Top

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഉത്തരവാദികള്‍ നേഴ്സുമാരെങ്കില്‍ ഡോക്ടര്‍മാര്‍ക്കെന്താണ് പണി?

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഉത്തരവാദികള്‍ നേഴ്സുമാരെങ്കില്‍ ഡോക്ടര്‍മാര്‍ക്കെന്താണ് പണി?
തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ രണ്ട് നേഴ്സുമാരെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സംഭവസമയം ഡ്യൂട്ടിയിലുണ്ടായ സ്റ്റാഫ് നേഴ്സുമാരായ പി ഷിജിന, സി സിന്ധു എന്നിവരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രോഗിയുടെ മരണത്തിന് ഉത്തരവാദി നേഴ്സാണെങ്കില്‍ ഡോക്ടര്‍മാര്‍ക്കെന്താണ് പണി? അല്ലെങ്കില്‍ എന്തുകൊണ്ടാണ് രോഗിയെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെയും സംഭവസമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെയും നടപടിയെടുക്കാത്തത്? ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ മരിക്കാനിടയായതില്‍ നേഴ്സുമാര്‍ മാത്രമാണോ ഉത്തരവാദികള്‍?

ആര്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തം എന്നതിനെച്ചൊല്ലി നമുക്ക് കലഹിക്കാം. പരസ്പരം പഴിചാരാം. പക്ഷേ ആത്യന്തിക നഷ്ടം ആ കുടുംബത്തിന് മാത്രമാണ് എന്നത് മറന്നുകൂടാ. വിലപ്പെട്ട രണ്ട് ജീവനുകള്‍; ജനിക്കും മുമ്പേ കൊഴിഞ്ഞുപോയ ആ കുരുന്നു ജീവന്‍. നഷ്ടമായത് ഇനിയാര്‍ക്കും തിരിച്ചു നല്‍കാനാവില്ല എന്നതും വസ്തുതയായി അവശേഷിക്കുന്നു. അതുകൊണ്ട് ചോദ്യംചെയ്യാനോ ഉത്തരം തേടാനോ മാത്രമല്ല ഈ എഴുത്ത്. ഇത്തരം സംഭവങ്ങള്‍ ധാരാളം നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. ഇനിയും നടക്കാനിടയുണ്ട് എന്നതിനാലാണ്. ഈ മരണവും ഉയര്‍ത്തുന്ന അനേകം ചോദ്യങ്ങളുണ്ട്. അത് ആരോഗ്യരംഗത്ത് നിലവിലുള്ള പ്രവണതകള്‍ക്കെതിരയെുള്ള ചോദ്യങ്ങള്‍ കൂടിയാണ്. ഇതിനാണ് പ്രബുദ്ധകേരളം ഉത്തരം പറയേണ്ടത്. ഇവിടത്തെ ആരോഗ്യരംഗത്തെ വിദഗ്ധരും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉത്തരം പറയേണ്ടത്. നാമുള്‍പ്പടെയുള്ളവര്‍ ഉത്തരം നേടിയെടുക്കേണ്ടത്.

തലശേരി ജനറല്‍ ആശുപത്രിയില്‍ സംഭവിച്ചത് എന്തായിരുന്നുവെന്നതിന്റെ വിശകലനമാവട്ടെ ആദ്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം വട്ടിപ്രത്തെ മാണിക്കോത്ത് വയലില്‍ പി മനോജിന്റെ ഭാര്യ കെ വി രമ്യ (30) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശുവിനൊപ്പം മരിച്ചത്. ജനുവരി ആദ്യമായിരുന്നു ഡോക്ടര്‍ പ്രസവത്തിനുള്ള ഡേറ്റ് നല്‍കിയത്. രമ്യയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. കുറച്ച് ദിവസം മുമ്പ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രമ്യ ആശുപത്രിയില്‍ എത്തി. കുറച്ച് ദിവസം അഡ്മിറ്റായ ഇവര്‍ വീട്ടിലേക്ക് പോയി. വീണ്ടും രമ്യയെ 21-ന് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്കാണ് വേദന തോന്നുന്നുവെന്ന് പറഞ്ഞതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുദിവസം കഴിഞ്ഞ് ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാത്രി 9.30-ന് രമ്യയെ വ്യക്തമായ പ്രസവവേദനയെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. അന്ന് രാത്രി 7 മണിക്ക് തുടങ്ങുന്ന നൈറ്റ് ഷിഫ്റ്റില്‍ ലേബര്‍റൂമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് രണ്ട് നേഴ്സുമാരാണ്. ആ രാത്രി ഷിഫ്റ്റിലാവട്ടെ അവര്‍ ആകെ അറ്റന്‍ഡ് ചെയ്തത് മൂന്ന് സിസേറിയനുകള്‍ ഉള്‍പ്പടെ 11 കേസുകളും; അതവിടെ നില്‍ക്കട്ടെ, അവരുടെ ജോലിഭാരത്തിന്റെ കണക്കല്ലല്ലോ വേണ്ടത്.

http://www.azhimukham.com/keralam-nurses-doctors-strike-capitalism/

അന്ന് ആ രാത്രിയില്‍ നടന്ന മൊത്തം പ്രസവവാര്‍ഡ് വിവരങ്ങള്‍ നോക്കാം. അതിന്റെ വിവരം ഇങ്ങനെ. സാധാരണ പ്രസവം: 8, സിസേറിയന്‍: 3. (പ്രസവത്തിന് മൂന്ന് ഘട്ടങ്ങളായാണ് സാധാരണ വിലയിരുത്താറ്. അത് പ്രകാരം: പ്രസവത്തിന്റെ രണ്ടാംഘട്ട വേദനയോടെ കിടന്നിരുന്നവര്‍: 3, പ്രസവത്തിന്റെ ഒന്നാംഘട്ടത്തിലുണ്ടായിരുന്നവര്‍: 5) ഇതില്‍ ഒന്നാംഘട്ടത്തിലായിരുന്ന രമ്യ. അതുകൊണ്ടുതന്നെ രമ്യയെ മറ്റുള്ളവര്‍ക്കൊപ്പം വശത്തുള്ള ഒരു കട്ടിലില്‍ കിടത്തുകയായിരുന്നുവെന്ന് നഴ്സുമാര്‍ പറയുന്നു. ആവശ്യമുണ്ടെങ്കില്‍ വിളിക്കാനും ഏല്‍പ്പിച്ചിരുന്നു. അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ സിസേറിയനായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് പോയതോടെ ഡ്യൂട്ടിയില്‍ ഒരാള്‍ മാത്രമായി. അവരാണ് മറ്റുള്ളവരുടെ പ്രസവത്തിന് മേല്‍നോട്ടം വഹിച്ചതും സഹായങ്ങള്‍ ചെയ്തുകൊടുത്തതും. പുലര്‍ച്ചെ രണ്ടരയോടെ ചലനമറ്റ് ചരിഞ്ഞു കിടക്കുന്ന നിലയിലാണ് രമ്യയെ നഴ്സ് കാണുന്നത്. ഉടന്‍ രമ്യയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെങ്കിലും എന്താണ് സംഭവിച്ചതെന്ന നിഗമനത്തില്‍ രമ്യയെ പരിശോധിച്ച ഡോക്ടര്‍ക്ക് പോലും വ്യക്തമായില്ലെന്നതും ശ്രദ്ധേയമാണ്. സംഭവസമയത്ത് ഡ്യൂട്ടി ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ ഉണ്ടായിരുന്നു എന്നത് ആശുപത്രി രേഖകളില്‍ കാണാം. എന്നാല്‍ അവര്‍ പോലും രമ്യയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റിന്റെ സേവനം എന്തുകൊണ്ട് തേടിയില്ല എന്നതും ചോദ്യംചെയ്യപ്പെടേണ്ടതാണ്. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് സിസേറിയന്‍ ആവശ്യത്തിനുവേണ്ടി ജനറല്‍ ആശുപത്രിയില്‍ എത്തിയ ഗൈനക്കോളജിസ്റ്റുമാരില്‍ ഒരാള്‍ രാത്രി ഒരു മണിവരെ തീയേറ്ററില്‍ ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അയാള്‍ ലേബര്‍റൂമിലേക്ക് കടന്നുവന്നില്ല എന്നതാണ്. ലേബര്‍റൂമിലെ നഴ്സുമാര്‍ അയാളുടെ സേവനം ആവശ്യപ്പെട്ടിരുന്നുവത്രേ... എന്നിട്ടും അത് ഗൗനിക്കാതെ കടന്നുപോയ ഡോക്ടര്‍ക്കെതിരെ എന്തുകൊണ്ട് നടപടി വരുന്നില്ല എന്നതാണ് രമ്യയുടെ ബന്ധുക്കളും നാട്ടുകാരും ഒക്കെ ചോദിക്കുന്നത്.

http://www.azhimukham.com/kerala-nurses-strike-government-approach-hospitals-ina-health/

തലശേരി ജനറല്‍ ആശുപത്രിയില്‍ ആറ് ഗൈനക്കോളജിസ്റ്റുകള്‍ ജോലിചെയ്യുന്നുവെന്നിരിക്കെ ഇത്രയും പ്രസവം നടക്കുമ്പോള്‍ ഒരാള്‍പോലും ലേബര്‍ റൂമിലേക്ക് എത്താതിരുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരം തേടുന്നതോടൊപ്പം ഇതുംകൂടി നാം അറിയേണ്ടതുണ്ട്. സാധാരണ രോഗികളെപ്പോലെയല്ല ഗര്‍ഭിണികള്‍. അവര്‍ കൃത്യമായി മാസാമാസങ്ങളില്‍ ഡോക്ടറുടെ സേവനം തേടാറുണ്ട്. പലരും ഡോക്ടറുടെ വീടില്‍ കാത്തുകെട്ടിനിന്ന് അവരാവശ്യപ്പെടുന്ന ഫീസ് (കൈക്കൂലി തന്നെ) നല്‍കാറുമുണ്ട്. കൃത്യമായി പറഞ്ഞാല്‍ ചുരുങ്ങിയത് മൂന്നാം മാസം മുതല്‍ ഒമ്പതാം മാസംവരെ 2000 രൂപയെങ്കിലും പാരിതോഷികമായി നല്‍കുന്നു. സിസേറിയനാണെങ്കില്‍ തീയേറ്ററില്‍ കയറുംമുമ്പ് 5000, അതിനുശേഷം 5000 ഇങ്ങനെയാണ് നിരക്ക്. എന്നിട്ടും പ്രസവത്തിന് ആശുപത്രിയില്‍ എത്തിയാല്‍ ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ ഡ്യൂട്ടി ഡോക്ടറെ ഏല്‍പിച്ച് വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരും ഉണ്ട്. ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് ഒരു രൂപപോലും അധികം വാങ്ങുന്നില്ലെന്ന് ഉറപ്പിച്ചു പറയാവുന്ന നഴ്സുമാരെ ശിക്ഷിക്കുന്നതിലൂടെ ഈ ജനപക്ഷ സര്‍ക്കാര്‍ എന്ത് നീതിയാണ് പൊതുജനത്തിന് നല്‍കുന്നത്? ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്ന സന്ദേശമെന്താണ്?

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച് നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ... എവിടെപ്പോയി ആ ചര്‍ച്ചകള്‍... ചുരുങ്ങിയത് അറുപതിനായിരത്തിനുമേല്‍ മാസശമ്പളം വാങ്ങുന്നവരാണ് ഒരു സാധാരണ ഡോക്ടര്‍. സ്പെഷലിസ്റ്റ് ഡോക്ടറാണെങ്കില്‍ അത് അതിനും മേലെപ്പോകും. അലവന്‍സുകള്‍ വേറെയും. എന്നിട്ടും ഒപിയില്‍പോലും സമയാസമയം ഇരിക്കാതെ രാത്രി വൈകുവോളം വീട്ടില്‍ ഒരു സന്ദര്‍ശനത്തിന് 500ഉം 1000ഉം ഫീസുവാങ്ങുന്ന ഡോക്ടര്‍മാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? ഇതൊന്നും പോരാതെ മരുന്നുകമ്പനികളില്‍നിന്ന് ഇവര്‍ കിമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കൂടി ഇതോടൊപ്പം സര്‍ക്കാര്‍ കാണേണ്ടതല്ലേ? കാണണം... എങ്കിലേ രമ്യമാരെപ്പോലുള്ളവരുടെ ജീവനുകള്‍ ഇനിയും നഷ്ടപ്പെടാതിരിക്കു... ഷിജിനയെയും സിന്ധുവിനെയുംപോലുള്ള പാവം നഴ്സുമാര്‍ ബലിയാടാവാതിരിക്കു...

http://www.azhimukham.com/kerala-for-better-wages-nurses-go-on-strikes/

https://www.azhimukham.com/news-wrap-president-ramnathkovind-praises-kerala-nurses-sajukomban/

http://www.azhimukham.com/kerala-nurse-strike-better-salary-hospital-management-media-govt/

http://www.azhimukham.com/bank-recovery-nurse-ancy-john-sbt-chathannoor-branch/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(റെപ്രസന്‍റേഷന്‍ ഇമേജ്)

Next Story

Related Stories