TopTop

മഠത്തിനുള്ളിലും ഞങ്ങള്‍ ഒറ്റപ്പെട്ടു; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ക്രിമിനല്‍ കുറ്റം; പോരാട്ടം നീതി കിട്ടും വരെ

മഠത്തിനുള്ളിലും ഞങ്ങള്‍ ഒറ്റപ്പെട്ടു; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ക്രിമിനല്‍ കുറ്റം; പോരാട്ടം നീതി കിട്ടും വരെ
"കഴിഞ്ഞ വര്‍ഷം നവംബറില്‍ എനിക്കും സിസ്റ്റര്‍ അനുപമക്കുമെതിരെ ആത്മഹത്യാഭീഷണി മുഴക്കിയെന്ന പേരില്‍ കേസ് കൊടുത്തു", ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് ലൈംഗികാതിക്രമണത്തിനിരയായ കന്യാസ്ത്രീ അയച്ച കത്തിലെ വാചകങ്ങളാണിത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സഭയുടെ പ്രതികാര ചെയ്തികള്‍ അനുഭവിക്കേണ്ടി വന്നവരില്‍ ഒരാളാണ് മിഷണറീസ് ഓഫ് ജീസസ് അംഗമായ സിസ്റ്റര്‍ അനുപമ. സിസ്റ്റര്‍ അനുപമയുള്‍പ്പെടെയുള്ളവര്‍ നീതിക്കായുള്ള ചരിത്രപരമായ പോരാട്ടം തുടരുന്നതിനിടെയാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പത്രക്കുറിപ്പിലൂടെ പുറത്ത് വിട്ട് നിയമലംഘനം നടത്തിയ എം ജെ കോണ്‍ഗ്രിഗേഷന്‍ കന്യാസ്ത്രീകളെ കുറ്റക്കാരായും ചിത്രീകരിക്കുന്നു. പത്രക്കുറിപ്പിനുള്ള മറുപടിയും നീതിക്കായുള്ള തങ്ങളുടെ പോരാട്ടവും വിശദീകരിക്കുകയാണ് സിസ്റ്റര്‍ അനുപമ.

"പത്രക്കുറിപ്പിലൂടെ അവര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. ഒന്നാമത്, ബിഷപ്പിനൊപ്പം ഫങ്ഷനുകള്‍ക്ക് പോയിട്ടില്ല എന്ന് സിസ്റ്റര്‍ പറഞ്ഞിട്ടില്ല. അത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന കാര്യം നിഷേധിച്ചിട്ടുമില്ല. മിഷണറീസ് ഓഫ് ജീസസിന്റെ കേരള ഇന്‍-ചാര്‍ജും മദറും ആയിരുന്നു സിസ്റ്റര്‍. അതുകൊണ്ട് അത്തരം ഫങ്ഷന്‍സ് ഒഴിവാക്കാന്‍ കഴിയില്ല. പക്ഷെ മറ്റുള്ളവരുടെ കണ്ണില്‍ കരഞ്ഞ് നില്‍ക്കാന്‍ സിസ്റ്റര്‍ക്ക് ആവുമായിരുന്നില്ല. രണ്ടാമത്തെ കാര്യം, അവര്‍ ചെയ്തത് നിയമപരമായി തെറ്റാണ്. ഇരയുടെ ഫോട്ടോ കൊടുക്കുന്നത് പൂര്‍ണമായ നിയമലംഘനമാണ്. മൂന്ന്, അവര്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ സിസിടിവി ആരുടേയും മുറിയിലുമല്ല, അതിന്റെ നിയന്ത്രണം ഞങ്ങളുടെ ആരുടേയും കയ്യിലുമല്ല. സിസിടിവി സ്ഥാപിച്ച സമയത്ത് എവിടെയിരുന്നോ അവിടെയാണ് ഇപ്പോഴും ഉള്ളത്. നാല്, രജിസ്റ്ററില്‍ തിരിമറി നടത്തി എന്നാണ് അവരുടെ ആരോപണം. പരാതിക്കാരിയായ കന്യാസ്ത്രീയെ മാറ്റിയതിന് ശേഷം മദര്‍ ആയി ബിന്‍സിയും പിന്നീട് സോഫിയും വന്നു. അവരുടെ കൈകളിലൂടെയാണ് രജിസ്റ്റര്‍ മറിഞ്ഞിരിക്കുന്നത്. എന്തെങ്കിലും അതില്‍ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ അത് അവര്‍ ചെയ്തതായിരിക്കും. ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതൊന്നും ഇപ്പോള്‍ എഴുതിയതല്ല എന്ന് വ്യക്തമായതാണ്. പിന്നീട് അത്തരം ആരോപണത്തിന് പ്രസക്തിയില്ല. അഞ്ച്, ഞങ്ങള്‍ ഇറങ്ങിയിരിക്കുന്നത് സഭയിലുള്ളവര്‍ ഞങ്ങള്‍ക്ക് നീതി നിഷേധിച്ചതുകൊണ്ടാണ്. അവര്‍ അത് തന്നിരുന്നെങ്കില്‍ ഞങ്ങള്‍ പുറത്തിറങ്ങില്ലായിരുന്നു.


പരാതിക്കാരിയായ കന്യാസ്ത്രീയോടൊപ്പം 2015 മുതല്‍ 2017 വരെയുണ്ടായിരുന്ന ആളാണ് ഞാന്‍. 2017 അവസാനത്തോടെ സിസ്റ്ററെ മാനസികമായി ബുദ്ധിമുട്ടിക്കുകയും പീഢകളുണ്ടാവുകയും ചെയ്തു. ഞങ്ങള്‍ക്കത് മനസ്സിലാവുകയും ചെയ്തു. പിതാവിന്റെ കൂടെ കിടക്കാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ എന്ന് സിസ്റ്റര്‍ ഞങ്ങളെ അറിയിച്ചു. 2017-ല്‍ തന്നെ മഠം ഉപേക്ഷിച്ച് പോവുകയാണെന്ന് സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞു. പക്ഷെ ഞങ്ങള്‍ അതിന് അനുവദിച്ചില്ല. സിസ്റ്റര്‍ പോയാല്‍ ഞങ്ങളും കൂടെ പോവും എന്ന് പറഞ്ഞതോടെ അവിടെ തന്നെ നില്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.


Also Read: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്

ഇതിനിടെയാണ് എന്നെ പഞ്ചാബിലേക്ക് സ്ഥലം മാറ്റുന്നത്. അവിടെ കടുത്ത മാനസിക പീഡനമായിരുന്നു. ജീവന്‍ പോലും അപകടത്തിലായ അവസ്ഥ. നില്‍ക്കക്കള്ളിയില്ലാതായി. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സിക്കേണ്ടതുണ്ടായിരുന്നു. അതിനായി നാട്ടിലേക്ക് പോയി ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്ന് ജണ്ട്രാളമ്മയായ റജീന തന്നെയാണ് എന്നോട് പറയുന്നത്. രക്ഷപെട്ട് നാട്ടിലേക്ക് എത്തിയ അവസ്ഥയായിരുന്നു എനിക്ക്. തിരിച്ചുപോവാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് പോയില്ല. പിന്നീട് സിസ്റ്റര്‍ക്ക് നീതി കിട്ടാനായി ഞങ്ങള്‍ പല വാതിലുകളും മുട്ടി. കുറുവിലങ്ങാട് പള്ളിയിലെ വികാരിയച്ചന്‍ മുതല്‍ പാലാ പിതാവ്, ജോര്‍ജ് ആലഞ്ചേരി ബിഷപ്പ്, പോപ്പ് ഉള്‍പ്പെടെ റോമില്‍ നാലിടത്ത്... അങ്ങനെ പലരേയും ഈ കാര്യം പറഞ്ഞ് സമീപിച്ചു. റോമിലേക്ക് ഇ-മെയിലുകള്‍ അയച്ചു. റോം സ്‌റ്റേറ്റ് സെക്രട്ടറിയെ വിവരം അറിയിച്ചു. പക്ഷെ ഒരു വാതിലും തുറന്നുകിട്ടിയില്ല. ഒരു ഭംഗിവാക്ക് പോലും കിട്ടിയില്ല.


ജണ്ട്രാളമ്മയായ സിസ്റ്റര്‍ റജീനയെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞുപോലും നോക്കിയില്ല. എന്നിട്ടും സഭയും പള്ളിയും നീതി തരുമെന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ ആ പ്രതീക്ഷ ഇല്ലാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്. എന്റെയും പരാതിക്കാരിയായ സിസ്റ്ററുടേയും പേരില്‍ കേസ് കൊടുക്കുന്നത് അതിന് മുമ്പാണ്. ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ചായിരുന്നു പരാതി. പഞ്ചാബിലാണ് ആ കേസ് കൊടുത്തത്. സിസ്റ്ററുടെ സഹോദരനെതിരെ പഞ്ചാബിലും പിന്നീട് കേരളത്തിലും കേസ് കൊടുത്തു. ഇപ്പോള്‍ സമരം ചെയ്യുന്ന ഞങ്ങള്‍ അഞ്ച് പേരുടേയും വീട്ടുകാര്‍ക്കെതിരെ കേസുകള്‍ കൊടുത്തു. ബിഷപ്പിനെതിരെ വധഭീഷണി ഉയര്‍ത്തി എന്ന് പറഞ്ഞാണ് കേസ് കൊടുത്തത്. അപ്പോള്‍ ഇതിനെ നിയമപരമായി തന്നെ നേരിടേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി.


അന്വേഷണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളയാളാണ് ബിഷപ്പ്. സഭയ്ക്കുള്ളില്‍ തന്നെ വലിയ കളികള്‍ നടക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലായി. കേസ് നല്‍കിയയുടന്‍ സിസ്റ്റര്‍ക്ക് പത്ത് ഏക്കര്‍ ഭൂമിയും സഹോദരന് അഞ്ച് കോടിയും വാഗ്ദാനം വന്നിരുന്നു. അത് ഏല്‍ക്കാതിരുന്നപ്പോള്‍ പിന്നെ ഉപദ്രവമായി. ഞങ്ങളുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക, ബ്രേക്ക് അഴിച്ചിടുക തുടങ്ങി ഞങ്ങളെ കൊല്ലാന്‍ ശ്രമങ്ങള്‍ വരെയുണ്ടായി.


Also Read: കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

മഠത്തിനുള്ളില്‍ ഞങ്ങള്‍ ആറ് പേരും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. നിലനില്‍പ്പ് തന്നെ ഭീഷണിയാണ്. പക്ഷെ എന്താണ് വരുന്നത് എന്നുവച്ചാല്‍ അതിനെ വഴിയില്‍ തന്നെ നേരിടാം എന്നാണ് കരുതുന്നത്. പേടിച്ച് എങ്ങോട്ടും ഓടിപ്പോവില്ല. എന്തായാലും ധൈര്യത്തോടെ നേരിടും.


സിസ്റ്റര്‍ ആനിറോസ് ആണ് ഒരിക്കല്‍ എന്നെ ബിഷപ്പിനടുത്തേക്ക് നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ട് പോവുന്നത്. എന്റെ എന്തോ കാര്യം പറയാനാണെന്ന് പറഞ്ഞുകൊണ്ടാണ് കൂട്ടിക്കൊണ്ടുപോയത്. എന്നിട്ട് അവിടെ ചെന്നപ്പോള്‍ പരാതിക്കാരിയായ സിസ്റ്ററെ കുറിച്ച് മോശം കാര്യങ്ങള്‍ മാത്രം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ട് നിര്‍ബന്ധപൂര്‍വം ഒരു കത്ത് എന്നെക്കൊണ്ട് എഴുതിച്ചു. ബിഷപ്പ് പറഞ്ഞുതന്ന കാര്യങ്ങള്‍ കേട്ടെഴുതുക മാത്രമാണ് ചെയ്തത്. മാപ്പപേക്ഷയായിരുന്നു. രാത്രി എട്ട് മണി മുതല്‍ 11 മണിവരെയുള്ള സമയത്താണ് ഇത് നടക്കുന്നത്. ഓടി രക്ഷപെടാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. അതോടെ എനിക്കത് എഴുതുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. പക്ഷെ പിന്നീട് എന്താണ് സംഭവിച്ചതെന്നും, അത് എന്റെ കത്ത് അല്ല എന്നും, ബിഷപ്പ് നിര്‍ബന്ധപൂര്‍വം എഴുതിച്ചതാണെന്നും ഞാന്‍ അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുകയും ചെയ്തു.


സിസ്റ്ററിന് ഇപ്പോള്‍ വിഷമമുണ്ട്. പ്രത്യേകിച്ചും ഞങ്ങള്‍ അഞ്ച് പേര്‍ തെരുവിലിറങ്ങേണ്ടി വന്നത് സിസ്റ്റര്‍ക്ക് വേണ്ടിയാണല്ലോ എന്ന് കരുതിയിട്ടാണ്. പക്ഷെ അതിനേക്കാളുപരി സന്തോഷവുമുണ്ട് അവര്‍ക്ക്. മനസ്സില്‍ പോലും ഓര്‍മ്മിക്കാത്തതാണ് ഇത്രയും ജനപിന്തുണ. അത് കാണുമ്പോള്‍ സിസ്റ്റര്‍ക്ക് ആശ്വാസമാണ്.

കോടതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. നീതിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കും."

https://www.azhimukham.com/news-update-rape-victim-nun-s-photo-reveal-missionaries-of-jesus/

https://www.azhimukham.com/kerala-protesting-nuns-shares-horrific-experience-under-bishop-franco-report-by-kr-dhanya/

https://www.azhimukham.com/kerala-we-will-fight-when-we-get-justice-protesting-nuns-clear-their-stand/

Next Story

Related Stories