TopTop

പ്രളയ പുനർനിർമാണത്തിന് കൂടുതൽ പണം കണ്ടെത്താൻ ലോക സാമ്പത്തിക ഏജൻസികളുടെ വികസന സംഗമം 15ന്

പ്രളയ പുനർനിർമാണത്തിന് കൂടുതൽ പണം കണ്ടെത്താൻ ലോക സാമ്പത്തിക ഏജൻസികളുടെ വികസന സംഗമം 15ന്
സംസ്ഥാനം നേരിട്ട മഹാപ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കണ്ടെത്താൻ ഡവലപ്മെന്റ് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ സംസ്ഥാനത്തിന് ഈയാവശ്യത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ കേരളം മുന്നിൽക്കാണുന്ന തരത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് മതിയാകില്ല. തകര്‍ന്നവ അതേപടി നിർമിക്കുക എന്നതല്ല സംസ്ഥാനം ലക്ഷ്യമിടുന്നത്. കൂടുതൽ മികവുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെക്കൂടി സഹായിക്കാൻ പര്യാപ്തമായ വിധത്തിലാകണം ഇത്. രാജ്യാന്തര തലത്തിൽ നിന്ന് കൂടുതല്‍ സഹായങ്ങൾ ലഭിച്ചാൽ മാത്രമേ പുനർനിർമാണം സാധ്യമാവുകയുള്ളൂ. അതിനാണ് ഡവലപ്‌മെന്റ്‌ കോൺക്ലേവ്‌ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരത്ത് ജൂലൈ 15നാണ് സംഗമം നടക്കുക.

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള ആഘാതങ്ങളെ ചെറുക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങളാണ് സർക്കാർ തുടങ്ങി വെച്ചിട്ടുള്ളത്. പൂർണ തോതിലുള്ള ദുരന്തസാധ്യതാ പ്രതിരോധ സംവിധാനം, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായ ആഘാതത്തിന്റെ ലഘൂകരണം, ഇതിലുൾപ്പെടുന്ന സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ, ഓപ്പൺ ഡാറ്റാ സംവിധാനം എന്നീ നാല് അടിസ്ഥാന ശിലകളിലൂന്നിയാണ് സർക്കാരിന്റെ പദ്ധതി മുന്നേറുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംയോജിത ജലവിഭവ മാനേജ്മെന്റ്, ഗ്രാമനങ്ങളിലെയും നഗരങ്ങളിലെയും റോഡുകളും പാലങ്ങളും, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, അതിജീവനക്ഷമതയുള്ള ഉപജീവന മാർഗങ്ങൾ എന്നിവയെല്ലാം പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

ഇത് സാക്ഷാത്കരിക്കാൻ വിവിധ ഏജൻസികളിൽ നിന്നുള്ള വലിയ തുകയുണ്ട്. അത് വരുന്ന പത്തു വർഷത്തിനുള്ള ചെലവഴിക്കേണ്ടതായി വരും. സംസ്ഥാനത്തിന്റെ ഈ വികസന രൂപരേഖയെ മുൻനിർത്തി രാജ്യാന്തര വികസന പങ്കാളികളുമായി ചേർന്ന് പുനർനിർമാണ പ്രക്രിയ മുമ്പോട്ടു നീക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ലോകബാങ്കുമായും ചർച്ച നടന്നു. പുനർനിർമാണത്തിനായി വികസന വായ്പ നൽകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. 1726 കോടിയുടെ സഹായം ലഭ്യമാക്കാമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ റോഡുവികസനം, ജലവിതരണം തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കേണ്ടത്. ജർമൻ സർക്കാരിന്റെ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായവും ലഭിക്കും. ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പുനർനിർമിക്കേണ്ട ആസ്തികളുടെയും കണക്കിലെടുക്കുമ്പോൾ പുനർ നിർമ്മാണ പദ്ധതി പ്രാവർത്തികമാക്കാൻ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം പോരാ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ കാഴ്ചപ്പാടോടെയാണ് ഡവലപ്മെന്റ് പാർട്ണേഴ്സ് കോൺക്ലേവ് നടത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതിൽ ലോകത്തിലെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കും. ലോക ബാങ്ക്, ഡെവലപ്മെൻറ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാൻ ഏജൻസിയായ ജെയ്‌ക, ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻറർനാഷണൽ ഡെവലപ്മെൻറ്, ഡെവലപ്മെൻറ് ഏജൻസി തുടങ്ങിയവ കോൺക്ലേവിൽ പങ്കെടുക്കും.

Next Story

Related Stories