TopTop
Begin typing your search above and press return to search.

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പ് ആര്‍എസ്എസ് സ്ഥാപനത്തിന്; കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കുന്നു

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പ് ആര്‍എസ്എസ് സ്ഥാപനത്തിന്; കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കുന്നു

നിര്‍ഭയ പദ്ധതിയുടെ ഭാഗമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതായി ആരോപണം. സ്ഥിരമായി സ്‌കൂളിലും കോളേജുകളിലും പോയി പഠിക്കാനുള്ള അവസരമാണ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഷെല്‍ട്ടര്‍ ഹോമുകളുടെ നടത്തിപ്പ് ആര്‍എസ്എസിനു കീഴിലുള്ള സന്നദ്ധസംഘടനയായ സേവാഭാരതിക്ക് വിട്ടുനല്‍കിയതിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ സേവാഭാരതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലാശ്രമങ്ങളിലൊന്നില്‍ താമസിപ്പച്ചിരിക്കുന്ന കുട്ടികള്‍ക്കാണ് ഈയൊരവസ്ഥ. കുട്ടികളില്‍ പലര്‍ക്കും പതിവായി സ്‌കൂളുകളിലും കോളേജുകളിലും പോയി മറ്റു കുട്ടികള്‍ക്ക് ഒപ്പം പഠിക്കണമെന്നാണാഗ്രഹം. എന്നാല്‍ താത്കാലികമായ രീതിയില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസുകള്‍ ഏര്‍പ്പാടാക്കി പരീക്ഷയ്ക്കിരുത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എന്‍.ജി.ഒ സ്ഥാപനത്തിലായിരുന്നു നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കുട്ടികളെ താമസിപ്പിച്ചിരുന്നത്. ഈ സ്ഥാപനത്തിനു നേരെ സാമ്പത്തിക ക്രമക്കേടടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇവിടെ നിന്നു കുട്ടികളെ മാറ്റുകയായിരുന്നു. മാനസികമായി പ്രശ്‌നമുള്ള കുട്ടികളെ പാലക്കാട്ടെ ഒരു സ്ഥാപനത്തിലേക്കും മറ്റുള്ളവരെ തൃശ്ശൂരില്‍ തന്നെയുള്ള സേവഭാരതിയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലാശ്രമത്തിലേക്കുമാണ് മാറ്റിയത്. കുട്ടികളെ പുനരധിവസിപ്പിക്കുകയും അവര്‍ക്കു ബോധവത്കരണവും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള അവസരവും ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് നിര്‍ഭയ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഇവിടെ അധികാരികള്‍ തന്നെ നിഷേധിക്കുന്നത്.

'കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമായ കാര്യമാണ്. പ്ലസ്ടുവിനും ഡ്രിഗിക്കുമൊക്കൊ പഠിക്കുന്ന കുട്ടികള്‍ നിര്‍ഭയയുടെ ഷെല്‍ട്ടര്‍ ഹോമുകളിലുണ്ട്. അവര്‍ക്ക് പലര്‍ക്കും മറ്റു കുട്ടികളെപ്പോലെ പഠിക്കണമെന്നാഗ്രഹവുമണ്ട്. അതിനുള്ള അവസരമൊരുക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ അവരെ ഷെല്‍ട്ടര്‍ ഹോമുകളില്‍ തന്നെ തളച്ചിടുന്ന അവസ്ഥയാണുള്ളത്. എന്തടിസ്ഥാനത്തിലാണ് അധികൃതര്‍ ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടതെന്നറിയില്ല. സുരക്ഷാകാരണം കൊണ്ടാണെങ്കില്‍ അത് തെറ്റായ വ്യാഖ്യാനമാണ്. അവര്‍ക്കു വിദ്യാദ്യാലയങ്ങളിലടക്കം സുരക്ഷ ഉറപ്പാക്കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.

അതുപോലെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃത്യമായ രാഷ്ട്രീയമുള്ള ഒരു സ്ഥാപനത്തിനാണ് നിര്‍ഭയ പോലുള്ള ഒരു പദ്ധതിയുടെ നടത്തിപ്പ് കൊടുത്തിരിക്കുന്നത്. പല ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ. സെക്കുലറായ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരം പദ്ധതികളുടെ നടത്തിപ്പു ചുമതല നല്‍കേണ്ടതെന്ന് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഇത്തരം സ്ഥാപനങ്ങളില്‍ എത്രമേല്‍ ഉറപ്പാക്കാനാകുമെന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ട്'- അഴിമുഖത്തോടു സംസാരിച്ച മഹിളാസമഖ്യ പ്രവര്‍ത്തക പറയുന്നു.

എന്നാല്‍ മതസ്ഥാപനങ്ങള്‍ക്കു നിര്‍ഭയ പദ്ധതിയുടെ നടത്തിപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സാമൂഹിക ക്ഷേമവകുപ്പിന്റെ വാദം. നിര്‍ഭയ പോലുള്ള പദ്ധതി നടത്താന്‍ സന്നദ്ധരായി ആരു മുന്നോട്ടു വന്നാലു പരിഗണിക്കും. അവര്‍ക്ക് കുട്ടികളെ നല്ല രീതിയില്‍ സംരക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ടോ എന്നതു മാത്രമാണ് പരിഗണിക്കുക എന്ന് സാമൂഹിക ക്ഷേമവകുപ്പ് പറയുന്നു. അതുപോലെ അവര്‍ക്ക് സാമൂഹിക സേവന രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നല്ല രീതിയിലുള്ള സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതരും പറയുന്നു.

'നിര്‍ഭയ പദ്ധതിയുമായി ബന്ധപ്പെട്ട് ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിച്ചിട്ടുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ടില്ല, സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകളില്‍ തന്നെ ട്യൂഷന്‍ ക്ലാസുകള്‍ നല്‍കി നാഷണല്‍ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ സ്റ്റഡീസിന്റെ പരീക്ഷയെഴുതിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്- ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി ഒ. ജോര്‍ജ് പറഞ്ഞു.

എന്നാല്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് കുട്ടികള്‍ക്ക് പഠിക്കാനുള്ള ആവശ്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവുന്ന നിലപാടല്ലെന്നും കുട്ടികള്‍ക്ക് സുരക്ഷ നല്‍കി മറ്റു കിട്ടികളോടൊപ്പം ഇരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അതും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്‌ രാജ്യമൊട്ടാകെ നിര്‍ഭയ പദ്ധതി ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക, അവരുടെ സുരക്ഷിതത്വം, പുനരധിവാസം എന്നിവ ഉറപ്പാക്കുക കൂടുതല്‍ സുരക്ഷാ പരിപാടികള്‍ നടപ്പിലാക്കുക എന്നതൊക്കെയായിരുന്നു നിര്‍ഭയയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നത്. എന്നാല്‍ തുടങ്ങി നാളുകള്‍ക്കകം തന്നെ വിവാദങ്ങളുണ്ടാകുകയും പദ്ധതിയുടെ പ്രധാന ഉപദേഷ്ടാവായ സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷണന്‍ രാജിവെയ്ക്കുന്ന സ്ഥിതിയുമുണ്ടായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിര്‍ഭയയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ചില തെറ്റായ തീരുമാനങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നതാകുമെന്നാണ് ആരോപണം.


Next Story

Related Stories