Top

ഒരിറ്റു വെള്ളം നല്‍കാന്‍ ആരുമില്ലാതെ മൂന്നു മക്കളുടെ അമ്മ ബാങ്കിന്റെ കാരുണ്യത്തില്‍

ഒരിറ്റു വെള്ളം നല്‍കാന്‍ ആരുമില്ലാതെ മൂന്നു മക്കളുടെ അമ്മ ബാങ്കിന്റെ കാരുണ്യത്തില്‍
ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിന്റെ സിമന്റടർന്ന തറയിൽ മലമൂത്ര വിസർജ്ജനം നടത്തി കിടന്നിരുന്ന രാജമ്മയോട് സഹായിക്കാനെത്തിയ അയല്‍പ്പക്കക്കാരിയായ വീട്ടമ്മ ഒരൽപ്പം ഈർഷ്യയോടെയാണ് ചോദിച്ചത്. "മോളെപ്പോ വരും?"

"കെട്ടിയവനും കുട്ടികൾക്കും ആഹാരമുണ്ടാക്കിക്കൊടുക്കേണ്ട മകൾ എങ്ങനെ വരാനാ" എന്ന പരുക്കൻ മറുപടിയിൽ മാതൃത്വത്തിന്റെ സ്നേഹവും ഒരൽപ്പം കരുതലും ചേർന്നു നിന്നിരുന്നു.
ജീവിതത്തിന്റെ ഏറ്റവും അടിയന്തിരഘട്ടത്തിൽപ്പോലും തിരിഞ്ഞുനോക്കാതിരുന്ന മകൾക്കായി അപ്പോഴും കരുതലെടുക്കുന്ന 70-കാരിയായ അമ്മയെ പക്ഷേ ആർ.ഡി.ഒ. കൈവിട്ടില്ല. റിവേഴ്‌സ് മോർട്ട്‌ഗേജ് പദ്ധതി പ്രകാരം രാജമ്മയുടെ സ്വത്ത് ഈടായി സ്വീകരിച്ച് പണം നൽകണമെന്ന് പാലക്കാട് കാനറ ബാങ്കിന് നിർദ്ദേശം നൽകിയിരിക്കുകയാണ് പാലക്കാട് ആർ.ഡി.ഒ. കാവേരിക്കുട്ടി. ഇതനുസരിച്ചു രേഖകൾ കൃത്യമാണെങ്കിൽ രാജമ്മയുടെ 20 സെന്റ് സ്ഥലവും വീടും ഈടാക്കി ബാങ്ക് ലോൺ അനുവദിക്കും. മാസം തോറുമായിരിക്കും തുക നൽകുക. കൂടെ നിന്ന് പരിപാലിക്കാൻ ആളിനെ വയ്ക്കുകയോ വയോജന കേന്ദ്രങ്ങളിൽ പണമടച്ച് താമസിക്കുന്നതിനോ ഇതുവഴി കഴിയും. സ്വത്ത് അവകാശികൾക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യാനും കഴിയും.

2007-ലെ മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും പരിപാലന നിയമപ്രകാരം
രജിസ്റ്റർ ചെയ്ത കേസിൽ റിവേഴ്സ് മോർട്ഗേജിന് നിർദ്ദേശം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

യാതനയുടെ ഒൻപത് മാസം.

ഭർത്താവ് മരിച്ചശേഷം വർഷങ്ങളായി എലപ്പുള്ളിയിലെ വീട്ടിൽ രാജമ്മ ഒറ്റയ്ക്കായിരുന്നു താമസം. ഒൻപത് മാസം മുൻപ് റോഡിലെവിടെയോ വീണ് ഇടുപ്പെല്ലിന് പരിക്ക് പറ്റി.അതോടെ നടക്കാൻ പറ്റാതായി. അതുവരെ സ്വയം ഭക്ഷണം പാകം ചെയ്തിരുന്നെങ്കിലും കിടപ്പിലായതോടെ അതു നിലച്ചു.

അമ്മ കിടപ്പിലാണെന്നറിഞ്ഞിട്ടും മക്കളാരും അമ്മയെ തിരിഞ്ഞുനോക്കിയില്ല. രാജമ്മയ്ക്ക് മൂന്നു മക്കളായിരുന്നു. രണ്ടു ആൺമക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ചിറ്റൂരിൽ താമസിക്കുന്ന അവരുടെ ഭാര്യമാരോ മക്കളോ രാജമ്മയെ നോക്കാൻ തയ്യാറല്ലായിരുന്നു. കോയമ്പത്തൂരിൽ താമസമാക്കിയ മകളും ഭർത്താവും കൂടി കൈയ്യൊഴിഞ്ഞതോടെ രാജമ്മയുടെ ജീവിതം ഏറെ ദുരിതത്തിലായി. മഴയത്ത് മുക്കാലും തകർന്നുപോയ വീടിന്റെ ഉമ്മറത്ത് പലപ്പോഴും വിശന്നു തന്നെ അവർ കിടന്നു.

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മക്കളെ വിളിച്ചുവരുത്തി രാജമ്മയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മയെ കൂടെക്കൂട്ടാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു മക്കൾ.

രാജമ്മയുടെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ ചിറ്റൂർ ശിശുവികസന പദ്ധതി ഓഫീസർ ലതാകുമാരിയും അങ്കണവാടി അധ്യാപികയായ രാജേശ്വരിയും ഇടപെട്ട് വിവരം അധികൃതരെ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ. യുടെ മുന്നിലെത്തിയ മക്കൾ അമ്മയെ ഏറ്റെടുക്കില്ലെന്ന് തീർത്തുപറഞ്ഞു. ഇതോടെ റിവേഴ്സ് മോർട്ഗേജ് പദ്ധതി പ്രകാരം പണം നൽകാൻ കാനറ ബാങ്കിന് ആർ.ഡി.ഒ നിർദ്ദേശം നൽകുകയായിരുന്നു. രാജമ്മയെ മുണ്ടൂർ ഷേന്തൽ സദനിലേക്കും മാറ്റി.

Also Read: അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കളുടെ ചെവിക്ക് പിടിച്ച് ഒരു കളക്ടര്‍

എന്താണ് റിവേഴ്സ് മോർട്ഗേജ്

60 വയസ്സ് കഴിഞ്ഞ ആർക്കും തങ്ങളുടെ വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക മാസം തോറും ബാങ്ക് വഴി നേടാം. ഇങ്ങിനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയ്ക് ബാങ്കും പങ്കാളിയാകുന്നു. വീടും സ്ഥലവും വിൽക്കാതെ തന്നെ അതിന്റെ മൂല്യമനുസരിച്ച് വരുമാനം ഉറപ്പിക്കാൻ കഴിയും. ഭവനവായ്പയ്ക്ക് നേരെ എതിരാണ് റിവേഴ്സ് മോർട്ഗേജ്.
ഭവനവായ്പയ്ക്ക് നിശ്‌ചിത തുക മാസം തോറും ബാങ്കിലേക്ക് അടയ്ക്കണമെങ്കിൽ റിവേഴ്സ് മോർട്ഗേജിൽ ഒരു നിശ്‌ചിത തുക ആദ്യമോ, ഓരോ മാസമോ, ഓരോ പാദവാര്‍ഷികമോ ആയി ബാങ്കിന്റെ നിബന്ധനകൾക്കാനുസരിച്ചു ലഭിക്കും. വായ്പയായതിനാൽ നികുതിയില്ല. വാസയോഗ്യമായ വീടായിരിക്കണം. 15 വർഷമാണ് കാലാവധി. വീടിന്റെയും സ്ഥലത്തിന്റെയും മൂല്യത്തിനും വായ്പാ കലാവധിക്കുശേഷം ബാങ്കിന് ലഭിക്കേണ്ട തുകയും അടിസ്ഥാനമാക്കിയാണ് ബാങ്ക് തീരുമാനമെടുക്കുന്നത്. വായ്പയെടുത്ത ആളുടെ കാലശേഷം മക്കൾക്കോ ബന്ധുക്കൾക്കോ വായ്പ തിരിച്ചടച്ച് വീടും സ്ഥലവും സ്വന്തമാക്കാം. ഇല്ലെങ്കിൽ ബാങ്ക് ജപ്തി ചെയ്യും.

Also Read: ടി പി മാധവൻ: സിനിമയല്ല, നാടകീയതയില്ല, ഇതാണ് ജീവിതം

ഇങ്ങനെയൊക്കെയാണെങ്കിലും ഈ പദ്ധതി കാര്യമായി ആരും ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.

https://www.azhimukham.com/malayalam-actor-t-p-madhavan-gandhibhavan-life-film-career-brief-unnikrishnan-azhimukham/

https://www.azhimukham.com/sasneham-project-parents-senior-citizen-statutory-protection-bala-kiran-district-collector-azhimukham/

https://www.azhimukham.com/humans-of-bombay-woman-heart-rending-account-about-rape-molestation-prostitution-single-mother/

Next Story

Related Stories