TopTop
Begin typing your search above and press return to search.

കെ എസ് ആര്‍ ടി സിയേയും ജീവനക്കാരെയും കൊല്ലുന്ന സര്‍ക്കാര്‍

കെ എസ് ആര്‍ ടി സിയേയും ജീവനക്കാരെയും കൊല്ലുന്ന സര്‍ക്കാര്‍

വി ശാന്തകുമാര്‍


ജനക്ഷേമപരമായി സേവനം നടത്തുന്ന ഒരു പൊതുമേഖല സ്ഥാപനത്തെയും അതിലെ ജീവനക്കാരെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സാമൂഹികബാധ്യതപോലും കെഎസ്ആര്‍ടിസിയുടെ ചുമലില്‍ തള്ളുകയും അതേസമയം ഈ പ്രസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ തയ്യാറാകാതെ പുറം തിരിഞ്ഞു നില്‍ക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കടമാണ് ഇന്ന് കേരളത്തിലെ ആര്‍ടിസി സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത്. ഈ കടം വീട്ടാന്‍ ആര്‍ടിസി സ്വന്തമായി തുക കണ്ടെത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഒരിടത്തും ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ സ്വന്തം ഫണ്ടില്‍ നിന്ന് ഒരു ആര്‍ടിസിയും നല്‍കുന്നില്ല. അതും കേരളത്തില്‍ നടക്കുന്നു. പെന്‍ഷന്‍ ബാധ്യതയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ഒരു പരിധിവരെയെങ്കിലും പിടിച്ചു നില്‍ക്കാമായിരുന്നു.

സര്‍ക്കാരിന്റെ നിലപാടുകളാണ് ഇന്നത്തെ നിലയിലേക്ക് പ്രസ്ഥാനത്തെ തള്ളിയിട്ടിരിക്കുന്നത്. സംരക്ഷിക്കാനല്ല, നശിപ്പിക്കാനാണ് അവര്‍ നോക്കുന്നത്. സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ കാര്യത്തില്‍പ്പോലും പ്രതികൂലമായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന് ലാഭം നേടാന്‍ സാഹചര്യമുണ്ടെന്നിരിക്കെ അതിനുള്ള ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ബഹുമാനപ്പെട്ട ഹൈക്കോടതി പോലും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞുകൊണ്ടുള്ള അഫിഡിവിറ്റിയാണ് സര്‍ക്കാര്‍ കോടതിയില്‍ ഫയല്‍ ചെയ്തത്. 2018 വരെ 241 ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പെര്‍മിറ്റ് ആര്‍ടിസിക്ക് ഉണ്ടെന്നിരിക്കെ, ലാഭകരമായ ആ സര്‍വീസുകള്‍ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. കെഎസ്ആര്‍ടിസി ഏറ്റെടുത്ത റൂട്ടുകളില്‍പ്പോലും സ്വകാര്യസര്‍വീസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനാണ് സര്‍ക്കാരിന് താല്‍പര്യം.

ജനറം ബസുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. ജനറം ബസുകള്‍ ലഭിക്കണമെങ്കില്‍ അതിനായി പുതിയൊരു കമ്പനി രൂപീകരിക്കണം. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(പി എസ് വി) എന്ന ഈ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനെ തൊഴിലാളി സംഘടനകളും സ്വാഗതം ചെയ്യുകയാണ്. കര്‍ണ്ണാടകയില്‍ വളരെ മാതൃകാപരമായി പിഎസ്‌വി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടക ആര്‍ടിസിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് അവരുടെ പൂര്‍ണനിയന്ത്രണത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതേ മാതൃകയില്‍ കേരളത്തിലും കമ്പനി രൂപീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന് ഇവിടെയും ലക്ഷ്യങ്ങള്‍ വേറെയാണ്. കെഎസ്ആര്‍ടിസിക്ക് യാതൊരു പങ്കുമില്ലാത്ത, നിയന്ത്രണവുമില്ലാത്ത ഒരു കമ്പനിയുടെ നിര്‍ദേശമാണ് നിലവില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ ആവശ്യത്തിന് സ്ഥലവും സൗകര്യവുമുണ്ടെന്നിരിക്കെ എറണാകുളത്ത് തേവരയിലാണ് പിഎസ്‌വിയുടെ ഹെഡ് ഓഫീസ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സഹായിക്കാനെന്ന പേരില്‍, കോര്‍പ്പറേഷന്റെ ഷെയറോടുകൂടി കെടിഡിഎഫ്‌സി എന്ന ധനകാര്യസ്ഥാപനം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് ആ സ്ഥാപനം കെഎസ്ആര്‍ടിസിയെ വിഴുങ്ങുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതേ സാഹചര്യങ്ങളാണ് വീണ്ടും സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നത്.


വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതടക്കം ഗവണ്‍മെന്റിന് നിലനില്‍ക്കാനുള്ള വിവിധ ജനക്ഷേമ പരിപാടികള്‍ കെഎസ്ആര്‍ടിസിയുടെ മുതുകില്‍ കേറിനിന്നുകൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെയൊന്നും ഒരു തൊഴിലാളി സംഘടനകളും വിമര്‍ശിക്കുന്നില്ല. എന്നാല്‍ ഇത്തരം ക്ഷേമപരിപാടികളിലൂടെ വന്നുഭവിക്കുന്ന ബാധ്യതയില്‍ ഒരു പങ്കും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല, അതെല്ലാം കോര്‍പ്പറേഷന്‍ തനിച്ച് വഹിച്ചോളണമെന്ന് പറയുന്ന മര്യാദകേട് എങ്ങനെ അംഗീകരിക്കാനാണ്?

ബാധ്യകകള്‍ ഏറ്റെടുക്കുകയും കാര്യക്ഷമവും ഭാവനാപരവുമായ ഇടപെടലുകള്‍ നടത്തിയാല്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കാവുന്നതെയുള്ളൂ. ഇപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി അതിന്റെ സര്‍വീസുകളുടെ അടിസ്ഥാനത്തില്‍ ലാഭത്തിലാണ്. പലിശക്കടങ്ങളും പെന്‍ഷന്‍ ബാധ്യതകളുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കെടിഡിഎഫ്‌സിക്കു തന്നെ 1300 കോടി കൊടുക്കാനുണ്ട്, ഹഡ്‌കോയ്ക്ക് 100 കോടിയോളം. ഇതിന്റെയൊക്കെ പലിശയിനത്തില്‍ 60-63 കോടിയോളം മാസം അടയ്ക്കണം. പെന്‍ഷന്‍ ബാധ്യത ഏകദേശം 42 കോടിയാണ്. ഈ ചെലവുകളെല്ലാം വരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടി വരികയാണ്. ഇവിടെയാണ് ചെലവും വരുമാനവും തമ്മില്‍ അന്തരമുണ്ടാകുന്നത്. 100 കോടിക്കു മുകളിലാണ് കെഎസ്ആര്‍ടിസിയുടെ വരവുചെലവുകള്‍ക്കിടയിലുള്ള വ്യത്യാസം.

പൊതുഗതാഗത സംവിധാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ നഷ്ടം നികത്താന്‍ സാധിക്കുന്നതാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ഗതാഗതസംവിധാനത്തില്‍ അവിടുത്തെ ആര്‍ടിസികള്‍ക്കാണ് ആധിപത്യം.കേരളത്തിലതല്ല സ്ഥിതി. ഇവിടെ എണ്‍പത് ശതമാനത്തിനടുത്തുള്ള സ്വകാര്യസര്‍വീസുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. കഴിഞ്ഞ ഗവണ്‍മെന്റ് 27 ശതമാനത്തിലേത്ത് കെഎസ്ആര്‍ടിസിയുടെ പങ്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്നതാണ്. അന്ന് വന്‍തോതില്‍ നഷ്ടം കുറയ്ക്കാനും സാധിച്ചതാണ്. ഇപ്പോള്‍ 27 ശതമാനത്തില്‍ നിന്നും താഴെയ്ക്ക് പോയിരിക്കുന്നു. അതേസമയം സ്വകാര്യബസുകള്‍ വര്‍ദ്ധിക്കുകയും ചെയ്തൂ. ഡീസലിന് വന്‍വിലക്കുറവ് ഉണ്ടായിരിക്കുന്ന സാഹചര്യം നിലനിന്നിട്ടുപോലും സര്‍വീസുകളുടെ എണ്ണം കൂട്ടാനോ പുതിയ ഷെഡ്യൂളുകള്‍ ഉണ്ടാക്കാനോ ശ്രമിക്കുന്നില്ല. പിന്നെങ്ങനെ ഈ പ്രസ്ഥാനം രക്ഷപ്പെടാനാണ്? മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ് ഇനത്തില്‍ വര്‍ഷം 16 കോടിയോളം സര്‍ക്കാരിലേക്ക് കോര്‍പ്പറേഷന്‍ അടയ്ക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഡീസല്‍ ഉപഭോക്താവ് എന്ന് നിലയില്‍ ഡീസല്‍ ടാക്‌സ് ഇനത്തില്‍ 300 കോടിയോളം രൂപയും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം സര്‍ക്കാരിനെ സേവിച്ചിട്ടും തിരിച്ച് അവഗണനമാത്രം ലഭിക്കുന്നു.

കൊട്ടിഘോഷിച്ച മദ്യനയം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ പ്രധാനകാരണം, പത്തോളം ബാര്‍തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതാണ്. അനൗദ്യോഗിക കണക്കനുസരിച്ച് 17 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്നുണ്ടോ? എണ്ണം നോക്കിയാല്‍ ആദ്യം പരിഹരിക്കേണ്ടിയിരുന്ന പ്രശ്‌നം ഇതായിരുന്നില്ലേ?ആയുസിന്റെ നല്ലഭാഗം അദ്ധ്വാനിച്ചശേഷം, വിശ്രമജീവിതത്തില്‍ ആരുടെയും മുന്നില്‍ കൈനീട്ടാതെ കഴിയാനാണ് ഒരു ജീവനക്കാരനെ സംബന്ധിച്ച് പെന്‍ഷന്‍ സഹായകമാകുന്നത്. ആ പെന്‍ഷന്‍പോലും ലഭിക്കാതെ വരുമ്പോള്‍, പിന്നെ എന്തു ചെയ്യാനാണ്!മരുന്നുവാങ്ങാന്‍പോലും ഗതിയില്ലാതാവുകയാണ്. സര്‍ക്കാരാണ് അവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്തൊക്കെ പറഞ്ഞാലും ആ പാപഭാരത്തില്‍ നിന്ന് ഇവര്‍ക്ക് മോചനം കിട്ടില്ല. ഡീസല്‍ ടാക്‌സ് ഇനത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടുന്ന തുക റീയിമ്പേഴ്‌സ് ചെയ്താല്‍പ്പോലും പെന്‍ഷന്‍ ബാധ്യത പരിഹാരിക്കാന്‍ സര്‍ക്കാരിന് സാധ്യമാണ്. ആളുകള്‍ മരിച്ചോട്ടെ എന്നാണ് ഭരിക്കുന്നവരുടെ മനോഗതി.

ജീവനക്കാര്‍ പല ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുക്കുന്നത് കെഎസ്ആര്‍ടിസി നല്‍കുന്ന സാലറി സര്‍ട്ടിഫിക്കെറ്റ് വച്ചാണ്. കഴിഞ്ഞ പത്തുമാസമായി ലോണ്‍ ഇനത്തില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കട്ട് ചെയ്യുന്ന തുക ലോണ്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാതെ പിടിച്ചുവച്ചിരിക്കുകയാണ്. മാസാമാസം കൃത്യമായി ശമ്പളത്തില്‍ നിന്ന് വിഹിതം പിടിച്ചിട്ടും അത് ലോണ്‍ തുകയിലേക്ക് അടയ്ക്കാത്തതിനാല്‍ പിഴപലിശ കൂടുകയാണ്. ഇതിന്റെ ബാധ്യത ജീവനക്കാര്‍ തന്നയല്ലെ ഏറ്റെടുക്കേണ്ടത്. ഇങ്ങനെയെല്ലാം ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിച്ച് മരണത്തില്‍ ആശ്രയം കണ്ടെത്താനാണ് സ്വന്തം ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണ്. ആ പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.


(കെഎസ്ആര്‍ടിഇ(സി ഐ ടി യു) യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

*Views are Personal


Next Story

Related Stories