Top

ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമെന്ന് ഹൈക്കോടതി: വിദ്യാർത്ഥിനികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞ ചേളന്നൂർ എസ്എൻ കോളജിന് തിരിച്ചടി; പെൺകുട്ടിയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണം

ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമെന്ന് ഹൈക്കോടതി: വിദ്യാർത്ഥിനികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞ ചേളന്നൂർ എസ്എൻ കോളജിന് തിരിച്ചടി; പെൺകുട്ടിയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണം
കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലില്‍ ഇന്റർനെറ്റ് ലഭ്യത തടയുകയും, മൊബൈൽ ഫോൺ ഉപയോഗിച്ച പെൺകുട്ടിയെ പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇന്റർനെറ്റ് ലഭ്യത മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും പറഞ്ഞു. ജസ്റ്റിസ് പിവി ആശയുടെ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനം കൂടിയാണ് ഇന്റർനെറ്റും മൊബൈൽ സേവനവും ലഭിക്കുന്നതിൽ നിന്നും വിദ്യാർത്ഥിനിയെ തടയുന്നതെന്നും ജസ്റ്റിസ് ആശ വിധിപ്രസ്താവത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് സ്വകാര്യതയുടേത്. ഈ അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണ് മൊബൈലും ഇന്റർനെറ്റും നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു.

ഫഹീമ ഷിരിൻ എന്ന വിദ്യാർത്ഥിയാണ് ആവലാതിയുമായി കോടതിയെ സമീപിച്ചത്. ശ്രീനാരായണ കോളജിലെ ബിഎ മൂന്നാംവർഷ വിദ്യാർത്ഥിയാണ് ഇവർ. കോളജ് ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഫഹീമയെ പുറത്താക്കുകയായിരുന്നു. വൈകീട്ട് ആറു മണി മുതൽ പത്തുമണി വരെ പെൺകുട്ടികൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു കോളജിന്റെ ആവശ്യം. എന്നാൽ, പഠനാവശ്യങ്ങൾക്ക് അത്യാവശ്യമായതിനാൽ ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാതെ പറ്റില്ലെന്ന് ഫഹീമയും ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിലപാടെടുത്തു. 'കുട്ടികളുടെ മൊബൈല്‍ ദുരുപയോഗത്തെ ഭയന്നാ'ണ് ഇത്തരമൊരു വിചിത്രനിയമം കൊണ്ടു വന്നതെന്നായിരുന്നു കോളജിന്റെ നിലപാട്. കോളജധികൃതർ അയയാതിരുന്നതിനാൽ റിട്ട് ഹരജിയിലൂടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ വിഷയത്തിൽ അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം:

സ്കൂള്‍ പാഠപുസ്തകത്തില്‍ ക്യുആര്‍ കോഡ് കൊണ്ടുവന്ന നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍, ഇന്‍റര്‍നെറ്റ് വിലക്ക്; പരാതിക്കാരിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി ചേളന്നൂര്‍ എസ് എന്‍ കോളേജ്

ആർട്ടിക്കിൾ 19(1)(a) പ്രകാരം സ്ഥാപിതമായ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെയാണ് കോളജധികൃതർ തടഞ്ഞിരിക്കുന്നതെന്ന ഹരജിക്കാരിയുടെ വാദത്തെ കോടതി സ്വീകരിച്ചു. വിവരശേഖരണത്തിന് ഇക്കാലത്ത് ഇന്റർനെറ്റ് അത്യാവശ്യമാണെന്ന വാദത്തെയും കോടതി കണക്കിലെടുത്തു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഇന്റർനെറ്റ് ഒരു മനുഷ്യാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വസ്തുത ഹരജിക്കാരിയുടെ വക്കീലായ ലെജിത്ത് ടി കോട്ടയ്ക്കൽ കോടതിയെ ബോധിപ്പിച്ചു. ഐക്യരാഷ്ട്രസഭ അവകാശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾ ഇന്ത്യൻ നിയമങ്ങളിലേക്ക് സംവഹിക്കാമെന്ന സുപ്രീംകോടതിയുടെ മുൻ നിലപാടുകളെ ജസ്റ്റിസ് ആശ ഉത്തരവിൽ ഉയർത്തിപ്പിടിക്കുകയുമുണ്ടായി. ഇതോടൊപ്പം 2017ൽ ബജറ്റ് അവതരിപ്പിക്കവെ കേരള ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ പ്രസ്താവനയും ജസ്റ്റിസ് ആശ ചൂണ്ടിക്കാട്ടി. കേരള സർക്കാർ ഇന്റർനെറ്റിനുള്ള അവകാശം മനുഷ്യാവകാശമായി തിരിച്ചറിയുന്നുവെന്നും എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നുമായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന.

ഒരുകാലത്ത് ആഡംബരമായിരുന്ന മൊബൈൽ ഫോണുകൾ ഇന്ന് ഒഴിച്ചു കൂടാനാകാത്ത വസ്തുവായി മാറിയിട്ടുണ്ടെന്ന് കോടതി വിശദീകരിച്ചു. ലിംഗാടിസ്ഥാനത്തിൽ വിവേചനം നടന്നിട്ടുള്ളതായി കോടതി പറഞ്ഞു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈലിനോ ഇന്റർനെറ്റിനോ വിലക്കില്ല. ഡോ. ദേവിപ്രിയയാണ് കോളജ് പ്രിൻഡസിപ്പൽ. ഇവർ തന്നെയാണ് ഹോസ്റ്റൽ വാർഡനും.

കേസിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സംഘടനയും കക്ഷി ചേർന്നിരുന്നു. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

Next Story

Related Stories