Top

അമൃതാനന്ദമയി തുടക്കം മുതല്‍ ശബരിമല കര്‍മ്മ സമിതിയുടെ ഭാഗമായിരുന്നു: കെപി ശശികല

അമൃതാനന്ദമയി തുടക്കം മുതല്‍ ശബരിമല കര്‍മ്മ സമിതിയുടെ ഭാഗമായിരുന്നു: കെപി ശശികല
കഴിഞ്ഞ ദിവസം നടന്ന അയ്യപ്പ ഭക്ത സംഗമം ഒരു തുടക്കമെന്ന് ആര്‍എസ്എസ്. ഹൈന്ദവ ഏകീകരണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വയ്പായാണ് ആര്‍എസ്എസ് നേതാക്കള്‍ അയ്യപ്പ ഭക്ത സംഗമത്തെ കാണുന്നത്. കാലങ്ങളായി ഹൈന്ദവ ഏകീകരണം എന്ന ലക്ഷ്യവുമായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതേവരെ അതിന് അനുകൂലമായ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുകൂല സാഹചര്യം മുതലാക്കി മുന്നോട്ടു പോയാല്‍ വിയോജിപ്പുകളേയും യോജിപ്പുകളേയും 'ഒരു കുടക്കീഴില്‍' കൊണ്ടുവരാമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന അയ്യപ്പഭക്ത സംഗമത്തിലെ വന്‍ജനപങ്കാളിത്തവും ക്ഷണിക്കപ്പെട്ടവരുടെ വരവുമെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

എന്‍എസ്എസ് ആണ് ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണം ആവശ്യപ്പെട്ട് ആദ്യം തെരുവിലിറങ്ങിയത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദേശീയ തലത്തില്‍ എടുത്തിട്ടുള്ള നിലപാടിനനുസരിച്ച് ആദ്യം വിധിയെ പിന്തുണയ്ക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍ ചെയ്തത്. എന്നാല്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ പന്തളം നാമജപ റാലി ശബരിമല പ്രക്ഷോഭത്തിന്റെ ദിശ തന്നെ മാറ്റിമറിച്ചു. പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി എന്‍എസ്എസിന് പിന്തുണയായി ആ റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയുടെ വിജയം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ നയം തന്നെ മാറ്റാന്‍ കാരണമായി. പിന്നീട് ഓരോ ഘട്ടത്തിലും ആര്‍എസ്എസ് ആണ് പ്രക്ഷോഭത്തെ നയിച്ചത്. കേരളത്തിലെ ബിജെപി നേതൃത്വത്തെ ആജ്ഞാനുവര്‍ത്തികളാക്കിക്കൊണ്ട് ഹൈന്ദവ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കുക എന്നതായിരുന്നു ആര്‍എസ്എസിന്റെ അജണ്ട. ഇക്കാര്യം ആര്‍എസ്എസ് നേതാക്കള്‍ തന്നെ തുറന്നുപറയുന്നു. ആര്‍എസ്എസിന്റെ ഉപശാഖയായ ശബരിമല സേവാ സമാജം ആണ് ശബരിമലയ്ക്കായി, അയ്യപ്പനായി ഒന്നിക്കുന്ന ഒരു പൊതുവേദി വേണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വക്കുന്നത്. അതനുസരിച്ച് കൂടിയവര്‍ ശബരിമല കര്‍മ്മ സമിതി രൂപീകരിച്ചു. 72 ഹിന്ദു സംഘടനകള്‍ ചേര്‍ന്നതില്‍ ഭൂരിഭാഗവും ആര്‍എസ്എസ് ഉപശാഖകളോ, അവരോട് വിധേയത്വപ്പെടുന്ന സംഘടനകളോ ആയിരുന്നു. രക്ഷാധികാരികളായി അമൃതാനന്ദമയിയേയും, സ്വാമി ചിദാനന്ദപുരിയേയും നിര്‍ണയിക്കുന്നതിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുന്നു.

രാഷ്ട്രീയത്തിനപ്പുറത്ത് അയ്യപ്പന്‍ എന്ന ഒരേ ഒരു വികാരത്തിന് മുകളില്‍ അണിചേര്‍ന്നവരാണ് തങ്ങളെന്ന് ശബരിമല കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പറയുന്നു. കര്‍മ്മ സമിതിയില്‍ സന്യാസിസമൂഹവും അണിചേര്‍ന്നു. ഇതോടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗവും ഊര്‍ജ്ജവും കൈവന്നു. പിന്നീട് ഉണ്ടായ സംഘര്‍ഷങ്ങളിലും കലാപങ്ങളിലും അമരത്ത് നിന്ന് നിയന്ത്രിച്ചതും തെരുവിലിറങ്ങിയതും ആര്‍എസ്എസ് നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഇറങ്ങിയവര്‍ തന്നെ. ഇതും വെളിപ്പെടുത്തുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഏറ്റവുമൊടുവിലാണ് കഴിഞ്ഞ ദിവസം നടന്ന അയ്യപ്പ ഭക്ത സംഗമം. നാല് ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് ജനങ്ങള്‍ നാമജപ ഘോഷയാത്രയിലും സംഗമത്തിലും പങ്കെടുത്തു. 123 സമുദായ സംഘനകളില്‍ നിന്നുള്ളവര്‍ അതില്‍ പങ്കുചേര്‍ന്നു എന്ന് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ശ്രദ്ധേയമായത് ഇതേവരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതെ മാറി നിന്നിരുന്ന അമൃതാനന്ദമയിയുള്‍പ്പെടെയുള്ള സന്യാസിമാരുടെ സാന്നിധ്യമാണ്.
"അമ്മ ആദ്യം മുതലേ കര്‍മ്മ സമിതിയുടെ ഭാഗമായിരുന്നു. രക്ഷാധികാരിയായ അമ്മയെ ഞങ്ങള്‍ ഓരോ യോഗശേഷവുമുള്ള വിവരങ്ങള്‍ കൃത്യമായി ധരിപ്പിച്ചിരുന്നു. രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണ് അമ്മ ഈ വിഷയത്തില്‍ ഒപ്പം നിന്നതും സംഗമത്തില്‍ പങ്കെടുത്തതും. അമ്മയുടെ സാന്നിധ്യമാണ് അതില്‍ ഏറ്റവും പ്രത്യേകതയായുണ്ടായിരുന്നത്. എന്നാല്‍ പ്രത്യേകമായ ഒരു പ്രചരണവും ഇല്ലാതിരുന്നിട്ടും ആളുകള്‍ സംഗമത്തിന് എത്തിയെന്നതാണ് വിശേഷപ്പെട്ട കാര്യം. കര്‍മ്മ സമിതിയുടെ യൂണിറ്റുകള്‍ വഴി അറിയിപ്പുകളുണ്ടായിരുന്നെങ്കിലും വലിയ തോതിലുള്ള പ്രചരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല"
എന്ന് കെ പി ശശികല പറയുന്നു.

ഇത്രയധികം ആചാര്യന്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കുകയും അഭിപ്രായം പങ്കുവച്ചതുമാണ് അയ്യപ്പ ഭക്ത സംഗമത്തിന്റെ പ്രത്യേകത എന്ന് അയ്യപ്പ സേവാ സമാജം ദേശീയാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസും പറയുന്നു. രാമകൃഷ്ണമിഷന്‍ അധിപന്‍ ഗോലോകാനന്ദയും, ശിവഗിരിമഠാധിപതി പ്രകാശാനന്ദയും ഉള്‍പ്പെടെ യോഗത്തില്‍ സന്യാസിമാരുടെ വലിയ നിരയെ എത്തിക്കാന്‍ സാധിച്ചു എന്നുള്ളത് വലിയ കാര്യമായി അദ്ദേഹവും പറയുന്നു. എന്നാല്‍ തങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ജനങ്ങള്‍ എത്തിയത് ലളിതമായി കാണാനാവില്ല. എക്കാലവും ഹൈന്ദവരെ വേട്ടയാടുന്ന രാഷ്ടരത്തിലെ സംവിധാനങ്ങളെ ഇനി വച്ചുപൊറുപ്പിക്കുമെന്ന് കരുതണ്ട. അത്തരം പ്രവര്‍ത്തികള്‍ നേരിടേണ്ടി വന്നാല്‍, അതിനെ എതിര്‍ക്കാന്‍ മറ്റാരുമില്ലെങ്കില്‍ കൊല പാപമാണ് എന്ന് കരുതി സന്ന്യാസി സമൂഹം ഇരിക്കുമെന്ന് ആരും കരുതേണ്ടെന്നും സ്വാമി അയ്യപ്പദാസ് പറയുന്നു.

Also Read: ആള്‍ദൈവം, സമുദായ നേതാവ്, റിട്ടയേര്‍ഡ് ഐപിഎസ്; സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃക കേരളത്തിന്റെ മണ്ണിൽ വേവുമോ?

എന്നാല്‍ ആളുകള്‍ എത്തരത്തില്‍ അവിടേക്കെത്തി എന്നതും, എന്താണ് അതിന്റെ ഉദ്ദേശമെന്നും വളരെ വ്യക്തമായ ഭാഷയില്‍ പറഞ്ഞത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കനകപ്രഭന്റെ വാക്കുകള്‍: "സര്‍ സംഘചാലക് വരുന്ന പരിപാടികളിലൊക്കെ ഒരു പ്രചരണവുമില്ലാതെ ഇരുപത്തയ്യായിരവും മുപ്പതിനായിരവും പേരെ ഒറ്റയടിക്ക് എത്തിക്കാന്‍ ശേഷിയുള്ളവരാണ് ആര്‍എസ്എസുകാര്‍. കൃത്യമായ നെറ്റവര്‍ക്കിങ്ങിലൂടെയാണ് ഞങ്ങള്‍ സംഗമത്തിന് ആളെ എത്തിച്ചതും. ഇത് ഞങ്ങളുടെ വിജയമാണ്. ആര്‍എസ്എസ് പരിപാടികള്‍ക്ക് ആളെത്തുമെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ഉദ്യമം ഞങ്ങള്‍ ഏറ്റെടുക്കുന്നത്. സന്ദീപാനന്ദഗിരി ഒഴികെയുള്ള മറ്റെല്ലാ ആചാര്യന്‍മാരും വേദിയിലെത്തി. അമ്മയും പങ്കെടുത്തു. അമ്മ എങ്ങനെ എത്തി എന്ന സംശയം പലര്‍ക്കുമുണ്ടാവാം. പക്ഷെ അമ്മ പണ്ടും ആര്‍എസ്എസ് എന്ന സംഘടനയുടെ ബാക്കയ്പ്പ് കിട്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ്. പലപ്പോഴും മറ്റാരും സഹായത്തിനില്ലാതിരുന്നപ്പോള്‍ സംഘപരിവാര്‍ തന്നെയാണ് അമ്മയെ സഹായിച്ചിട്ടുള്ളതും. സന്യാസി യോഗങ്ങളില്‍ അമ്മ പങ്കെടുക്കാറുണ്ട്. അതുപോലെ അമ്മയുടെ അമ്പതാം പിറന്നാള്‍ ആഘോഷത്തിന് മറ്റ് ആചാര്യന്‍മാരും പങ്കെടുത്തിരുന്നു. അവര്‍ തമ്മില്‍ ഐക്യം ഉള്ളതാണ്. അത് സംഗമത്തില്‍ ഒന്നിച്ചെത്തിക്കാന്‍ നമുക്കായി. തീര്‍ച്ചയായും ഇതില്‍ വലിയ ഗ്രൗണ്ട് വര്‍ക്ക് നടന്നിട്ടുണ്ട്. അത് ഇനി തുടരുകയേ ഉള്ളൂ എന്ന കാര്യമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആര്‍എസ്എസ് എന്താണെന്ന് കേരളം ഇനി കാണാനിരിക്കുന്നതേയുള്ളൂ. ഹൈന്ദവരെ വ്രണപ്പെടുത്തി ഒരു ജനതയ്ക്കും ഇനി മുന്നോട്ട് പോവാനാവില്ല. ഒന്നിച്ച് നില്‍ക്കാത്തത് കൊണ്ടാണ് എപ്പോഴും ഞങ്ങളെ വേട്ടയാടുന്നതെന്ന ബോധം ഇപ്പോള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ഹിന്ദുജനതയ്ക്കും വന്നിട്ടുണ്ട്. ഞങ്ങളെ ദ്രോഹിച്ചവര്‍ക്ക് ഒരു മറുപടി കൊടുക്കേണ്ട സമയവുമായിരിക്കുന്നു."


സമൂഹത്തില്‍ സ്ഥാനം നേടിയ ഹിന്ദു സന്യാസി പ്രമുഖരെ സംഘപരിവാര്‍ കൊടിക്ക് കീഴില്‍ കൊണ്ടുവരിക എന്നത് ഹിന്ദുത്വവാദികളുടെ എക്കാലത്തേയും ആവശ്യമായിരുന്നു. ഈ ലക്ഷ്യം ഒരു പരിധിവരെ ഫലം കണ്ടു എന്നകാര്യമാണ് ആര്‍എസ്എസ് നേതാക്കളും പങ്കുവയ്ക്കുന്നത്. കേരളത്തില്‍ പ്രബലരായി നില്‍ക്കുന്ന സമുദായ സംഘടനകളും, ക്ഷേത്രാചാര സംരക്ഷണ സമിതി പോലെയുള്ള ഹിന്ദു സംഘടനകളും ഉണ്ടെങ്കിലും ഇവയെ ഏതെങ്കിലും ഒരു പരിപാടിക്കായി ഒന്നിപ്പിക്കുക എന്നത് ഇതേവരെ സാധ്യമായിരുന്നില്ല.

Also Read: ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

എന്നാല്‍ അയ്യപ്പ ഭക്ത സംഗമത്തില്‍ 120 സമുദായ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു എന്ന് ആര്‍എസ്എസ് മുഖ്യ കാര്യപ്രാന്തവാഹക് (സംസ്ഥാന തലവന്‍) കെ ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു. ഹൈന്ദവ ഏകീകരണത്തിലേക്കുള്ള ചവിട്ടുപടിയാണ് തിരുവനന്തപുരത്ത് നടന്ന സംഗമമെന്ന് അദ്ദേഹവും പറയുന്നു: "ഇത്രയും കാലം ഹിന്ദു എന്ന രീതിയില്‍ ഒരു ഐക്യപ്പെടലോ സംഘടനകളുടെ ഏകീകരണമോ നടന്നിട്ടില്ല. പണ്ട് ശബരിമല തീവപ്പ് കേസ് വന്നപ്പോഴാണ് ഹിന്ദു മണ്ഡലം പ്രവര്‍ത്തനം സജീവമാക്കുന്നത്. അന്ന് പലരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം നടത്താനായി. എന്നാല്‍ അതിന്റെ തുടര്‍ച്ചയുണ്ടായില്ല. പിന്നീട് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യം വരുമ്പോഴോ മഠങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യം വരുമ്പോഴോ മാത്രമാണ് ഹൈന്ദവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും പൊങ്ങി വരാറ്. എന്നാല്‍ അവ വന്ന് അതേപടി പോവുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരത്തെ സംഗമം തീര്‍ച്ചയായും ചില പോസിറ്റീവ് മാറ്റങ്ങള്‍ക്കുള്ള ആദ്യപടിയായിരിക്കും. 120 സമുദായ സംഘടനകള്‍, കേരളത്തിലെ സന്യാസി സമൂഹത്തിലെ മഹാഭൂരിപക്ഷം പേര്‍, മറ്റ് ഹിന്ദു സംഘടനകള്‍ അങ്ങനെ ഒന്നിച്ച് നിന്ന് ഒരു കാര്യത്തിനായി സംസാരിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ ഒറ്റക്കെട്ടായാണ് ഹിന്ദു സമൂഹം നില്‍ക്കുന്നത്. ഇതുപോലൊരു ഐക്യം കേരളത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ല. എല്ലാവരുടേയും പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു ജനപങ്കാളിത്തം. ശബരിമല കര്‍മ്മ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. ആര്‍എസ്എസും അതിന്റെ ഭാഗമാണ്. തീര്‍ച്ചയായും ഞ്ങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത്തരമൊരു പരിപാടി വിജയിച്ചതിന്റെ ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. താത്ക്കാലിക പരിഹാരമുണ്ടായാല്‍ കൂടി അത് പോര എന്ന ഒരു ഉറച്ച് ബോധ്യം ഹൈന്ദവര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. സ്ഥായിയായി മുന്നോട്ട് പോവേണ്ടതുണ്ട്. രാഷ്ട്രീയമോ നയമോ വേറിട്ടതാവുമ്പോഴും ഹൈന്ദവര്‍ക്കായി ഒന്നിച്ച് നില്‍ക്കാം എന്ന ബോധ്യത്തിലേക്ക് ഏവരും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. രാഷ്ട്രീയമേതുമായിക്കോട്ടെ, ഓരോ സംഘടനയ്ക്കും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാവാം. എന്നാല്‍ അതുള്ളപ്പോള്‍ തന്നെ പൊതു ഹിന്ദു സങ്കല്‍പ്പം എന്നതില്‍ ഉറച്ച് നില്‍ക്കുകയും അതിന് ഏകീകൃത ഭാവമുണ്ടാക്കുകയും ചെയ്താലേ ഹൈന്ദവര്‍ക്ക് അതുകൊണ്ട് ഗുണമുള്ളൂ. പിന്നെ സംഘം വളര്‍ന്നു എന്നതിന് തെളിവാണല്ലോ മാധ്യമങ്ങള്‍ ഞങ്ങളെയും അന്വേഷിച്ചുവരുന്നത്."


Also Read: എന്നും വിവാദങ്ങള്‍, ഏറ്റുമുട്ടല്‍, മതവെറി; ആരാണ് ടി.പി സെന്‍കുമാര്‍?

എന്നാല്‍ സംഘപരിവാര്‍ നേതൃത്വം ഇനി പിടിമുറുക്കാന്‍ പോവുന്നതും പിടി മുറുക്കുന്നതും എന്‍എസ്എസിനെയാണെന്നാണ് വിലയിരുത്തല്‍. ഇത്രകാലം സമദൂര സിദ്ധാന്തവുമായി ഇടത്, വലത് മുന്നണികള്‍ക്കൊപ്പം മാറി മാറി നിന്നിരുന്ന എന്‍എസ്എസ് ഇപ്പോള്‍ സംഘപരിവാറിന്റെ കൈകള്‍ക്കുള്ളില്‍ വീണിരിക്കുകയാണ്. ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ പരിപാടികള്‍ക്ക് സ്‌കൂളുകള്‍ പോലും വിട്ടുനല്‍കാന്‍ തയ്യാറാകാതിരുന്ന എന്‍എസ്എസ് ഇപ്പോള്‍ ആര്‍എസ്എസുമായി, ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുകയാണ്. ഇതുവഴി രാഷ്ട്രീയപരമായ നേട്ടമുണ്ടാക്കാന്‍ ഇരുകൂട്ടരും ശ്രമിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെ വിയോജിച്ച് നിന്ന സമുദായസംഘടനകളെ ഒന്നിച്ച് നിര്‍ത്തി ഹിന്ദു വോട്ട് ധ്രുവീകരണമാണ് ബിജെപിയുടെ മുഖ്യ അജണ്ട. അടുത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ ലാഭം ഉണ്ടാക്കാനായില്ലെങ്കിലും ഭാവിയില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഭിഷണിയായി വളരുക എന്നത് തന്നെയാണ് ഇതുവഴി ബിജെപി ലക്ഷ്യമിടുന്നത്.

Also Read: ഇനി പോര്‍വിളി അകത്ത്; വി മുരളീധരനും കെ സുരേന്ദ്രനും മാറി നിന്ന ബിജെപിയുടെ ശബരിമല സമരസമാപനം സൂചിപ്പിക്കുന്നത്

Also Read: ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?

Next Story

Related Stories