UPDATES

ട്രെന്‍ഡിങ്ങ്

അനന്തുവിന്റെ കൊലപാതകം: ആര്‍എസ്എസ് കേരളത്തില്‍ പിടിമുറുക്കുന്നത് ക്ഷേത്രങ്ങളിലൂടെയുമാണ്‌

ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കുന്നു എന്ന പ്രസ്താവനയ്ക്കപ്പുറം എന്തെങ്കിലും നടന്നോ?

ആലപ്പുഴ ജില്ലയിൽ 65 ദിവസത്തിനുള്ളിൽ നടന്നത് 7 കൊലപാതകങ്ങൾ. തിരുവിതാംകൂറിലെ കണ്ണൂർ എന്ന് വേണമെങ്കിലും ആലപ്പുഴയെ വിളിക്കാവുന്ന സാഹചര്യത്തിലേക്കാണ് കിഴക്കിന്റെ വെനീസ് നടന്നടുക്കുന്നത്. മുഹ്സിൻ, അനന്തു എന്നിവരാണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്. ഇരുവരുടെയും കൊലപാതകങ്ങൾക്ക് ഒരു സമാനതയുണ്ട്. രണ്ടുപേരുടെയും കൊലപാതകം നടക്കുന്നത് ക്ഷേത്രോത്സവത്തിന് ഇടയിലാണ്. മാത്രമല്ല രണ്ടു കൊലക്കേസുകളിലും പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണ്.

സംഘപരിവാർ പ്രവർത്തകർ ക്ഷേത്ര ഭരണ സമിതികൾ പിടിച്ചടക്കുന്നതും ക്ഷേത്രഭൂമികൾ കൈയ്യേറി ശാഖകൾ നടത്തുന്നതും സമീപകാലത്ത് വർദ്ധിച്ചു വരുന്നതും ശ്രദ്ധേയമാണ്. വളരെ തന്ത്രപരമായിട്ടാണ് സംഘപരിവാർ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത്. നശിച്ചു കിടക്കുന്ന ക്ഷേത്രങ്ങൾ പുനഃരുദ്ധരിച്ചും ആളുകൂടുന്ന വലിയ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഭക്തജനങ്ങൾക്ക് സൌജന്യമായി സംഭാരം വിതരണം ചെയ്തുമൊക്കെയാണ് ഇവർ സാമൂഹ്യ അംഗീകാരം നേടിയെടുക്കുന്നത്. ഒരിക്കൽ ഇരുപ്പുറപ്പിച്ചാൽ പിന്നീട് ഇവരെ ക്ഷേത്ര കവാടത്തിനു പുറത്തിറക്കാൻ കഴിയില്ല എന്നതാണ് വസ്തുത. കുരുത്തോല അലങ്കാരം മുതൽ ചൂടിനെ പ്രതിരോധിക്കാൻ മണ്ണിൽ വെള്ളം ഒഴിച്ച് തണുപ്പിക്കുന്നതടക്കമുള്ള ഒട്ടുമിക്ക പ്രവർത്തനങ്ങളും ഈ സന്നദ്ധ പ്രവർത്തകർ ചെയ്യുന്നു. ഒടുവിൽ സേവാഭാരതിയുടെയും ബാലഗോകുലത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും പ്രവർത്തകരില്ലാതെ ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു പോകില്ല എന്ന അവസ്ഥയിലെത്തും. പിന്നീടാണ് ആർഎസ്എസിന്റെ ശാഖകൾ ക്ഷേത്രഭൂമിയിൽ വരുന്നത്. ഇതോടെ പരിസരത്ത്‌ ആര്‍ക്കും എതിർക്കാൻ ധൈര്യമുണ്ടാകില്ല.

ദണ്ഡ എന്ന കുറുവടി ആർഎസ്എസ് ശാഖകളിലെ നിത്യ പരിശീലനത്തിൽ ഒന്നാണ്. പുക കൊള്ളിച്ച് ഉണക്കിയെടുക്കുന്ന ഈ മരക്കഷ്ണം കൊണ്ട് അടിച്ചാൽ അസ്ഥി ഒടിയില്ല പകരം മാംസം ചതയുമെന്നും അടികൊണ്ട അതേ മാസം ആകുമ്പോൾ വേദന കൊണ്ട് ശത്രുവിന് വീണ്ടും പേടി ഉണ്ടാകും എന്നൊക്കെയാണ് ശാഖയിൽ ആയുധ പരിശീലന വിദഗ്ധർ പറയുന്നത്. എന്ത് പ്രശ്‍നമുണ്ടായാലും ശാഖയിലെ ചേട്ടന്മാർ ചോദിക്കാൻ എത്തുമെന്ന ധൈര്യം കൂടിയാണ് കൗമാര പ്രായക്കാരെ ശാഖകളിലേക്ക് ആകർഷിക്കുന്നത്.

അതിർത്തി തർക്കം മുതൽ സാമ്പത്തിക തട്ടിപ്പ് വരെയുള്ള കേസുകളിൽ ന്യായം എന്തുതന്നെയായാലും നീതിയും നിയമവും നോക്കാതെ ശാഖയിലെ ചേട്ടന്മാർ കട്ടയ്ക്കു കൂടെ നിന്ന് കളയും. സിപിഎം കുടുംബത്തിൽ നിന്നും കൗമാരക്കാരൻ ശാഖയിൽ പോയാൽ അന്ന് തന്നെ ആ കുടുംബത്തെ ആർഎസ്എസുകാരായി പ്രഖ്യാപിച്ച് സിപിഎം ബ്രാഞ്ച് കമ്മറ്റി ഒറ്റപ്പെടുത്തും. എന്തും ചെയ്തു തരാൻ തയ്യാറുള്ള തടിമിടുക്കുള്ള ആർഎസ്എസുകാർ ഒരു ഭാഗത്തും നിങ്ങൾ ആർഎസ്എസ് ആണെന്ന് ആക്രോശിക്കുന്ന സിപിഎംകാർ മറുഭാഗത്തും ഉണ്ടാകുമ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പ് സ്വാഭാവികം മാത്രമാകും.

വർഗീയ ചിന്തയുമായി നടക്കുന്ന വെറും സവർണ പാർട്ടി ആണ് സംഘപരിവാർ എന്ന് മനസിലാക്കി വരുമ്പോഴേക്കും കൗമാരം പിന്നിടും, എന്ന് മാത്രമല്ല പുരോഗമന സംഘടനാ പ്രവർത്തകർക്ക് ഈ ചെറുപ്പക്കാരോട് അയിത്തം മാറുകയുമില്ല. ശാഖയിൽ നിന്നും തെറ്റിപ്പോയാൽ അടി ഉറപ്പാണ് എന്നതിനാൽ തുടര്‍ന്നുള്ള കാലവും അങ്ങനെ തന്നെ തുടരും. ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള സംഘപരിവാർ ആയുധപരിശീലനം അവസാനിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിട്ട് പ്രസ്താവനയ്ക്ക് അപ്പുറം ഒന്നും നടന്നില്ല. ഇവർക്കെതിരെ നിരന്തരം സംസാരിച്ചും അതേസമയം നടപടി എടുക്കാതെയുമുള്ള രാഷ്ട്രീയമാണ് സിപിഎം കളിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്താകമാനം ആർഎസ്എസ് വളർച്ചയുടെ കണക്ക് എടുക്കുമ്പോൾ കേരളം ഒന്നാം സ്ഥാനത്താണ് ഉള്ളത്.

തമിഴ്‌നാട്ടിലും കേരളത്തിലും അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ അടുത്ത ലക്‌ഷ്യം. ഇതിനായി പ്രവർത്തനം ആരംഭിക്കുന്നത് ക്ഷേത്ര കവാടങ്ങളിൽ നിന്നാണ് . ക്ഷേത്രങ്ങളിൽ നിന്ന് സംഘപരിവാറിനെ അകറ്റി നിർത്താത്ത കാലത്തോളം ആർഎസ്എസ് കേരളത്തിൽ വളർന്നു കൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍