TopTop
Begin typing your search above and press return to search.

പുതുവൈപ്പുകാര്‍ക്ക് പറയാനുള്ളത്; മോദിയാണോ പിണറായിയാണോ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരന്‍ എന്ന മത്സരമാണിവിടെ

പുതുവൈപ്പുകാര്‍ക്ക് പറയാനുള്ളത്; മോദിയാണോ പിണറായിയാണോ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരന്‍ എന്ന മത്സരമാണിവിടെ

ബുധാനാഴ്ച മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗം കഴിയുന്നതുവരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായെങ്കിലും സംഘര്‍ഷമൊഴിയാത്ത അവസ്ഥയിലാണ് പുതുവൈപ്പ്. സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ് വിശ്വസിച്ച് പുതുവൈപ്പു നിവാസികള്‍ ഒരു ദിവസത്തേക്ക് സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ഇന്നു നിര്‍മാണപ്രവര്‍ത്തനം പുനഃരാരംഭിച്ചതോടെ അവര്‍ വീണ്ടും സമരം ശക്തമാക്കുകയായിരുന്നു. പോലീസ് സമരക്കാര്‍ക്കെതിരെ ലാത്തിവീശിയതോടെ വീണ്ടും പ്രദേശം സംഘര്‍ഷഭരിതമായി. ഇരുന്നൂറോളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്ത്രീകളും പുരുഷന്‍മാരുമടക്കം നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്ക് പറ്റി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ പ്രക്ഷോഭത്തിലേക്ക് അണിചേരുന്നുമുണ്ട്.

പോലീസ് അക്രമം തത്ക്കാലത്തേക്ക് അവസാനിപ്പിച്ചെങ്കിലും അറസ്റ്റ് തുടരുകയാണെന്ന് സമരസമിതി നേതാവ് റൂബിന്‍ പറയുന്നു. 'പോലീസ് രണ്ട് വണ്ടി നിറയെ സമരക്കാരെ കുത്തിനിറച്ച് കൊണ്ടുപോയി. പൊരിവെയിലത്ത് ഭക്ഷണവും വെള്ളവും കൊടുക്കാതെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് മാറ്റിയിരുത്തിയിരിക്കുകയാണ്. പോലീസ് ഞങ്ങളോട് കൊടും ക്രൂരതയാണ് കാണിക്കുന്നത്. ഞങ്ങളില്‍ പലരുടേയും തല തല്ലിപ്പൊട്ടിച്ചു. സ്ത്രീകളോട് പോലും ദയവ് കാണിക്കുന്നില്ല. പോലീസിന്റെ ആക്രമണത്തിന് പുറമെ പ്ലാന്റ് നിര്‍മ്മാണ തൊഴിലാളികളെ ഉപയോഗിച്ച് കമ്പനിയും ഞങ്ങളെ ഉപദ്രവിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ ഞങ്ങള്‍ക്ക് നേരെ എറിഞ്ഞ് സമരക്കാരെ പിരിച്ചുവിടാനാണ് അവരും ശ്രമിക്കുന്നത്. പേടിപ്പിച്ചും പരമാവധി ഉപദ്രവിച്ചും പീഡിപ്പിച്ചും സമരത്തില്‍ നിന്ന് പുതുവൈപ്പുകാരെ പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.' റൂബിന്‍ പറഞ്ഞു.

പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ 121 ദിവസമായി നടത്തുന്ന സമരമാണ് ഇപ്പോള്‍ നിരന്തര സംഘര്‍ഷാവസ്ഥയിലേക്കെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സമരക്കാരെ മറൈന്‍ഡ്രൈവില്‍ വച്ച് പോലീസ് തടയുകയും ഇവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. പോലീസ് നായാട്ടില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സമരസമിതി നേതാക്കള്‍ക്കും പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധമറിയിക്കാന്‍ സമരസമിതി പ്രതിനിധികള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ വെള്ളിയാഴ്ച കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും അതേവരെ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്നും മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന പോലീസിനെ തത്ക്കാലത്തേക്ക് പിന്‍വലിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതനുസരിച്ച് ശനിയാഴ്ച ഉപരോധ സമരം തത്ക്കാലത്തേക്ക് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെടാതിരുന്നതോടെ ഞായറാഴ്ച മുതല്‍ വീണ്ടും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ചേര്‍ന്ന സമരസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ഐ.ഒ.സി അധികൃതരും നിര്‍മ്മാണ തൊഴിലാളികളും എത്തുകയും പോലീസ് സംരക്ഷണയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഉപരോധവും ആരംഭിച്ചു.

'കാലങ്ങളായി ഞങ്ങളെ കേരളം ഭരിക്കുന്ന ഇരുകക്ഷികളും ചേര്‍ന്ന് പറ്റിക്കാന്‍ തുടങ്ങിയിട്ട്. ഇനി അത് ഞങ്ങള്‍ അനുവദിച്ച് കൊടുക്കില്ല. ഞങ്ങള്‍ക്ക് വേറെ വഴിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. കടലോരത്ത് രണ്ട് സെന്റിലും മൂന്ന് സെന്റിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിവിടെ നിന്ന് എങ്ങോട്ടും പോവാനാവില്ല. ഇത് ഞങ്ങളുടെ അതിജീവനത്തിനായുള്ള സമരമാണ്. ഞങ്ങടെ കുഞ്ഞുങ്ങള്‍ക്ക് സമാധാനമായി ജീവിക്കാനുള്ള സമരം. ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. 2009 മെയ് 18ന് തുടങ്ങിയതാണ്. ഞങ്ങളെ കടലില്‍ നിന്ന് രക്ഷിക്കാന്‍ പണിത കടല്‍ഭിത്തി പൊളിച്ച് ഇവര്‍ പ്ലാന്റിനുള്ള ചുറ്റുമതില്‍ പണിയാന്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയതാണ്. ഇനി ഞങ്ങള്‍ അറ്റം കണ്ടിട്ടേയുള്ളൂ. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഞങ്ങളെ മാറ്റി നിര്‍ത്താമെന്ന് ഒരു സര്‍ക്കാരും ഒരു പോലീസും കരുതണ്ട' - സമര സമിതി കണ്‍വീനര്‍ മുരളിയുടെ വാക്കുകള്‍.

'ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ നടപടിക്രമമനുസരിച്ച്, പ്രദേശവാസികളെ വിളിച്ചുകൂട്ടി കാര്യങ്ങളെല്ലാം വിശദീകരിച്ച്, അതിലുള്ള പൊതുജനാഭിപ്രായം തേടിയിട്ടേ നിര്‍മ്മാണം തുടങ്ങാവൂ. കമ്പനി ആദ്യം അത് ചെയ്തില്ല. പിന്നീട് ഞങ്ങളുടെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ഇവര്‍ പൊതുജനാഭിപ്രായം തേടി. പക്ഷെ അപ്പോഴേക്കും ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം കഴിഞ്ഞിരുന്നു. വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ 2010 ജൂലായ് അഞ്ചിന് വനം പരിസ്ഥിതി മന്ത്രാലയം ഇവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. കമ്പനിയുടെ 85ശതമാനം സ്ഥലവും നില്‍ക്കുന്നത് ഈ ഇരുന്നൂറ് മീറ്ററിനുള്ളിലാണ്. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് അവിടെ പ്ലാന്റ് തുടങ്ങാനാവില്ല. ഇക്കാര്യം കാണിച്ചുള്ള ഞങ്ങളുടെ പ്രതിഷേധം ഒരുതരത്തില്‍ ഗുണം ചെയ്തു. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. 2015ല്‍ ജൂലായ് മാസത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയ അനുമതിയുടെ കാലാവധി തീര്‍ന്നു. എന്നാല്‍ അത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന ഐ.ഒ.സി.യുടെ ആവശ്യം അവരംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് 2015 ഡിസംബര്‍ രണ്ടിന് കുറേ ഇരുമ്പ് പ്ലേറ്റുകളുമായി വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടമായി ആരംഭിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായി. രാത്രിയും പകലുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന പൊടി ജനജീവിതം ദുരിതത്തിലാക്കി. പോലീസ് സംരക്ഷണത്തോടെ അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 2016 ജൂലൈയില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നത് കാണിച്ച് സമരസമിതിക്കാര്‍ കേസ് കൊടുത്തു. ആദ്യ സിറ്റിങ്ങില്‍ ഞങ്ങള്‍ക്ക് സ്റ്റാറ്റസ്‌കോ ഓര്‍ഡര്‍ കിട്ടി. പക്ഷെ രണ്ടാമത്തെ സിറ്റിങ്ങില്‍ സ്റ്റാറ്റസ്‌കോ നിലനില്‍ക്കുന്നത് കൊണ്ട് അനുവദനീയമായ സ്ഥലത്ത് പോലും നിര്‍മ്മാണം നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഐ.ഒ.സി. പരാതി നല്‍കി. തുടര്‍ന്ന് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പത്രത്തില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് നിര്‍മ്മാണം നടത്താന്‍ ഉത്തരവ് ലഭിച്ചു. പക്ഷെ ആ ഉത്തരവ് നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിച്ചുകൊണ്ടുള്ളതാണെന്ന് കാട്ടി കമ്പനി പോലീസ് സംരക്ഷണത്തോടെ നിര്‍മ്മാണം വീണ്ടും തുടങ്ങി. പിന്നീടാണ് നാട്ടുകാരെല്ലാം ചേര്‍ന്ന് ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങളാണ് സമരം ചെയ്തിരുന്നത്. അമ്പത് കുടുംബങ്ങളടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ഓരോ ദിവസം സമരം നയിച്ചു. സമരം 119 ദിവസമായപ്പോള്‍ വീണ്ടും ഐ.ഒ.സി. അധികൃതര്‍ പോലീസ്, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍, ആംബുന്‍സ് ഒക്കെയായി സ്ഥലത്ത് വന്നു. രാവിലെ എട്ട് മണിക്ക് ഇവര്‍ വരുന്ന വിവരം ഞങ്ങള്‍ക്ക് കിട്ടി. അവരെത്തുമ്പോഴേക്കും 350-തോളം സമരക്കാര്‍ അവിടെയെത്തിയിരുന്നു. അന്ന് മുന്നോറോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. കന്യാസ്ത്രീകളേയും അച്ചന്‍മാരെയുമടക്കം പോലീസ് അറസ്റ്റ് ചെയ്തു. അതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. പിന്നീടാണ് ഹൈക്കോടതി ജംഗ്ഷനിലേക്ക് മാര്‍ച്ച് നടത്തിയത്. അവിടെ വച്ചായിരുന്നു എസിപിയുടെ നരനായാട്ട്. എനിക്ക് 57 വയസ്സായി. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ല. വിദ്യാഭ്യാസവും കാര്യമായില്ല. എല്‍.പി.ജി എന്ന് പറഞ്ഞാല്‍ അതിന്റെ മുഴുവനും എന്താണെന്ന് പോലും എനിക്കറിയില്ല. പക്ഷെ ഇതിനു പുറകെ നടന്നപ്പോള്‍ മനസ്സിലായി ഇതെല്ലാം കോര്‍പ്പറേറ്റുകളുടെ തട്ടിപ്പാണെന്ന്. ഞങ്ങള്‍ എന്ത് വന്നാലും സമരത്തില്‍ നിന്ന് പിന്‍മാറില്ല'- മുരളി തുടര്‍ന്നു.

'ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവും പ്ലാന്റിന്റെ ചുറ്റുമതിലും തമ്മില്‍ മുപ്പത് മീറ്ററിന്റെ അകലം മാത്രമാണുള്ളത്'- സമരസമിതി ചെയര്‍മാന്‍ ജയഘോഷ് പറയുന്നു. 'രണ്ട് സെന്റിലും മൂന്ന് സെന്റിലുമാണ് ഇവിടുത്തെ ജനങ്ങള്‍ താമസിക്കുന്നത്. ഇവിടെ ഒരു സ്‌ഫോടനമുണ്ടായാല്‍ അതിന്റെ നഷ്ടപരിഹാരം വാങ്ങാന്‍ പോലും ആരും അവശേഷിക്കാതെ തീര്‍ന്നു പോകും. പത്ത് ലക്ഷത്തിലൊരു ശതമാനം മാത്രമേ സ്‌ഫോടനത്തിന് സാധ്യതയുള്ളൂ എന്ന് അവര്‍ പറയുമ്പോഴും അതിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇവിടുന്ന് അഞ്ഞൂറോളം ടാങ്കറുകളില്‍ എല്‍.പി.ജി. ലോഡ് ചെയ്യും. കന്യാകുമാരി ജില്ലയിലേക്കുള്ള വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവാനാണ് ഇവരുടെ പദ്ധതി. ലോഡിങ് നടക്കുമ്പോള്‍ പപ്‌സിങ് എന്ന പേരില്‍ എല്‍.പി.ജി. ലീക്ക് ആവും. അഞ്ഞൂറ് വണ്ടി ഒരു ദിവസം ഇവിടെ നിന്ന് പോവുകയാണെങ്കില്‍ ഒരു ദിവസം രണ്ടര മണിക്കൂര്‍ ഈ പ്രദേശത്ത് എല്‍.പി.ജി. ലീക്ക് ഉണ്ടാവും. അത് സ്ഥിരമായി ശ്വസിച്ചാല്‍ വലിയ അപകടം ഈ പ്രദേശത്തുണ്ടാവും. എല്‍.പി.ജി. റിലീസ് ആവുമ്പോള്‍ അതിന്റെ മണം മാറാന്‍ ചേര്‍ക്കുന്ന മെര്‍ക്കാപ്റ്റണ്‍ വിഷവസ്തുവാണ്. ഇത് കടല്‍ത്തീരമാണ്. ഇവിടെ ഇസ്നോഫീലിയ രോഗികളാണ് ഭൂരിഭാഗവും. മെര്‍ക്കാപ്റ്റണ്‍ ശ്വസിച്ചാല്‍ ശ്വാസതടസ്സമാണ് പ്രധാനമായുമുണ്ടാവുകയെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിനടുത്തുള്ള അഴിമുഖത്ത് നിന്നാണ് എല്‍.പി.ജി. പമ്പ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വിഷവസ്തുക്കള്‍ അവിടെ പടര്‍ന്നാല്‍ വന്‍തോതില്‍ മത്സ്യങ്ങളുടെ നാശവുമുണ്ടാവും. പ്ലാന്റ് കമ്മീഷന്‍ ചെയ്താല്‍ ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാവും. ശ്വസിക്കാന്‍ നല്ല വായു പോലും ഇല്ലാതാവും.

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്ലതൊന്നും ചെയ്ത് തരണമെന്നില്ല. ഞങ്ങളെ ദ്രോഹിക്കാതിരുന്നാല്‍ മതി. മോദിയാണോ പിണറായിയാണോ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരന്‍ എന്ന ഒരു മത്സരമാണ് ഇവിടെ നടക്കുന്നത്. 22-ഓളം കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ട്. അത് തീര്‍ത്താലേ പുതിയ പദ്ധതികള്‍ക്ക് പണം നല്‍കൂ എന്ന് കേന്ദ്രം പറഞ്ഞിരിക്കുകയാണ്. പിണറായിയുടെ ഉപദേശികളെല്ലാം കോര്‍പ്പറേറ്റ് നോമിനികളാണ്. അവരുടെ ഉപദേശം കേട്ടുകൊണ്ടാണ് പിണറായി എല്ലാം ചെയ്യുന്നത്. ഞങ്ങളെ കഴിഞ്ഞ മാസം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അമ്പത് മിനിറ്റോളം ചര്‍ച്ച ചെയ്തു. എല്ലാം കേട്ടിട്ട് മുഖ്യമന്ത്രി ഐ.ഒ.സിക്കാരോട് പണി തുടങ്ങിക്കോളാന്‍ പറഞ്ഞു. ഞങ്ങളോട് അതിനോട് യോജിക്കാനും പറഞ്ഞു. അവിടെ ഏഴായിരം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും, ഒരു ഫയര്‍‌സ്റ്റേഷന്‍ പണിയും, ആംബുലന്‍സ് തരുമെന്നും സഹകരിക്കണമെന്നും പറഞ്ഞു അദ്ദേഹം. തീരദേശ പരിപാലനത്തിന്റെ ചുമതലയുള്ളത് മുഖ്യമന്ത്രിക്കാണ്. പരിസ്ഥിതി മന്ത്രാലയമാണ് ദൂരപരിധി നിശ്ചിച്ചിരിക്കുന്നത്. അത് പാലിക്കാതെയുള്ള നിര്‍മ്മാണത്തിന് തടയിടേണ്ടത് മുഖ്യമന്ത്രിയാണ്. അത് ചെയ്യാതെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. ആ ചര്‍ച്ചയില്‍ ഡി.ജി.പി സെന്‍കുമാറിനെ വരെ വിളിച്ചിരുന്നു. അത് ഞങ്ങള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു. നിങ്ങള്‍ തടസ്സം നിന്നാല്‍ പോലീസ് അത് അടിച്ചൊതുക്കും എന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് അന്ന് ലഭിച്ചത്. ആ സന്ദേശം യാഥാര്‍ഥ്യമായിരുന്നു എന്ന് വെള്ളിയാഴ്ചത്തെ പോലീസ് തേര്‍വാഴ്ചയില്‍ ബോധ്യപ്പെട്ടു.

കടലാക്രമണം ശക്തമായ സ്ഥലമാണിത്. ഐ.ഒ.സി. പദ്ധതിക്കായി നിശ്ചയിച്ച സ്ഥലത്തിന്റെ 20 ശതമാനത്തിലധികം ഇപ്പോള്‍ തന്നെ കടലെടുത്ത് കഴിഞ്ഞു. അത്തരം അപകടകരമായ അവസ്ഥയിലാണ് ഇത്തരത്തിലൊരു പ്ലാന്റ് സ്ഥാപിക്കാന്‍ പോവുന്നത്' - ജയഘോഷ് പറഞ്ഞു.

അറസ്റ്റ് ചെയ്യുന്ന സമരക്കാരോട് മനുഷ്യാവകാശം ലംഘനമാണ് പോലീസ് നടപ്പാക്കുന്നതെന്ന് വനിതാ സമര നേതാവ് സെബീന പറയുന്നു- 'വെള്ളിയാഴ്ച കുഞ്ഞുങ്ങളും പ്രായമായ സ്ത്രീകളുമടക്കമുള്ളവരെയാണ് വലിച്ചിഴച്ചും മുടിയില്‍ കുത്തിപ്പിടിച്ചുമൊക്കെ പോലീസ് വണ്ടിയില്‍ കയറ്റിയത്. സ്‌റ്റേഷനിലെത്തിയ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പോലും ഒരു തുള്ളി വെള്ളം നല്‍കാന്‍ പോലീസ് അനുവദിച്ചില്ല. നാല് മണിയായിട്ടും വിശന്ന് തളര്‍ന്ന് വെള്ളം പോലും കിട്ടാതെ അവശരായി കുട്ടികളടക്കമുള്ളവര്‍ സ്‌റ്റേഷനുകളില്‍ തിങ്ങിനിറഞ്ഞിരുന്നു. സമരസ്ഥലത്ത് നിന്ന് കുട്ടികള്‍ക്ക് നല്‍കാനായി ഭക്ഷണം കൊണ്ടുവന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നപ്പോഴാണ് പോലീസ് ബ്രഡ്ഡും പഴവും വാങ്ങി നല്‍കിയത്. വനിത പോലീസ് സ്‌റ്റേഷനിലില്‍ കസ്റ്റഡിയിലിരുന്ന സ്ത്രീകളുടെ അവസ്ഥയാണ് അതിനേക്കാള്‍ കഷ്ടമായത്. 'നീയൊന്നും മൂത്രമൊഴിക്കണ്ടെടീ' എന്ന് പറഞ്ഞ് ചില വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മൂത്രപ്പുര പൂട്ടിയിട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍ വരെയുണ്ടായിരുന്നു. ഇതുപോലൊരു നരകയാതന അനുഭവിച്ചിട്ടില്ല. ഇതിനുമാത്രം ഞങ്ങളെന്ത് തെറ്റ് ചെയ്തു. ജീവിക്കാന്‍ വേണ്ടി സമരത്തിനിറങ്ങിയ പെണ്ണുങ്ങളാണ് ഞങ്ങള്‍. കുട്ടികളെ സമരത്തിനിറക്കിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ഞങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. വീട്ടിലെല്ലാവരും സമരത്തിനിറങ്ങുമ്പോള്‍ ഞങ്ങള്‍ കുട്ടികളെ എവിടെ ഏല്‍പ്പിക്കാനാണ്. അത് മനസ്സിലാക്കാതെ കുട്ടികളെ മാരകമായ രീതിയില്‍ ഉപദ്രവിക്കുകയാണ് പോലീസ് ചെയ്തത്. ചില പിള്ളേര്‍ക്ക് ഇപ്പോഴും ശരീര വേദനയും ഛര്‍ദ്ദിയും വയറുവേദനയും മാറിയിട്ടില്ല. കോളറിന് കുത്തിപ്പിടിച്ചാണ് പല കുട്ടികളേയും പോലീസ് വണ്ടിയില്‍ കയറ്റിയത്.'

നിയമം പാലിക്കാതെ കുട്ടികളെയടക്കം അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചതിനെതിരെ നിരവധി എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനും നിയമപരമല്ലാതെ കസ്റ്റഡിയില്‍ വച്ചതിനും ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസ്സെടുത്തിരുന്നു. ഞായറാഴ്ച നടന്ന പ്രതിഷേധം സമരം അക്രമാസക്തമായേക്കുമെന്ന ധാരണയുള്ളതിനാല്‍ കുട്ടികളെ സമരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories