്യപ്ലാന്റിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രദേശവാസികള്‍ സംസാരിച്ചു തുടങ്ങുന്നത് തന്നെ അമര്‍ഷത്തോടെയാണ്. ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റിന്റെ എതിര്‍ത്തുകൊണ്ട് പെരിങ്ങമലയിലെ ആദിവാസികള്‍  അടക്കമുള്ള പ്രദേശനിവാസികള്‍ നടത്തുന്ന സമരം നൂറ്റിപത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാരോ അധികൃതരോ പ്ലാന്റിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള യാതൊരു വിശദീകരണവും ഇവര്‍ക്ക് നല്‍കിയിട്ടില്ല.

പെരിങ്ങമല അഗ്രിഫാമിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറിലാണ് ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് പെരിങ്ങമലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഓടുചുട്ടപടുക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെയാണ് മറ്റൊരു മാലിന്യനിര്‍മാര്‍ജന പദ്ധതിയുമായി സര്‍ക്കാര്‍ തന്നെ എത്തുന്നത്. എന്നാല്‍ ഈ പ്ലാന്റിനെതിരെയും ശക്തമായി തങ്ങള്‍ പ്രതികരിക്കുമെന്നാണ് പെരിങ്ങമലയിലുള്ളവര്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലയില്‍ പാലോടിനു സമീപം അഗസ്ത്യമല ബയോറിസര്‍വ് ഏരിയയില്‍ ഉള്‍പ്പെട്ട ഭാഗമാണ് പെരിങ്ങമല ഗ്രാമപഞ്ചായത്ത്. 65 ശതമാനവും സംരക്ഷിത വനമുള്ള പ്രദേശം. ബാക്കി 35 ശതമാനവും ആള്‍ത്താമസമുണ്ട്. അമ്പതിനായിരത്തോളം ആളുകള്‍ വസിക്കുന്നതില്‍ 18 ആദിവാസി സെറ്റില്‍മെന്റുകളും ഇവിടെയുണ്ട്. “കേരളത്തില്‍ തന്നെ ആറിടങ്ങളിലായാണ് ഈ പദ്ധതി തുടങ്ങുന്നത്. അതില്‍ പെരിങ്ങമല ഒഴികെയുള്ള അഞ്ച് ഇടങ്ങളും വേസ്റ്റ് ഡംപിങ് ഏരിയകളാണ്. പെരിങ്ങമലയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്ഥലം. പെരിങ്ങമല പോലെ അതീവ പാരിസ്ഥിതിക പ്രധാന്യമുള്ള ഒരു ഇടം പ്ലാന്റിനായി കണ്ടെത്തിയതെങ്ങനെ എന്നത് തന്നെ ഒരു ചോദ്യമാണ്. ഒരുപക്ഷേ സാറ്റലൈറ്റ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആള്‍ത്താമസമില്ലാത്ത ഒഴിഞ്ഞ വനപ്രദേശമായി കണ്ടെത്തിയിട്ടാകണം”, അഗസ്ത്യമല കണ്‍സര്‍വേഷന്‍ ബോര്‍ഡ് ചെയര്‍മാനും ചെരിങ്ങമ്മല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. കമറുദ്ദീന്‍ ചോദ്യത്തിന് സ്വയം ഒരു ഉത്തരത്തിലേക്ക് എത്തി. പിന്നീട് അതിലെ യുക്തിയില്ലായ്മയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു.

ഒരു പ്രോജക്ട് നടപ്പിലാക്കുമ്പേള്‍ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതാണ്. അത് വളരെ ശാസ്ത്രീയമായി നടന്നാല്‍ മാത്രമേ പ്ലാന്റ് നിര്‍മിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി അറിയാനാകൂ. കെഎസ്‌ഐഡിസിയാണ് ഇപ്പോള്‍ ഈ പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്. പക്ഷേ അവര്‍ പാരിസ്ഥിതിക ആഘാത പഠനമൊന്നും നടത്തിയിട്ടില്ല. നാഷണല്‍ വേസ്റ്റ് മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്നത് തന്നെ ഏത് തരം മാലിന്യം സംസ്‌കരിക്കണമെങ്കിലും ഡ്രൈ ലാറ്ററൈറ്റ് സോയിലിലാകണമെന്നാണ്. എന്നാല്‍ പെരിങ്ങമല ഒരു വെറ്റ് ലാന്‍ഡാണ്. ഏകദേശം നാനൂറ് സെന്റിമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി ഇവിടെ സുലഭമായി മഴയുണ്ട്.”

പെരിങ്ങമലയില്‍ നിന്ന് രണ്ട് നദികളാണ് ഉത്ഭവിക്കുന്നത്, കല്ലടയും ചിറ്റാറും. കല്ലട നദി കൊല്ലത്തേക്ക് ഒഴുകുമ്പോള്‍ ചിറ്റാര്‍ വാമനപുരം നദിയിലേക്ക് ഒഴുകിച്ചേരും. വാമനപുരം നദിയുടെ ഭൂരിഭാഗം ജലസ്രോതസ്സും ചിറ്റാര്‍ നദിയാണ്. പെരിങ്ങമലയില്‍ നിന്ന് ഒഴുകി തുടങ്ങുന്ന നദി നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കിലൂടെ ഒഴുകി അഞ്ചുതെങ്ങില്‍ വെച്ച് കായലിലേക്ക് ചേരും. വാമനപുരം നദിയില്‍ 38 കുടിവെള്ള പ്രോജക്ടുകളാണ് നിലവിലുള്ളത്.

“ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വലിയ അളവില്‍ ഖരമാലിന്യം ആവശ്യമാണ്. അത്രയധികം മാലിന്യങ്ങള്‍ പെരിങ്ങമലയില്‍ എത്തിക്കുമ്പോള്‍ മാലിന്യത്തില്‍ നിന്ന് ഉണ്ടായേക്കാവുന്ന മലിനജലം ഈ ജലസ്രോതസുകളില്‍ കലരാനുള്ള സാധ്യത വളരെക്കൂടുതലാണ്. കാരണം പ്ലാന്റിന്റെ പ്രൊപ്പോസല്‍ സൈറ്റ് ഈ നദികളില്‍ നിന്ന് 25-50 മീറ്റര്‍ അകലെയാണ്. ഇത് ഈ നദിയെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നവരെ സാരമായി ബാധിക്കും. രണ്ട് ദിവസം മുമ്പ് കേരളത്തിലെ പ്രധാനപ്പെട്ട നദികള്‍ വീണ്ടെടുക്കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. തിരുവനന്തപുരത്തിലുള്ള നെയ്യാര്‍, വാമനപുരം നദികളും അതില്‍പ്പെടുന്നുണ്ട്. ഒരുഭാഗത്ത് നദികള്‍ മലിനമായേക്കാവുന്ന പദ്ധതികള്‍ നടപ്പാക്കുകയും മറുഭാഗത്ത് നദികള്‍ സംരക്ഷിക്കുന്നതനായി വലിയ തോതില്‍ ഫണ്ടുകള്‍ മുതല്‍മുടക്കുകയുമാണ് ഇവിടെ ചെയ്യുന്നത്”, ഐഎംഎ പ്ലാന്റിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയ ദീപു പാലോട് പറഞ്ഞു.

നദികളെ കൂടാതെ ജൈവവൈവിധ്യപരമായ നിരവധി സവിശേഷതകളുള്ള ഇടമാണ് പെരിങ്ങമല. വ്യത്യസ്തവും അപൂര്‍വ്വവുമായ സസ്യലതാദികളാണ് ഇവിടെയുള്ളത്. ഇതില്‍ തന്നെ പല തരത്തിലുള്ള ഔഷധസസ്യങ്ങളുമുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യ ട്രൈബല്‍ മെഡിസിന്‍ പേറ്റന്റ് ലഭിച്ചത് പെരിങ്ങമലയിലെ ആദിവാസി പാരമ്പര്യവൈദ്യന്മാര്‍ക്കാണ്. ഈയടുത്ത് തന്നെ ആന്റിഡയബറ്റിക് പേറ്റന്റ് കൂടി ഇവരുടെ മരുന്നിന് ലഭിച്ചിട്ടുണ്ട്. ആദിവാസി പാരമ്പര്യവൈദ്യന്മാര്‍ ഏറെയുള്ള പെരിങ്ങമലയിലേക്ക് സ്വദേശികളും വിദേശികളും ചികിത്സക്കായി എത്താറുണ്ട്. കാട്ടറിവുകള്‍ പാരമ്പര്യമായി പകര്‍ന്നു വരുന്ന കാണി വിഭാഗക്കാരായ ഇവിടുത്തെ ആദിവാസികളുടെ പ്രധാന ജീവിതമാര്‍ഗവും ഇതാണ്. പ്ലാന്റിന്റെ പ്രൊപ്പോസല്‍ സൈറ്റിനടുത്തായി തന്നെ ഒരുപറകരിക്കകം കോളനി എന്ന ആദിവാസി സെറ്റില്‍മെന്റുണ്ട്. ഇതിനടുത്തായി 7 ആദിവാസി സെറ്റില്‍മെന്റുകളാണ് ഉള്ളത്. നാല്പതിലേറെ വര്‍ഷങ്ങളായി കാണികള്‍ ഇവിടെ ജീവിക്കുന്നവരാണ്. അവരുടെ നിലനില്‍പിനെക്കൂടി പ്ലാന്റ് ബാധിക്കും.

ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ആയി പരിവര്‍ത്തനപ്പെടുത്തി ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാനും അങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാനുമാണ് പ്ലാന്റിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലും. എന്നാല്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബലമേഖലയും ജീവജാലങ്ങളുടെ തനത് ആവാസവ്യവസ്ഥയുമായ ഇവിടെ ഇത്രയധികം ചൂട് എങ്ങനെ ബാധിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്.

മെരിസ്റ്റിക്ക സ്വാമ്പ് എന്ന് അറിയപ്പെടുന്ന കാട്ടുജാതിക്കയുടെ സാന്നിധ്യമുള്ള ഇടം കൂടിയാണ് ഇവിടം. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഏഴ് ഇനങ്ങളും ഇവിടെ കാണാനാകും. ജൂറാസിക് പീരിഡിനോട് ചേര്‍ന്ന് ഉണ്ടായി വന്ന ചെടിയാണ് കാട്ടുജാതിക്കാ മരങ്ങള്‍. അതായത് ജീവിച്ചിരിക്കുന്ന ഫോസിലുകളാണ് ഇവിടെയുള്ള കാട്ടുജാതിക്കാമരങ്ങള്‍. പെരിങ്ങമലക്ക് യുനെസ്‌കോ അംഗീകാരം കിട്ടിയതിന്റെ പ്രധാന കാരണവും ഈ അതിപുരാതന ആവാസവ്യവസ്ഥയാണ്.

ഇത് കൂടാതെ തിരുവനന്തപുരം ജില്ലയിലെ അഗ്രിഫാമിനുള്ളിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നത്. അഗ്രിഫാം നിലനില്‍ക്കുന്ന ഇടം വനംഭൂമിയായിരുന്നതാണ്. താല്കാലികമായി കൃഷി ചെയ്യുന്നതിന് വേണ്ടി സംസ്ഥാന കൃഷി വകുപ്പിനായി വിട്ട് കൊടുത്തിരിക്കുന്ന ഇവിടെ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം വിത്തുകളും ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്ലാന്റ് വരുന്നതോട് കൂടി അഗ്രിഫാമിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടില്ല.

ഇരവികുളത്തെ പോലെ തന്നെ ധാരാളം വരയാടുകളുടെ വാസസ്ഥലം കൂടിയാണ് പെരിങ്ങമല. വരയാട്ടുമൊട്ട എന്നാണ് വരയാടുകളെ കാണപ്പെടുന്ന പ്രദേശം അറിയപ്പെടുന്നത്. കരിംപാറക്കുള്ളിലുള്ള ഒരു ഗുഹ പോലുള്ള സ്ഥലത്ത് വസിക്കുന്ന ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളതെന്ന് നിരവധി വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരയാട്‌മൊട്ടയ്ക്കു 750 മീറ്റര്‍ ദൂരത്താണ് നിര്‍ദ്ദിഷ്ടപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. “കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളോടൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സാന്നിധ്യവും ഇവിടെയുണ്ട്. കളക്കാട് മുണ്ടന്‍തുറൈ എന്ന തമിഴ്‌നാട് കടുവ സംരക്ഷണ കേന്ദ്രത്തിന്റെ എക്‌സ്റ്റന്‍ഷനായത് കൊണ്ട് കടുവകളുടെ സാന്നിധ്യവും ഇവിടെയുണ്ട്. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ സാലി പാലോട് അവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്”, ഡോ. കമറുദ്ദീന്‍ പറഞ്ഞു.

Also Read: പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

“പെരിങ്ങമലയുടെ പാരിസ്ഥിതിക പ്രാധാന്യം വളരെ ഗൗരവമേറിയതാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജീവജാലങ്ങളാണ് ഇവിടെയുള്ളത്. ഓന്തുകള്‍, ശലഭങ്ങള്‍, മീനുകള്‍ തുടങ്ങി പാമ്പുകള്‍, വരയാടുകള്‍ വരെ ഇവിടെയുണ്ട്. ബോട്ടണി, സുവോളജി വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവരുടെ, ബേര്‍ഡ് വാച്ചിങ് നടത്തുന്നവരുടെയും ഇഷ്ടമേഖല കൂടിയാണിവിടം. അഞ്ച് വര്‍ഗ കുരങ്ങുകളില്‍ നാലെണ്ണവും പെരിങ്ങമലയില്‍ കാണാന്‍ സാധിക്കും. മലമുഴക്കി വേഴാമ്പല്‍ അധികവും കണ്ടുവരുന്ന ശങ്കിലി വനം, സമുദ്രതീരത്ത് നിന്ന് ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ലോകത്തിലെ ഒരേയൊരു ഹില്‍സേ്റ്റഷനായ പൊന്‍മുടി, തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ ഉള്ള എക്സ്റ്റന്‍ഷനുകളാണ് പെരിങ്ങമലക്കുള്ളത്. അതുകൊണ്ട് തന്നെ നാട്ടുകാരും, പാരിസ്ഥിക പ്രവര്‍ത്തകരും ഒരു കാരണവശാലും ഇവിടെ പ്ലാന്റ് നടപ്പിലാക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങള്‍ പ്ലാന്റിന് എതിരല്ല. അതിന് പറ്റിയ ഡ്രൈ ഏരിയകള്‍ കണ്ടുപിടിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്”, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സാലി പാലോട് അഭിപ്രായപ്പെട്ടു.

ഐഎംഎ നടപ്പാക്കാനിരുന്ന ബയോ മെഡിക്കല്‍ പ്ലാന്റിനെ എതിര്‍ത്തത് പോലുള്ള ശക്തമായ സമരങ്ങള്‍ വൈദ്യുത പ്ലാന്റിനെതിരെയും നടത്താനാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. സ്വസ്ഥമായി ഒഴുകുന്ന നദികളെയും ശുദ്ധമായ കാറ്റിനെയും അവരുടെ സ്വൈര്യ ജീവിതത്തെയും നശിപ്പിക്കാന്‍ പെരിങ്ങമലയിലുള്ളവര്‍ ഒരുക്കമല്ല. അധികമൊന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ത്താത്ത ആദിവാസികളായതിനാല്‍ പ്രശ്‌നമുണ്ടാകില്ല എന്ന് കരുതുന്നുണ്ടോ എന്നും പെരിങ്ങമല തന്നെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തിരഞ്ഞെടുക്കുന്നതിലെ കാരണവും പെരിങ്ങമലക്കാര്‍ക്ക് ഭയം നല്‍കുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പെരിങ്ങമലക്കാര്‍ നടത്തുന്ന വൈദ്യുത പ്ലാന്റിനെതിരായി സമരം നൂറ്റിപത്താം ദിവസമെത്തുമ്പോഴും സമരത്തിനെക്കുറിച്ച് തനിക്ക് വിശദമായൊന്നും അറിയില്ല എന്നാണ് വാമനപുരം എംഎല്‍എയായ ഡി.കെ മുരളി പറയുന്നത്. “ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഒരു ക്ലസ്റ്ററായാണ് നിര്‍മ്മിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വിജയകരമായ ഈ പ്രോജക്ട് അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കേരളത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പെരിങ്ങമലയിലെ പ്രശ്‌നം എന്ന് പറയുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാലുള്ള ആശങ്കകളാണ്. അതൊക്കെ പരിഗണിച്ചു കൊണ്ടാകും പെരിങ്ങമലയിലെ പ്ലാന്റ് നിര്‍മിക്കു എന്നുള്ള ഉറപ്പാണ് ലഭിച്ചിരിക്കുന്നത്”, ഡി.കെ മുരളി വ്യക്തമാക്കി.

പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

ഭരണകൂടത്തിന്റെ കുപ്പത്തൊട്ടിയല്ല പെരിങ്ങമലയും ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളും

നിങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളാനൊരുങ്ങുന്ന സ്ഥലമാണിത്; കണ്ണു തുറന്നു കാണുക

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍