നിത്യകന്യക പ്രതിഷ്ഠാ ക്ഷേത്രങ്ങളില്‍ അര്‍ദ്ധനഗ്നരായ പുരുഷന്മാര്‍ പ്രവേശിക്കുന്നതില്‍ കുഴപ്പമില്ലേ?

ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

നിലപാടുകള്‍ കൊണ്ടും തുറന്നുപറച്ചിലുകള്‍ വഴിയും എന്നും ശ്രദ്ധേയനായ വ്യക്തിതത്വമാണ് ആര്‍ ബി ശ്രീകുമാര്‍. സംഘപരിവാര്‍ ഭീഷണികളെ അതിജീവിച്ച് മുന്നോട്ട് പോവുന്ന അദ്ദേഹം ഭീഷണികള്‍ക്ക് മുന്നില്‍ തെല്ലും മുട്ടുമടക്കിയിട്ടില്ല. ഗുജറാത്ത് വംശഹത്യക്കേസില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മൊഴി നല്‍കിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

‘മതപരമായ വിഷയങ്ങളില്‍ നിയമത്തേക്കാളും വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് കേരളീയ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. വിശ്വാസവും നിയമവാഴ്ചയുടെ മൂല്യങ്ങളും തമ്മില്‍ അനുരഞ്ജനമുണ്ടാകണമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. അത് തീയും വെള്ളവും തമ്മില്‍ ഒത്തു തീര്‍പ്പാക്കണമെന്ന് പറയുന്ന പോലെയാണ്. ഭരണഘടനയുടെ മൂന്നാം ഭാഗമായ ‘മൗലികാവകാശങ്ങള്‍’ മാറ്റം വരുത്താനാവാത്ത അടിസ്ഥാനതത്വങ്ങളാണെന്ന് സുപ്രീം കോടതി കേശവാനന്ദ ഭാരതി കേസില്‍ വിധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ സ്ഥിതിസമത്വ സിദ്ധാന്തങ്ങള്‍ക്കെതിരായ നിയമം, കീഴ്‌വഴക്കം, ചടങ്ങ്, ആചാരനുഷ്ഠാനങ്ങള്‍ തുടങ്ങിയവക്ക് നിയമസാധുത ഇല്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 13ല്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍ അടക്കമുള്ള മുഴുവന്‍ കേരളീയരും പ്രക്ഷോഭം നടത്തിയാലും, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് ഭരണസംവിധാനം കീഴ്‌പ്പെടുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണ്.

വര്‍ഷങ്ങളായി പവിത്രവല്‍ക്കരിച്ച് ബലപ്പെടുത്തിയുള്ള പുരുഷമേധാവിത്വ മേന്മതാ മനോഭാവം, ക്ഷേത്ര പൂജാവിധികളുടെ കര്‍തൃത്വം കുത്തകാവകാശമായി നടത്തിവരുന്ന തന്ത്രി ബ്രാഹ്മണ വിഭാഗങ്ങളുടെ വര്‍ഗതാല്പര്യം എന്നിവയാണ് ശബരിമല പ്രശ്‌നത്തിന്റെ പ്രധാന കാരണങ്ങള്‍. ജീവശാസ്ത്രപരമായ പ്രകൃതിപ്രതിഭാസ സത്യങ്ങള്‍ പാപമല്ല. ഭക്തിയോഗം വഴി ഈശ്വര സാക്ഷാത്കാരം നേടുന്നതിനെപ്പറ്റിയുള്ള പ്രാമാണിക ഗ്രന്ഥമായ ‘നാരദഭക്തി സൂത്ര’ത്തില്‍ മനഃശുദ്ധിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രകൃതിയുടെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ശാരീരികാവസ്ഥയ്ക്ക് ഭക്തിപ്രക്രിയയില്‍ പ്രാധാന്യമോ പ്രസക്തിയോ ഇല്ല. ഭക്തിമാര്‍ഗം വഴി പക്ഷിമൃഗാദികള്‍ക്ക് പോലും മോക്ഷപ്രാപ്തിക്കുള്ള അവകാശ അവസരങ്ങള്‍ നല്‍കിയിട്ടുള്ള ഹിന്ദുമതസിദ്ധാന്തങ്ങള്‍ യുവതികളെ അയ്യപ്പദര്‍ശനം വഴി സായൂജ്യവും നിര്‍വൃതിയും നേടുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നില്ല. രാമായണത്തിലെ ജടായു മോക്ഷം തന്നെ അതിന് ഉദാഹരണമാണ്.

നൈഷ്ഠിക ബ്രഹ്മചാരിയായി സങ്കല്‍പ്പിക്കപ്പെട്ട ശബരിമല അയ്യപ്പസ്വാമിയെ പോലെ നിത്യകന്യകാ സങ്കല്പത്തില്‍ ആരാധിക്കപ്പെടുന്ന കന്യാകുമാരി ദേവി, ജമന്മുകാശ്മീരിലെ വൈഷ്‌ണോദേവി എന്നീ മൂര്‍ത്തികളുടെ മുമ്പില്‍ അര്‍ദ്ധനഗ്നരായ യുവാക്കന്മാര്‍ക്ക് പോകുന്നതില്‍ ആര്‍ക്കും ഇവിടെ പ്രശ്‌നമില്ല. അതായത് ഈ വക നിയമങ്ങള്‍ക്ക് പിറകില്‍ പുരുഷ മേധാവിത്വ മേന്മതാധികാരവാദം തന്നെ.

മാറുമറയ്ക്കല്‍ നിരോധനം, മുലക്കരം, എന്നിവ നിറുത്തലാക്കിയപ്പോഴും സതി സമ്പ്രദായം 1830കളില്‍ വില്യം ബെന്റിക് പ്രഭു അവസാനിപ്പിച്ചപ്പോഴും വിശ്വാസി സമൂഹം മതം അപകടത്തിലാണെന്ന ഉമ്മാക്കി കാട്ടി അലമുറ കൂട്ടിയിട്ടുണ്ട്. രാമായണത്തിലെ ലക്ഷ്മണന്റെ ഭാര്യ ഊര്‍മിളയും, മഹാഭാരതത്തിലെ പാണ്ഡുവിന്റെ രാജ്ഞി മാദ്രിയും, യാദവരുടെ ആഭ്യന്തര കലഹസമയത്ത് യാദവ സ്ത്രീകളും സതി അനുഷ്ഠിച്ച് ‘ദേവി പദം’ നേടിയിട്ടുണ്ട്. സ്വമേധയാ സ്ത്രീകള്‍ സതി അനുഷ്ഠിക്കുന്നത് തടയരുതെന്ന് വാദിച്ചവര്‍ക്കൊപ്പമാണ് ഇന്നത്തെ സ്ത്രീ ക്ഷേത്രപ്രവേശന വിരുദ്ധര്‍. ഋഗ് വേദത്തിലെ സൂക്തത്തില്‍ നിഷ്പാപ മനസോടെയാണ് ഭക്തിസാധന ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കുന്നു. ശരീരത്തിന്റെ അവസ്ഥയ്ക്ക് അവിടെ പ്രധാന്യമില്ല. യേശു പറയുന്നതും അത് തന്നെ ‘ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും’.

തന്ത്രസമുച്ചയം എന്ന പൂജാവിധിയെപ്പറ്റിയുള്ള ഗ്രന്ഥത്തില്‍ യുവതികളായ ഭക്തകള്‍ക്ക് ഒരു നിബന്ധനയും നിര്‍ദ്ദേശിച്ചിട്ടില്ല. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന സങ്കല്പം ശബരിമല ദര്‍ശനം നടത്തുന്ന ഭക്തമനസുകളിലാണ്. അവരുടെ സങ്കല്പത്തെ അവര്‍ക്ക് തുല്യമായ പൗരാവകാശങ്ങള്‍ ഉള്ള സ്ത്രീകളുടെ ആരാധനാവകാശത്തിന് പ്രതിബന്ധമായി ഉപയോഗിക്കുന്നത് അധാര്‍മ്മികവും പക്ഷപാതപരവുമാണ്.

ഹിന്ദുമതദര്‍ശനങ്ങളുടെ രത്‌നച്ചുരുക്കമായി വിശേഷിക്കപ്പെടുന്ന 4 മഹാവാക്യങ്ങളുടെ സങ്കല്പ ലക്ഷ്യങ്ങള്‍ക്ക് എതിരാണ് യഥാസ്ഥിതികരുടെ സ്ത്രീവിരുദ്ധ നിലപാട്. പ്രജ്ഞാനം ബ്രഹ്മം, അയം ആത്മബ്രഹ്മന്‍, അഹം ബ്രഹ്മാസ്മി, തത്വമസി എന്നിവയാണീ മഹാവാക്യങ്ങള്‍. നിന്നില്‍ തന്നെയുള്ള പരം പൊരുളിനെ കണ്ടെത്തുക എന്നര്‍ത്ഥമുള്ള തത്വമസി എന്ന വാക്യമാണ് പതിനെട്ടാം പടികയറിച്ചെല്ലുന്ന അയ്യപ്പഭക്തര്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ ക്ഷേത്ര നടയില്‍ എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ വാക്യത്തിന്റെ ഗഹനാര്‍ത്ഥങ്ങള്‍ സ്ത്രീ വിരുദ്ധ പ്രക്ഷോഭകര്‍ സുകുമാര്‍ അഴീക്കോടിന്റെ ‘തത്വമസി’ എന്ന അപഗ്രഹന ഗ്രന്ഥം വായിച്ച് മനസിലാക്കണം.

ഋക് വേദത്തിലെ ‘സത്യേനത്തഭിതാഭൂമി സൂര്യേനത്തഭിദാഭൗ’ -ഭൂമി സത്യത്താല്‍ നിലനില്‍ക്കുന്നു, സൂര്യനാല്‍ ആകാശവും. ‘പരാചോ വിശ്വം സത്യം കൃണുഹി വിശിഷ്ടമസ്തു’- മുഴുവന്‍ ലോകവും സത്യത്തിന്റെ ഇരിപ്പിഠമാണ് എന്നീ സൂക്തങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്. ദൈവം സത്യമാണെന്നുള്ള പ്രമാണത്തില്‍ ആത്മീയ ജീവിതം തുടങ്ങിയ മഹാത്മഗാന്ധി അന്തിമ നാളുകളില്‍ സത്യമാണ് ദൈവം എന്നുള്ള ദൃഢനിശ്ചയത്തില്‍ എത്തിയിരുന്നു.

പുതിയ തിരിച്ചറിവുകളുടെ പ്രചോദനം കൊണ്ടാണ് ആധുനിക ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നേതാക്കള്‍ രാജാ റാം മോഹന്‍ റോയ് മുതല്‍ നാരായണഗുരു  വരെ സാമൂഹ്യ ദുരാചാരങ്ങള്‍ നിര്‍ത്തലാക്കിയത്. കേരളം ഇന്ത്യയിലെ പ്രബുദ്ധത നേടിയ ദേശമെന്ന പ്രതിച്ഛായയ്ക്ക് വലിയ നഷ്ടമാണുണ്ടാക്കി കൊണ്ടിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് മാത്രമല്ല, ദേവീക്ഷേത്രങ്ങളായ ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ ആവശ്യം പാണ്ഡിത്യ കൗശലങ്ങളും പൂജാവിധി വൈദഗ്ധ്യവുമുള്ള സ്ത്രീകളെ നിയമിക്കണവുമെന്നാണ് എന്റെ അഭിപ്രായം.’

ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്ന വീഡിയോ കാണാം..

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

ആരതി എം ആര്‍

ആരതി എം ആര്‍

അഴിമുഖം കറസ്പോണ്ടന്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍