TopTop

'വീട്ടിലേക്ക് പോകണം, മോളെ കാണണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ... ': ശബരിമലയില്‍ പോയതിന് ശേഷം ജീവിതം പഴയ രീതിയിലായില്ലെന്ന് ബിന്ദു

ശബരിമലയില്‍ പ്രവേശിച്ചതിന് ആഴ്ചകള്‍ക്കു ശേഷവും ജീവിതം പഴയ രീതിയിലേക്ക് എത്താത്തിനാലാണ് സുരക്ഷ തേടി സുപ്രീം കോടതിയെ സമീപിച്ചതെന്ന് അഡ്വ. ബിന്ദു. സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഭീഷണികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് തിരിച്ചറിയുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി വിധി വരുന്നത്. ശബരിമല പ്രവേശനത്തിനു ശേഷം കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മല ചവിട്ടാനെത്തിയ സ്ത്രീകള്‍ക്ക് സംസ്ഥാനവ്യാപകമായി നേരിടേണ്ടി വരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും സുപ്രീംകോടതിയെ ഹര്‍ജിയുമായി സമീപിച്ചത്.

അഡ്വ. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിലും ഇപ്പോള്‍ ജോലി ചെയ്യുന്ന തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിനടുത്തുള്ള താമസസ്ഥലത്തും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും, ഭീഷണികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിന്ദു പറയുന്നു. 'ജീവിതം ഇതുവരെ പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. ഫേസ്ബുക്കിലൂടെയും മറ്റും ഭീഷണികളും തെറിവിളികളുമൊക്കെയുണ്ട്. ഇവരുടെ ഭാഗത്തു നിന്നും നേരിട്ടുള്ള അക്രമങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്റെ വീടിനും ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തിനുമടക്കം പൊലീസ് സംരക്ഷണമുണ്ടെന്നത് ശരി തന്നെയാണ്. പക്ഷേ, ക്യാംപസും താമസസ്ഥലവും വിട്ട് മറ്റെങ്ങോട്ടും ഇതുവരെ പോയിട്ടില്ല. എന്റെ സഞ്ചാരസ്വാതന്ത്ര്യവും മറ്റും ഇപ്പോഴും പഴയ അവസ്ഥയിലേക്ക് വന്നിട്ടില്ല. ഇങ്ങനെ തുടരാന്‍ പറ്റില്ലെന്നതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്നു വച്ച് പെട്ടെന്ന് പഴയപടിയാകാമെന്നും ഞാന്‍ വിചാരിക്കുന്നില്ല. പൊലീസിനോടു കൂടിയാലോചിച്ച് എന്തു ചെയ്യാമെന്ന് തീരുമാനിക്കാമെന്നാണ് കരുതുന്നത്. വീട്ടിലേക്ക് പോകണം, മോളെ കാണണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, പ്രായോഗികമായി കാണേണ്ട ചില കാര്യങ്ങളുണ്ടല്ലോ.'


ക്യാംപസ്സില്‍ തനിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ പുറത്തു നിന്നുള്ള ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് ബിന്ദുവിന്റെ പക്ഷം. ചില പ്രത്യേക രാഷ്ട്രീയ താല്‍പര്യമുള്ളവരില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള സ്ത്രീകള്‍ക്ക് ഇക്കാരണത്താല്‍ ആക്രമണം നേരിടേണ്ടിവരുന്നുണ്ട്. പരിചയമില്ലാത്തവരാണ് ഫേസ്ബുക്കിലും മറ്റും ഭീഷണി മുഴക്കുന്നത്. പരിചയമില്ലാത്തവരില്‍ നിന്നു തന്നെയാണ് ആക്രമണങ്ങളും പ്രതീക്ഷിക്കുന്നത്. താനായിട്ട് കുഴപ്പമുണ്ടാക്കില്ലെന്നും, എന്നാല്‍ ഭീഷണികളെയോര്‍ത്ത് പ്രത്യേകിച്ച് ഭയമില്ലെന്നും ബിന്ദു പറയുന്നു. പൊലീസിന്റെ ഭാഗത്തു നിന്നും പൂര്‍ണ സഹകരണമാണുള്ളതെന്നും ബിന്ദു വിശദീകരിക്കുന്നുണ്ട്.

അതേസമയം, കനകദുര്‍ഗ്ഗയ്ക്ക് വീട്ടില്‍ നിന്നും നേരിടേണ്ടി വന്നത് കുടുംബത്തിനകത്തുള്ള പ്രശ്നമായി കാണാന്‍ സാധിക്കില്ലെന്നാണ് ബിന്ദുവിന്റെ വിലയിരുത്തല്‍. വലിയ ഗൂഢാലോചന ഇതിനു പിറകിലുണ്ടെന്നും കനകദുര്‍ഗ്ഗയുടെ വൃദ്ധയായ ഭര്‍തൃമാതാവിനെ മുന്‍നിര്‍ത്തി മറ്റു ചിലരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ബിന്ദു പറയുന്നു: 'കനകദുര്‍ഗ്ഗയ്ക്ക് നേരിട്ടത് വീട്ടില്‍ നിന്നുള്ള ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല. വൃദ്ധയായ ഒരു സ്ത്രീയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം. കനകദുര്‍ഗ്ഗയ്ക്കിപ്പോള്‍ സ്‌കാനിംഗും എം.ആര്‍.ഐയും കഴിഞ്ഞിട്ടുണ്ട്. തലയിലൊക്കെ നീരു വന്നിട്ടുണ്ട്. അത്ര സാരമായ പരിക്കാണ് പറ്റിയിട്ടുള്ളത്. സാധാരണഗതിയില്‍ വൃദ്ധയായ ഒരു സ്ത്രീ ചെയ്യുന്ന കാര്യമല്ല അവര്‍ ചെയ്തിട്ടുള്ളത്. ഇവരുടെ കുടുംബത്തില്‍ ശിവസേന, വി.എച്ച്.പി., ബി.ജെ.പി ബന്ധമുള്ള ആളുകളൊക്കെയുണ്ട്. സ്വാഭാവികമായും എന്തു ചെയ്യണമെന്ന് ഇവരെല്ലാം ചേര്‍ന്ന് ആദ്യമേ പറഞ്ഞു പഠിപ്പിച്ച് പരിശീലിപ്പിച്ചു വച്ചതിന്റെ ഭാഗമായാണ് ആ സ്ത്രീ ഇങ്ങനെ ചെയ്തിരിക്കുക എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവിടെയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇവര്‍ കൂടിയിരുന്ന് പറഞ്ഞു കൊടുത്ത് കുറ്റകൃത്യം ചെയ്യിപ്പിച്ചതാണ്. ഇതിന്റെ പിന്നിലുള്ളത് ഈ ഭീഷണിയുയര്‍ത്തിയ ആളുകള്‍ തന്നെയാണ്. അല്ലാതെ വീട്ടിലേക്ക് കയറിവരുന്ന ഒരാളെ യാതൊരു പ്രകോപനവുമില്ലാതെ പൊതിരെ തല്ലില്ലല്ലോ. മാത്രമല്ല, ഇവര്‍ വളരെ പ്ലാന്‍ഡാണ്. ആക്രമിച്ചശേഷം അപ്പോള്‍ത്തന്നെ പോയി ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. ഇത്ര ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ സഹോദരങ്ങളോ ഇവര്‍ക്കൊപ്പമില്ല. സംഘം ചേര്‍ന്നുള്ള നീക്കമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ.'


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ള കനദുര്‍ഗ്ഗയ്ക്കൊപ്പം ഇപ്പോഴുള്ളത് സംരക്ഷണം നല്‍കുന്ന പൊലീസുദ്യോഗസ്ഥരും ചില സുഹൃത്തുക്കളുമാണ്. ചികിത്സയില്‍ തുടരുന്ന കനകദുര്‍ഗ്ഗ ഇതുവരെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. സുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യത്തിനൊപ്പം മറ്റു ചില സുപ്രധാന കാര്യങ്ങളും അടങ്ങുന്നതായിരുന്നു ഇരുവരുടെയും ഹര്‍ജി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സുരക്ഷിതരായി ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിക്കുക, സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, യുവതീപ്രവേശനം നടന്നാല്‍ ശുദ്ധിക്രിയ കഴിക്കുകയും നടയടച്ചിടുകയും ചെയ്യുന്ന നടപടി നിരോധിക്കുക എന്നിവയാണ് അവയില്‍ ചിലത്.

Next Story

Related Stories