UPDATES

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വഴക്കുണ്ടാക്കിയില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ; യുവതികള്‍ വരരുതെന്ന അപേക്ഷയുമായി കണ്ഠരര് രാജീവര്

സമവായത്തിലെത്താനാവാതെ ചര്‍ച്ചകള്‍; വരാനിരിക്കുന്നത് പിരിമുറക്കത്തിന്റെ 61 ദിവസം

ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാവുമ്പോള്‍ സര്‍ക്കാരും ആചാരസംരക്ഷണം ആവശ്യപ്പെടുന്നവരും രണ്ട് വഴിക്ക് തന്നെ. തന്ത്രി കുടുംബവും പന്തളം കൊട്ടാര പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പൂര്‍ത്തിയാവുമ്പോഴും ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പരിഹാരമായില്ല. മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്തിനായി നാളെ നടതുറക്കാനിരിക്കെ നിലപാടുകളില്‍ നിന്ന് സര്‍ക്കാരും മറുപക്ഷവും ഇഞ്ച് പോലും പിന്നോട്ട് പോയിട്ടില്ല. ഇതോടെ വരാനിരിക്കുന്നത് പിരിമുറക്കത്തിന്റെ ദിവസങ്ങളാവും എന്നാണ് വ്യക്തമാവുന്നത്.

വൈകിട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരുന്നു തന്ത്രികുടുംബാംഗങ്ങളും പന്തളം കൊട്ടാരം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്‍, കൊട്ടാരം പ്രതിനിധി പി എന്‍ നാരായണവര്‍മ്മ, പി ജി ശശികുമാര വര്‍മ്മ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സന്തോഷകരമായ ചര്‍ച്ചയാണ് നടന്നതെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഏഴുതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു എന്നും അദ്ദേഹം ചില തങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ തന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവതീ പ്രവേശനം സംബന്ധിച്ച മുന്‍നിലപാടില്‍ തങ്ങളോ സര്‍ക്കാരോ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശശികുമാരവര്‍മ്മയുടെ വാക്കുകള്‍ ‘ഞങ്ങള്‍ ഒരു മെമ്മോറാണ്ടം നല്‍കി. അതില്‍ ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്താന്‍ ശ്രമിക്കാം എന്നു പറഞ്ഞു. മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ ഞങ്ങളും കേട്ടു. കോടതി വിധി നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന കാര്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാം എന്ന് ഞങ്ങളും പറഞ്ഞു. സ്‌നേഹപൂര്‍വമായ ചര്‍ച്ചയായിരുന്നു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഞങ്ങള്‍ക്കും സര്‍ക്കാരിനും വേറെ വേറെ ചര്‍ച്ച ചെയ്യണം. ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമെടുക്കും. യുവതീ പ്രവേശന വിഷയത്തില്‍ യോജിക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും ഞങ്ങള്‍ ഞങ്ങളുടെ വഴിക്കുമാണ്. ചര്‍ച്ച സന്തോഷകരമായിരുന്നു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ വഴക്കുണ്ടാക്കി പോയില്ല എന്നര്‍ഥം.’

ഇതേ നിലപാടുകള്‍ തന്നെയാണ് തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചത്. ‘ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. യുവതീ പ്രവേശനത്തോട് യോജിപ്പില്ല. യുവതികള്‍ ദയവായി അങ്ങോട്ട് വരരുതേ എന്നാണ് അഭ്യര്‍ഥന’. വന്നാല്‍ നടയടക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നമുക്ക് അപ്പോ നോക്കാം എന്നായിരുന്നു തന്ത്രിയുടെ മറുപടി.

യുവതീ പ്രവേശന വിഷയത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമവായത്തിലെത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. രാവിലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍നിലപാട് ആവര്‍ത്തിച്ചപ്പോള്‍ യു ഡി എഫും ബിജെപിയും ആചാര സംരക്ഷണം എന്ന മുന്‍നിലപാട് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടില്‍ വിയോജിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ദുര്‍വാശിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവും വരുത്താതെ സര്‍വകക്ഷി യോഗം പ്രഹസനമാക്കുകയായിരുന്നു എന്നാണ് ബിജെപിയും യുഡിഎഫും ഉന്നയിച്ച വിമര്‍ശനം.

യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് വാദം കേള്‍ക്കും എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. ചിത്തിരയാട്ട ദിവസത്തേത് പോലെ സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായാല്‍ 61 ദിവസത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം സര്‍ക്കാരിന് വലിയ തലവേദനയുമാവും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമാധാനപരമായ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗവും തന്ത്രികുടുംബവും കൊട്ടാരം പ്രതിനിധികളുമായുള്ള യോഗവും വിളിച്ചു ചേര്‍ത്തത്. എന്നാല്‍ രണ്ടും തീരുമാനമാവാതെ പിരിയുമ്പോള്‍ സമവായ പ്രതീക്ഷകള്‍ തല്‍ക്കാലത്തേക്കെങ്കിലും അടഞ്ഞു.

ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്കുള്‍പ്പെടെ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും പോലീസും പറയുന്നു. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് ഉറച്ച് തന്നെയാണ് ഹൈന്ദവ സംഘടനകള്‍. വീണ്ടും ഒരു ബലാബല പരീക്ഷണത്തിനാണ് ഇരുകൂട്ടരും തയ്യാറെടുക്കുന്നത്.

സര്‍വകക്ഷി യോഗം പരാജയം; വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്ന് മുഖ്യമന്ത്രി

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍