TopTop
Begin typing your search above and press return to search.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച അമ്മിണിയുടെ ബന്ധു തലക്ക് അടിയേറ്റ് ആശുപത്രിയില്‍; ശരണം വിളിച്ചെത്തിയവര്‍ വീട് തല്ലിതകര്‍ത്തു

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച അമ്മിണിയുടെ ബന്ധു തലക്ക് അടിയേറ്റ് ആശുപത്രിയില്‍; ശരണം വിളിച്ചെത്തിയവര്‍ വീട് തല്ലിതകര്‍ത്തു

ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള ശ്രമത്തിനു ശേഷം ഒരു മാസം പിന്നിടുമ്പോഴും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ തനിക്കെതിരെ തുടരുന്നതായി ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി. മനിതി സംഘത്തിനൊപ്പം മല കയറാന്‍ ശ്രമിച്ചിരുന്ന അമ്മിണിക്കും വീട്ടുകാര്‍ക്കും നാട്ടില്‍ നിന്നും വധഭീഷണിയും ആക്രമണങ്ങളും തുടര്‍ച്ചയായി നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുപ്പത്തിയൊന്നിനു നടന്ന കല്ലേറിനും അതിക്രമങ്ങള്‍ക്കും ശേഷം, അമ്മിണിയുടെ ബന്ധുക്കള്‍ക്കു നേരെ വീണ്ടും കയ്യേറ്റമുണ്ടായിരിക്കുകയാണ്.

തനിക്കും കുടുംബത്തിനും നേരെയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണെന്നും, കനകദുര്‍ഗ്ഗയ്ക്കുണ്ടായതു പോലെ താനും വീട്ടില്‍ നിന്നുമുള്ള പുറന്തള്ളല്‍ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാക്കാനാണ് തന്റെ ബന്ധുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും അമ്മിണി പറയുന്നു. ഡിസംബര്‍ മുപ്പത്തിയൊന്നിന് അമ്മിണിയുടെ സഹോദരിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെയോടെ സഹോദരീപുത്രന്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ സംഘം കല്ലെറിഞ്ഞും കസേരകള്‍ തകര്‍ത്തും നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അമ്മിണി പറയുന്നതിങ്ങനെ: ' പൊലീസ് സംരക്ഷണം ലഭിച്ചാല്‍ വീണ്ടും മലയിലെത്തും എന്ന് പ്രഖ്യാപിച്ചാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രി എന്റെ ചേച്ചിയുടെ വീട്ടിലുണ്ടായ ആക്രമണത്തെക്കുറിച്ച് പൊലീസിന് പരാതിയും കൊടുത്തിരുന്നു. എന്നെ അധിക്ഷേപിച്ചുകൊണ്ടും ശരണം വിളിച്ചുകൊണ്ടുമാണ് അവരന്ന് ചേച്ചിയുടെ വീട്ടിലേക്ക് കല്ലേറും മറ്റും നടത്തിയത്. റോഡില്‍ കണ്ടാല്‍ കൊത്തിനുറുക്കുമെന്നൊക്കെയാണ് അന്നു പറഞ്ഞത്. വധഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസില്‍ പരാതിപ്പെടാനുള്ള കാരണമതാണ്. പക്ഷേ അതിനു ശേഷം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ രണ്ടാഴ്ച കഴിഞ്ഞാണ് സ്റ്റേറ്റ്മെന്റൊക്കെ എടുക്കാന്‍ വന്നത്. കുറ്റക്കാരായ ചെറുപ്പക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍, കോടതിയില്‍ കണ്ടോളാം എന്ന തരത്തില്‍ കൂസലില്ലാത്ത പെരുമാറ്റമായിരുന്നു. അതിനു ശേഷം അക്രമമൊന്നുമുണ്ടാകാതിരുന്നതിനാല്‍ കേസിനെക്കുറിച്ച് ഞാനും കടുംപിടിത്തം പിടിച്ചില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് സഹോദരിയുടെ മകനെ ഇതിലൊരാള്‍ വന്നു കണ്ട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. അയാളുടെ സഹോദരിയുടെ വിവാഹമാണെന്നും, കേസിന്റെ കാര്യങ്ങള്‍ കൊണ്ട് അതിന് മുടക്കം വരുമെന്നും അതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാകണമെന്നുമായിരുന്നു ആവശ്യം. പെങ്ങളുള്ള കാര്യം ആദ്യമേ അറിയില്ലേ എന്നും, കേസിന്റെ കാര്യം നോക്കുന്നത് തങ്ങളല്ല എന്നും പറഞ്ഞാണ് ചേച്ചിയുടെ മകന്‍ അയാളെ തിരിച്ചയച്ചത്. ഈ സംഭവത്തിനു ശേഷം വീണ്ടും പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തേ ഞങ്ങള്‍ക്കു സൂചന കിട്ടിയിരുന്നു. പൊലീസിനെ നേരത്തേ വിവരമറിയിച്ചിട്ടുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. ഏഴുമണിക്കു ശേഷം പുറത്തിറങ്ങാതെയാണ് ഈ ഭീഷണിക്കു ശേഷം കഴിഞ്ഞത്. ആദിവാസികളുടെ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ മാരകായുധങ്ങളുമായി അവരെത്തിയെങ്കിലും, ചേച്ചിയുടെ മകനെന്നു കരുതി മറ്റൊരാളെയാണ് മര്‍ദ്ദിച്ചത്.

ഇന്നലെ രാവിലെ ഏഴുമണിയോടു കൂടെയാണ് ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് ചേച്ചിയുടെ മകന്‍ ബൈക്കില്‍ പുറത്തേക്കിറങ്ങിയത്. വഴിയില്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ബോധം മറയുകയും ചെയ്തു. ഒരുവിധത്തില്‍ അവനെ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു. വീടിന് ഇരുന്നൂറു മീറ്റര്‍ ദൂരെയാണ് ഈ സംഭവമുണ്ടായത്. പിന്തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ രണ്ടാമതും ആക്രമിക്കുകയായിരുന്നു. കസേരയും മറ്റും തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കല്ലേറും വാതില്‍ ചവിട്ടിത്തുറക്കലുമൊക്കെയായിരുന്നു. ഞാന്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ കേസു കൊടുക്കട്ടെ. അല്ലാതെ എന്റെ കുടുംബത്തെ ആക്രമിക്കുന്നതെന്തിനാണ്? കുടുംബത്തില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതി എനിക്കുണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം.'

ഇന്നലെ നടന്ന ആക്രമണവും ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് തറപ്പിച്ചു പറയുകയാണ് അമ്മിണി. കഴിഞ്ഞ രണ്ടു ദിവസമായി അമ്മിണിയുടേയും സഹോദരിയുടേയും വീടിനു പരിസരത്തു നിന്നും ശരണം വിളിക്കുക, റോഡില്‍ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുക എന്നിങ്ങനെ പല തരത്തില്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. മാത്രമല്ല, വാഹനങ്ങളില്ലാത്ത സമയത്ത് അമ്മിണിയെ ബൈക്കില്‍ വീട്ടിലേക്കും തിരിച്ചും എത്തിക്കുമായിരുന്ന സഹോദരീപുത്രനോട് ഭീഷണിയുടെ സ്വരത്തില്‍ പലവട്ടം ഇവര്‍ സംസാരിച്ചിട്ടുണ്ടെന്നും അമ്മിണി ചൂണ്ടിക്കാട്ടുന്നു. 'ഇവരെപ്പോലൊരു സ്ത്രീയെ ബൈക്കില്‍ കയറ്റാന്‍ നാണമില്ലേ' എന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഭയന്ന് പലപ്പോഴും തന്നെ പതിവു പോലെ കൊണ്ടുവിടാന്‍ സഹോദരിയുടെ മകനായ പ്രഫുല്‍ മടിച്ചിരുന്നതായും അമ്മിണി പറയുന്നു.

പുറത്തു നിന്നുള്ള പ്രവര്‍ത്തകര്‍ കോളനിക്കകത്തെ യുവാക്കളെ തനിക്കെതിരെ ഇളക്കിവിട്ട് പ്രശ്നം കോളനിക്കകത്തെ തര്‍ക്കമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അമ്മിണി ആരോപിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കളെത്തന്നെ തനിക്കെതിരെ കരുവാക്കിയാല്‍ എസ്.സി./ എസ്.ടി ആക്ട് പോലുള്ള ശക്തമായ നിയമങ്ങള്‍ പ്രയോഗിക്കാന്‍ കഴിയില്ല എന്ന ചിന്തയും ഇതിനു പുറകിലുള്ളതായാണ് അമ്മിണിയുടെ പക്ഷം. ആദിവാസി യുവാക്കളെ മാത്രമല്ല, സ്ത്രീകളെയും തനിക്കെതിരായി മാറ്റി കുട്ടികളടക്കമുള്ളവരോട് തന്നെ മോശമായി കാണിച്ച് സംസാരിക്കുന്നുണ്ട്. ശബരിമലയിലേത് അവകാശ പ്രശ്നമാണെന്ന് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സമയമെടുക്കുമായിരിക്കുമെന്നും അതിനെയാണ് സംഘപരിവാര്‍ ചൂഷണം ചെയ്യുന്നതെന്നും അമ്മിണി വിശദീകരിക്കുന്നു.

ബി.ജെ.പിയും അനുകൂല സംഘടനകളും മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് മൗനാനുവാദം കൊടുക്കുകയാണെന്നും അമ്മിണിക്ക് പരാതിയുണ്ട്. നവോത്ഥാന കേരളം ഗ്രൂപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും, ശബരിമലയില്‍ കയറാന്‍ ഉദ്യമിച്ചവര്‍ക്കുമെതിരെയുള്ള ആക്രമണ പരമ്പരകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും, അതിനു തെളിവാണ് തനിക്കെതിരെയടക്കം തുടരെത്തുടരെയുണ്ടാകുന്ന അതിക്രമങ്ങളെന്നുമാണ് ഇവര്‍ക്കു പറയാനുള്ളത്. ശരണം വിളിക്കുകയും, അതിനൊപ്പം അസഭ്യം വിളിക്കുകയും ചെയ്യുന്ന രീതിയാണ് അമ്മിണിയുടെ വീട്ടിലും പരിസരപ്രദേശത്തും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. തെറിവാക്കുകള്‍ക്കൊപ്പം 'ശരണമപ്പാ അയ്യപ്പാ' എന്നു ചേര്‍ത്തുള്ള ശരണം വിളികള്‍ കഴിഞ്ഞ ദിവസങ്ങളിലായി അമ്മിണി പോകുന്നയിടങ്ങളിലെല്ലാമുണ്ട്.

'നേരിട്ടുള്ള കായികമായ ആക്രമണം ഇല്ലാതിരുന്നതിനാല്‍ ഇത്രനാളും അല്പം സമാധാനത്തിലായിരുന്നു ഞാന്‍. ഇന്നലത്തെ സംഭവത്തോടെ ആ സമാധാനം ഇല്ലാതായി. ആര്‍ക്കുമെതിരായ സമരമല്ല എന്റേത്. സ്ത്രീ സമത്വത്തിനു വേണ്ടിമാത്രമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പാര്‍ട്ടികളെ എടുത്തു പറഞ്ഞ് വിമര്‍ശിക്കേണ്ട അവസ്ഥ ഇപ്പോള്‍ അവരായിട്ടുതന്നെ ഉണ്ടാക്കിയതാണ്. സംരക്ഷണം നല്‍കേണ്ട പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച പറ്റിയിട്ടുണ്ട്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ത്തന്നെ സംരക്ഷണം തന്ന് പ്രതികളെ അറസ്റ്റും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഈ സംഭവം ഉണ്ടാകുകയില്ലായിരുന്നു. നവോസ്ഥാനമൂല്യങ്ങള്‍ക്കുവേണ്ടി ഇറങ്ങിയവര്‍ക്കെതിരെ വ്യാപകമായി ആളുകള്‍ ഇറങ്ങുമ്പോള്‍, പൊലീസ് അല്‍പം ജാഗ്രത പാലിക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ കൈയിലാണ് പൊലീസ് എന്നു പോലും പറയേണ്ടിവരും. ഇത്തരം അക്രമസംഭവങ്ങളില്‍ കേരളത്തിലുടനീളം കേസെടുത്തിട്ടുണ്ട്. പക്ഷേ ഒരു അറസ്റ്റെങ്കിലും ഉണ്ടായിട്ടുണ്ടോ?'

ആക്രമണത്തിനിരയായ പ്രഫുല്‍ തലയ്ക്കേറ്റ പരിക്കുകള്‍ക്ക് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഖം പ്രാപിച്ചു വരുന്നുണ്ടെങ്കിലും തലയ്ക്ക് പൊട്ടലുകളുള്ളതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍. അമ്മിണി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്കും മറ്റു സ്ത്രീകള്‍ക്കും ഇത്തരം ആക്രമണങ്ങള്‍ ഇനിയും നേരിടേണ്ടി വരുന്നതിനു മുമ്പേ പൊലീസ് കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് അമ്മിണിയുടെ ആവശ്യം.

Next Story

Related Stories