TopTop
Begin typing your search above and press return to search.

പി എസ് സി പരീക്ഷകളില്‍ മലയാളം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്ന് കവി മധുസൂദനന്‍ നായര്‍, സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നെന്ന് ഐക്യമലയാള പ്രസ്ഥാനം

പി എസ് സി പരീക്ഷകളില്‍ മലയാളം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്ന് കവി മധുസൂദനന്‍ നായര്‍, സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നെന്ന് ഐക്യമലയാള പ്രസ്ഥാനം

പി എസ് സി പരീക്ഷ മലയാളത്തിലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതോടെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരവും പ്രതിഷേധങ്ങളും ഭാഗികമായി വിജയിച്ചിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യക്തത കുറവുണ്ടെന്നും മുന്‍കാലങ്ങളിലെ പോലെ സമരം അവസാനിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമാണിതെന്നും ഒരു വിഭാഗം കരുതുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മലയാള ഭാഷയെ സ്നേഹിക്കുന്നവരും സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്. നിരാഹാരസമരം അവസാനിപ്പിച്ച് സംയുക്ത സമരസമിതി ഭാഷസമരം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പരീക്ഷ അടക്കം ഉയര്‍ന്ന പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ അവസരമൊരുങ്ങിയേക്കും. മാതൃഭാഷാ സമരക്കാരായ സംയുക്ത സമരസമിതി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ധാരണയും നിര്‍ദ്ദേശങ്ങളും അംഗീകരിച്ചായിരുന്നു ഈ തീരുമാനം. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ പി എസ് സി തീരുമാനിച്ചിട്ടുണ്ട്. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കാന്‍ തീരുമാനിച്ചതായും ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ സംയുക്ത സമരസമിതി നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ മാസം 29 നാണ് സംയുക്ത സമരസമിതി നിരാഹാര സമരം ആരംഭിച്ചത്. മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവുമൊക്കെ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതിയുടെ പ്രതിനിധികളായ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷകയായ രൂപിമയും അധ്യാപകനായ പ്രിയേഷുമാണ് ഭാഷയ്ക്കു വേണ്ടി നിരാഹാരം സമരം ആരംഭിച്ചത്. അവരുടെ അറസ്‌റ്റോടെ സമരം അവസാനിക്കുമെന്ന് കരുതിയെങ്കിലും അവര്‍ക്ക് പിന്‍ഗാമികളായി ശ്രേയയും, സുഭാഷും, അനൂപും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിച്ചു. ഇതോടൊപ്പം എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി, വി മധുസൂദനന്‍ നായര്‍ ഉള്‍പ്പെടെയുള്ള മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും ശക്തമായി രംഗത്തെത്തുകയും ചെയ്തു.

സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചതോടെ നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് സംയുക്ത സമരസമിതി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് നിലവില്‍ മുഖ്യമന്ത്രി പി എസ് സിയോട് നിര്‍ദേശിച്ചതും, നടപ്പിലാക്കാമെന്ന് പിഎസ്‌സി തത്വത്തില്‍ അംഗീകരിച്ചതുമായ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതുവരെ സംയുക്ത സമരമുന്നണി തുടരുമെന്നാണ്.

'കെ എ എസ് ഉള്‍പ്പെടെ ഇനി വിജ്ഞാപനം ചെയ്യാനിരിക്കുന്ന എല്ലാ പി എസ് സി പരീക്ഷകളും മലയാളത്തിലും കൂടി നടത്തുമെന്ന മുഖ്യമന്ത്രിയുടെ കേരളത്തോടുള്ള ഉറപ്പിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പി എസ് സി ഓഫീസിനു മുന്‍പില്‍ കഴിഞ്ഞ 19 ദിവസമായി സംയുക്ത സമരസമിതി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണ്. പിഎസ്‌സി പരീക്ഷകളെല്ലാം മലയാളത്തിലാക്കുമെന്നും സാങ്കേതിക പദാവലികളുടെ വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വിദഗ്ദ്ധസമിതി രൂപീകരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളെ സംയുക്ത സമരസമിതി സ്വാഗതം ചെയ്യുന്നു. ഭാവിയില്‍ ന്യൂനപക്ഷഭാഷകളിലും പരീക്ഷകള്‍ നടത്തുമെന്നുള്ള പ്രഖ്യാപനത്തെയും സ്വാഗതം ചെയ്യുന്നു. നിലവില്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദ്ദേശിച്ചതും നടപ്പിലാക്കാമെന്ന് പിഎസ്‌സി തത്വത്തില്‍ അംഗീകരിച്ചതുമായ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതുവരെ സംയുക്ത സമരമുന്നണി തുടരും. ഈ സമരത്തില്‍ ഐക്യപ്പെട്ട എല്ലാ സംഘടനകളെയും എം ടി വാസുദേവന്‍ നായര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, വി മധുസൂദനന്‍ നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങി എഴുത്തുകാര്‍, ശാസ്ത്ര - സാംസ്‌കാരിക -സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകര്‍, ന്യൂനപക്ഷ ഭാഷാ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരെയും സമരസമിതി അഭിവാദ്യം ചെയ്യുന്നു. ഐക്യകേരള രൂപീകരണത്തിന് ശേഷം മാതൃഭാഷയ്ക്കു വേണ്ടി നടന്ന ചരിത്രപരമായ ഈ പോരാട്ടത്തില്‍ പല നിലകളില്‍ പങ്കാളികളായവരെയും സഹകരിച്ചവരെയും സംയുക്ത സമരസമിതി നന്ദി അറിയിക്കുകയാണ്. ജനാധിപത്യാവകാശത്തിന്റെ അനിവാര്യമായ ഭാഗമാണ് മാതൃഭാഷാവകാശമെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഈ സമരം നിര്‍ണ്ണായകമായ പങ്ക് വഹിച്ചതായിട്ടാണ് സമരസമിതി വിലയിരുത്തുന്നത്. ബഹുസ്വരമായ ഇന്ത്യയെയും അതിന്റെ ഫെഡറല്‍ സ്വഭാവത്തെയും നിലനിര്‍ത്താന്‍ കൂടിയുള്ളതാണ് ഈ സമരം. മാതൃഭാഷയെ കേരളത്തിന്റെ ജനാധിപത്യ ബോധത്തിന്റെ ഭാഗമായി മാറ്റാനുള്ള പോരാട്ടങ്ങള്‍ പല നിലകളില്‍ ഞങ്ങള്‍ തുടരും'. സംയുക്ത സമരസമിതി അധ്യക്ഷ എ ജി ഒലീന കണ്‍വീനര്‍ ആര്‍ നന്ദകുമാറും പറഞ്ഞു.

'കേരളത്തിന്റെ പ്രധാന ശബ്ദം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്‍പില്‍ മലയാളത്തിന് വേണ്ടി നടത്തുന്ന സമരത്തെക്കുറിച്ച് മുഖ്യമന്ത്രി കേരള ജനതയോട് പറഞ്ഞത് കേരളീയരല്ലാം വിശ്വസിക്കുമെന്ന് ഞാന്‍ കരുതുന്നു. മലയാളം നിര്‍ബന്ധ ഭാഷ ആക്കാനും മലയാളത്തില്‍ തന്നെ ഔദ്യോഗിക ഭാഷ പ്രതിജ്ഞ നടപ്പാക്കാനും ഭരണ ഭാഷ മലയാളമാക്കാനും മുന്‍കൈ എടുത്ത ആളാണ് മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ സമ്പൂര്‍ണമായി ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ ഗവണ്‍മെന്റ് കൊടുത്ത നിര്‍ദേശം കൃത്യമായി പാലിക്കുമെന്ന് ഉറപ്പ് വേണം. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജനങ്ങളുടെ മുമ്പില്‍ ഇത് തുറന്ന് പറയണം. അല്ലെങ്കില്‍ ഇത് ക്രമേണേ തണുപ്പിച്ച് തണുപ്പിച്ച് ഇല്ലാതാക്കിയേക്കും. ഇത് കേരളത്തിലെ ജനങ്ങളോടുള്ള ബാധ്യതയാണ് എന്ന് സമ്മതിച്ചുകൊണ്ട് ഗവര്‍ണമെന്റിന്റെ നിര്‍ദേശത്തെ അനുസരിച്ച് കൃത്യമായി സമയബന്ധിതമായി ഉടനടി നടക്കുന്ന പരീക്ഷകളില്‍ പോലും ഇതല്ലൊം നടക്കുമെന്ന് ഒരു ഉറപ്പ് ഉത്തരവായി തന്നെ കേരള ജനതയ്ക്ക് പി എസ് സി നല്‍കേണ്ടതുണ്ട്. അവരുടെ സത്യസന്ധത ഇതിലൂടെയാണ് ബോദ്ധ്യപ്പെടുത്തേണ്ടത്. ഇത് കേരള ജനതയുടെ വരും വരും തലമുറയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആ നിലനില്‍പ്പ് ഭാഷയിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് എന്ന തിരിച്ചറിവോടെ നമ്മുടെ ബഹുമാനപ്പെട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ കേരള ജനതയ്ക്കു വേണ്ടി ഒട്ടും വൈകാതെ അവരുടെ തീരുമാനം കേരള ജനതയെ അറിയിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പിന്നെ പറഞ്ഞിട്ട് വാക്കുമാറ്റുകയെന്നത് പലപ്പോഴും പല സ്ഥാപനങ്ങളുടെയും ഒരു സ്വഭാവമാണ്. ഒരു കമ്മീഷനും ഒരു സമിതിയുമൊക്കെ രൂപീകരിച്ച് പത്ത് ഇരുപത് വര്‍ഷം നീട്ടിക്കൊണ്ടുപോവുകയെന്ന തന്ത്രവും പയറ്റാറുണ്ട്. അങ്ങനെ തന്ത്രപരമായ സമീപനം കൊണ്ട് ജനതയെ തോല്‍പിക്കുകയെന്നത് ഈ ജനതയുടെ ചോറ് ഉണ്ണുന്നവര്‍ ചെയ്യാവുന്നതല്ല. ഇപ്പോള്‍ കേരളത്തിലെ എല്ലാവരും ഈ സമരത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഇത് ചരിത്രപ്രധാനമായ ഒരു ചുവടുവയ്പായി മനസിലാക്കികൊണ്ട് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ ഒക്കെ പ്രതീക്ഷിക്കുന്നത്.' വി മധുസൂദനന്‍ നായര്‍ അഴിമുഖത്തോട് പറഞ്ഞു.

'തീര്‍ത്തും ജനാധിപത്യപരമായിട്ടുള്ള ആവശ്യത്തെ മുന്‍നിര്‍ത്തി കൊണ്ടാണ് ഈ സമരം മുന്നേറിയത്. വിഷയത്തില്‍ നീതി നിഷേധത്തിന്റെ അംശംമുണ്ട് എന്ന് മനസിലാക്കിയത് കൊണ്ടാണ് 19 ദിവസമായി ഈ സമരം തുടര്‍ന്നത്. ഇത്രയും ദിവസത്തെ സമരോര്‍ജവും ഇത് ജനകീയമാവുകയും ജനങ്ങള്‍ക്കിടയില്‍ ഇത്രയും ചര്‍ച്ചയാവുകയും ചെയ്തുവെന്നതുകൊണ്ട് തന്നെയാണ് സര്‍ക്കാരിനെ സംബന്ധിച്ചും പിഎസ്എസിയെ സംബന്ധിച്ചും ഇത് ഒരു സമ്മര്‍ദ വിഷയമായി മാറിയത്. മാത്രമല്ല സര്‍ക്കാരിന്റെ ഭാഷനയം ഇതിന് അനുകൂലവുമാണ്. മലയാളം പഠിക്കുന്നവരോ മലയാള മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോ മാത്രമല്ല ഈ സമരത്തിനോട് ഐക്യപ്പെട്ട് വന്നു ചേര്‍ന്നത്. അതൊരു ജനാധിപത്യ അവകാശത്തെ പിന്തുടരുന്ന മുദ്രാവാക്യമാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ഈ സമരം ഇത്രത്തോളം ജനകീയമായതും ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ വിഷയമായതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തീര്‍ച്ചയായും ഭാഷയോടുള്ള സ്‌നേഹമോ ഭാഷാഭിമാനമോ എന്നതിലുപരി ഇതിനുള്ളിലെ ജനാധിപത്യ പ്രശ്‌നവും നീതി നിഷേധവും അതിന്റെ രാഷ്ട്രീയവുമാണ് എന്നെ ഈ സമരത്തിലേക്ക് നയിച്ചത്. കെ എ എസ് ഉള്‍പ്പടെയുള്ള തൊഴില്‍ പരീക്ഷകളില്‍ ആദ്യ ഘട്ടം മുതല്‍ തന്നെ ഇംഗ്ലീഷ് മാധ്യമമാകുന്നതോടെ ഏതു വിഭാഗം ജനതയാണ് ഈ പരീക്ഷയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയെന്നതാണ് ചോദ്യം. അതാണ് ഇതിന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് ഈ സമരം മുന്നോട്ട് പോകുന്നത്. അധസ്ഥിരരെന്നോ മാറ്റി നിര്‍ത്തപ്പെട്ടവരെന്നോ നാം വിളിക്കുന്ന ജനതയെ മുന്‍ നിര്‍ത്തിയുള്ള ഒരു സമരമാണിത്. അങ്ങനെ അവരുടെ തുല്യതയ്ക്കും നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടുന്ന ഒരു സമരമായതുകൊണ്ടാണ് ഈ സമരത്തില്‍ ഞാന്‍ ഐക്യപ്പെട്ടത്, നിരാഹാരം അനുഷ്ടിച്ചത്.' സംയുക്ത സമരസമിതിയ്ക്കു വേണ്ടി ആദ്യം നിരാഹാരം അനുഷ്ഠിക്കുകയും പിന്നീട് അറസ്റ്റു വരിക്കുകയും ചെയ്ത രൂപിമ സമര വിജയത്തെക്കുറിച്ചും താന്‍ ഇതിന്റെ ഭാഗമായതിനെക്കുറിച്ചും അഴിമുഖത്തോട് പറഞ്ഞു.

എന്നാല്‍ കെഎഎസ് ഉള്‍പ്പടെയുള്ള ഉയര്‍ന്ന പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനെ സംബന്ധിച്ച് പിഎസ്‌സി അധികൃതര്‍ ഇതുവരെ അനുകൂലമായ പ്രസ്താവന നടത്തിയിട്ടില്ല. മലയാള ഭാഷയോടെ അയിത്തമില്ലെന്നും ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ടുകളുമൊക്കെ പിഎസ്‌സി ചൂണ്ടികാട്ടുന്നുണ്ട്. സര്‍ക്കാരിന്റെ അനുകൂല നിലപാടും ഉറപ്പും കണക്കിലെടുത്ത് അനിശ്ചിതകാല നിരാഹാരം സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ പിഎസ്‌സിയോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.


Next Story

Related Stories