TopTop
Begin typing your search above and press return to search.

അവിടെ ഗോസംരക്ഷണം ഇവിടെ ബീഫ് വില്‍പ്പന; ആര്‍എസ്എസ് തൃശ്ശൂരില്‍ മാട്ടിറച്ചി വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നു

അവിടെ ഗോസംരക്ഷണം ഇവിടെ ബീഫ് വില്‍പ്പന; ആര്‍എസ്എസ് തൃശ്ശൂരില്‍ മാട്ടിറച്ചി വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നു

രാജ്യത്താകെ ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ശക്തികള്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുമ്പോള്‍ തൃശ്ശൂരില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള സഹകരണ സംഘം മത്സ്യ-മാട്ടിറച്ചി വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സെക്രട്ടറി ടി.എസ് ഉല്ലാസ്ബാബു, ബി.എം.എസ് ജില്ലാ സെക്രട്ടറി പി.വി. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സഹകരണ സംഘമാണ് മാട്ടിറച്ചി വില്‍പന കേന്ദ്രത്തിനടക്കമുള്ള ലൈസന്‍സ് നേടിയിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുള്ള കെട്ടിടത്തിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

മത്സ്യ-മാംസ ഉത്പാദനം, സംസ്‌ക്കരണം, വിതരണം, സൂപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യഉപയോഗത്തിനായി മാടുകളെ വളര്‍ത്തല്‍ എന്നിവയെല്ലാം സംഘം ബൈലോയില്‍ പറയുന്നുണ്ട്. കൂടാതെ മത്സ്യ-മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജ് ആരംഭിക്കാനും മംസാവശിഷ്ടങ്ങളില്‍ നിന്നു വളം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യയില്‍ മാട്ടിറച്ചിയുടെ പേരില്‍ ജനങ്ങളെ കൊല്ലുകയും ഇവിടെ കച്ചവട താത്പര്യത്തിന്റെ പേരില്‍ മാട്ടിറച്ചി കച്ചവടവും നടത്തുന്ന ഇരട്ടത്താപ്പാണ് ബിജെപി സ്വീകരിക്കുന്നതെന്നാണ് സിപിഎം ആരോപണം.

'ഗോവധം എന്നത് ബിജെപിക്കും ആര്‍എസ്എസിനും ജനങ്ങളെ ഭിന്നപ്പിക്കാന്‍ മാത്രമുള്ള തന്ത്രം മാത്രമാണ്. ഒരു വശത്ത് ഗോസംരക്ഷണം എന്ന പേരില്‍ ജനങ്ങളെ കൊല്ലുകയും മറുവശത്ത് മാട്ടിറച്ചി വില്‍പ്പന കേന്ദ്രം തുടങ്ങുകയും ചെയ്യുന്നു. സാധാരണക്കാരന് മാട്ടിറച്ചി വില്‍പന നിരോധിക്കുകയും ബിജെപി നേതാക്കള്‍ തന്നെ അത് നേരിട്ട് ഏറ്റെടുക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവുന്നതില്ല. ജനങ്ങളെ ഭിന്നിപ്പിച്ച ലാഭമുണ്ടാക്കാനുളള ശ്രമം മാത്രമാണ് മാട്ടിറച്ചി വിഷയത്തില്‍ ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നിലപാട്. അതിനുള്ള ഉത്തമോദഹരമാണിത്. ബിജെപി ഭരണത്തിലേറിയ ശേഷം നിരവധി ആളുകളെയാണ് ഈ വിഷയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്.' എന്നാണ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറയുന്നത്.

എന്നാല്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തന്നെ വ്യാജമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറയുന്നത്- 'കഴിഞ്ഞ എട്ടു വര്‍ഷമായി തൃശ്ശൂരില്‍ വാണിജ്യ-വ്യവസായ സമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന്റെ കീഴിലാണ് സഹകരണ സംഘം തുടങ്ങിയിട്ടുള്ളത്. പച്ചക്കറി-മത്സ്യം- മുട്ട വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കച്ചവടക്കാരെയും കൃഷിക്കാരെയും സാമ്പത്തികമായി സഹായിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അപേക്ഷ നല്‍കിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷമാണ് സംഘത്തിനു പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. 500 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരു വില്‍പ്പനയും നടക്കുന്നില്ല. പിന്നെ സംഘത്തിന്റെ ബൈലോയില്‍ ഉള്ള കാര്യങ്ങളെല്ലാം സംഘം ചെയ്യണമെന്നു നിര്‍ബന്ധവുമില്ല. എന്നാല്‍ ബീഫ് കഴിക്കുന്നവരെ തടയില്ല. കഴിക്കുന്നവര്‍ക്ക് കഴിക്കാം, കഴിക്കാത്തവര്‍ കഴിക്കണ്ട അതാണ് പാര്‍ട്ടി നിലപാട്.' എന്നാണ്.

ഭാവിയില്‍ മൈാബൈല്‍ മാംസ സ്റ്റോറും റെസ്റ്റോറന്റുകളും തുടങ്ങാന്‍ സംഘത്തിന് പദ്ധതിയുണ്ടെന്നാണ് വിവരം. എല്ലാ വിഭാഗം ജനങ്ങളെയും സംഘത്തിലൂടെ ബിജെപിയോടടുപ്പിക്കാം എന്നുതും നേതൃത്വം ലക്ഷ്യമിടുന്നു. നാഗേഷ് ചീഫ് പ്രമോട്ടറായാണ് സഹകരണ വില്‍പ്പന സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ തെരഞ്ഞെടുപ്പ് നടത്തി നാഗേഷിനെ പ്രസിഡന്റായും ടി.എസ് ഉല്ലാസ് ബാബുവിനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തു. ബിജെപി നേതാക്കളായ വി.ബി പ്രീതി, ഷണ്‍മുഖന്‍, പി.വി സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് മറ്റു ഭരണസമിതിയംഗങ്ങള്‍.


Next Story

Related Stories