TopTop
Begin typing your search above and press return to search.

സ്ത്രീകള്‍ക്കെതിരെ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഇക്കൂട്ടരോ വിശ്വാസ സംരക്ഷകര്‍?

സ്ത്രീകള്‍ക്കെതിരെ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഇക്കൂട്ടരോ വിശ്വാസ സംരക്ഷകര്‍?

ഭക്തി നിറയേണ്ട സന്നിധാനത്ത് പോര്‍വിളിയും കൊലവിളിയും. ''അടിച്ചു കൊല്ലടാ അവളെ' - ഇന്ന് സന്നിധാനത്ത് ഉയര്‍ന്ന് കേട്ടതാണ് ഈ കൊലവിളി. വിശ്വസികളുടെ വിശ്വാസസംരക്ഷകരെന്ന പേരില്‍ ശബരിമലയില്‍ എത്തിയവര്‍ വിശ്വാസിയായ ഒരു സ്ത്രീയ്ക്ക് നേരെ നടത്തിയ ആക്രോശം. ഇത് ഒന്നുമാത്രം. ശബരിമലയില്‍ രണ്ട് ദിവസമായി എത്തിയ സ്ത്രീകളില്‍ ഭൂരിഭാഗത്തിനും നേരിടേണ്ടി വന്നതും ഈ പോര്‍വിളികളും ഭീഷണികളുമാണ്. ശരണം വിളിച്ചുകൊണ്ടെത്തുന്ന പ്രതിഷേധക്കാര്‍ പലപ്പോഴും സ്ത്രീകളോട് നിലവിട്ട് അക്രമം കാണിക്കുന്ന സംഭവങ്ങളും ഉണ്ടായി. അമ്മമാരെ സന്നിധാനത്തെത്തിച്ച് ആചാരലംഘനം തടയാന്‍ തയ്യാറെടുത്തവര്‍ തന്നെയാണ് ഭക്തരായ അമ്മമാരെ ആക്രമിക്കാന്‍, സ്ത്രീകളെ എതിരിടാന്‍,അധിക്ഷേിക്കാന്‍ നേതൃത്വം നല്‍കുന്നത്.

'ഒന്നുമറിയില്ലേ, കാര്‍ഡ് കാണിച്ചപ്പോ പോലീസുകാര്‍ പൊക്കോ പൊക്കോ എന്ന് കൈകൊണ്ട് കാണിച്ചതാണ്. അപ്പഴാണ് ബഹളംവച്ചുകൊണ്ട് കുറേ പേര്. കൂട്ടം ചേര്‍ന്ന് ഞങ്ങളെ തടഞ്ഞുവച്ചു. എനിക്ക് ചവിട്ടും കിട്ടി. എന്തൊക്കെയോ വിളിച്ച് പറയണുണ്ടായിരുന്നു' കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശിയായ ലളിത രവി മാധ്യമങ്ങളോട് പറഞ്ഞതാണിത്. കൊച്ചുമകന്റെ ചോറൂണിനായി ഇവര്‍ ഭര്‍ത്താവിനും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശബരിമലയില്‍ എത്തിയത്. അമ്പത് വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീയാണെന്ന ധാരണയില്‍ ലളിത വലിയനടപ്പന്തലില്‍ എത്തിയതും ഒരുകൂട്ടം പ്രതിഷേധക്കാര്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. ശരണം വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ ഇവര്‍ക്കും ചുറ്റും കൂടി പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും ലളിതയ്ക്ക് ശാരീരികമായി പരിക്കുകളുമേറ്റു. പ്രതിഷേധക്കാര്‍ വിടാതെ പിന്തുടര്‍ന്നതോടെ പോലീസിനും നിയന്ത്രണം നഷ്ടമായി. ആക്രമിക്കാനൊരുങ്ങിയ പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് ഒരു കണക്കിനാണ് ലളിതയെ രക്ഷപെടുത്തിയത്. ഇതിനിടയിലാണ് ഒരു പ്രതിഷേധക്കാരന്‍ 'അടിച്ചുകൊല്ലടാ അവളെ' എന്ന് ആക്രോശിച്ചത്. പ്രതിഷേധത്തില്‍ അവശയായ ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റാനായി പോലീസ് ശ്രമിക്കുമ്പോഴും പ്രതിഷേധക്കാര്‍ ഇവരെ വെറുതെവിട്ടില്ല. പിന്നീട് ഇവര്‍ 52 വയസ്സുള്ള സ്ത്രീയാണെന്ന് പോലീസ് ബോധ്യപ്പെടുത്തിയപ്പോള്‍ മാത്രമാണ് പ്രതിഷേധം അടങ്ങിയത്. പിന്നീട് പ്രതിഷേധക്കാര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു. പൂര്‍ണ ആരോഗ്യവതിയായി സന്നിധാനത്തേക്കെത്തിയ ലളിത മുടന്തി, അവശമുഖത്തോടെയാണ് സന്നിധാനത്തു നിന്ന് യാത്രയായത്. പ്രതിഷേധത്തിനിടയില്‍ തനിക്ക് ചവിട്ടേറ്റിരുന്നെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ തടഞ്ഞുവച്ചതിനെതിരെ ലളിത കേസ് നല്‍കി. വിശ്വാസിയായി, വിശ്വാസത്തിന്റെ ഭാഗമായി തന്നെ ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണിനെത്തിയ സ്ത്രീയുടെ ദയനീയതയും നിസ്സഹായതയും, അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്റെ അങ്കലാപ്പും അവരുടെ മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു. പ്രതിഷേധക്കാരെ വയസ്സ് തെളിയിച്ച് മാത്രം 'വിശ്വാസി'യാണെന്ന് തെളിയിക്കേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുമുണ്ടാവില്ല. വിശ്വാസസംരക്ഷകരായി പ്രതിഷേധിക്കുന്നവര്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളുടെ സാക്ഷ്യം കൂടിയായി ലളിത.

ആന്ധ്രയില്‍ നിന്ന് ഒരു സംഘമാളുകളാണ് ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയത്. ഇതില്‍ ആറ് സ്ത്രീകളുമുണ്ടായിരുന്നു. പമ്പയില്‍ കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ പ്രതിഷേധക്കാര്‍ ഇവര്‍ക്ക് ചുറ്റും കൂടി ശരണം വിളിച്ചു. ഭീഷണി മുഴക്കി. വിശ്വാസികളായി തന്നെ ശബരിമലയില്‍ എത്തിയവരായിരുന്നു അവര്‍. ദര്‍ശനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തങ്ങള്‍ സന്നിധാനത്തെത്തിക്കാമെന്ന ഉറപ്പ് പോലീസ് നല്‍കി. എന്നാല്‍ പ്രതിഷേധക്കാരെ കണ്ട് ഭയന്ന്, അവരുടെ അധിക്ഷേപങ്ങള്‍ സഹിക്കാനാവാതെ ആറ് പേരും പമ്പയില്‍ നിന്ന് തിരികെ നിലയ്ക്കലേക്ക് പുറപ്പെട്ടു. ഇത് തന്നെയായിരുന്നു ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥയും. ഇരുവരും പമ്പയിലെത്തിയത് മുതല്‍ പ്രതിഷേധക്കാര്‍ ഇവര്‍ക്കരികിലേക്ക് ഇരച്ചെത്തുകയും പ്രതിഷേധിക്കുകയും മടങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങള്‍ സന്നിധാനത്തേക്ക് കടക്കില്ലെന്നും പമ്പയില്‍ തന്നെ നില്‍ക്കുമെന്നും ഇരുവരും അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ആദ്യം ഇവരുടെ വാക്കുകള്‍ വിശ്വസിക്കാതെ കയ്യേറ്റശ്രമത്തിന് വരെ മുതിര്‍ന്നു. പിന്നീട് സന്നിധാനത്തേക്കെത്തില്ല എന്ന ഉറപ്പ് നല്‍കിയപ്പോള്‍ മാത്രം പ്രതിഷേധക്കാര്‍ ഇവരെ വെറുതെവിട്ടു.

സമാനമായ സാഹചര്യമാണ് ഇന്നലെ നടതുറന്നുയടന്‍ പമ്പയിലെത്തിയ കുടുംബത്തിനുമുണ്ടായത്. കുഞ്ഞിന്റെ ചോറൂണിനായി എത്തിയ കുടുംബത്തെ പ്രതിഷേധക്കാര്‍ ശരണം വിളിച്ചുകൊണ്ട് വളഞ്ഞു. കുഞ്ഞിന്റെ അമ്മയടക്കം നാല് സ്ത്രീകളാണ് അക്കൂട്ടത്തിലുണ്ടായിരുന്നത്. കുഞ്ഞും അച്ഛനും മാത്രമേ സന്നിധാനത്തേക്ക് പോവൂ എന്ന് ഇവര്‍ പരമാവധി ശബ്ദത്തില്‍ പ്രതിഷേധക്കാരോട് വിളിച്ചു പറഞ്ഞെങ്കിലും പിന്നെയും പ്രതിഷേധം തുടര്‍ന്നു. തങ്ങള്‍ വിശ്വാസികളാണെന്നും കുഞ്ഞിന്റെ ചോറൂണ് വഴിപാട് നടത്താന്‍ എത്തിയതാണെന്നും സന്നിധാനത്തേക്ക് കടക്കില്ലെന്നും പല തവണ ആവര്‍ത്തിച്ചെങ്കിലും പ്രതിഷേധക്കാര്‍ വളഞ്ഞുകൂടി നിന്ന് ശരണംവിളിയും പ്രതിഷേധവും തുടര്‍ന്നു. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് മാറ്റി. ഭയന്ന് വിറച്ച കുടുംബം ചോറൂണ് വഴിപാട് നടത്താതെ കുടുംബം മടങ്ങിപ്പോയി.

ചുരുക്കത്തില്‍ ആചാരസംരക്ഷണത്തിനിറങ്ങിയവര്‍ നടത്തുന്ന സ്ത്രീവിരുദ്ധ അതിക്രമങ്ങളാണ്. 'യുവതികള്‍' എന്ന് അവര്‍ സംശയിക്കുന്ന ഓരോ സ്ത്രീയേയും സംഘം തേര്‍ന്ന് തടഞ്ഞുവക്കുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുക, യഥാര്‍ഥ വിശ്വാസികളായ അമ്പത് തികഞ്ഞവര്‍ എന്ന് പ്രതിഷേധക്കാര്‍ക്ക് ബോധ്യപ്പെടാത്ത സ്ത്രീകള്‍ക്കെതിരെ കൊലവിളികളുമായി പാഞ്ഞടുക്കുന്നു-ശബരിമലയില്‍ കാണുന്നതിതാണ്.

https://www.azhimukham.com/kerala-sabarimala-women-entry-devotee-protest-pamba-nilaykkal-sannidhanam/

https://www.azhimukham.com/news-update-sabarimala-women-entry-protest-in-sannidhanam-high-security/

https://www.azhimukham.com/trending-sabarimala-women-entry-attack-against-women-ssaradakutty-criticizing-facebook-post/

https://www.azhimukham.com/newsupdate-i-stood-on-18step-with-irumutikkettu-no-custom-breach-claims-rss-leader-valsanthillankery/

https://www.azhimukham.com/news-update-sabarimala-protest-thrissur-native-lalitha-react-media/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories