UPDATES

ട്രെന്‍ഡിങ്ങ്

നവോത്ഥാന വനിതാമതില്‍: എന്‍എസ്എസ് ഉടക്കില്‍ തന്നെ; സി.പി സുഗതനെ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം

ജനുവരി ഒന്നിനാണ് കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതില്‍.

വനിതാ മതിലിനെച്ചൊല്ലി തര്‍ക്കവും ചര്‍ച്ചയും വിമര്‍ശനങ്ങളും രൂക്ഷമാവുന്നു. ശബരിമല വിഷയത്തില്‍ മുമ്പേ കോടതി/സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് വനിതാ മതില്‍ വിഷയത്തിലും ഇടഞ്ഞുതന്നെ. സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷവും ശക്തമായി മുന്നോട്ട് പോവുകയാണ്. അതേസമയം പേരിന് ഒരു സ്ത്രീമാത്രം പങ്കെടുത്ത യോഗം വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനിക്കുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്തുകൊണ്ട് പലരും എത്തിയിരിക്കുകയാണ്. ഇതിനിടെ വര്‍ഗീയത പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള ഹിന്ദുപാര്‍ലമെന്റ്‌ നേതാവ് സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനറായി പ്രഖ്യാപിച്ചതിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ശബരിമല വിഷയത്തില്‍ ഉയര്‍ന്നിരിക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനായി നവോത്ഥാന വനിതാ മതില്‍ തീര്‍ക്കാന്‍ തയ്യാറെടുത്ത സര്‍ക്കാരിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനിതാ മതിലിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.’ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നത് നിഷേധാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീ-പുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണ് ഇതെന്നും, വനിതാ മതില്‍ പരിപാടിയോട് എന്‍എസ്എസും രമേശ് ചെന്നിത്തലയും സഹകരിക്കണമെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അനുഭവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍എസ്എസ് പിന്തുടരണമെന്ന് കോടിയേരി എന്‍എസ്എസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് എന്‍എസ്എസ്. വനിതാമതിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിലും എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല. ശബരിമലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെ വിമര്‍ശിച്ചു. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണ, അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിക്കുന്നു.

നവോത്ഥാന കാലഘട്ടത്തില്‍ ഇടപെട്ട സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത് എന്‍എസ്എസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് അവരേയും കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോവാനായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദൂതനെ അയച്ചാണ് സുകുമാരന്‍ നായരെ യോഗത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ നിലപാടില്‍ നിന്ന് സുകുമാരന്‍ നായര്‍ അയഞ്ഞില്ല. യോഗത്തിന് ശേഷവും എന്‍എസ്എസ് കൂടി യോഗത്തിലുണ്ടാവേണ്ടിയിരുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ എന്‍എസ്എസ് വനിതാ മതിലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്നാണ് എന്‍എസ്എസും വനിതാമതില്‍ പരിപാടിയില്‍ അണിചേരണമെന്ന ആവശ്യം കോടിയേരിയും ഉന്നയിച്ചത്.

അതേസമയം വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഏറ്റവും വിമര്‍ശനം ഏറ്റ വാങ്ങേണ്ടി വന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, സ്ത്രീകളുടെ പ്രാതിനിധ്യമില്ലാതിരുന്ന യോഗം വനിതാ മതില്‍ എന്ന തീരുമാനമെടുത്തതില്‍. രണ്ട്, സി പി സുഗതനെ നവോഥാന സംരക്ഷണ സമിതിയുടെ സാരഥ്യത്തില്‍ കൊണ്ടുവന്നത്. ഇടതുപക്ഷ സഹയാത്രികരായ സ്ത്രീകളടക്കം വനിതാമതില്‍ തീരുമാനിക്കപ്പെട്ട യോഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന്റെ പ്രതികരണം, ‘ഗേ ക്ലബ്’ എന്നായിരുന്നു. ഇടത് ആശങ്ങള്‍ പിന്തുടരുന്ന സുനീത ടി വി തന്റെ ഫേസ്ബുക്കില്‍ ‘ ആണുങ്ങളുടെ സ്വന്തം നാട് പെണ്‍മതില്‍ കെട്ടാനുള്ള ചര്‍ച്ച, കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകള്‍ ഇല്ല…’ എന്ന് വിമര്‍ശനമുന്നയിച്ചപ്പോഴാണ് സൂസന്‍ ജോര്‍ജിന്റെ കമന്റ്. ഇതിനോടകം നിരവധി പേരാണ് സ്ത്രീകള്‍ പങ്കെടുക്കാത്ത നവോഥാന സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നവോത്ഥാന വനിതാ മതില്‍ എന്ന തീരുമാനത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഹാദിയ വിഷയത്തില്‍ വര്‍ഗീയവിഷം പ്രചരിപ്പിച്ച സി പി സുഗതനെ സമിതിയുടെ നേതൃനിരയില്‍ സ്ഥാനംകൊടുത്തത് ഇപ്പോള്‍ സര്‍ക്കാരിനും തലവേദനയായിരിക്കുകയാണ്. ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടയാളാണ് ഹിന്ദുപാര്‍ലമെന്റ് സെക്രട്ടറി സുഗതന്‍. “ഹാദിയയെ തെരുവില്‍ ഭോഗിക്കണം, ഭരണഘടനയുടെ നീതിയല്ല ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്, ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വ”മൊക്കെ എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലും ഒക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്’ എന്നാണ് വി ടി ബല്‍റാം ഇതിനോട് പ്രതികരിച്ചത്.

ജനുവരി ഒന്നിനാണ്, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതില്‍. തീരുമാനം വന്നത് മുതല്‍ വിമര്‍ശനങ്ങളേല്‍ക്കേണ്ടി വരുന്നു എങ്കിലും മതില്‍ തീര്‍ക്കാന്‍ സ്ത്രീകളെ രംഗത്തിറക്കാനുള്ള കാമ്പയിനുമായി മുന്നോട്ട് പോവുകയാണ് സമുദായസംഘടനാ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും.

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

മകന്‍ ഹിന്ദുശാക്തീകരണത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നത്

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

നവോത്ഥാന സംഘടനകളുടെ യോഗം: എന്‍ എസ് എസ് പങ്കെടുക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി; ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍