TopTop
Begin typing your search above and press return to search.

കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

"കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ പോലും എന്തെങ്കിലും ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം", നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ നീനയുടെ വാക്കുകള്‍.

ലൈംഗികാതിക്രമത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കും മറ്റുള്ളവര്‍ക്കും നേരിടേണ്ടി വന്ന കാര്യങ്ങളാണ് സിസ്റ്റര്‍ നീന പറയുന്നത്. "എട്ട് പേരാണ് കുറവിലങ്ങാട്ടെ മഠത്തിലുള്ളത്. അതില്‍ അതിക്രമിക്കപ്പെട്ട കന്യാസ്ത്രീ ഉള്‍പ്പെടെ ഞങ്ങള്‍ ആറ് പേരാണ് സഭയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്. മറ്റ് രണ്ട് പേര്‍ ഞങ്ങള്‍ക്ക് എതിരാണ്. പ്രശ്‌നങ്ങളുണ്ടായതിന് ശേഷം മഠത്തില്‍ ചെന്നാലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ഞങ്ങള്‍ ആറ് പേരും ഒറ്റപ്പെട്ട പോലെയാണ് അവിടെ.

അമ്മ ഞങ്ങളോടൊന്നും പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പിതാവ് മഠത്തിലേക്ക് വരുമെന്ന് പറഞ്ഞപ്പോള്‍, 'വേണ്ട, പിതാവ് ഇങ്ങോട്ട് വരണ്ട, വന്നാല്‍ ഞാന്‍ എന്റെ വീട്ടില്‍ പോവും' എന്ന് അമ്മ പ്രതികരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്ത് ചോദിച്ചിട്ടും 'പിതാവ് വരണ്ട' എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിതാവ് ഇവിടെ വന്നാല്‍ എന്താണ് കുഴപ്പമെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം ' പിതാവിന്റെ കൂടെക്കിടക്കാന്‍ കഴിയാത്തതുകൊണ്ടാണ്' എന്നാണ് അമ്മ പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം വ്യക്തമായി. പിതാവ് വന്നപ്പോള്‍ അമ്മയോട് വീട്ടില്‍ പൊയ്‌ക്കൊള്ളാനും ഞങ്ങള്‍ പറഞ്ഞു.

ഇതിന് മുമ്പ് ഇരുപത് പേരാണ് പല സമയത്തായി സഭയില്‍ നിന്ന് പുറത്തുപോയത്. എല്ലാം ഇക്കാരണം കൊണ്ടുതന്നെയാണ്. അമ്മയ്ക്ക് നേരിട്ട അനുഭവം കേട്ട് ആ വിഷയത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങളോടെല്ലാമുള്ള സമീപനം മാറി. ആദ്യമൊക്കെ അച്ചന്‍മാര്‍ ചിലര്‍ സപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് അതും ഇല്ലാതെയായി. ആലഞ്ചേരി പിതാവിന്റെ ഓഡിയോ പുറത്തായതോടെ മഠത്തില്‍ കുര്‍ബാനയും നടത്താറില്ല. (ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് മാര്‍ ആലഞ്ചരിയുമായുള്ള ഫോണ്‍ സംഭാഷണം- മാതൃഭൂമി ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു)

എന്നെ എം.എ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. അമ്മയുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുകൊണ്ടാണ്. ഹോള്‍ ടിക്കറ്റ് വരെ വന്നു. പക്ഷെ പരീക്ഷയുടെ തലേദിവസം പരീക്ഷയ്ക്ക് പോവാന്‍ പറ്റില്ലെന്ന് ജണ്ട്രാളമ്മ വിളിച്ചു പറഞ്ഞു. ഒരിക്കല്‍ സിസ്റ്റര്‍ അനുപമയെ സിസ്റ്റര്‍ ആനി റോസ് വിളിച്ചുകൊണ്ടുപോയി. അതിക്രമിക്കപ്പെട്ട കന്യാസ്ത്രീ മോശക്കാരിയാണെന്ന് സിസ്റ്റര്‍ അനുപമയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചു. എന്നിട്ട് ആ കത്ത് ജണ്ട്രാളമ്മയ്ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടു. പക്ഷെ സിസ്റ്റര്‍ അനുപമ കടുത്ത നിലപാടെടുത്തു. അമ്മയെയും ഞങ്ങളെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടേയിരുന്നു. അമ്മയുടെ മദര്‍ ചാര്‍ജും കേരള ഇന്‍-ചാര്‍ജും എടുത്തുകളഞ്ഞു. വര്‍ഷങ്ങളോളം മദര്‍ ആയിരുന്ന അതേ കമ്മ്യൂണിറ്റിയില്‍ വേറൊരു മദറിന്റെ കീഴില്‍ വെറുമൊരു കമ്മ്യൂണിറ്റി മെമ്പര്‍ മാത്രമാക്കി. പക്ഷെ ഞങ്ങള്‍ ആരും ഇതിലൊന്നും തകരില്ല.

Also Read: ‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

തിരുവസ്ത്രം ഊരിക്കും എന്ന ഭീഷണികളായിരുന്നു പിന്നെ. ആദ്യം അതിക്രമിക്കപ്പെട്ട കന്യാസ്ത്രീയുടെ, പിന്നെ സിസ്റ്റര്‍ അനുപമയുടെ, പിന്നെ എന്റെ... അതായിരുന്നു അവരുടെ ഭീഷണി. സഭയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഈ പ്രശ്‌നം ഉന്നയിക്കാന്‍ തുടങ്ങിയതോടെ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ പോലും പണം തരാതെയായി. പിതാവിനെ വധിക്കാന്‍ ഗൂഡാലോചന നടത്തുന്നു എന്ന് ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതിരെ വരാന്‍ തുടങ്ങി. ഞങ്ങള്‍ പോവുന്ന വാഹനത്തിന്റെ നമ്പര്‍, എപ്പോള്‍ പോവുന്നു, എങ്ങോട്ട് പോവുന്നു അങ്ങനെയെല്ലാം പുറകെ നടന്ന് നോക്കാന്‍ അവര്‍ പലരെയും വച്ചു. ഞങ്ങളുടെ വാഹനത്തിന്റെ ബ്രേക്ക് അഴിച്ചിടുന്നത് വരെയുള്ള പ്രവൃത്തികളും ചെയ്തു; അപായപ്പെടുത്താനായാണ്.

ഞങ്ങളുടെ ആവശ്യം നേടിയെടുത്ത്, അമ്മയ്ക്ക് നീതി ലഭിച്ചുകഴിഞ്ഞാല്‍ തിരിച്ച് മഠത്തിലേക്കും സഭയിലേക്കും തന്നെ പോവും. അക്കാര്യത്തില്‍ ധൈര്യക്കുറവൊന്നുമില്ല. എന്തുവന്നാലും നേരിടും. പക്ഷെ ഞങ്ങള്‍ ജീവനോടെ എത്രനാള്‍ ഉണ്ടാവുമോ എന്നറിയില്ല. കൂടെ താമസിക്കുന്നവര്‍ പോലും ഞങ്ങളെ കൊന്നേക്കാം."- സിസ്റ്റര്‍ നീന പറയുന്നു.

https://www.azhimukham.com/offbeat-sister-jesmi-speaks-on-nun-rape-case-against-bishop-franco-by-arathi/

https://www.azhimukham.com/sister-mary-chandy-speak-against-priest-nun-catholica-sabha-jibin/

https://www.azhimukham.com/opinion-protesting-kerala-nuns-are-our-heros-writes-simy/

https://www.azhimukham.com/kerala-we-will-fight-when-we-get-justice-protesting-nuns-clear-their-stand/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories