UPDATES

കേരളത്തിലെ പാരവെപ്പും ഗ്രൂപ്പുകളിയും ഒതുക്കാന്‍ രാഹുല്‍ ഓപ്പറേഷന്‍

വർക്കിംഗ് കമ്മിറ്റി പുനഃസംഘടന കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോൾ അറിയേണ്ടത് കേരളത്തിൽ ഒരു സ്ഥിരം കെ പി സി സി പ്രസിഡന്റ് ഉണ്ടാകുമോ അതോ താൽകാലിക പ്രസിഡന്റ് എം എം ഹസ്സൻ തന്നെ തുടരുമോ എന്നതാണ്

കെ എ ആന്റണി

കെ എ ആന്റണി

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായി അവരോധിക്കപ്പെട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ പുനസംഘടന അഥവാ പുതുക്കിപ്പണിയൽ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. കേരളത്തിൽ കോൺഗ്രസ് മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ ഇടയ്ക്കു പിണങ്ങി മാറി നിന്ന് മറ്റു പോക്കേടം ഒന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞു യു ഡി എഫ് കൂടാരം അണഞ്ഞ കേരള കോൺഗ്രസ്സിന്റെതോ പോലുള്ള വെറും ഒരു ആഡംബര സംവിധാനമല്ല കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അഥവാ പ്രവർത്തക സമിതി. പാർട്ടിയുടെ നയ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നു തന്നെയാണ് അത്. എന്നു കരുതി ആ സമിതിയുടെ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയും വെറും ഒരു നോക്കുകുത്തിയാക്കി നിറുത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. അതൊക്കെ പാർട്ടിയെ വല്ലാതെ ക്ഷീണിപ്പിക്കാൻ മാത്രമേ ഉതകിയിട്ടുള്ളുവെന്നും അത് ആത്യന്തികമായും ഗുണം ചെയ്തത് ആർ എസ് എസ് കോൺഗ്രസിന് ബദലായി ഉയർത്തിക്കൊണ്ടുവന്ന ബി ജെ പിക്കു മാത്രമാണെന്നും അറിയാത്ത ആളാവില്ല രാഹുൽ ഗാന്ധി എന്നു തല്ക്കാലം കരുതാം.

അല്ലെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ വെറും ഒരു അമുൽ ബേബിയായി കടന്നു വന്ന രാഹുൽ ഗാന്ധി കാലക്രമത്തിൽ വേണ്ട പക്വതയൊക്കെ കൈവരിച്ചിട്ടുണ്ടെന്നാണ് അടുത്തകാലത്ത് നടന്ന പല തിരഞ്ഞെടുപ്പിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ വ്യക്തമാക്കുന്നത്. ഗുജറാത്തും യു പിയും ഒന്നും പിടിച്ചെടുക്കാൻ ആയില്ലെങ്കിലും ആ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കും വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തിയത്. ഒടുവിൽ കോൺഗ്രസ് ഭരണം നടത്തിയിരുന്ന കർണാടകത്തിൽ യെദ്ദിയൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി വലിയ തേരോട്ടം നടത്തുകയും വലിയ ഒറ്റക്കക്ഷി ആയി മാറിയപ്പോഴും അവിടെ ജനതാദളുമായി ചേർന്ന് ഒരു ബി ജെ പി വിരുദ്ധ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞുവെന്നതും കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയ ശേഷം രാഹുൽ ഗാന്ധി കൈവരിച്ച വലിയ നേട്ടം തന്നെയാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് രാഹുൽ ഗാന്ധി കരുക്കൾ നീക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടനയും ഇതിന്റെ ഭാഗം തന്നെ. എന്നാൽ ഈ പുനഃസംഘടനയോട് തഴയപ്പെട്ടവരും പ്രത്യേക ക്ഷണിതാക്കൾ ആക്കി മാറ്റപ്പെട്ടവരും എങ്ങനെ പ്രതികരിക്കും എന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്. എങ്കിലും അത്ര വലിയ കോലാഹലങ്ങൾക്കു ഇടയില്ലെന്നും ഇനി അങ്ങിനെ ഒരേർപ്പാടിന് ആരെങ്കിലും മുതിർന്നാൽ തന്നെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.

ഈ പുനഃസംഘടനയിൽ കോൺഗ്രസ് കേരള ഘടകത്തിനും ഉണ്ടായി ചില്ലറ നേട്ടങ്ങൾ. കേരളത്തിൽ നിന്നും എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, പി സി ചാക്കോ എന്നിവർ വർക്കിംഗ് കമ്മിറ്റിയിൽ ഇടം നേടി. ഇതിൽ പി സി ചാക്കോ ഡൽഹിയുടെ ചുമതലയുള്ള എ ഐ സി സി ഭാരവാഹി എന്ന നിലയിൽ സ്ഥിരം ക്ഷണിതാവായാണ് കമ്മിറ്റിയിൽ എത്തിയിരിക്കുന്നതെങ്കിലും ഇത് ആദ്യമായാണ് കേരളത്തിൽ നിന്നും ഇത്രയുമധികം പേർ വർക്കിംഗ് കമ്മിറ്റിയിൽ എത്തിച്ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.

രാഹുലിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ ആന്റണി ഒരു അവിഭാജ്യ ഘടകം തന്നെയാണ്. കേരളത്തിലെ ഗ്രൂപ്പ് പോരിന് വീര്യം പകരുന്നവരിൽ പ്രമുഖനായ ഉമ്മൻ ചാണ്ടിയെ ആദ്യം ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ആക്കിയപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ മനസ്സിലിരുപ്പ് ഏതാണ്ട് വ്യക്തമായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ വർക്കിംഗ് കമ്മിറ്റിയിൽ കൂടി ഉൾപ്പെടുത്തുക വഴി ഉമ്മൻ ചാണ്ടിയെ ദേശീയ തലത്തിൽ തന്നെ പാർട്ടിയെ നയിക്കാൻ ബാധ്യസ്ഥനായ ഒരു നേതാവാണ് അദ്ദേഹം എന്നു ബോധ്യപ്പെടുത്തുകൂടി ചെയ്തിരിക്കുന്നു. കെ സി വേണുഗോപാലിന്റെ കാര്യത്തിലും ഏതാണ്ട് ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിന് ബദൽ ഗ്രൂപ് ഉണ്ടാക്കിയ വേണുഗോപാലിനെയാണ് ഉമ്മൻചാണ്ടിക്കും മുൻപേ എ ഐ സി സി ജനറൽ സെക്രട്ടറി ആക്കിയതും കർണാടകത്തിന്റെ ചുമതല നൽകിയതും എന്നുകൂടി ഓർക്കേണ്ടതുണ്ട്. വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള വേണുഗോപാലിന്റെ ഉയർത്തപ്പെടലിനെ യുവത്വത്തിന് രാഹുലിന്റെ കോൺഗ്രസിൽ ലഭിക്കുന്ന അംഗീകാരം ആയി കാണുമ്പോഴും കേരളത്തിലെ പാരവെപ്പും ഗ്രൂപ്പുകളിയും ഇനി വേണ്ട എന്ന മുന്നറിയിപ്പുകൂടി ഇല്ലേ എന്നും സംശയിക്കേണ്ടതായുണ്ട്.

വർക്കിംഗ് കമ്മിറ്റി പുനഃസംഘടന കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോൾ അറിയേണ്ട രണ്ടു കാര്യങ്ങളിൽ ഒന്ന്‌ കേരളത്തിൽ ഒരു സ്ഥിരം കെ പി സി സി പ്രസിഡന്റ് ഉണ്ടാകുമോ അതോ താൽകാലിക പ്രസിഡന്റ് എം എം ഹസ്സൻ തന്നെ തുടരുമോ എന്നതും രണ്ടാമത്തേത് കേരളത്തിൽ ഉടനെയെങ്ങാനും സംഘടന തിരഞ്ഞെടുപ്പ് നടക്കുമോ എന്നതുമാണ്. കെ പി സി സി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് ഉടനെയൊന്നും നടക്കില്ല. ഒരുപക്ഷെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അതേക്കുറിച്ചു ആലോചിച്ചേക്കാം. എന്തായാലും അതിനു മുൻപ് സ്വന്തം പാർട്ടിക്കാർ തമ്മിൽ ഒരു തെരുവ് യുദ്ധം രാഹുൽ ഗാന്ധിയും ആഗ്രഹിന്നുണ്ടാവാൻ ഒട്ടും ഇടയില്ല എന്നു തന്നെയാണ് കോൺഗ്രസ് ഡൽഹി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍