UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വികസനത്തിന് 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി

സുരേന്ദ്രന് ജാമ്യമില്ല; നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്; ചിലര്‍ക്ക് സ്വകാര്യതാല്‍പര്യങ്ങളെന്ന് ഹൈക്കോടതി

ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. വനഭൂമി വിട്ടുനല്‍കാനാവില്ല എന്ന് വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട വനഭൂമി വിട്ടുനല്‍കാനാവില്ല എന്ന നിലപാടിലാണ് വനംപരിസ്ഥിതി മന്ത്രാലയം. 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.

ഇതിന് പുറമെ നിലവിലെ നിര്‍മ്മാണങ്ങളില്‍ അപാകതയുള്ളവ പൊളിച്ചുനീക്കണമെന്ന നിര്‍ദ്ദേശവും ദേവസ്വംബോര്‍ഡിന് കൈമാറി. യുവതീ പ്രവേശനം സാധ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശബരിമലയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശം തേടിയിരിക്കുന്നത്. വനഭൂമി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് ശേഷമേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാവൂ എന്നും സാവകാശം തേടിയുള്ള അപേക്ഷയില്‍ ചൂണ്ടിക്കാട്ടുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബോര്‍ഡിന് ചെറിയ തോതില്‍ തിരിച്ചടിയായിട്ടുണ്ട്.

ഇതിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. ശബരിമല ചിത്തിരയാട്ട വിശേഷത്തിന് 52കാരിയായ ലളിതയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ ഒന്നാംപ്രതി സൂരജിനും ജാമ്യം ലഭിച്ചില്ല.

നേരത്തെ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. തൃശൂര്‍ സ്വദേശിയായ ലളിതയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൂരജും സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതിന് പോലീസ് കോടതിയില്‍ തെളിവ് നല്‍കിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ തന്നെ ജയിലിലടക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം ട്രെയിന്‍ തടഞ്ഞ കേസിലും കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും സുരേന്ദ്രന് കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബിജെപി സന്നിധാനത്ത് നിന്ന് സമരം പിന്‍വലിക്കുകയും, സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ചെയ്തതോടെ ശബരിമല സാധാരണനിലയിലേക്ക്. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിലെ ആദ്യ സംഘം ഇന്നലെ മലയിറങ്ങി. പുതിയ സംഘം ഇന്ന് ചാര്‍ജെടുത്തു. സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ നിന്നും കുറവ് പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിരിക്കുന്നത്. സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി ഈ ആവശ്യമുന്നയിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ശബരിമല എഡിഎമ്മിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമേ ഇതില്‍ തീരുമാനമുണ്ടാവൂ.

എന്നാല്‍ ശബരിമലയില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പര്യങ്ങളെന്ന് ഹൈക്കോടതി. ശബരിമലയില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും ഹേക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുംകെട്ടി നോക്കിനില്‍ക്കാനാവില്ല. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി. ശബരിമലയില്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പാമര്‍ശം. സര്‍ക്കാരിന്റെ സത്യവാങ്മൂലം വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയിലെ അക്രമസംഭവങ്ങള്‍ സുപ്രീംകോടതി വിധിക്കെതിരെയാണെന്നും സര്‍ക്കാരിനെതിരെയല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല എന്നും യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഇല്ല എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍