TopTop
Begin typing your search above and press return to search.

"ഭാഷയുടെ പേരില്‍ നടക്കുന്ന എല്ലാത്തരം അടിച്ചമര്‍ത്തലിനുമെതിരായ ഓര്‍മ്മപ്പെടുത്തല്‍ സമരമായിരുന്നു. തീര്‍ച്ചയായും ഈ സമരം നമ്മളിലൂടെ ജീവിക്കും"

ഭാഷയുടെ പേരില്‍ നടക്കുന്ന എല്ലാത്തരം അടിച്ചമര്‍ത്തലിനുമെതിരായ ഓര്‍മ്മപ്പെടുത്തല്‍ സമരമായിരുന്നു. തീര്‍ച്ചയായും ഈ സമരം നമ്മളിലൂടെ ജീവിക്കും

വിജയിച്ചത് ഒരു സമരമാണ്. ഇതിനെ മാനിക്കാതിരിക്കരുത്. കാരണം ഇത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു. അവസര തുല്യതയ്ക്കു വേണ്ടിയുള്ള സമരമായിരുന്നു. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമായിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു. ഭാഷയുടെ പേരില്‍ നടക്കുന്ന എല്ലാത്തരം അടിച്ചമര്‍ത്തലിനുമെതിരായ ഓര്‍മ്മപ്പെടുത്തല്‍ സമരമായിരുന്നു. തീര്‍ച്ചയായും ഈ സമരം നമ്മളിലൂടെ ജീവിക്കും.ഈ സമരം എക്കാലവും നമ്മുടെ ചരിത്രത്തിലുണ്ടാവും.

പുതിയ വെളിച്ചവുമായി ഈ സമരത്തെ നയിച്ച ധീരരായ വിപ്ലവകാരികളാണിവര്‍. മറ്റു പലതുമെന്നപോലെ ഈ പുലരിയോടു കൂടി ഞങ്ങള്‍ക്ക് ഇവരെ മറക്കാനാകില്ല. കാരണം സമരങ്ങളൊന്നും അവസാനിക്കുന്നില്ലെന്ന് വിജയതീരത്തുനിന്ന് പിന്നെയും പ്രഖ്യാപിച്ചവരാണിവര്‍. മലയാള ഐക്യവേദി നടത്തിയ അവസാന സമരമല്ലാത്തതുപോലെ ആദ്യസമരവുമായിരുന്നില്ല ഇതെന്ന് ചരിത്രമറിയുന്നവര്‍ക്കറിയാം.

അടിമ മലയാളികളല്ല, ആത്മബോധമുള്ള മലയാളികള്‍ ഇപ്പോളെന്നതുപോലെ തുടര്‍സമരങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാവും. തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തികള്‍, ചിത്രങ്ങള്‍ ഒക്കെ ചിരസ്ഥായിയായ സ്മാരകങ്ങള്‍ പോലെ ഞങ്ങളുടെ മനസിലുണ്ടാകും.ഒപ്പം നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപോലെതന്നെ മറക്കാതെ വെക്കുന്ന ചില മുഖങ്ങളുമുണ്ട്.അത് മറ്റാരുടേതുമല്ല. തുടക്കം മുതല്‍ ഈ സമരത്തിന്റെ മുനമ്പില്‍ വന്ന് കോക്രി കാട്ടിയ ചില ആംഗലേയമാത്രവാദികള്‍. അവര്‍ വിശാല വാദികളാണ്.!

സെല്ലുലാര്‍ ജയിലിലെ മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ ഗാന്ധിയോട് നിങ്ങളാദ്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു വിശാലമായി സംസാരിക്കൂ എന്നു പറഞ്ഞ 'ബുദ്ധിമാന്‍'മാരുടെ ഇങ്ങേയറ്റത്തുള്ളവരാണവര്‍. അവര്‍ എല്ലാത്തരം സ്വാതന്ത്ര്യങ്ങളെയും മനുഷ്യാവകാശങ്ങളെയും നീട്ടിവെച്ചവരാണ്. അവരോട് ഇനിയും സന്ധിയില്ല. ഒന്നും മാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞതുമാത്രമാണ് ശരി എന്നും വാദിച്ച് പൊതു ഇടങ്ങളില്‍ ഇപ്പോഴും അവരില്‍ ചിലര്‍ തര്‍ക്കിച്ചു നില്‍ക്കുന്നുണ്ട്.

ഒരു പക്ഷേ ഈ കാലത്തിന്റെ ഓര്‍മ്മകളവശേഷിക്കുമ്പോള്‍ ഞങ്ങളാണ് ഈ സമര മുദ്രാവാക്യം മുഴക്കിയതെന്നുപോലും നാളെ അവര്‍ പറഞ്ഞേക്കാം. അത്ര ശേഷിയുണ്ടവര്‍ക്ക്. 'ജാലിയന്‍ കണാരന്‍'മാരുടെ ആ ധീരതയ്ക്കു മുന്നില്‍ നമിക്കുന്നു..! അല്ലാതെ മറ്റെന്തു പറയാന്‍.! അവരോട് സംസാരിച്ചുകൊണ്ടാണ് വിപ്ലവ കവി വയലാര്‍ തന്റെ പ്രയാണം എന്ന കവിത അവസാനിപ്പിക്കുന്നത്.

'മാനവ പ്രയത്‌നത്തിന്‍

ശക്തിയെ, ചൈതന്യത്തെ

മാനിക്കാന്‍ ശീലിക്കുമോ

നിങ്ങളിത്തിരിനേരം'

കവിതകള്‍ മനുഷ്യരെ തിരുത്തുമോ. ആര്‍ക്കറിയാം. കാത്തിരിക്കാം. എന്തായാലും മാതൃഭാഷാവകാശങ്ങളുടെ പുതിയ വെളിച്ചങ്ങള്‍ക്കു വേണ്ടിയുള്ള വാക്കുകളും മുദ്രാവാക്യങ്ങളുമായി ഞങ്ങളീ തെരുവിലുണ്ടാകും. തീര്‍ച്ച.

Read: പി എസ് സി പരീക്ഷകളില്‍ മലയാളം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്ന് കവി മധുസൂദനന്‍ നായര്‍, സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നെന്ന് ഐക്യമലയാള പ്രസ്ഥാനം

Read: ഹിന്ദുത്വയുടെ വംശശുദ്ധി പാഠങ്ങളും നമ്മുടെ പൊതുവിദ്യാഭ്യാസവും; ഭയപ്പെടുത്തുന്ന നിശബ്ദതയുടെ കാലം


Next Story

Related Stories