TopTop
Begin typing your search above and press return to search.

"അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു"; നിലയ്ക്കലില്‍ നടന്നത്

അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു; നിലയ്ക്കലില്‍ നടന്നത്

"കല്ലു മഴ അല്ലായിരുന്നോ... പോരാത്തതിന് പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യുന്ന ടാങ്കിന് മുകളിൽ കയറിയുള്ള അഭ്യാസവും... ഏതെങ്കിലും വിവരകെട്ടവൻ എന്തെങ്കിലും കാണിച്ച് ഇവിടെങ്ങാനും തീ പിടിച്ചിരുന്നേൽ 100 മീറ്റർ റേഡിയസിൽ വ്യാപിച്ചേനേ.. അത് കാട്ടിലേക്കും വ്യാപിച്ച് ശബരമല തന്നെ നശിച്ചേനെ...", നിലയ്ക്കലിലെ ദേവസ്വം ബോർഡിന്റ പെട്രോൾ പമ്പിൽ രാത്രി പത്ത് മണിക്ക് കേട്ടതാണ്.

"കല്ലും മുളും ഒന്നുമല്ല, ഭക്തജനങ്ങൾ എന്ന പേരിലുള്ള ഗുണ്ടകളാണ് ശബരിമലയിലേക്കുള്ള പോക്ക് കഠിനമാക്കിയത്...", ചെങ്ങന്നൂരിൽ നിന്ന് പമ്പ ബസ് എടുത്തപ്പോഴേ, കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവർ പറഞ്ഞു. 'അവിടെ സ്ഥിതി പ്രശ്നമാണെന്നാണ് കേട്ടത്. ഇവിടുത്തെ സാറുമ്മാരോട് പറഞ്ഞിട്ടൊട്ട് കേൾക്കുന്നുമില്ല... ' വണ്ടിക്കകത്ത് കയറിയപ്പോൾ തന്നെ കണ്ടു കുറച്ച് അയ്യപ്പ രക്ഷകരെയൊക്കെ. ഇരുമുടിക്കെട്ടുമേന്തി കുറച്ച് പാവങ്ങളും ഉണ്ടായിരുന്നു (അയൽ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെ).

അയ്യപ്പ രക്ഷകരുടെ വാദങ്ങളും വീരവാദങ്ങളും ഒക്കെ കേട്ട് ഒരു വിധം വടശ്ശേരിക്കര വരെ സമാധാനത്തോടെ എത്തിയെങ്കിലും നിലയ്ക്കലിൽ നിന്ന് മടങ്ങുന്ന വണ്ടികളിൽ നിന്നുള്ള വിവരങ്ങൾ കേട്ട് യാത്രക്കാര്‍ അസ്വസ്ഥരാകാൻ തുടങ്ങി. വണ്ടിയിലുള്ള അയ്യപ്പഭക്തരുടെ രക്തം തിളച്ചു. നിലയ്ക്കലില്‍ കല്ലേറ്, സംഘർഷം, മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു... വിവരങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുവാണ്. 50 കി.മി അധികമുണ്ട് നിലയ്ക്കൽ എത്താൻ. ബൈക്കിലും കാറിലും എത്തിയ (കണ്ടാൽ ശരിക്കും 'അയ്യപ്പ രക്ഷക്കെ'ന്ന് മനസ്സിലാവുന്ന) ആളുകൾ മടക്കി വിടാൻ ആവുന്നത് നോക്കി. ഇവരെയെല്ലാം ഒഴിവാക്കി ളാഹയിൽ എത്തിയപ്പോൾ വണ്ടി ഒതുക്കി ഇട്ടു. കിട്ടുന്ന വിവരമെല്ലാം നിലയ്ക്കലിലെ സംഘർഷത്തിന്റെ ഭീകരതയായിരുന്നു. 18 കി.മി കൂടി ഉണ്ട് നിലയ്ക്കലിലേക്ക്.

അവിടുന്ന് നിന്നേ കണ്ടിരുന്നു, കാവി മുണ്ടെടുത്ത് 'സ്വാമി ശരണം' എന്നെഴുതിയ തോർത്ത് കൊണ്ട് മുഖം മറച്ച് നിൽക്കുന്ന ചിലര്‍. ഫോട്ടോ എടുക്കാൻ കൂടെയുള്ളവർ സമ്മതിച്ചില്ല. അവര്‍ ചിലപ്പോൾ ബസ് ആക്രമിച്ചേക്കുമെന്ന് ഭയം. ബാക്കിയുള്ള യാത്രയിൽ കൂടെയുള്ള പല ആളുകളും ഭയന്നു. കൂട്ടത്തിൽ പറയട്ടെ അയ്യപ്പ രക്ഷകരുടെ ചൂടായ രക്തം തണുത്ത് മരവിച്ചിരിക്കുന്നത് കണ്ടു.

വരുന്ന വഴിയിലെല്ലാം ബൈക്കിലും കാറിലുമൊക്കെ ആളുകൾ വണ്ടി തടഞ്ഞ് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയായിരുന്നു- "അവിടെ പോലീസ് വണ്ടി അടിച്ച് തകർക്കുവാ.. കൂട്ടത്തിൽ വെറെ ആരൊക്കയോ ഉണ്ട്... കെഎസ്ആർടിസി ബസ് ഒക്കെ കല്ലെറിഞ്ഞ് നശിപ്പിക്കുവാണ്... നിങ്ങൾ അങ്ങോട്ട് പോകാതിരിക്കുവാ നല്ലത്... മലയ്ക്ക് പോകുന്ന അയ്യപ്പന്മാരെ നിങ്ങൾ ദേവസ്വം ബോർഡിന് കാണിക്ക ഇടരുത്... ക്ഷേത്രത്തിലേക്ക് എണ്ണയോ തിരിയോ മേടിച്ച് കൊടുക്ക്" ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ട് കുറെ അയ്യപ്പ രക്ഷക പിള്ളേർ തലങ്ങും വിലങ്ങും വണ്ടികളിൽ പായുന്നുണ്ട്.

പ്ലാപള്ളി എത്തുന്നതിന് മുമ്പ് കല്ലേറിൽ തകർന്ന ഒരു കെഎസ്ആര്‍ടിസി ബസ് കണ്ടു. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ബൈക്കിലെത്തിയ അയ്യപ്പ രക്ഷകർ ഭീകരാന്തരീക്ഷം പറഞ്ഞ് വീണ്ടും ഭയപ്പെടുത്തി. വണ്ടി മുന്നോട്ട് എടുത്തപ്പോൾ തന്നെ വലിയ ശബ്ദം കേട്ടു. ബൈക്കിൽ വന്നവർ ബസിന്റെ പുറകിലെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തതാണ്. സെക്കൻഡുകൾക്ക് ഉള്ളിൽ അവർ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. ബസിന്റെ പുറകിലിരുന്ന ആന്ധ്രാ സ്വദേശികളും അവരുടെ പത്ത് വയസ്സിൽ താഴെയുള്ള മക്കളും ഭയന്നിരിക്കുന്നത് കണ്ട് പലരും ആശ്വസിപ്പിച്ചു. വണ്ടി വീണ്ടും മുന്നോട്ട് എടുത്തപ്പോൾ മറ്റൊരു സർക്കാർ ബസ് അടിച്ച് തകർത്ത് കിടക്കുന്നു. ഇനി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനിച്ച് ഡ്രൈവർ വണ്ടി നിർത്തിയപ്പോൾ തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന പത്തോളം ചെറുപ്പക്കാരായ സ്വാമിമാർ (ഇവർ ളാഹ കഴിഞ്ഞ് വഴിയിൽ നിന്ന് കയറിയവരാണ്) കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷമായിരുന്നു ഡ്രൈവറോടും കണ്ടക്ടറോടും.

എതിരെ വന്ന ബൈക്കിൽ എത്തിയ കുറച്ച് പേർ ഇവിടെ നിൽക്കേണ്ടെന്നും പോയ്ക്കൊള്ളാനും പറയുന്നുണ്ടായിരുന്നു. അവർ പറഞ്ഞ മറ്റൊരു കാര്യം സ്ത്രീകളെ കൊണ്ട് വന്ന ഒരു കെഎസ്ആർടിസി ബസിലെ ഡ്രൈവർ വണ്ടിക്കുള്ളിൽ പുരുഷന്മാർ മാത്രമേയുള്ളൂവെന്ന് കള്ളം പറഞ്ഞതിന് അവരെ അടിച്ചുവെന്നാണ്. ഏതായാലും ബസ് മുന്നോട്ട് പോകാത്തത് കൊണ്ട് നടക്കാൻ തീരുമാനിച്ചു.

നടന്ന് പ്ലാപള്ളി എത്തിയപ്പോൾ അവിടെ നിറയെ അയ്യപ്പ രക്ഷ ഗുണ്ടകളായിരുന്നു. റോഡിൽ കല്ലുകളിട്ട്, വരുന്ന വണ്ടികൾ പരിശോധിച്ചാണ് അവർ വിടുന്നത്. കഴുത്തിൽ മീഡിയ ടാഗ് കിടക്കുന്നത് കണ്ട് തടഞ്ഞ് നിർത്തി എങ്ങോട്ടാണെന്ന് ഒക്കെ ചോദിച്ച് വിരട്ടലും. രണ്ട് കി.മി കാട്ടിലൂടെയുള്ള നടത്തിന് ശേഷം ഒരു ലിഫ്റ്റ് കിട്ടി. അവരും പറഞ്ഞു കുറെ കാര്യങ്ങൾ... "മീഡിയാക്കാരെ ഒക്കെ തല്ലി ചതക്കുകയായിരുന്നു... മീഡിയയ്ക്ക് ഒരു തല്ല് ആവശ്യമായിരുന്നു, പക്ഷേ ഇത്രയും വേണ്ട".

നിലയ്ക്കൽ എത്തിയപ്പോൾ മാധ്യമ സുഹൃത്തുക്കളില്‍ നിന്നു കേട്ടു; മനോരമയുടെ വണ്ടി തകർത്തു, മീഡിയ വൺ, റിപ്പോർട്ടർ, മാതൃഭൂമി, റിപ്പബ്ലിക്ക്, NDTv എല്ലാവരെയും ആക്രമിച്ചു എന്ന്.

തിരുവനന്തപുരത്ത് ക്യാമ്പിൽ നിന്നുള്ള പോലീസുകാരുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞത്- "ഉച്ചയ്ക്ക് ഇവിടെ എത്തി ഞങ്ങളുടെ വണ്ടി ഒന്ന് ഒതുക്കിയിട്ടില്ല... അതിന് മുമ്പ് ഇവന്മാര് കല്ലേറ് തുടങ്ങി... ഹെൽമറ്റ് പോലും വയ്ക്കാൻ ചിലർക്ക് പറ്റിയില്ല. ഷീൽഡ് ഉണ്ടായിട്ടും രക്ഷയില്ല... 12 പോലീസുകാർക്കാണ് പരിക്കേറ്റത്. അതുകണ്ട് അടുത്തുള്ള ബൈക്കിൽ നിന്ന് ഹെൽമെറ്റ് എടുക്കുവായിരുന്നു... എന്തൊരു അക്രമമാണ് ഇവന്മാര് ഇവിടെ കാണിക്കുന്നത്..."

നിലയ്ക്കൽ ദേവസ്വം പെട്രോൾ പമ്പിലെ ജീവനക്കാരാനായ മാവേലിക്കര സ്വദേശി ജിതിൻ പറഞ്ഞത്- "ആ വട്ടന്മാര് ഇവിടെ തീയിടാഞ്ഞത് ഭാഗ്യം, കല്ലുമഴയായിരുന്നു. ഇവിടെ പാറയായത് കൊണ്ട് സ്റ്റോക്ക് ചെയ്യുന്ന ഇന്ധന ടാങ്ക് കുഴിച്ചല്ല ഇട്ടേക്കുന്നത്, ടാങ്ക് വെച്ചിട്ട് കല്ല് കെട്ടിയേക്കുവാണ്. അതിലേക്ക് തീ ഇട്ടാൽ തീർന്നില്ലേ. 50 KL, 70 KL ടാങ്കാണ്, കിലോമീറ്ററുകൾ കത്തിക്കാം... ഇവന്മാര് എന്ത് ഉദ്ദേശിച്ചാണ് അതിന്റെ പുറത്ത് ഒക്കെ കയറിയത് എന്ന് അറിയാൻ പറ്റില്ലല്ലോ. ഒരു മീഡിയാ പെൺകൊച്ചിനെ അടിച്ച അടി കാണണം. എൻഡിടിവി ആണെന്നാണ് അറിഞ്ഞത്. പമ്പയിൽ നിന്ന് റിപ്പോർട്ടിംഗ് കഴിഞ്ഞ് അവർ നിലക്കൽ എത്തിയപ്പോൾ ഈ മുട്ടാളന്മാർ എല്ലാം ശരിക്കും ദ്രോഹിച്ചു. ഈ കൊച്ചാണ് പ്രളയ ഫണ്ടിലേക്ക് NDTV വഴി കോടികൾ എത്തിച്ചതെന്ന് ആരോ പറഞ്ഞിരുന്നു. വനിത പോലീസുകാരും പേടിച്ചാണ് നിന്നത്. ഒരു പോലീസുകാരി കരഞ്ഞ് കൊണ്ട് ഒരു കടയിലേക്ക് ഓടി കയറിയത് ഞാന്‍ നേരിട്ട് കണ്ടു".

രാത്രി എട്ടുമണിക്ക് ശേഷമാണ് നിലയ്ക്കലിലെ സ്ഥിതികൾ കുറച്ച് ശാന്തമായത്.

https://www.azhimukham.com/kerala-planned-violence-happened-in-sabarimala-says-police-and-district-administration/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/


Next Story

Related Stories