TopTop
Begin typing your search above and press return to search.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പഠിക്കണം, എന്നാല്‍ അവരുടെ അധ്യാപകരുടെ അവസ്ഥ ഇതാണ്

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പഠിക്കണം, എന്നാല്‍ അവരുടെ അധ്യാപകരുടെ അവസ്ഥ ഇതാണ്

ഈ കുട്ടിയെ നമുക്ക് മിഥുന്‍ എന്ന് വിളിക്കാം. ജന്മനാ അരക്ക് താഴേക്ക് ചലന ശേഷി നഷ്ടമായി. പൂക്കളേയും പൂമ്പാറ്റകളേയും സ്‌നേഹിച്ച് പാറി നടക്കേണ്ട പ്രായത്തില്‍ ശയ്യാവലംബിയായി ഈ പന്ത്രണ്ടുകാരന്‍. മറ്റുളള കുരുന്നുകളെ പോലെ സ്‌കൂളില്‍ പോയി പഠിക്കാനുളള ഭാഗ്യം അവനുണ്ടായില്ല. മടുപ്പകറ്റാന്‍ ചിത്രകലയെ അവന്‍ കൂട്ടുകാരനാക്കി. കൂട്ടിന് സമീപത്തെ ബി.ആര്‍.സിയില്‍ നിന്ന് റിസോഴ്‌സ് അധ്യാപിക ലില്ലി(പേര്‌ സാങ്കല്‍പികം) ടീച്ചറെത്തി. സര്‍വ ശിക്ഷാ അഭിയാന്‍ വൈകല്യമുളള കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗൃഹാടിസ്ഥാന സ്‌കൂളിലെ പഠിതാവായിരുന്നു അവന്‍. ആഴ്ചയിലൊരു ദിവസം അധ്യാപിക വീട്ടിലെത്തി നല്‍കിയ പരിശീലനത്തിലൂടെ അവനിലെ കൊച്ചുകലാകാരനുണര്‍ന്നു. അതോടെ ഗ്രാമമൊന്നാകെ അവന് പിന്തുണയുമായത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം നാടൊന്നാകെ കൊണ്ടാടുമ്പോള്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് മിഥുന്‍മാരും കൃത്യമായ സംരക്ഷണമോ ശമ്പളമോ ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകരുമാണ് ഈ മേഖലയിലുളളത്. 2017-18 വിദ്യാഭ്യാസ വര്‍ഷത്തെ കണക്കനുസരിച്ച് പെതുവിദ്യാലയങ്ങളില്‍ മാത്രമായി (ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലായി)ഒരു ലക്ഷത്തോളം ഭിന്നശേഷി വിദ്യാര്‍ഥികളെ സര്‍വ ശിക്ഷാ അഭിയാന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാനത്താകെയുളളത് 795 റിസോഴ്‌സ് അധ്യാപകരാണ്. അതായത് 124: 1 എന്ന അനുപാതം..!!!

ഓട്ടിസം, ബുദ്ധിമാന്ദ്യം, അരിവാള്‍ രോഗം തുടങ്ങി 21 തരം വൈകല്യങ്ങള്‍ ഉളള കുട്ടികളെയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികളായി സര്‍ക്കാര്‍ കണക്കാക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഡി.പി.ഇ.പി പദ്ധതിയുടെ കടന്ന് വരവോടെയാണ് ഇത്തരം കുട്ടികള്‍ സംസ്ഥാനത്ത് പെതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനായുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എസ്.എ(സര്‍വ സിക്ഷാ അഭിയാന്‍) പദ്ധതിയുടെ വരവോടെ ഇത് കൂടുതല്‍ വിപുലമായി. ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ഒരുമിച്ച് പൊതു പാഠ്യ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തുന്ന സങ്കലിത വിദ്യാഭ്യാസം രൂപം കൊണ്ടത് ഇങ്ങനെയാണ്. ഇതിനായി കുട്ടികളെ അവരുടെ കഴിവനുവരിച്ച് വിവിധ രംഗങ്ങളില്‍ പ്രാപ്താരാക്കുന്ന പഠന രീതിയും അധ്യാപക പരിശീലനവും ആരംഭിച്ചു. ഇത്തരം പരിശീലന പദ്ധതികളിലൂടെയും സങ്കലിത വിദ്യഭ്യാസ രീതിയിലൂടെയും സാധാരണ കുട്ടികളെ പോലെ തന്നെ ഭിന്നശേഷി വിദ്യാര്‍ഥികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ട്.

2001 മുതല്‍ എസ്.എസ്.എ 1ാം ക്ലാസ് മുതല്‍ 8 ാം ക്ലാസ് വരെ നടപ്പാക്കിയ ഈ പദ്ധതി 2008 ല്‍ ആരംഭിച്ച ഐ..ഇ.ഡി.എസ്.എസ് പ്രോഗ്രാമിലൂടെ ഉയര്‍ന്ന ക്ലാസുകളിലും നടപ്പാക്കുന്നുണ്ട്. ഇങ്ങനെയെല്ലാം പദ്ധതികള്‍ നടപ്പാക്കുമ്പോഴും ഇതിന് നേതൃത്വം നല്‍കേണ്ട സ്‌പെഷ്യല്‍ അധ്യാപകരോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മ നയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എസ്.എസ്.എയിലെ കാര്യം തന്നെ എടുക്കാം. കലാ-കായിക രംഗത്തെ സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക്(ഇവരും താത്കാലികമാണ്) പ്രതിമാസം 29,000 രൂപ വേതനം നല്‍കുമ്പോള്‍ നീണ്ട കാലത്തെ സേവനമുളള റിസോഴ്‌സ് അധ്യാപകര്‍ക്ക് രേഖയിലെ ശമ്പളം 18,000. പിടിവലിയെല്ലാം കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്നതാകട്ടെ 15,000. ജോലിക്ക് യാതൊരു സ്ഥിരതയില്ലെന്ന ദുരന്തം കൂടി ഇവര്‍ നേരിടുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയോടെ വലിയൊരു ദൗത്യ നിര്‍വഹണത്തിനിറങ്ങിയ അധ്യാപകരോടാണീ വിവേചനം. കൂടാതെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡ പ്രകാരം അഞ്ചില്‍ കൂടുതല്‍ ഭിന്നശേഷി കുട്ടികളുളള ഒരു സ്‌കൂളിലേക്ക് ഒരു അധ്യാപകന്‍ വേണമെന്നാണ്. എന്നാല്‍ അഞ്ചും പത്തും സ്‌കൂളുകളിലേക്കായി എസ്്.എസ്.എ വക്കുന്നത് ഒരധ്യാപകനെ മാത്രമാണെന്നതാണ് ചിന്തനീയം. അതായത് സംസ്ഥാനത്തെ 1385 ബി.ആര്‍.സി(ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍)കളിലായി 795 അധ്യാപകര്‍....!! അങ്കണവാടി-സ്‌കൂള്‍ സര്‍വ്വേകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഉപകരണങ്ങളും സഹായങ്ങളും വിതരണം ചെയ്യല്‍, പരിഹാര ബോധവത്കരണ ക്ലാസുകള്‍, പഠന ക്ലാസുകള്‍, പഠന യാത്രകള്‍, സ്‌കൂളുകളില്‍ പാഠ്യപദ്ധതി അനുരൂപീകരണ ക്ലാസുകള്‍, കിടപ്പു കുട്ടികള്‍ക്കായി വീടുകള്‍ സന്ദര്‍ശിച്ച് പഠിപ്പിക്കല്‍ തുടങ്ങി വിപുലമായ ഉത്തരവാദിത്തവും റിസോഴ്‌സ അധ്യാപകര്‍ക്കുണ്ട്.

'സങ്കലിത വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടിട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ Special Educator അഥവ റിസോഴ്‌സ് ടീച്ചര്‍ എന്ന നിലയിലുള്ള ഒരു തസ്തിക പോലും നിര്‍ണയിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ആരും തന്നെ തയ്യാറായിട്ടില്ല 'വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകന്റെ വാക്കുകളാണിത്. മാത്രമല്ല വിദ്യാഭ്യസമേഖലയിലെ ആധികാരിക രേഖയായ കേരള എഡ്യുക്കേഷന്‍ റൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങളെ കുറിച്ചോ അവരുടെ വിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന റിസോഴ്‌സ് അധ്യാപകരുടെ നിയമന സേവന വേതന വ്യവസ്ഥയെപ്പറ്റിയോ യാതൊരു പരാമര്‍ശം പോലും ഉണ്ടായിട്ടില്ല എന്നത് വളരെ ഖേദകരമാണ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹത്തായ ആശയത്തിനു വേണ്ടി നാം എല്ലാവരും പ്രയത്‌നിക്കുമ്പോള്‍ ഇത്തരം കുട്ടികളെ സങ്കലിത വിദ്യാഭ്യാസത്തിന്റെ പേരില്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചു കൊണ്ട് അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതിരിക്കുന്നത് നിയമ ലംഘനമല്ലേ? ഇതെല്ലാം നടക്കുന്നത് പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി ആക്ട്, വിദ്യാഭ്യാസ അവകാശ നിയമം , UNCRPD മുതലായ നിയമങ്ങള്‍ നിലവിലുള്ള രാജ്യമെന്ന നിലയിലും മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വികലാംഗ ക്ഷേമ കമ്മീഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്‍മുന്നിലാണെന്നുള്ളത് വളരെഖേദകരമാണ്' അദേഹം പറയുന്നു...


Next Story

Related Stories