UPDATES

ട്രെന്‍ഡിങ്ങ്

ഇത് ജനങ്ങളുടെ ആക്ഷന്‍ ഹീറോ; ചിത്തരഞ്ജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെയാണ് വ്യത്യസ്തനാകുന്നത്

കാക്കിയുടെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍

വ്യത്യസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ ഐ.സി. അദ്ദേഹം സേവനമനുഷ്ഠിച്ച പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കുറ്റകൃത്യങ്ങള്‍ കുറയുക മാത്രമല്ല പ്രദേശത്തെ നിര്‍ധന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സ്വന്തം പണം മുടക്കുകയും അതിന് നേതൃത്വം നല്‍കുകയും മദ്യപാനികളെ ബോധവത്കരിക്കുകയും ചെയ്യുന്ന ഒരു പോലീസുകാരനാണ് ചിത്തരഞ്ജന്‍. ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്ന ചിത്തരഞ്ജന്റെ ഈ മാതൃകയ്ക്ക് പ്രദേശവാസികള്‍ തിരിച്ചു നല്‍കുന്നത് അകമഴിഞ്ഞ സ്‌നേഹവും നന്ദിയുമാണ്. ചിത്തരഞ്ജന്‍ സര്‍വീസില്‍ എത്തിയിട്ട് 3 വര്‍ഷമായി. അന്നുമുതല്‍ ഈ കാക്കിയുടെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

തൃശൂര്‍ കൊടകരയില്‍ ചന്ദ്രന്റെയും ഉണ്ണിപ്പെണ്ണിന്റയും മകനായ ചിത്തരഞ്ജനും രണ്ട് ഇളയ സഹോദരന്‍മാര്‍ക്കും വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു. പഠനത്തിനും വീട്ടുചിലവിനുമുള്ള പണം കണ്ടെത്താന്‍ ഓട്ടോയും ടാക്‌സിയും ഓടിച്ചിരുന്നു ചിത്തരഞ്ജന്‍. ആ ജീവിതത്തില്‍ നിന്ന് പഠിച്ചത് ഈ യൂണിഫോമില്‍ എത്തിയിട്ടും മറന്നിട്ടില്ല ഇദ്ദേഹം. നാട്ടിലെ എല്ലാ ജനങ്ങളോടും മനസ്സ് തുറന്നു സംസാരിച്ച് അവരുടെ പ്രശ്‌നങ്ങളെ അവരുമായി പങ്കുവെച്ച് അവര്‍ക്ക് എന്തും സംസാരിക്കാന്‍ അവസരം നല്‍കുകയാണ് ചിത്തരഞ്ജന്റെ രീതി. സര്‍വ്വീസില്‍ എത്തിയിട്ട് വളരെ കുറഞ്ഞ നാളുകളെയായിട്ടുള്ളൂവെങ്കിലും കേരളാ പോലീസിലെ ഈ മാതൃകാ സബ് ഇന്‍സ്‌പെക്ടര്‍ സേവനമനുഷ്ടിച്ച പെരുമ്പാവൂര്‍, ആലുവ, വടകര, കോടഞ്ചേരി എന്നീ സ്‌റ്റേഷന്‍ പരിധിയിലെ ജനങ്ങളുടെ മാതൃകാവ്യക്തിത്വമായി മാറിക്കഴിഞ്ഞു ചിത്തരഞ്ജന്‍.

ഒരു സാധാരണക്കാരനായത് കൊണ്ടാവാം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ചിത്തരഞ്ജന്‍ പറയുന്നത്. “കാക്കിയില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് സുരക്ഷയാണ്. ഞങ്ങളെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് പേടിയാണ്. അതു മാറേണ്ടതുണ്ട്. അതു തന്നെയായിരുന്നു കേരളത്തില്‍ ജനമൈത്രി പോലീസിന്റെ വിജയം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രാത്രി സമയങ്ങളില്‍ കൊടകരയില്‍ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ട്. ജീവിക്കാനും പഠിക്കാനും പണം കണ്ടെത്തിയത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ ജീവിതം കൊണ്ട് സാധാരണക്കാര്‍ക്കും സമൂഹത്തിനുമൊക്കെ എന്തെങ്കിലും പ്രയോജനം ലഭിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാവും കുറ്റ കൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ട്. നാം അവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് എന്നറിയുമ്പോള്‍ ജനങ്ങളും നമ്മളോട് പോസിറ്റീവ് ആയി പെരുമാറും. ഈ യൂണിഫോമില്‍ നിന്നു കൊണ്ട് ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ ബാക്കി നില്‍ക്കുന്നു. ഈ കാക്കിയില്‍ നിന്ന് ജനങ്ങളും സമൂഹവും ആഗ്രഹിക്കുന്നതും അതു തന്നെയാണ്.”

മികച്ചൊരു കലാകാരന്‍ കൂടിയാണ് ചിത്തരഞ്ജന്‍. താനെഴുതിയ ‘നിലാവിന്റെ കൈയ്യൊപ്പ്’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാനുള്ള ഒരുക്കത്തിലാണ് ചിത്തരഞ്ജന്‍. അതിലെ ‘അമ്മയോടൊപ്പം’ എന്ന കവിത സ്വന്തം ശബ്ദത്തില്‍ പാടി മികച്ച വിഷ്വലും ചെയ്തിട്ടുണ്ട്. കേരളാ പോലീസിന്റെ ഔദ്യോഗിക ഗാനമായ ‘ഒരു നവഭാരതമുണരും ഉഷസ്സിന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളും ഈണം നല്‍കിയതുമെല്ലാം ഇദ്ദേഹമാണ്. തിരുവനന്തപുരം പോലീസ് അക്കാദമിയില്‍ ചിത്തരഞ്ജന്‍ സിമന്റില്‍ നിര്‍മ്മിച്ച തലയെടുപ്പുള്ള കൊമ്പനാനയുടെ പ്രതിമ തന്റെ പോലീസ് ട്രെയിനിംഗ് കാലത്ത് അദ്ദേഹം നിര്‍മിച്ചതാണ്.

ദളിതരും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളിലുമടക്കമുള്ളവര്‍ പാര്‍ക്കുന്ന പ്രദേശമായ കോടഞ്ചേരിയില്‍ ഒട്ടേറെ പദ്ധതികള്‍ ചിത്തരഞ്ജനും കൂടി ഉള്‍പ്പെട്ട് നടപ്പിലാക്കിയിട്ടുണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ് തെയ്യപ്പാറ കൊടൂരിലെ തമിഴ്‌നാട് സ്വദേശികളായ നടരാജ് – മലര്‍ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി വീടു നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്ന ഇവര്‍ക്ക് ചിത്തരഞ്ജനും കോടഞ്ചേരി മുന്‍ പഞ്ചായത്തു മെമ്പര്‍ ജെയ്‌സണ്‍ ജോയിയും സുഹൃത്തുകളുമെല്ലാം ചേര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി വീടിന്റെ പണി പൂര്‍ത്തീകരിച്ച് നല്‍കിയിരുന്നു. “ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു വീട് പണി തീര്‍ക്കാന്‍. മൂന്നു പെണ്‍മക്കളെയും കൂട്ടി അന്തിയുറങ്ങാന്‍ പേടിയായിരുന്നു. ചിത്തരഞ്ജന്‍ സാറിന്റെയും ജെയ്‌സണ്‍ ചേട്ടന്റെയുമൊക്കെ നല്ല മനസ്സു കൊണ്ട് മാത്രം ഞങ്ങള്‍ക്കിന്ന് ഒരു കിടപ്പാടമായി” എന്നാണ് മലര്‍ നന്ദിയോടെ പ്രതികരിച്ചത്. ജെയ്‌സണ്‍ ജോയ് ഈ ഉദ്യോഗസ്ഥനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- “കോടഞ്ചേരിയിലെ യുവാക്കള്‍ക്ക് ഒരാവേശമാണ് ചിത്തരഞ്ജന്‍ സാര്‍. കുട്ടികളുടെയൊക്കെ റോള്‍ മോഡലായി കഴിഞ്ഞു അദ്ദേഹം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് നിയമ വ്യവസ്ഥ നടപ്പിലാക്കുന്ന ഇദ്ദേഹത്തിന്റെ രീതി മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാതൃകയാണ്. ഇന്ന് ഞങ്ങള്‍ കോടഞ്ചേരിക്കാരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഈ ഉദ്യോഗസ്ഥന്‍.”

കോടഞ്ചേരി ചാമോറയില്‍ കുടിവെള്ളമില്ലെന്നു കണ്ട ഈ ഉദ്യോഗസ്ഥന്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി അതിന് പരിഹാരം കണ്ടെത്തി നല്‍കിയിരുന്നു. കഴിഞ്ഞ വിഷുവിന് പാത്തിപ്പാറ കോളനി നിവാസികള്‍ക്ക് വിഷുക്കോടിയും സദ്യയും നല്‍കി അവര്‍ക്കൊപ്പം വിഷു ആഘോഷിച്ച് കോളനിവാസികളുടെ മനം കവരുകയും സ്‌കൂള്‍ അധ്യയന വര്‍ഷത്തില്‍ അബ്ദേക്കര്‍ കോളനിയിലെ 96 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാനും ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ കഴിഞ്ഞിരുന്നു. കോഴിക്കാട് വടകരയില്‍ സേവനമനുഷ്ഠിച്ച കാലത്ത് കുട്ടികള്‍ക്ക് പഠനസഹായവും മറ്റും നല്‍കുന്ന നന്മ ഫൗണ്ടേഷന്‍ ഇന്ന് കേരളത്തിലെ മികച്ചൊരു സാമൂഹിക സംഘടനകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അധ്യായന വര്‍ഷവും നന്മ ഫൗണ്ടേഷന്‍ അറുനൂറിലധികം നിര്‍ധന കുട്ടുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. താന്‍ സേവനമനുഷ്ഠിച്ച സ്റ്റേഷന്‍ പരിധിയിലെല്ലാം മദ്യപാനികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോടഞ്ചേരിക്കടുത്ത് ആനക്കാംപൊയിലില്‍ നിര്‍ധനരായ മുസ്ലീം കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുവാനുള്ള പണവും സമഗ്രികളും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ചിത്തരഞ്ജന്‍.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍