TopTop
Begin typing your search above and press return to search.

നന്തന്‍കോട് കൂട്ടക്കൊല: കുടുംബത്തിലെ നാലു പേരെയും ഇല്ലാതാക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ത്?

നന്തന്‍കോട് കൂട്ടക്കൊല: കുടുംബത്തിലെ നാലു പേരെയും ഇല്ലാതാക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ത്?

ശനിയാഴ്ച രാത്രി 11 മണി. മുഖ്യന്ത്രിയുടെ ഔദ്യോഗിക ഭവനത്തിന് സമീപമുള്ള ഡോക്ടര്‍ ജീന്‍ പത്മയുടെ വീട്ടില്‍ തീ പിടിച്ചെന്ന് വാര്‍ത്ത പരന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിസര വാസികള്‍ പഞ്ഞടുത്തു. ശക്തമായ തീയും പുകയും പൊട്ടിത്തെറിയും കേട്ടാണ് അയല്‍വാസികള്‍ അറിയുന്നത്. ഫയര്‍ഫോഴ്സിനെ ബന്ധപ്പെട്ടെങ്കിലും ഒടുവില്‍ മ്യൂസിയം പോലീസില്‍ വിവരമറിയിച്ചാണ് ഫയര്‍ഫോഴ്സ് എത്തുന്നത്.

ഫയര്‍ ഫോഴ്സ് എത്തുമ്പോള്‍ സിറ്റൌട്ടില്‍ തീ പടരുകയായിരുന്നു. 45 മിനുട്ടോളം പരിശ്രമിച്ചതിന് ശേഷമാണ് തീ കെടുത്താന്‍ സാധിച്ചത്. സോഫയും ബെഡും ഒക്കെ കത്തിയത് കൊണ്ട് പുക മൂടിയത് കാരണം അകത്ത് ഒന്നും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അകത്തു ആളുകള്‍ ഉണ്ടോ എന്നും തുടക്കത്തില്‍ മനസിലായില്ല. പിന്നീട് അകത്തെ മുറിയില്‍ അലമാര കത്തുന്നത് കണ്ട് തീ അണക്കാന്‍ പോയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ പിടുത്തത്തില്‍ മരിച്ചതായിരിക്കാം എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടര്‍ പദ്മയുടെയും ബന്ധു ലളിതയുടെയും മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞതായി കണ്ടതാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പോലീസ് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ വെട്ടി മുറിച്ചതായി കണ്ടെത്തിയതോടെ കൂട്ടക്കൊല സ്ഥീരീകരിക്കുകയായിരുന്നു.

കൂട്ടക്കൊല നടത്തിയിരിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജരങ്കത്തിന്റെയും ഡോക്ടര്‍ പത്മയുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് മകന്‍ കേദല്‍ ജിന്‍സന്‍ രാജിന്റെ രൂപത്തിലുള്ള ഡമ്മി, പാതി കത്തിയ നിലയില്‍ കണ്ടെത്തിയതാണ് ആസൂത്രണത്തിന്റെ സാധ്യതയിലേക്ക് വെളിച്ചം വീശിയത്. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവകൊണ്ട് ഉണ്ടാക്കിയ മനുഷ്യ രൂപമായിരുന്നു കിട്ടിയത്. വീടിന് തീ കൊടുത്ത് മുഴുവന്‍ പേരും വെന്തു മരിച്ചു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ഡമ്മി കത്തിച്ചത് എന്നാണ് നിഗമനം. സംഭവത്തിന് ശേഷം മകനായ കേദല്‍ അപ്രത്യക്ഷനായത് കൊണ്ട് തന്നെ കൊലപാതകം നടത്തിയത് അയാളാണ് എന്ന നിഗമനത്തിലാണ് പോലീസ്.

അമേരിക്കയില്‍ നിന്ന് വന്ന സുഹൃത്തുക്കളോടൊപ്പം എല്ലാവരും ഊട്ടിയിലേക്ക് പോകുന്നത് കൊണ്ട് വീട്ടു ജോലിക്കാരിയോട് കുറച്ചു ദിവസത്തേക്കു വരേണ്ട എന്നു പറഞ്ഞത് കേദലായിരുന്നു. ഇതേ തുടര്‍ന്ന് തൊട്ടടുത്തു തന്നെ താമസിക്കുന്ന ഡോക്ടറുടെ സഹോദരന്‍ ജോസിന്റെ വീട്ടില്‍ ഇവര്‍ ഭക്ഷണം ഉണ്ടാക്കാന്‍ ചെന്നിരുന്നു. വീട്ടില്‍ ആരുമില്ല എന്ന കാര്യം കേദല്‍ അയല്‍വാസികളോടും പറഞ്ഞിരുന്നു.

അവിവാഹിതനായ ജോസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി തന്റെ വീട്ടുവളപ്പില്‍ ആരോ കയറിയതായി തോന്നിയിരുന്നതായി അയാള്‍ പോലീസിനോട് പറഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായത്തിനാല്‍ ജോസ് പുറത്തേക്ക് അധികം വരാറില്ലായിരുന്നു.

കേദലിന് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ സംഭവത്തിന് ശേഷം പുലര്‍ച്ചെ രണ്ട് മണിക്ക് തമ്പാനൂര്‍ എത്തിയിട്ടിട്ടുണ്ട് എന്നു മനസിലായി. എന്നാല്‍ അവിടെ നിന്നു എങ്ങോട്ട് പോയി എന്നു വ്യക്തമല്ല. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് മഴു, മൂന്ന് വെട്ടുകത്തി എന്നിവ സംഭവ സ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏഴു മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും കംപ്യൂട്ടറും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേദല്‍ ആദ്യം എംബിബിഎസ് പഠിക്കാന്‍ ചേരുകയും അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് മേഖലയില്‍ പഠനം നടത്തിയ ഇയാള്‍ ഗെയിം സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ആയി കഴിവ് തെളിയിച്ചിട്ടുണ്ട്. കേദല്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സെര്‍ച്ച് എഞ്ചിന് ആസ്ട്രേലിയയില്‍ നിന്നും പേറ്റന്‍റും കിട്ടിയിട്ടുണ്ട്. ആ വകയില്‍ നല്ല റോയല്‍റ്റി പണവും ഇയാള്‍ കൈപ്പറ്റുന്നുണ്ട് എന്നു വീടുമായി അടുത്ത ബന്ധമുള്ള ചിലര്‍ പറയുന്നു.

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊല്ലാന്‍ കേദലിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം എന്ന കാര്യത്തില്‍ ഒരു നിഗമനത്തില്‍ എത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. പൊതുവേ ആളുകളോട് അധികം ബന്ധം പുലര്‍ത്താത്ത ആളായതുകൊണ്ടു തന്നെ അയല്‍വാസികള്‍ക്കൊ നാട്ടുകാര്‍ക്കോ കൂടുതലെന്തെങ്കിലും ഇയാളെ കുറിച്ച് അറിയില്ല എന്നതാണു പോലീസിനെ കുഴക്കുന്നത്.


Next Story

Related Stories