TopTop
Begin typing your search above and press return to search.

പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത ഒരു ഗ്രാമത്തെ റെഡ് ക്രോസ് ഏറ്റെടുക്കുമ്പോള്‍

പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത ഒരു ഗ്രാമത്തെ റെഡ് ക്രോസ് ഏറ്റെടുക്കുമ്പോള്‍
'1998-ല്‍ ഉണ്ടായ ഉരുള്‍ പൊട്ടലിന്റ ഭീതി ഇതുവരെ മാറിയിട്ടില്ല. ആ ഞെട്ടലില്‍ നിന്ന് ഞങ്ങള്‍ മുക്തി നേടിയിട്ടില്ല. ഒരു കുടുംബത്തിലെ 11 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. അന്ന് നല്ല ആശുപത്രികള്‍ ഒന്നും അടുത്തില്ല. പ്രാഥമിക ശുശ്രൂഷയെങ്കിലും നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതില്‍ പലരെയും രക്ഷപെടുത്താമായിരുന്നു' പറയുന്നത് വയനാട് പടിഞ്ഞാറത്തറ കുറ്റിയാംവയലിലെ മോന്‍സ് കുട്ടിയാണ്. 1998ല്‍ പടിഞ്ഞാറത്തറ ബാണാസുര ഡാമിന്റെ പരിസര പ്രദേശങ്ങളായ കുറ്റിയാംവയല്‍-കാപ്പിക്കളം മേഖലകളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെക്കുറിച്ച് ഇന്നാട്ടുകാരനായ മോന്‍സ് കുട്ടി വിവരിച്ചത് ഇങ്ങനെയാണ്.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15-ആം വാര്‍ഡായ കുറ്റിയാംവയല്‍-കാപ്പിക്കളം പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശാന്തിനി ഷാജി പറയുന്നു - 'ഡാം പരിസരമായതിനാല്‍ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഒരുപാട് പേരെ മരണം കൊണ്ടുപോയി. ഒരു മാസം മുന്‍പ് വരെ ഇവിടെ ഒരാള്‍ മരത്തില്‍ നിന്ന് വീണു മരിച്ചു. ആശു പത്രിയില്‍ എത്തും മുന്‍പേ അദ്ദേഹം മരിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം രക്ഷപെടുമായിരുന്നു.' ഇത്തരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ ഈ ഗ്രാമ പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പുതിയ പദ്ധതിയുമായി കടന്നു വരികയാണ്.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15-ആം വാര്‍ഡായ കുറ്റിയാംവയല്‍-കാപ്പിക്കളം പ്രദേശത്തെ 350 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 1500 പേര്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്ത്യയിലെ ആദ്യ റെഡ് ക്രോസ് ഗ്രാമമാവുകയാണ് ലക്ഷ്യം.

'ഈ ഗ്രാമത്തിന്റ നന്‍മയ്ക്ക് വേണ്ടി ഞങ്ങള്‍ കൈ കോര്‍ത്തു കഴിഞ്ഞു. ലക്ഷ്യം നേടും വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. വലിയ നന്‍മയാണ് ഞങ്ങള്‍ ഇതു വഴി കാണുന്നത്.' എന്ന് കാപ്പിക്കളത്തെ യുവാവായ സജീഷ്.ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന്റ ഭാഗമായി പദ്ധതി ഉദ്ഘാടനം കഴിഞ്ഞു. അപകടങ്ങള്‍ സംഭവിച്ചാല്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ ഭാഗമായി ഈ ഗ്രാമ പ്രദേശത്ത് പ്രാഥമിക ശുശ്രൂഷ ഏറെ അനിവാര്യമാണെന്ന് ജില്ലയിലെ റെഡ് ക്രോസ് ബ്രാഞ്ചും കണ്ടെത്തിയിരുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ സഹായവും ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും പ്രോത്സാഹനവും പദ്ധതിക്കുണ്ട്. പ്രദേശത്തെ നൂറിലധികം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്കും പദ്ധതി ഏറെ സഹായകരമാകും.

'കുറ്റിയാംവയല്‍-കാപ്പിക്കളം മേഖലകള്‍ റെഡ്‌ക്രോസ് ഗ്രാമമാകുന്നതോടെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ് പകരുക വഴി ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തിയും ജനസേവനവുമായിരിക്കും അത്. റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിന്ദനമര്‍ഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ പിന്തുണയും പദ്ധതിക്ക് ഒപ്പമുണ്ട് ' എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പറയുന്നു.

പ്രദേശങ്ങളില്‍ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഞങ്ങള്‍ നടത്തിയ എല്ലാ ക്യാംപെയിനുകളും വന്‍ വിജയമായിരുന്നു. ഈ പ്രദേശത്ത് തിരഞ്ഞെടുക്കപ്പെട്ട 32 റെഡ് ക്രോസ് മെമ്പര്‍മാരുടെ ശ്രമം വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. ഈ പ്രദേശങ്ങളില്‍ പൊതുവെ യുവാക്കള്‍ക്കും യുവതികള്‍ക്കുമൊക്കെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താത്പ്പര്യം ഉള്ളവരാണ്. അതും പദ്ധതിക്ക് കൂടുതല്‍ സഹായകരമായി മാറുന്നുണ്ട്' എന്ന് പദ്ധതി ജനകീയ കമ്മറ്റി സെക്രട്ടറി കമല്‍ ജോസഫ് പ്രതികരിച്ചു.

പടിഞ്ഞാറത്തറ വാര്‍ഡ് പ്രസിഡന്റ് പി.ജെ സജേഷും കുറ്റിയാംവയല്‍-കാപ്പിക്കളം വാര്‍ഡ് മെമ്പറും പദ്ധതിയുടെ ജനകീയ കമ്മിറ്റി കന്‍വീനറുമായ ശാന്തിനി ഷാജിയും കഠിന പ്രവര്‍ത്തനമാണ് നടത്തുന്നത്. വലിയ വാര്‍ഡായതിനാല്‍ ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പരിശീലനം നല്‍കനുള്ള ആലോചനയാണ് ഇപ്പോഴുള്ളത്.

'100 ശതമാനം ഫലം പദ്ധതിയില്‍ നിന്ന് പ്രതീഷിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും പ്രഥമ ശുശ്രൂഷ കൈവരിക്കണമെന്നാണ് ആഗ്രഹം. പലര്‍ക്കും ഇതില്‍ കൃത്യമായ അറിവില്ലാത്തവരാണ്. പ്രഥമ ശുശ്രൂഷയില്‍ ഉള്ള നമ്മുടെ അറിവു കുറവ് കാരണം മറ്റൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ദയനീയമായമാണ്. ആ അവസ്ഥ മാറേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടു പോകും' എന്ന് റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് വാത്തുപറമ്പില്‍ പറഞ്ഞു.ഒപ്പം രക്തദാന സൊസൈറ്റി രൂപീകരിച്ച് അതില്‍ ആരോഗ്യമുള്ളവരെ അംഗങ്ങളാക്കല്‍, പാതയോരങ്ങളില്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുകയും അതു വഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍, പ്രദേശത്തെ ശുചിത്വ ഗ്രാമമായി മാറ്റുക, എല്ലാ വീടുകളിലും ജൈവ പച്ചക്കറി തോട്ടം നിര്‍മ്മാണം പ്രചരിപ്പിക്കുക, ക്ഷയരോഗ വിമുക്ത ഗ്രാമമാക്കുക, ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാംപുകള്‍ സംഘടിപ്പിക്കുക, കുട്ടികളെയും യുവാക്കളെയും മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുക, ജില്ലയിലെ വിനോദ സഞ്ചാര വകുപ്പിന്റ സഹകരണത്തോടെ വീടുകള്‍ തോറും ഹോം സ്റ്റേ പ്രോത്സാഹിപ്പിക്കല്‍, മികച്ച വായനശാലയെ ഗ്രാമത്തില്‍ വളര്‍ത്തിയെടുക്കുക, ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ ഈ പ്രദേശങ്ങളെ അപകടരഹിത മേഖലയാക്കല്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ഹോമിയോ, അലോപ്പതി, ആയുര്‍വേദ ക്യാപുകള്‍ എന്നിവ മികച്ച രീതിയില്‍ സംഘടിപ്പിക്കുക എന്നിവയെല്ലാം റെഡ്‌ക്രോസ് കുറ്റിയാംവയല്‍-കാപ്പിക്കളം മേഖലകളില്‍ ലക്ഷ്യം വെക്കുന്നുണ്ട്.

റെഡ്‌ക്രോസ് ജില്ലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. തടയണ നിര്‍മ്മാണം, അതിര്‍ത്തി ഗ്രാമങ്ങളില്‍ ഗ്രീന്‍ ബെല്‍റ്റ് തുടങ്ങിയ ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വിജയമായിരുന്നു. അതില്‍ കൂടുതല്‍ പ്രാധാന്യം റെഡ്‌ക്രോസ് ഗ്രാമമെന്ന ഈ ലക്ഷ്യത്തിന് നല്‍കുന്നുണ്ട്. നൂറു ശതമാനം വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് റെഡ്‌ക്രോസ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ചെയര്‍മാനായ മത്തായി ആതിര പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ റെഡ്‌ക്രോസ് ജില്ലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
'ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിനാവശ്യം. പ്രത്യേകിച്ച് വയനാട് പോലുള്ള ജില്ലകളില്‍ അത് ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്. സേവന മനോഭാവത്തോടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പിന്തുണ ലഭിക്കേണ്ടതുണ്ട്. കേരള സംസ്ഥാന റെഡ്‌ക്രോസ് സൊസൈറ്റിയുടെ മുഴുവന്‍ പിന്തുണയും വയനാട് റെഡ്‌ക്രോസ് സൊസൈറ്റിക്ക് ഒപ്പമുണ്ട്.' എന്ന് റെഡ്‌ക്രോസ് സംസ്ഥാന കമ്മറ്റി അംഗം ഫാദര്‍ മത്തായി അതിരമ്പുഴ പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും നടപ്പിലാക്കുന്നതിനാണ് ശ്രമം നടക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിപുലമായ ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Next Story

Related Stories