Top

'ഞങ്ങള്‍ക്കുള്ളതെല്ലാം പിടിച്ചുപറിക്കുന്ന ഇതേ നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്, ഇതാണ് ഞങ്ങള്‍ കാടു വിട്ടു വരാത്തതും'

"ഞങ്ങളാണ് ഈ നാട്ടുകാരെ വളര്‍ത്തിയത്. കഷ്ടപ്പെട്ട് അധ്വാനിച്ച് കൊണ്ടു വരുന്ന തുകയെല്ലാം ഇവര്‍ പലപ്പോഴായി പറ്റിച്ചും പിടിച്ചു പറിച്ചുമെടുത്തു. അട്ടപ്പാടിയില്‍ 90 ശതമാനവും ഞങ്ങളായിരുന്നു. ഇപ്പോൾ ഞങ്ങള്‍ 34 ശതമാനത്തോളമായി. അധ്വാനിച്ച് കഷ്ടപ്പെട്ട് കൃഷി ചെയ്തും മറ്റ് തൊഴിലെടുത്തു ഉണ്ടാക്കുന്നവയെല്ലാം മുക്കാലിയിലെ കച്ചവടക്കാര്‍ക്കാണ് കൊടുക്കുന്നത്, ചില സാധനങ്ങൾ കച്ചവടക്കാരിൽ നിന്ന് വാങ്ങുകയും ചെയ്യും. ഞങ്ങളുടെ കാശിനാണ് ഇവര്‍ ഇവിടെ ആളായത്. കച്ചവടക്കാരെക്കാള്‍ കഷ്ടമാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍. ഊരില്‍ നിന്ന് മുക്കാലിയില്‍ വരാന്‍ ആളൊന്നിന് നൂറുരൂപ കൊടുക്കണം. പോരാത്തതിന് മദ്യവും. കണ്ണില്‍ ചോരയുണ്ടെങ്കില്‍ ഞങ്ങളോടിങ്ങനെ ചെയ്യുമോ? ഇതാണ് ഞങ്ങള്‍ കാട് വിട്ട് വരാത്തത്",
 നാട്ടുകാരുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുറുമ്പ സമുദായത്തില്‍പ്പെട്ട മധുവിന്റെ അമ്മാവന്‍ ഹരിദാസ് അഴിമുഖത്തോട് പറഞ്ഞു.

"ഞങ്ങള്‍ക്കു ശേഷം വന്നവര്‍ക്ക് പട്ടയമായി, സ്വന്തമായി ഭൂമിയായി, വരുമാനമായി. ഇവര്‍ക്കു മുമ്പെ വന്ന ഞങ്ങള്‍ക്കോ പട്ടിണിയും കഷ്ടപ്പാടും രോഗങ്ങളും. മധുവിന് മാനസിക രോഗമാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തിനാണ് അവനെ കാട്ടിനുള്ളില്‍ അവന്‍ താമസിക്കുന്ന ഗുഹയില്‍ ചെന്ന് മര്‍ദ്ദിച്ച് കൊന്നുകളഞ്ഞത്? നാട്ടുകാര്‍ പറയുന്നത് അവന്‍ കള്ളനാണെന്നാണ്, ശരിയാണ് എന്നാല്‍ ഇന്നേ വരെ അവന്‍ കാശ് മോഷ്ടിച്ചിട്ടില്ല. പത്ത് വര്‍ഷത്തിലേറെയായി കാട്ടിലാണ് മധു താമസിച്ചിരുന്നത്. വീട്ടിലേക്ക് ചെല്ലാറില്ല. കാട്ടിലെ ഭക്ഷണമാണ് അവന്‍ കഴിക്കാറ്. പട്ടിണി മൂക്കുമ്പോഴാണ് കാടിറങ്ങി വരുന്നത്. ആദിവാസികളുടെ പണം കൊണ്ടല്ലേ മുക്കാലിയിലെ കച്ചവടക്കാര്‍ ആളായത്? എന്തിനായിരുന്നു ഈ ക്രൂരത?"
ഹരിദാസ് പറഞ്ഞു.

അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആള്‍കൂട്ടത്തിന്റെ ക്രൂരതയ്ക്കിരയായ മധുവിന്റെ കഥയന്വേഷിച്ചെത്തിയ ഞങ്ങള്‍ കണ്ടത്, ഇതുവരെ അട്ടപ്പാടി കാണാത്ത ആദിവാസി സമുദായങ്ങളുടെ ഒത്തൊരുമയും വംശീയാതയുടെ പേരില്‍ തങ്ങളെ മാറ്റി നിര്‍ത്തുന്നവര്‍ക്കെതിരെയുള്ള ആളിക്കത്തുന്ന പ്രതിഷേധവുമായിരുന്നു. പോഷക കുറവ് മൂലം ആദിവാസി ഊരുകളില്‍ ഉണ്ടായ വര്‍ധിച്ച ശിശുമരണ നിരക്ക്, മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വഞ്ചന, വംശീയമായി നിരന്തരം മാറ്റി നിര്‍ത്തുന്ന സമൂഹം. അതെ, കാലാകാലങ്ങളായി ഇവര്‍ സഹിച്ച അവഗണനയ്ക്കും യാതനകള്‍ക്കും എതിരെ മുന്‍പെങ്ങും ഒരേമനസോടെ ഇവര്‍ ഒത്തുചേര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ ഇവര്‍ വന്‍ശക്തിയോടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. അട്ടപ്പാടി വനമേഖലയിലെ 192 ഊരുകളില്‍ നിന്നുള്ള മൂന്ന് സമുദായങ്ങളായ ഇരുള, കുറുമ്പ, മുടുക, ഇവര്‍ ഉറച്ച ശബ്ദത്തോടെ, ഓത്തൊരുമയോടെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു... വര്‍ഷങ്ങളായി അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ പ്രതിഷേധമായിരുന്നു അത്.

മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ആദിവാസി സമൂഹത്തിന് ചോദിക്കാനുള്ളത്

ആരാണ് ഈ ഗുണ്ടകള്‍ക്ക്, നാട്ടുകാര്‍ക്ക് കാട്ടില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തത് ? വനംവകുപ്പിന്റെ അനുവാദമില്ലാതെ ആര്‍ക്കും മധു താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിക്കില്ല. ഞങ്ങള്‍ക്കറിയാം കാട്ടിലെന്താ നടക്കുന്നതെന്ന്? മധുവിന് നന്നായി അറിയാം. വനംവകുപ്പിലെ ഡ്രൈവര്‍ വിനോദ് എന്ന ആള്‍ക്കെതിരെയാണ് ആദിവാസി സമൂഹം ആരോപണം ഉന്നയിക്കുന്നത്. മധുവിനെ കണ്ടെത്തിയിട്ട്, കള്ളനെ കണ്ടെത്തി എന്ന് നാട്ടുകാരെയാണ് ഇയാള്‍ വിവരം അറിയിച്ചത്. ഇവിടെ ഉദ്യോഗസ്ഥരില്ലേ? എന്തിനാണ് നാട്ടുകാരുടെ മുന്നിലേക്ക് മധുവിനെ എറിഞ്ഞത്? കാട്ടിനുള്ളില്‍ വെച്ച് തന്നേ നെഞ്ചിന്‍കൂടിനും തലയ്ക്കും സാരമായി പരിക്കേല്‍പിച്ചു. ആള്‍ക്കൂ'ത്തിന് മുന്നില്‍ ഉള്ളില്‍ കടുത്ത വേദനയോടെ ആയിരുന്നിരിക്കാം മധു നിന്നത്. എല്ലാവര്‍ക്കും അറിയാം മാനസിക രോഗമാണ് മധുവിനെന്ന്. എന്നിട്ടും എല്ലാവരും കൂടി മധുവിനെ കൊലയ്ക്കു കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ഒരു പോലീസുകാരന്റെ സാക്ഷ്യം

മുക്കാലിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള യാത്രാമധ്യേ അട്ടപ്പാടിയില്‍ അഞ്ചു വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: "മധുവിനെ മര്‍ദിച്ച കൂട്ടത്തില്‍ എല്ലാ മുഖ്യധാരാ പാര്‍ട്ടികളുടെയും അംഗങ്ങളുണ്ടായിരുന്നു. ആദിവാസികള്‍ സംഘടിച്ച് ഇവര്‍ കണ്ടിട്ടില്ല. അതിനാല്‍ ഇവരോട് എന്തും ആകാം എന്ന മനോഭാവമാണ്. അട്ടപ്പാടിയിലെ രാഷ്ട്രീയം എന്നു പറഞ്ഞാല്‍ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദിവാസികള്‍ക്കിടയില്‍ സ്ഥാനമില്ല. എല്ലാ സര്‍ക്കാരുകളും ഇവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ സമൂഹത്തിനെതിരെ എന്തുമാകാം എന്നതാണ്. മുക്കാലിയിലെ കച്ചവടക്കാരുടെ കൂട്ടായ്മയാണ് മധുവിനെ മര്‍ദ്ദിച്ചത്. എന്നാല്‍ മുക്കാലിയിലും അഗളിയിലും നടന്ന വലിയ പ്രതിഷേധങ്ങള്‍ ഒരിക്കലും അക്രമസക്തമായില്ല. നാട്ടില്‍ ഒരു ചെറിയ പാര്‍ട്ടിയിലെ അംഗത്തിനാണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ എന്താ സംഭവിക്കുകയെന്നറിയാം. ഇന്നലെ അട്ടപ്പാടി കണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ മുതലെടുപ്പാണ്. ഹര്‍ത്താലും മണ്ണാര്‍ക്കാട് അങ്ങിങ്ങായി നടത്തിയ പ്രതിഷേധവും എല്ലാം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായായിരുന്നു.


പോലീസ് ആദിവാസികളെ തൊടില്ല, കാരണം അവരുടെ ജോലി തെറിക്കും. അട്ടപ്പാടിയിലെ ഒരു പോലീസുകാരനും ആദിവാസികളെ തൊടില്ല. കാരണം മറ്റൊന്നുമല്ല. ഒരടി അടിച്ചാല്‍ പിന്നെ അയാളുടെ മരണം ഉറപ്പാണ്. അത്രത്തോളം ആരോഗ്യത്തില്‍ വീക്കാണവര്‍. പോലീസുകാരനില്‍ നിന്ന് ഏല്‍ക്കുന്ന അടിമൂലം ആരെങ്കിലും മരിച്ചാല്‍ പിന്നെ അയാളുടെ പണി തെറിക്കും. ഒരു ആരോഗ്യവാനായ മനുഷ്യന് വേണ്ട 60 കിലോ ഭാരം പോലും ഇക്കൂട്ടര്‍ക്കില്ല. മധുവും ആരോഗ്യപരമായി നല്ല വീക്കായിരുന്നു. മാവോയിസ്റ്റുകള്‍ ആദിവാസികള്‍ മല കയറ്റി കൊണ്ടു പോകുന്ന ഭക്ഷണ സാധനങ്ങള്‍ തോക്ക് ചൂണ്ടി തട്ടിയെടുക്കുന്നുണ്ട്. സംസ്ഥാനത്ത് സര്‍ക്കരില്‍ നിന്ന് കാര്യമായി ഫണ്ടു ലഭിക്കുന്ന സ്ഥലമാണ് അട്ടപ്പാടി. എന്നാല്‍ കിട്ടുന്ന തുകയില്‍ പകുതിയും ആദിവാസികള്‍ക്ക് കിട്ടാറില്ല, പ്രയോജനപ്പെടാറുമില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവിടെ അഡ്ജസ്‌ററ്മെന്റ് രാഷ്ട്രീയവും കൊള്ളയുമാണ് നടത്തുന്നത്"
; അദ്ദേഹം പറഞ്ഞു.

മധുവിനെ കുറിച്ച്

ആദിവാസി വര്‍ഗത്തിലെ കുറുമ്പ സമുദായക്കാരനാണ് മധു. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഉള്‍ക്കാടുകളില്‍ താമസിക്കുന്ന കുറുമ്പ സമുദായക്കാര്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ്. എന്നാല്‍ ഈ സമുദായക്കാരാണ് യഥാര്‍ഥത്തില്‍ പാരമ്പര്യ ആദിവാസികള്‍ എറിയപ്പെടുത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് നാലാം തരത്തില്‍ പഠനം നിര്‍ത്തിയ മധു, കുറെ വര്‍ഷങ്ങളായി കാട്ടില്‍ തന്നെയായിരുന്നു. പിന്നീടാണ് സര്‍ക്കാരിന്റെ നിര്‍മിതി കേന്ദ്രത്തില്‍ (തൊഴില്‍ പരിശീലന കേന്ദ്രം) എത്തുന്നത്. അവിടെ എത്തിയ മധു പിന്നീട് അവിടുത്തെ ട്രെയിനറായി മാറി. അവിടെ വെച്ചുണ്ടായ ഒരു പ്രണയബന്ധവും അതിനെ തുടര്‍ന്ന് പലരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനവും മാനസിക പീഡനവുമാണ് മനുവിനെ മാനസികരോഗിയാക്കിയത് എന്നാണ് ഞങ്ങള്‍ കണ്ട പല ബന്ധുക്കളും പങ്കുവച്ചത്.

പിന്നീട് വീട് ഉപേക്ഷിച്ച് കാട്ടിലെ ഗുഹകളിലും മറ്റുമായി താമസം. കഴിഞ്ഞ 13 വര്‍ഷത്തോളം വനത്തിലെ അജ്മച്ചുടി ഗുഹയില്‍ ആയിരുന്നു താമസം. കാട്ടില്‍ നിന്നു കിട്ടുന്ന വിഭവങ്ങളായിരുന്നു ആഹാരം. ഒറ്റയ്ക്ക് വെച്ചുണ്ടാക്കി കഴിക്കും. കാട്ടില്‍ നിന്ന് ഒന്നും കിട്ടാതാകുമ്പോഴാണ് നാട്ടിലറങ്ങുതും ചിലപ്പോള്‍ ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കുന്നതും. ഭക്ഷണ സാധനങ്ങളല്ലാതെ മറ്റൊന്നും മധു മോഷ്ടിക്കില്ലെന്ന് നാട്ടുകാരും പറയുന്നു. പാലക്കാട്, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ സ്‌റ്റേഷനുകളില്‍ കഞ്ചാവ് കൈവശം വച്ചതുള്‍പ്പെടെ മൂന്നു കേസുകള്‍ മധുവിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ മാനസിക രോഗിയെന്ന് കണ്ടെത്തിയതോടെ ഈ മൂന്നു കേസുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. മുക്കാലിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുമായിരുന്നുവെന്നും മധുവിനെ കൊണ്ട് പൊറുതി മുട്ടിയെന്നുമാണ് താവളം മുതല്‍ മുക്കാലി വരെയുള്ള വ്യാപാരികള്‍ പറയുന്നത്. മധുവിന് അമ്മ മല്ലിയെ കൂടാതെ രണ്ട് സഹോദരിമാരുണ്ട്.

http://www.azhimukham.com/opinion-m-geethanandan-on-tribal-man-madhus-murder/

http://www.azhimukham.com/kerala-adaptation-mob-lynching-government-and-public-dont-know-tribes-actual-needs-cs-chandrika/

http://www.azhimukham.com/kerala-how-behaving-public-society-to-tribal-people-in-kerala/

http://www.azhimukham.com/kerala-a-criminal-group-killing-tribes-in-attappadi-ck-janus-accusation/

http://www.azhimukham.com/kerala-attappadi-tribal-life-infant-death-malnutrition-by-kg-balu/

http://www.azhimukham.com/azhimukham-138/

http://www.azhimukham.com/azhimukham-118/

http://www.azhimukham.com/opinion-tribal-people-in-india-and-africa-exploitation-is-the-same-by-somy-soloman/

http://www.azhimukham.com/azhimukham-137/


Next Story

Related Stories