TopTop
Begin typing your search above and press return to search.

'ജീവിക്കാനാണ് ഈ സമരം': പെരിങ്ങമല പ്ലാന്റിനെതിരെ അവര്‍ 'സങ്കടജാഥ'യുമായി എത്തി

ജീവിക്കാനാണ് ഈ സമരം: പെരിങ്ങമല പ്ലാന്റിനെതിരെ അവര്‍ സങ്കടജാഥയുമായി എത്തി

'വേണ്ടേ വേണ്ട.. വേണ്ടേ വേണ്ട.. മാലിന്യപ്ലാന്റ് വേണ്ടേ വേണ്ട... ജീവിക്കാനാണ് ഈ സമരം'. മാലിന്യ സംസ്‌കരണപ്ലാന്റിനെതിരെ പെരിങ്ങമലയില്‍ നിന്ന് നിയമസഭയിലേക്ക് നീണ്ട സങ്കടജാഥയില്‍ മുമ്പില്‍ നിന്ന് കുരുന്നുകള്‍ വിളിച്ച മുദ്രാവാക്യങ്ങളാണിവ. വിവിധ സസ്യജന്തുജീവജാലങ്ങളുടെ ചിത്രങ്ങള്‍ പ്ലക്കാര്‍ഡുകളായി പിടിച്ച് പൊള്ളുന്ന വെയിലിലും അവര്‍ ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെയുള്ള പെരിങ്ങമല പഞ്ചായത്തില്‍ നിന്നും ഡിസംബര്‍ മൂന്നിന് തുടങ്ങിയ സങ്കടജാഥയാണ് ഇന്ന് നിയമസഭയ്ക്ക് മുന്നിലെത്തിയത്.

പ്രശസ്ത കവി മധുസൂധനന്‍ നായര്‍ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞത്, 'ഇന്ന് കേരളത്തില്‍ ഒരു തുള്ളിവെള്ളം കുടിക്കാന്‍ യോഗ്യമല്ല. ഇനി വരാനിരിക്കുന്നത് വെള്ളത്തിനുള്ള കഷ്ടമായിരിക്കും. നിങ്ങള് ചോദിക്കുക വെള്ളം ആര്‍ക്കുള്ളതാണ്? ഇപ്പോള്‍ കമ്പനിയുടെ വകയാണ് വെള്ളം. കമ്പനിയുടെ അനുവാദമില്ലാതെ വെള്ളം കുടിക്കാന്‍ പറ്റില്ല. ഇതാണ് ആദ്യം പരിഹരിക്കേണ്ട പ്രശ്നം. അതുകൊണ്ട് എല്ലാവരും ചേര്‍ന്ന് ജീവന്റെ ജലത്തെ സംരക്ഷിക്കണം. അതിന് കാടിനെ കാടായി വിടണം. നഗരങ്ങളിലെ മാലിന്യം ഗ്രാമങ്ങളില്‍ കൊണ്ട് പോയി നിക്ഷേപിക്കുന്ന രീതി വ്യാപകമാകുകയാണ്. ഒരു രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. എല്ലാ ജീവികള്‍ക്കും ഈ മണ്ണ് ജീവിക്കാനുള്ള ഭദ്രമായ വാസസ്ഥലം ആകണമെന്ന് പ്രാര്‍ത്ഥിക്കുന്നു.' എന്നാണ്.

കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും, രാഷ്ട്രീയ നേതാക്കളും, പരിസ്ഥിതിപ്രവര്‍ത്തകരും സങ്കടജാഥയ്ക്ക് പിന്തുണ നല്‍കി എത്തിയിരുന്നു. സങ്കടജാഥയില്‍ പങ്കെടുക്കാനിരുന്ന കവയത്രി സുഗതകുമാരി ആരോഗ്യപ്രശ്നങ്ങള്‍ കാരണം സങ്കടജാഥയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നിന്നു. അതില്‍ ഖേദിച്ചുകൊണ്ട് കത്തിലൂടെ അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. 'കാടും വെള്ളവും ആദിവാസി ഊരുകളും ജലസമൃദ്ധമായ മണ്ണും നശിപ്പിക്കുവാന്‍ നമുക്ക് അവകാശമില്ല. നാശത്തിന്റെ കൈകള്‍ പെരിങ്ങമലയെ തൊടാനനുവദിക്കുകയില്ല' എന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്ന് സുഗതകുമാരി കത്തില്‍ പറയുന്നു.

50 ബസുകളിലായാണ് പെരിങ്ങമല പ്ലാന്റിനെതിരായി സമരം ചെയ്യാന്‍ നഗരത്തിലേക്ക് ആളുകള്‍ എത്തിയത്. ആദ്യ ദിവസം പെരിങ്ങമല മുതല്‍ ചുള്ളിമാനൂര്‍ വരെ സമരക്കാര്‍ നടന്നു. രണ്ടാം ദിവസം ചുള്ളിമാനൂരില്‍ നിന്ന് പേരൂര്‍ക്കട വരെയുമാണ് ഇവര്‍ നടന്നത്. മൂന്നാം ദിവസമായ ഇന്ന് (05-11-2018) പേരൂര്‍ക്കടയില്‍ നിന്നുമാണ് നിയമസഭ കവാടം വരെ സങ്കടജാഥ നടന്നെത്തിയത്.

ആാം ആദ്മി പാര്‍ട്ടി നേതാവും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ വിഷയത്തില്‍ പ്രതികരിച്ചത്, 'മാലിന്യപ്ലാന്റ് നിയമവിരുദ്ധമാണ്. ഈ പദ്ധതി കൊണ്ട് വരാന്‍ പറ്റിയ സ്ഥലമാണോ ഇത്. ഒരു മാലിന്യസംസ്‌കരണ പ്ലാന്റ് ഒരിക്കലും ഒരു ജലസ്രോതസിന് അടുത്ത് നിര്‍മ്മിക്കാന്‍ പാടില്ല. ജലം മനുഷ്യശരീരത്തിലെ രക്തം പോലെയാണ്. കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥാണ്. ജലം ഇല്ലാതായാല്‍ രക്തമില്ലാതാകുന്നത് പോലെയാണ്. വിളപ്പിന്‍ശാല മുതല്‍ പാലക്കാട് വരെയുള്ള കേന്ദ്രീകൃത മാലിന്യപ്ലാന്റുകളെ ജനങ്ങള്‍ പൂട്ടിപ്പിച്ചതാണ്. അതിന് കാരണം അവിടെ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായത് കൊണ്ടാണ്.പ്ലാന്റ് എന്ന വാക്ക് തെറ്റാണ്. ഇത് ഡംപിങ് യാര്‍ഡ് മാത്രമാണ്. ഒരിടത്തും പ്ലാന്റ് ഉണ്ടായിട്ടുമില്ല. പ്ലാന്റ് എന്ന് പറയുന്നത് ചതിയാണ്. ഞങ്ങളുടെ നാട്ടില്‍ നിങ്ങളുടെ മാലിന്യം കൊണ്ടിടാന്‍ പറ്റില്ല എന്ന് ധൈര്യമായി പറയണം. ഞങ്ങളെപ്പോഴും നിങ്ങളോട് കൂടെ ഉണ്ടാകും' ഇങ്ങനെയാണ്.

ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഗ്രിഫാമിന്റെ 15 ഏക്കര്‍ സ്ഥലമാണ് മാലിന്യ പ്ലാന്റിനായി അനുവദിച്ചിട്ടുള്ളത്. വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാര്‍ നദിയുടെ ഉറവിടമാണ് ഇവിടം. പന്നിയോട്ട് കടവ്, മുല്ലച്ചല്‍, ഒരു പറകരിക്കകം,അടിപറമ്പ് ,വെങ്കട്ട, പേത്തല കരിക്കകം തുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍ പ്ലാന്റിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. പദ്ധതിക്കെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞ ജൂലായ് 11 ന് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ സങ്കടജാഥയുടെ തുടര്‍ച്ചയാണ് ഇതേപേരില്‍ നിയമസഭയിലേക്ക് നടത്തിയത്.

വിളപ്പില്‍ ശാല സമരത്തിന് പിന്തുണ നല്‍കിയത് പോലെ പെരിങ്ങമലയിലെ പ്ലാന്റിനെതിരെ രാഷ്ട്രീയഭേദമന്യേ പിന്തുണ നല്‍കുന്നുവെന്ന് അരുവിക്കര എംഎല്‍എ ശബരീനാഥ് പറഞ്ഞു. 'നിയമസഭാ കവാടത്തിനിപ്പുറം സമരം ചെയ്യുമ്പോള്‍ ഖരമാലിന്യസംസ്‌കരണത്തെ കുറിച്ചുള്ള ബില്ല് നിയമസഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പക്ഷേ മലയോര ജനങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ഈ സമരത്തെ ഒരു രാഷ്ട്രീയ വിഷയം മാത്രമായാണ് ഭരണകൂടം കണ്ടിരിക്കുന്നത്. അതിന് മറുപടി പറയുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പറഞ്ഞത് പെരിങ്ങമലയിലെ കോണ്‍ഗ്രസുകാരും, ലീഗുകാരും, ബിജെപിക്കാരും നടത്തുന്ന ഒരു പൊറോട്ട് നാടകമാണ് ഇതെന്നാണ് അവര്‍ പറഞ്ഞത്. ലോംഗ് മാര്‍ച്ച് നാസികില്‍ നിന്ന് ബോംബെയിലേക്ക് നടക്കുമ്പോള്‍ അതിനെപ്പറ്റി സംസാരിക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിയും. ഇവിടെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സങ്കടജാഥ ഭരണത്തിലിരിക്കുന്നവര്‍ തിരിഞ്ഞ് നോക്കാത്തത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രി പ്രദേശത്ത് വന്ന് കാണാമെന്നും ആളുകളോട് സംസാരിക്കാമെന്നും പറഞ്ഞത് വളരെ പ്രതീക്ഷ നല്‍കുന്ന പോസിറ്റീവായ നിലപാടാണ്' എന്ന് ശബരിനാഥ് വ്യക്തമാക്കി.

'പെരിങ്ങമലയില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന ആദിവാസി ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെ തകര്‍ക്കുന്ന പ്ലാന്റ് വന്നാല്‍ അഞ്ചുതെങ്ങ് വരെയുള്ള കുടിവെള്ള പദ്ധതികളെ കൂടി ബാധിക്കും. നിര്‍ദ്ദിഷ്ട പ്ലാന്റിനായി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ നാല്പതോളം കാട്ടുപോത്തുകള്‍ ഇറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പെരിങ്ങമലയിലെ ജൈവകലവറയുടെ പ്രാധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ പഠിക്കണമെന്നും, തീരുമാനം മാറ്റണമെന്നുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.' നാടന്‍പാട്ട് കലാകാരനും പാലോട് സ്വദേശിയുമായ ദീപു പറയുന്നത്.

നിയമസഭ കവാടത്തിലേക്കുള്ള സങ്കടജാഥയ്ക്ക് ശേഷവും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും 158 ദിവസമായി പെരിങ്ങമലയില്‍ തുടരുന്ന കുടില്‍കെട്ടി സമരം വീണ്ടും തുടരുമെന്നും അറിയിച്ചു കൊണ്ടാണ് സമരക്കാര്‍ മടങ്ങിയത്.

https://www.azhimukham.com/kerala-protest-intensifies-against-waste-plant-in-peringamala-forest-report-arathi/

https://www.azhimukham.com/kerala-ecologically-fragile-peringamala-forest-chose-to-establish-waste-plant-and-people-protests-intensifies-report-by-arathi

https://www.azhimukham.com/newswrap-peringamala-is-not-dumping-yard-writes-sajukomban/


Next Story

Related Stories