UPDATES

പ്രളയം 2019

മഴയുടെ ശക്തി കുറയുന്നു; അച്ചൻകോവിലാറും പമ്പാനദിയും നിറയുന്നു; മഴക്കെടുതിയിൽ ഇതുവരെ മരണം 104

കേരളതീരത്തിനടുത്തുണ്ടായിരുന്ന വലിയ മേഘാവരണത്തിൽ കുറവ് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കൊച്ചി ശാസ്ത സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) കാലാവസ്ഥാ നിരീക്ഷണ വിഭാഗം. എന്നാൽ അടുത്ത 48 മണിക്കൂർ കൂടി സംസ്ഥാനത്ത് കാലവർഷം സജീവമായിത്തന്നെ തുടരും. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതാണ് മഴയുടെ ശക്തി കുറയ്ക്കുക. ഉത്തരേന്ത്യയുടെ മുകളിലുള്ള ന്യൂനമർദ്ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇത് കേരളത്തിൽ മഴയുടെ തീവ്രത കുറയ്ക്കും. അതെസമയം മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി.

കേരളതീരത്തിനടുത്തുണ്ടായിരുന്ന വലിയ മേഘാവരണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത് പടിഞ്ഞാറു ഭാഗത്തേക്ക് നിങ്ങിയിരിക്കുകയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴകളോ വ്യാപകമായ ചെറുമഴകളോ പെയ്യാനാണ് സാധ്യത. വൈകുന്നേരത്തോടെ കാലാവസ്ഥ തെളിഞ്ഞു തുടങ്ങും.

മഴ നാളെത്തൊട്ട് കുറഞ്ഞു തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കേരളാ വെതറും പ്രവചിക്കുന്നുണ്ട്.

പുതിയ കണക്കനുസരിച്ച് കേരളത്തിൽ 0.3 ശതമാനം അധികമഴ ഇത്തവണ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയാണ് നേരത്തെ നെഗറ്റീവായിരുന്ന മഴയുടെ തോത് ഉയർത്തിയത്.

അച്ചൻകേവിലാറും പമ്പാനദിയും നിറയുന്നു

അച്ചൻ കോവിലാർ, പമ്പാനദി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതെത്തുടർന്ന് ചെങ്ങന്നൂരിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ഇന്ന് യോഗം ചേർന്നു.

മലപ്പുറം കവളപ്പാറയിൽനിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഏഴായി, മരണസംഖ്യ 30. ഇനി 29 പേരെക്കൂടി കണ്ടെത്താനുണ്ട്. വേലിക്കരയിൽ കൂട്ടുകാർക്കൊപ്പം ദുരിതാശ്വാസ ക്യാപുകൾ സന്ദർശിച്ചു മടങ്ങിയ വിദ്യാർഥികളിലൊരാൾ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുറത്തികാട് കാഞ്ഞിക്കൽ പടീറ്റതിൽ റെജി സാമുവേലിന്റെ മകൻ റോഷൻ സാം റെജി (17) ആണ് മരിച്ചത്. കേരള സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍