TopTop

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പൊടുന്നനെ 'അട്ടിമറി' സംശയം ഉയരുന്നതിന് പിന്നില്‍

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പൊടുന്നനെ
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം. 2016 ഏപ്രില്‍ 10നു പുലര്‍ച്ചെ നടന്ന ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 110 പേര്‍. അതിലേറെ പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അപകടം നടന്ന് ഒരുവര്‍ഷം തികയാറാകുമ്പോഴും ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവര്‍ ഏറെ, വീടും വരുമാനവും നഷ്ടപ്പെട്ടവര്‍ വേറെ.

ആക്‌സമികമായ ഒരപകടമായിരുന്നില്ല പുറ്റിങ്ങലില്‍ നടന്നത്. ഒരുതരത്തില്‍ അത് ആസൂത്രിതമായിരുന്നു. അനുമതി ഇല്ലാതിരുന്നിട്ടും പൊലീസിനേയും രാഷ്ട്രീയക്കാരെയും വശത്താക്കി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ മത്സരക്കമ്പമായിരുന്നു ഒരുനാടിനെ പൊട്ടിച്ചു തകര്‍ത്തത്.

ഉണ്ടായ അപകടത്തെക്കാള്‍ അന്ന് കേരളത്തെ ഏറെ ദുഃഖിപ്പിച്ച സംഗതി ദുരന്തത്തിന്റെ പേരില്‍ നടന്ന മുതലെടുപ്പായിരുന്നു. ഒരു ഹിന്ദുത്വ അനുകൂല ഗ്രൂപ്പിന്റെ ട്വിറ്ററില്‍, അപകടം നടന്ന ഉടനെ പ്രചരിച്ച സന്ദേശം ഇതിനു പിന്നില്‍ മുസ്ലിം ഭീകരന്മാരും കമ്യൂണിസ്റ്റുകാരും ആണെന്നായിരുന്നു. വിവാദമായതോടെ ഈ ട്വീറ്റ് പിന്‍വലിക്കപ്പെട്ടെങ്കിലും ഒരു വിഭാഗത്തിനുമേല്‍ കുറ്റം ചുമത്തിവയ്ക്കുന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി. അതിന്നും തുടരുന്നു എന്നതിന് ഉദാഹരണമാണ് വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായി ക്രൈംബ്രാഞ്ച് കണ്ടെത്തിയവര്‍ തന്നെ ഇപ്പോള്‍ പറയുന്നത്; അപകടം അട്ടിമറിയാണെന്ന്. പുറത്തു നിന്നുള്ളവരാണ് വെടിക്കെട്ട് അപകടത്തിനു കാരണമെന്ന്. അപകടം ഉണ്ടായപ്പോള്‍ ഹിന്ദുത്വ സംഘടന ആരോപിച്ച മുസ്ലിം-കമ്യൂണിസ്റ്റ് ബന്ധവും ഇപ്പോള്‍ തങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുമ്പോള്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറയുന്ന അട്ടിമറി സാധ്യതയും ഒന്നു തന്നെയാണ്. പുറ്റിങ്ങല്‍ വെടിക്കട്ടപകടം മറ്റൊരുതരത്തില്‍ ചിത്രീകരിച്ചെടുക്കാനായാല്‍ ലാഭം പലതാണ്.ക്ഷേത്രം കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമടക്കം 15 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ കിട്ടിയിരിക്കുന്ന എല്ലാ തെളിവുകളും ഇവര്‍ക്കെതിരേയാണ്. ജില്ല ഭരണകൂടത്തിന്റെ കര്‍ശനമായ വിലക്ക് ഉണ്ടായിട്ടും അതു ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. യാതൊരു സുരക്ഷക്രമീകരണങ്ങളും ഒരുക്കാതെ വെറും മത്സരാവേശത്തിനു വേണ്ടി മാത്രം നടത്തിയ വെടിക്കെട്ടിലൂടെ കൂട്ടക്കുരുതിയാണു നടത്തിയതെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്. നിരോധിച്ചിട്ടുള്ള പൊട്ടാസ്യം ക്ലോറേറ്റ് വന്‍തോതില്‍ വെടിക്കോപ്പുകളില്‍ ചേര്‍ത്തിരുന്നുവെന്നും അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ ഇടയാക്കിയതെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ് സുദര്‍ശന്‍ കമാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതാണ്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസന്‍സുകാര്‍ക്ക് അനുവാദമില്ലാതിരുന്നിട്ടും അതും പുറ്റിങ്ങലില്‍ ഉപയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ദൂരപരിധിയും പാലിക്കപ്പെട്ടിരുന്നില്ല.വെടിക്കെട്ട് അപകടം എന്നു പറയുമ്പോഴും അതൊരിക്കലും സംഭവിച്ചുപോയൊരു ദുരന്തമല്ലായിരുന്നു. രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും സഹായത്തോടെ നിയമത്തെയും നിയന്ത്രണങ്ങളെയും വെല്ലുവിളിച്ച് കുറച്ചു പേര്‍ ചേര്‍ന്ന് നടത്തിയ തന്നിഷ്ടത്തിന്റെ ഫലമാണ് പുറ്റിങ്ങലില്‍ ഉയര്‍ന്ന നിലവിളികള്‍. പക്ഷേ ആ കുറ്റം മറ്റൊരു തരത്തിലേക്കു മാറ്റുമ്പോള്‍, അതിനു തയ്യാറാകുന്നവര്‍ എന്തു ലാഭമാണോ ലക്ഷ്യമിടുന്നത് അതിന്റെ നൂറിരട്ടി നഷ്ടമായിരിക്കും കേരളത്തിന് ഉണ്ടാവുക.

രാജ്യം നടുങ്ങിയ അപകടത്തില്‍ നിന്നുപോലും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നോക്കിയവരുടെ പിന്തുണ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലും ഉണ്ടോയെന്നറിയില്ല. അല്ലെങ്കില്‍ സ്‌ഫോടനവും അക്രമവുമൊക്കെ ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ ചാര്‍ത്തിയാല്‍ വളരെ പെട്ടെന്ന് അതിനു പ്രചാരം കിട്ടുമെന്ന പൊതുബോധത്തിന്റെ സൃഷ്ടിയാണോ പുതിയ വെളിപ്പെടുത്തലെന്നും അറിയില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച് അന്വേഷണം ഈ രീതിയില്‍ കൂടി വ്യാപിപ്പിച്ചേക്കാം എന്നു ക്രൈംബ്രാഞ്ച് കരുതുമോയെന്നറിയില്ല. ഒരുപക്ഷേ കേരളത്തിലെ പൊലീസിന് മറ്റു തരത്തിലുള്ള സംശയങ്ങള്‍ തോന്നുന്നില്ലെങ്കില്‍ ഡല്‍ഹിയില്‍ ഇരിക്കുന്നവരുടെ കീഴിലുള്ള അന്വേഷണസംഘങ്ങളുണ്ടല്ലോ, അവര്‍ ആ വഴി പോയെന്നിരിക്കാം. കൂട്ടമരങ്ങളുടെ ചരിത്രം സമകാലീന ഇന്ത്യക്ക് നന്നായി അറിയാവുന്നതാണല്ലോ...

Next Story

Related Stories