TopTop

മോദിക്കും പിണറായിക്കുമുള്ള മറുപടിയുമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; യുഡിഎഫിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

മോദിക്കും പിണറായിക്കുമുള്ള മറുപടിയുമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; യുഡിഎഫിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
കേരളത്തില്‍ രണ്ടാഴ്ചക്കിടെ രണ്ട് തവണയെത്തി കോണ്‍ഗ്രസിനേയും ഇടതുപക്ഷത്തേയും കടന്നാക്രമിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയത്. സിപിഎമ്മിനേയും ഇടതുപക്ഷ സര്‍ക്കാരിനേയും ആക്രമിച്ചതിനുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിക്കഴിഞ്ഞു. ഇനി കോണ്‍ഗ്രസിന്റെ ഊഴമാണ്. മോദിക്കുള്ള മറുപടികളുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്. വൈകീട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വിവിധ യുഡിഎഫ് കക്ഷി നേതാക്കളെയും രാഹുല്‍ കാണും.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ് ഉള്ളതെന്ന് മോദി പരിഹസിച്ചിരുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടി വിധിയെ താന്‍ അനുകൂലിക്കുന്നതായും എന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിലപാടിലേയ്ക്ക് രാഹുല്‍ ഗാന്ധി മാറിയിരുന്നു. ശബരിമല വിഷയത്തിന് പുറമെ ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലും റാഫേല്‍ അടക്കമുള്ള അഴിതി ആരോപണങ്ങളും രാഹുലിന്റെ പ്രസംഗത്തില്‍ ഉണ്ടായേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായതും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് വന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ച് ദേശീയ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

അതേസമയം ദേശീയ തലത്തില്‍ അനൌദ്യോഗികമായി ഐക്യ പ്രതിപക്ഷത്തില്‍ പങ്കാളിയായ സി പി എമ്മിനെ രാഹുല്‍ എത്രത്തോളം വിമര്‍ശിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംഷയോടെ നോക്കുന്നത്. കേരളത്തില്‍ പോരാട്ടം സിപിഎമ്മുമായാണ് എന്നും ബിജെപി കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാണ് എന്നുമുള്ള പ്രചരണം ശക്തിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ആവശ്യമാണ്.

കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് നേടുക ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി നേരത്തെ പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യപ്പെടുന്നത്. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന സൂചന ശക്തമാണ്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാാല്‍ മത്സരിക്കുമെന്ന് ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിഎം സുധീരനേയും മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം താല്‍പര്യപ്പെടുന്നു. മത്സരിക്കാനില്ലെന്നാണ് സുധീരന്‍ പറയുന്നത്. എന്നാല്‍ ചാലക്കുടി അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Next Story

Related Stories