TopTop
Begin typing your search above and press return to search.

സ്‌കൈലൈന്‍ ബിൽഡേഴ്സിന് ഒത്താശ ചെയ്യുകയാണോ കോട്ടയം നഗരസഭ? ഞങ്ങളുടെ ജീവന് വിലയില്ലേ? ഒരച്ഛനും മകനും ചോദിക്കുന്നു

സ്‌കൈലൈന്‍ ബിൽഡേഴ്സിന് ഒത്താശ ചെയ്യുകയാണോ കോട്ടയം നഗരസഭ? ഞങ്ങളുടെ ജീവന് വിലയില്ലേ? ഒരച്ഛനും മകനും ചോദിക്കുന്നു
കോട്ടയം നഗരസഭ സെക്രട്ടറിയോട് ഒരു ചോദ്യം; താങ്കളുടെ ഉത്തരവാദിത്വം ആരോടാണ്? വമ്പന്‍ ഫ്ലാറ്റ് നിര്‍മാതാക്കളോടോ അതോ സാധാരണ മനുഷ്യരോടോ? കഞ്ഞിക്കുഴി മുട്ടമ്പലം വില്ലേജിലെ കുന്നേല്‍ വീട്ടില്‍ ജേക്കബ് എബ്രഹാമും മകന്‍ ബിബിന്‍ ജേക്കബും തെളിവുകള്‍ സഹിതം പറയുന്ന പരാതി കേള്‍ക്കുന്ന ആര്‍ക്കും ഉണ്ടാകുന്ന സംശയം ഒരു സാധാരണക്കാരനുമേല്‍ ഉള്ളതിനെക്കാള്‍ താത്പര്യവും ഉത്കണ്ഠയും ഫ്ലാറ്റ് നിര്‍മാതാക്കളോടാണ് മുന്‍സിപ്പല്‍ സെക്രട്ടറിക്കും അവിടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും എന്നു തന്നെയാണ്.

ജേക്കബ് എബ്രഹാമിന്റെയും ബിബിന്റെയും പ്രശ്‌നം 2017 ഫെബ്രുവരി 27 ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തതാണ്. വ്യാജ അനുമതി, കോടതി വിധി ലംഘനം, കൂട്ടിന് അധികൃതരും; സ്‌കൈലൈന്‍ ബിൽഡേഴ്സിനെതിരെ നീതിക്കായി ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിന്റെ കഥ   വ്യാജ അനുമതിയും ഉദ്യോഗസ്ഥ ഒത്താശ്ശയോടും കൂടി സര്‍വനിയമങ്ങളും ലംഘിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഭൂമി കുഴിച്ചെടുത്ത് കെട്ടിപ്പൊക്കാന്‍ ശ്രമിച്ച  ഫ്ലാറ്റ്  നിര്‍മാണത്തിന്റെ ഇരകളായിരുന്നു ഈ പിതാവും മകനും. സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ കെയര്‍ ഓഫില്‍ ഉള്ള മാര്‍വി ബില്‍ഡേഴ്‌സിന്റെ പേരില്‍ പണിയുന്ന 'സ്‌കൈലൈന്‍ പേള്‍' എന്ന ലക്ഷ്വറി റസിഡന്‍ഷ്യല്‍ കം കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിനായി 95 സെന്റ് ഭൂമിയില്‍ 60 അടിത്താഴ്ച്ചയില്‍ മണ്ണ് നീക്കം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഇതിനോട് തൊട്ട് ചേര്‍ന്നുള്ള ജേക്കബ് എബ്രാഹാമിന്റെ വീടുകള്‍ക്ക് ഭീഷണിയുണ്ടായി തുടങ്ങിയത്. 22 നിലകളിലായി ഒരു  ഫ്ലാറ്റ്  ഡീറ്റെയ്ല്‍ഡ് സാങ്ഷന്‍ഡ് സ്‌കീമില്‍ പെട്ട റസിഡന്‍ഷ്യല്‍ ഏരിയായില്‍ നിര്‍മിക്കുന്നുവെന്ന വിവരം ജേക്കബിനെ പോലെ അവിടുത്തെ താമസക്കാര്‍ അറിയുന്നത് തന്നെ മണ്ണു നീക്കവും മറ്റും ആരംഭിച്ചതിനുശേഷമായിരുന്നു.യാതൊരുവിധ മുന്നറിയിപ്പോ സംരക്ഷണമോ ഇല്ലാതെയുള്ള ഈ മണ്ണെടുപ്പ് തങ്ങള്‍ക്ക് അപകടം വരുത്തിവയ്ക്കുമെന്ന ജേക്കബിന്റെ ഭയം, കിണറുകളില്‍ വെള്ളം വറ്റിയും സംരക്ഷണ മതില്‍ ഇടിഞ്ഞു വീണും വീടിന്റെ ഭിത്തികളില്‍ വിള്ളല്‍ ഉണ്ടാക്കിയും ബാത്ത്‌റൂം ഇടിഞ്ഞു താഴുന്നുമൊക്കെ യാഥാര്‍ത്ഥ്യമായത് വളരെ പെട്ടെന്നായിരുന്നു. അനധികൃതമായ ഈ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങേണ്ടി വന്നെങ്കിലും ഒടുവില്‍ കേരള ഹൈക്കോടതിയില്‍ നിന്നും ജേക്കബിന് നീതി കിട്ടി.  ഫ്ലാറ്റ്  നിര്‍മാണം 2016 ല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇപ്പോള്‍ നിര്‍മാണം നടക്കുന്നില്ലെങ്കിലും ജേക്കബിന്റെ കുടുംബത്തിന്റെ ഭയം അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. ഏതു സമയവും ഉണ്ടാകുന്നൊരു അപകടം ഇവര്‍ മുന്നില്‍ കാണുന്നൂ. അതിന് പരിഹാരം ഉണ്ടാക്കാന്‍ ബാധ്യസ്ഥരായ നഗസഭയാകട്ടെ, തങ്ങളേക്കാള്‍ താത്പര്യം ഇത്തരമൊരു അവസ്ഥയിലേക്ക് തങ്ങളെ തള്ളിവിട്ടവരുടെ കൂടെ നില്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് ജേക്കബിന്റെ മകന്‍ ബിബിന്‍ പറയുന്നത്.  
ഫ്ലാറ്റ്  നിര്‍മാണം നിര്‍ത്തിവച്ചെങ്കിലും ഞങ്ങള്‍ക്ക് സംരക്ഷണ ഭിത്തി കെട്ടിനല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്നീട് കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സംരക്ഷണ മതില്‍ നിര്‍മാണം നഗരസഭ എ ഇ, പിഡബ്ല്യു ഒ എന്നിവരുടെ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും നടത്തേണ്ടതാണെന്നു കോടതി ഉത്തരവില്‍(WP (c) 25986/16) പറഞ്ഞിരുന്നതാണ്. എന്നാലിപ്പോള്‍ അവര്‍ കെട്ടിവച്ചിരിക്കുന്ന സംരക്ഷണ മതില്‍ മഴയില്‍ തകര്‍ന്നിരിക്കുകയാണ്. നഗരസഭയില്‍ നിന്നും ഒരാള്‍ പോലും നിര്‍മാണ വേളയില്‍ മേല്‍നോട്ടം വഹിക്കാന്‍ വന്നില്ല. മണല്‍ചാക്കിനു പുറത്തായിരുന്നു കരിങ്കല്‍ കെട്ട്. വീണ്ടും ഞങ്ങളുടെ വീടിനും പുരയിടത്തിനും ഭീഷണി ഉണ്ടായിരിക്കുകയാണ്. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും നഗരസഭ പറയുന്നത് ഞങ്ങളുടെ ജീവനും സ്വത്തിനും യാതൊരു ഭീഷണിയും ഇല്ലെന്നാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ചോദിക്കുന്നത്, നഗരസഭ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്? ഞങ്ങളെയോ അതോ അനധികൃതമെന്ന് ഹൈക്കോടതി പോലും കണ്ടെത്തിയ ആ ബില്‍ഡേഴ്‌സിനെയോ?
ബിബിന്‍ ചോദിക്കുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരം ബില്‍ഡേഴ്‌സ് പ്രതിനിധികള്‍, മുന്‍സിപ്പല്‍ എന്‍ജീനിയര്‍മാര്‍, പരാതിക്കാരായ ഞങ്ങള്‍ എന്നിവര്‍ സംയുക്തമായി ഇരുന്ന യോഗത്തില്‍വച്ച് 13-10-2017 ല്‍ മുന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ്( PW3/BA/2398/13-14) പ്രകാരം ഞങ്ങളുടെ പുരയിടത്തിന്റെ തെക്ക്ഭാഗത്ത് സംരക്ഷണ മതില്‍ കെട്ടിനല്‍കണമെന്ന് ഫ്ലാറ്റ്  നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ഇതിന് തയ്യാറാകാതെ നിര്‍മാതാക്കള്‍ ചെയ്തതാകട്ടെ അവരുടെ പടിഞ്ഞാറ് ഭാഗത്തായി 5 ലക്ഷം കപ്പാസിറ്റിയുള്ള ഒരു കൂറ്റന്‍ വാട്ടര്‍ ടാങ്ക് നിര്‍മാണം തുടങ്ങുകയായിരുന്നു. ഇതിനെ ഞങ്ങള്‍ എതിര്‍ത്തപ്പോള്‍ അവര്‍ പറഞ്ഞത് ഈ ടാങ്ക് നിര്‍മിച്ചാല്‍ മാത്രമെ അതിനോട് ചേര്‍ന്ന് സംരക്ഷണ മതില്‍ കെട്ടാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു. ഇക്കാര്യം ഞങ്ങള്‍ ഒരു എഞ്ചിനീയറുമായി സംസാരിച്ചപ്പോള്‍ ഒരുകാരണവശാലും വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ അനുവദിക്കരുതെന്നും ആദ്യം നമ്മുടെ സംരക്ഷണ മതില്‍ അവര്‍ നിര്‍മിച്ചു നല്‍കട്ടെ എന്നുമായിരുന്നു. ഇക്കാര്യം ബില്‍ഡേഴ്‌സിനോട് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനു പിന്നില്‍ അവര്‍ക്ക് മറ്റൊരു ഉദ്ദേശമായിരുന്നു. ഹൈക്കോടതി സ്‌റ്റേ പ്രകാരം ഇപ്പോള്‍ നിര്‍മാണം നിലച്ചിരിക്കുന്ന അവസ്ഥയില്‍ അവരുടെ ബില്‍ഡിംഗ് റെഗുലറൈസ് ചെയ്‌തെടുക്കാന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നു അത്. പ്രസ്തുത സ്ഥലത്ത് യാതൊരുവിധ നിര്‍മാണവും നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉള്ളപ്പോള്‍ തന്നെയായിരുന്നു വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ അവര്‍ തയ്യാറായതെന്നുകൂടിയോര്‍ക്കണം.


ഞങ്ങള്‍ ഇതിനെതിരേ നിരന്തരം പരാതികള്‍ പറഞ്ഞു. മുന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് തന്നെ പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ ഉത്തരവ് കൂടി ലംഘിച്ചാണ് അവര്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത്. അവിടെ വന്ന് പരിശോധന നടത്താന്‍ ഞങ്ങള്‍ പറഞ്ഞതും നഗരസഭ ഉദ്യോഗസ്ഥന്‍ കേട്ടില്ല. ഇതെല്ലാത്തിനും ഒടുവിലാണ് ബില്‍ഡേഴ്‌സ് ഞങ്ങള്‍ക്ക് സംരക്ഷണ മതില്‍ കെട്ടാന്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങി മാര്‍ച്ച് അവസാനത്തോടെ അവര്‍ സംരക്ഷണ മതില്‍ കെട്ടി. ഈ സംരക്ഷണ മതില്‍ കെട്ടുമ്പോള്‍ നഗരസഭയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണെങ്കിലും അവിടെ നിന്ന് ഒരാള്‍ പോലും നിര്‍മാണ വേളയില്‍ അവിടെ പരിശോധനയ്ക്ക് എത്തിയില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുന്നത്. മണ്ണ് ഒലിച്ചു പോകാതിരിക്കാനായി വച്ചിരുന്ന മണല്‍ ചാക്കിനു പുറത്താണ് അവര്‍ ബീം വാര്‍ത്ത് കരിങ്കല്‍ ഭിത്തികെട്ടിയത് (അതിന്റെ തെളിവ് ഞങ്ങളുടെ കൈവശം ഉണ്ട്). അപ്പോള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ഭാവിയില സംഭവിക്കാവുന്ന അപകടത്തെ കുറിച്ച് ഓര്‍മിപ്പിച്ചതുമാണ്. മാര്‍ച്ച് മാസം മൂന്നാം തീയതി വിളിച്ച പ്രത്യേക ഹിയറിംഗിലും ഈ കാര്യം മുന്‍സിപ്പല്‍ സെക്രട്ടറിയോട് ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍  ഫ്ലാറ്റ് നിര്‍മാതക്കളോ നഗരസഭ ഉദ്യോഗസ്ഥരോ ഞങ്ങളുടെ ഭീതി ചെവിക്കൊണ്ടില്ല. ഒടുവില്‍ ഞങ്ങള്‍ ഭയന്നതു തന്നെ സംഭവിക്കാന്‍ അധികകാലമൊന്നും വേണ്ടി വന്നില്ല. ഇത്തവണത്തെ മഴയില്‍ മണല്‍ചാക്കുകള്‍ വിണ്ടുകീറുകയും കരിങ്കല്‍ ഭിത്തിയില്‍ വിള്ളലുകള്‍ വീണ് അത് ഇരുന്നുപോവുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതം ഞങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലും ബാത്ത് റൂം ഭിത്തിയിലും ഉണ്ടായി. ഇവിടങ്ങളില്‍ ഇപ്പോള്‍ വലിയ വിള്ളല്‍ വീണിരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ ആ സംരക്ഷണഭിത്തി മൊത്തത്തില്‍ ഇടിഞ്ഞു വീഴാനാണ് സാധ്യത. അതോടൊപ്പം ഞങ്ങള്‍ താമസിക്കുന്ന വീടിനും കേടുപാടുകള്‍ പറ്റും. പ്രായമായവരും സ്ത്രീകളും കുട്ടികളും അവിടെ താമസിക്കുന്നുണ്ട്. എന്തെങ്കിലും ദുരന്തമുണ്ടായാല്‍ മനുഷ്യജീവനുകള്‍ തന്നെയാണ് അപകടത്തില്‍ ആകുന്നത്. അതൊന്നും പക്ഷേ, ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമല്ലാത്തതുപോലെയാണ്.


നഗരസഭ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവരുടെ കൂറ് ആരോടാണെന്നുമുളളത് മനസിലാക്കാന്‍ ഞങ്ങള്‍ നല്‍കിയ വിവാരവകാശ അപേക്ഷയില്‍ ഉള്ള മറുപടി തന്നെ ധാരളമാണ്. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ മറുപടി തരണമെന്ന് അപേക്ഷിച്ചപ്പോള്‍ ഇവിടെ വന്ന് പരിശോധന നടത്തിയശേഷം നഗരസഭ ഉദ്യോഗസ്ഥന്‍ പറഞ്ഞത് നിങ്ങളുടെ ജീവനും സ്വത്തിനും യാതൊരു ഭീഷണിയുമില്ലെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി തരാന്‍ സാധ്യമല്ലെന്നുമായിരുന്നു. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സുരക്ഷിതരാണെന്ന് പറഞ്ഞത്? പ്രകൃതിയുടെ ശക്തിയളക്കാനൊക്കെയുള്ള കഴിവ് അദ്ദേഹത്തിനുണ്ടോ? വലിയ മലകള്‍ പോലും പൊട്ടിയടര്‍ന്നു പോകുമ്പോള്‍ 60 അടി താഴ്ചയുള്ള ഒരു വലിയ കുഴിക്ക് തൊട്ട് ചേര്‍ന്ന് നില്‍ക്കുന്ന ഞങ്ങളുടെ വീട് എത്ര മഴ വന്നാലും സുരക്ഷിതമായി നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഏതുവിധമാണ് കണ്ടെത്താന്‍ കഴിഞ്ഞത്? അതോ വീട് തകര്‍ന്നു വീണാലും അതിനുള്ളില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ആപത്തൊന്നും വരില്ലെന്നാണോ അദ്ദേഹം കരുതുന്നത്? ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ കടമ നിര്‍വഹിക്കേണ്ടത്? ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും ഇവര്‍ക്ക് കാണിക്കേണ്ടെന്നാണോ?
ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദേശിച്ചതല്ലേ സംരക്ഷണ മതില്‍ നിര്‍മിക്കുമ്പോള്‍ നഗരസഭയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്ന്. ഹൈക്കോടതിയെ പോലും അവഗണിക്കാന്‍ മാത്രം ശക്തനാണോ ഒരു നഗരസഭ സെക്രട്ടറി? സംരക്ഷണ ഭിത്തിയുടെ നിര്‍മാണ വേളയില്‍ നഗരസഭയില്‍ നിന്നും ആരെങ്കിലും പരിശോധനയ്ക്കു വന്നോ എന്ന ചോദ്യത്തിന് ഒരാളും വന്നിട്ടില്ലെന്നു തന്നെയാണ് നഗരസഭ പറയുന്നത്. ഹൈക്കോടതി സ്‌റ്റേ ഓഡര്‍ ഉണ്ടായിട്ടും വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ ബില്‍ഡേഴ്‌സ് തയ്യാറായതിനെ കുറിച്ച് ചോദിക്കുമ്പോഴും അത് നിയമവിരുദ്ധമാണെന്ന് തന്നെയാണ് നഗരസഭ പറയുന്നത്. പക്ഷേ, ഒരാള്‍ പോലും വന്ന് അതിനെതിരേ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നു മാത്രം.


ഇത്തരത്തില്‍ എല്ലാം പരസ്യമായ രീതിയില്‍ ഞങ്ങളുടെ ഭയത്തേയും ആശങ്കയേയും നിരാകരിച്ചുകൊണ്ട് ബില്‍ഡേഴ്‌സിന് അനുകൂലമായി നിലപാട് എടുത്തുകൊണ്ട് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനവിരുദ്ധ കാണിക്കുമ്പോള്‍, ഞങ്ങള്‍ ആരോടാണ് പരാതി പറയേണ്ടത്? ടൗണ്‍ പ്ലാനിംഗ് വിഭാഗം അറിയാതെ കെട്ടിപ്പൊക്കാന്‍ ശ്രമിച്ചൊരു ഫ്ലാറ്റിനുവേണ്ടിയാണ് ഇതൊക്കെ ചെയ്തു കൊടുക്കുന്നതെന്നു കൂടിയോര്‍ക്കണം. നഗ്നമായ നിയമലംഘനം നടത്തിയാണ് മാര്‍വി ബില്‍ഡേഴ്‌സും സ്‌കൈലൈനും കൂടി അവിടെ ഫഌറ്റ് നിര്‍മിക്കുന്നത്. അതൊന്നും നഗരസഭയിലെ ഒരാള്‍ പോലും അറിയാതെയാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഞങ്ങളുടെ ചോദ്യം ഇത്രയേയുളളൂ; നാളെ ഞങ്ങള്‍ ഭയന്നതുപോലെ സംഭവിച്ചാല്‍, ഞങ്ങളുടെ വീട് തകര്‍ന്ന് എല്ലാവര്‍ക്കും ജീവഹാനി സംഭവിച്ചാല്‍ ഈ നഗരസഭയ്‌ക്കോ ഇവിടുത്തെ സര്‍ക്കാരിനോ ഒരു ഉത്തരവാദിത്വവും അതില്‍ ഉണ്ടാകില്ലേ? ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ജീവന് ഇവിടെ ഒരു വിലയുമില്ലേ? ഞങ്ങള്‍ മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ കൃത്യമായ തെളിവുകളോടെയാണ്. ഇത് വായിക്കുന്നവര്‍ക്ക് ഇതിനൊപ്പം നല്‍കിയിരിക്കുന്ന രേഖകളും ചിത്രങ്ങളും പരിശോധിക്കാം. ജീവഭയത്തോടെ കഴിയുന്നൊരു കുടുംബത്തിന്റെ അപേക്ഷയാണിത്...
ബിബിന്‍ പറഞ്ഞു നിര്‍ത്തുന്നു.ജേക്കബ് ജോര്‍ജും കുടുംബവും ഉന്നയിച്ചിരിക്കുന്ന ഈ പരാതികള്‍ സൂചിപ്പിച്ച് കോട്ടയം നഗരസഭ സെക്രട്ടറി സജീവിനെ ബന്ധപ്പെട്ടപ്പോള്‍ മറുപടി ഇത്രമാത്രം; ഹൈക്കോടതി നിര്‍ദേശാനുസരണം, പരാതിക്കാര്‍ കൂടി അംഗീകരിച്ച പ്ലാന്‍ അനുസരിച്ച് സംരക്ഷണ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ്. ഇനി അവരുടെ ചുറ്റു മതിലിന്റെയും തകര്‍ച്ച സംഭവിച്ച ഒരു ടോയ്‌ലെറ്റിന്റെയും പുനര്‍ നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. മഴ തുടങ്ങിയതോടെ സംരക്ഷണ മതിലിനു മുകളില്‍ വിള്ളല്‍ വീണെന്നാണ് ജേക്കബ് ജോര്‍ജിന്റെ കുടുംബം ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതി. നിര്‍മാണത്തിലെ അപാകതയാണ് വിളളല്‍ വീഴാന്‍ കാരണമെന്നാണ് പരാതി. ഈ പരാതി പരിഗണിച്ചുകൊണ്ട് അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനയര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനയര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ അപാകതയാണോ കാരണമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് തരണം. ഈ റിപ്പോര്‍ട്ട് കിട്ടിയശേഷം അടുത്ത നടപടി. ഇക്കാര്യത്തില്‍ ഇത്രമാത്രമാണ് എനിക്ക് പറയാനുള്ളത്...

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/illegal-construction-soil-removing-building-collapse-skyline-bibin-jacob/

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories